Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ല., ബസ് ചാർജ് കൊടുക്കാൻ കയ്യിൽ കാശില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു., ഇതിനെക്കാൾ ദുരിതമാണ് മിക്ക ജീവനക്കാരുടെയും അവസ്ഥ. കടം വാങ്ങാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് .' - ശമ്പളം ഇന്ന് കിട്ടും, നാളെ കിട്ടും എന്ന് കരുതി മാസങ്ങളായി കാത്തിരിക്കുന്ന റിപ്പോർട്ടർ ചാനൽ ജീവനക്കാരി തന്റെ ദുരവസ്ഥ പറയുന്ന വരികളാണിത്.

ചാനൽ ഉടമ നികേഷ് കുമാർ, എച്ച്.ആർ, ഫിനാൻസ് മാനേജർ അടക്കമുള്ള 150 ഓളം അംഗങ്ങളുള്ള റിപ്പോർട്ടർ ചാനൽ ഒഫ്യൂഷ്യൽ ഗ്രൂപ്പായ 'ഫ്രണ്ട്‌സ് റിപ്പേർട്ടർ' വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ജീവനക്കാരി തൊഴിൽ ചൂഷണം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് ഇട്ടത്. ഇന്നലെ കുറിപ്പ് പോസ്റ്റിയതോടെ പിന്തുണയുമായി നിരവധി ജീവനക്കാരും ഗ്രൂപ്പിലെത്തി. എന്നാൽ ചാനൽ മേധാവിയോ മറ്റ് അധികൃതരോ കണ്ട ഭാവം നടിച്ചതുമില്ല. ജീവനക്കാരിയുടെ വാട്‌സ് ആപ്പ് പോസ്റ്റിന്റെ പൂർണ രൂപം മറുനാടൻ മലയാളിക്ക് ലഭിച്ചു.

മാസങ്ങളായി ശമ്പളം മുടങ്ങുന്നതും കൊടിയ തൊഴിൽ ചൂഷണം നേരിടുന്നതും പതിവായതോടെ റിപ്പോർട്ടർ ചാനലിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ജീവനക്കാരുടെ കൂട്ടരാജി തന്നെ ഉണ്ടായിരുന്നു. ഒരു മാസത്തിനിടെ 15 ഓളം ജേർണലിസ്റ്റുകളാണ് രാജി വെച്ചത്. 

തൊഴിൽ ചൂഷണം, ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം തോന്നിയ പോലെ ഷിഫ്റ്റ്, അമിത ജോലി തടങ്ങിയ കാരണങ്ങളാണ് കൂട്ടരാജിയിൽ എത്തിച്ചത്.ശമ്പളം കിട്ടുന്നത് മൂന്ന് മാസത്തിൽ പല തവണയായാണെന്നും നാലും അഞ്ചും തവണ ആവശ്യപ്പെടുന്നവർക്ക് ആയിരമോ, രണ്ടായിരമോ നൽകുകയാണെന്നും റിപ്പോർട്ടർ ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തി. പ്രമോഷനോ ഹൈക്കോ വന്നിട്ട് നാല് വർഷമായെന്നും ഇവർ പറയുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് റിപ്പോർട്ടറിൽ കൊടിയ പ്രതിസന്ധിയും ചൂഷണവുമാണുള്ളത്. എന്നാൽ കമ്പനിയിലേക്ക് പണം വരുന്നുണ്ടെങ്കിലും അത് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്ന് റിപ്പോർട്ടറിലെ സിനിയർ ജേർണലിസ്റ്റുകൾ പറയുന്നു.

നിലവിൽ ഡെസ്‌ക്കിൽ വാർത്ത വായിക്കാനോ റൺഡൗൺ സെറ്റ് ചെയ്യാനോ ആളില്ലാത്ത അവസ്ഥയുണ്ട്. മുഴുവൻ ജോലികളും ചെയ്യുന്നതാകട്ടെ ട്രെയ്‌നി ജേണലിസ്റ്റുകളും. ജീവനക്കാരുടെ വിട്ടുപോക്ക് സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കോഴിക്കോട് റീജ്‌നൽ ബ്യൂറോ ഇപ്പോൾ നിശ്ചലമാണ്. ഇവിടെ നാഥനില്ലകളരിയായിട്ട് മാസങ്ങളായി. പാലക്കാട്, തൃശൂർ, ഡൽഹി ബ്യൂറോകളിലും നിലവിൽ ആളില്ല. ക്യാരി ഫീസ് കൊടുക്കാത്തതിനാൽ എ സി വി, ഡെൻ ,മറ്റ് ഡിടിഎച്ച് പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ടർ ചാനൽ കട്ടായിരുന്നു. ഇതിനാൽ ചാനൽ റേറ്റിംഗും കുത്തനെ ഇടിഞ്ഞ സ്ഥിതിയാണുള്ളത്. പ്രതിസന്ധി രൂക്ഷമാകുകയല്ലാതെ പ്രശ്‌നങ്ങൾക്കൊന്നും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

സ്ഥാപനം വിട്ടവർ മറ്റ് കൂട് തേടി പോയെങ്കിലും നിലവിലുള്ളവർ ദുരിതത്തിൽ ശ്വാസം മുട്ടുന്നതായാണ് ജീവനക്കാരിയുടെ വാട്‌സ് ആപ്പ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. ശമ്പളം ലഭിക്കാതെ മാസങ്ങൾ തള്ളിനീക്കുമ്പോൾ അധികൃതരെ ബന്ധപ്പെട്ടാൽ സത്യസന്തമായ മറുപടി ലഭിക്കില്ലെന്ന് ജീവനക്കാരി കുറിപ്പിൽ പറയുന്നു.ദിവസവും പത്തും പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ആർത്തവ സമയത്ത് സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും കാശ് രക്ഷിതാക്കളുടെ കയ്യിൽ നിന്നും വാങ്ങേണ്ടി വരുന്ന അവസ്ഥ സഹിക്കാവുന്ന തിലും അപ്പുറമാണെന്നും ജീവനക്കാരി കുറിക്കുന്നു.

റിപ്പോർട്ടർ ചാനൽ ഒഫ്യൂഷ്യൽ ഗ്രൂപ്പായ 'ഫ്രണ്ട്‌സ് റിപ്പേർട്ടർ' വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചാനൽ ജീവനക്കാരി പോസ്റ്റിയ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

'ബസ് ചാർജ് കൊടുക്കാൻ കയ്യിൽ കാശില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു. വീട്ടിൽ നിന്നും പോയി വരുന്നതിനാൽ സമയത്ത് ആഹാരവും ലഭിക്കുന്നു. പല തവണയായി ശമ്പളം ഇന്ന് വരും നാളെ വരും എന്ന് കരുതി കാത്തിരിക്കുകയാണ്. ഫിനാൻസിൽ വിളിച്ചാൽ എന്നു ശമ്പളം തരുമെന്ന കാര്യത്തെ കുറിച്ച് സത്യസന്ധമായ മറുപടി ലഭിക്കാറില്ല.

അച്ഛനും അമ്മയ്ക്കും ജോലി ഉള്ളതിനാൽ ദിവസവും രാവിലെ ബസ് ചാർജ് തരുന്നു. ദിവസവും പത്തും പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ആർത്തവ സമയത്ത് സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും കാശ് രക്ഷിതാക്കളുടെ കയ്യിൽ നിന്നും വാങ്ങേണ്ടി വരുന്ന അവസ്ഥ സഹിക്കാവുന്ന തിലും അപ്പുറമാണ്. ഇതിനെക്കാൾ ദുരിതമാണ് മിക്ക ജീവനക്കാരുടെയും അവസ്ഥ. കടം വാങ്ങാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. മൂന്ന് മാസത്തെ ശമ്പളം വരെ കിട്ടാത്തവർ ഞങ്ങൾക്കിടയിൽ ഉണ്ട്.

ഒരു ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ മംഗളം ചാനലിൽ ഇന്നലെ വാർത്ത ഇല്ലായിരുന്നു. എന്നിട്ടും ശമ്പളം കിട്ടാത്ത ഞങ്ങൾ ശമ്പളമില്ലാത്തതിന്റെ പേരിൽ പണിമുടക്കുകയോ കൃത്യസമയത്ത് വാർത്തകൾ തരാതയോ ഇരുന്നിട്ടില്ല. സ്ഥാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതിയിട്ടില്ല. ഇനി ചെയ്യുകയുമില്ല. കാരണം ഞങ്ങൾ ചിന്തിക്കുന്നത് ഇത് ഞങ്ങളുടെ കൂടി സ്ഥാപനമെന്നാണ്.

അർഹതപ്പെട്ട ശമ്പളമാണ് ഞങ്ങൾക്കു വേണ്ടത്. കടം കൊണ്ട് മുടിഞ്ഞ് ഞങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലുമൊരാൾ എന്തെങ്കിലും ബുദ്ധിമോശം കാട്ടുന്നതിന് മുൻപ് ശമ്പളം തരാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം. ഇത് ഒരു അപേക്ഷയാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP