Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണിയെ കുടുക്കിയത് 'സീസറിന്റെ ഭാര്യ' പരാമർശം; തോമസ് ചാണ്ടിയുടെ കാര്യത്തിൽ 'രാജിവെച്ച് പൊയ്ക്കൂടെ.. എന്ന് പച്ചയായി ചോദിച്ച് വിമർശിച്ച് ഹൈക്കോടതി; പണക്കൊഴുപ്പുള്ള മുതലാളിയെ പേറി നാണംകെട്ടത് മുഖ്യമന്ത്രി പിണറായിയും; കോടതിയുടെ അതിരൂക്ഷ പരാമർശത്തിൽ അടിപതറിയ ഗതാഗത മന്ത്രി ഇടതു സർക്കാറിന് തീരാക്കളങ്കം

കെ എം മാണിയെ കുടുക്കിയത് 'സീസറിന്റെ ഭാര്യ' പരാമർശം; തോമസ് ചാണ്ടിയുടെ കാര്യത്തിൽ  'രാജിവെച്ച് പൊയ്ക്കൂടെ.. എന്ന് പച്ചയായി ചോദിച്ച് വിമർശിച്ച് ഹൈക്കോടതി; പണക്കൊഴുപ്പുള്ള മുതലാളിയെ പേറി നാണംകെട്ടത് മുഖ്യമന്ത്രി പിണറായിയും; കോടതിയുടെ അതിരൂക്ഷ പരാമർശത്തിൽ അടിപതറിയ ഗതാഗത മന്ത്രി ഇടതു സർക്കാറിന് തീരാക്കളങ്കം

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: ഇംഗ്ലീഷ് ഭാഷയിൽ പ്രചാരത്തിലുള്ള ചൊല്ലാണ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നത്.റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവർത്തകർ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനർഥം.ഷേക്‌സ്പിയറിന്റെ ഈ വാക്കുകൾ കടമെടുത്താണ് ജസ്റ്റിസ് ബി.കമാൽ പാഷ ബാർകോഴക്കേസിൽ കെ.എം.മാണിയെ കുരുക്കുന്ന പരാമർശം നടത്തിയത്. നീതി നടപ്പാക്കിയാൽ പോരാ നടപ്പാക്കിയെന്ന് വിശ്വാസം തേടാനും സാധിക്കണം, ഇതാണ് കോടതി അന്ന് വ്യക്തമാക്കിയത്.

സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം' എന്ന കോടതി പരാമർശം അന്നത്തെ മുഖ്യമന്ത്രിയുടെ നിരപരാധിത്വം പോലും ചോദ്യം ചെയ്യുന്ന പരാമർശമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്ന് ആരോപിച്ചത്. ചൊവ്വാഴ്ച ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജിയിൽ അതിരൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.

ദന്തഗോപുരത്തിൽ നിന്ന് മന്ത്രി താഴെയിറങ്ങണമെന്നും സാധാരണക്കാരനെ പോലെ നടപടികൾ നേരിടണമെന്നും, രാജി വയ്ക്കുന്നതാണ് ഉത്തമമെന്നും കോടതിക്ക് പറയേണ്ടി വന്നു.ഹർജിയിൽ മിനിസ്റ്റർ എന്ന പദമുള്ളത് ചൂണ്ടിക്കാട്ടിയാണ് ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമാവാം സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നതെന്ന നിരീക്ഷണവും തോമസ് ചാണ്ടിക്ക് ക്ഷീണമായി.

'മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.'

'നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതുതെറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ?

 

മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്' ഹൈക്കോടതി അഭിപ്രായപ്പെട്ടു.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല എന്ന കോടതി പരാമർശം ഗൗരവതരമാണെന്നും അത് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത് ശ്ര്‌ദ്ധേയമായി.മന്ത്രിമാർ പാർട്ടിയെ നയിക്കാനും, ഭരിക്കാനും തുടങ്ങിയാൽ ഇത്തരം നിർഭാഗ്യകരമായ കാര്യങ്ങൾ ഉണ്ടാകുമെന്ന് കൂടി കാനം തുറന്നടിച്ചു.

കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന തരത്തിൽ കോടതിയെ കൊണ്ട് പറയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ എൽഡിഎഫും, സർക്കാരും, വിശേഷാൽ മുഖ്യമന്ത്രിയും സ്വയം പഴിക്കുകയേ നിവൃത്തിയുള്ളു. മുന്നണിയിലെ താരതമ്യേന ചെറിയ കക്ഷിയായ എൻസിപിയുടെ സമ്മർദ്ദങ്ങൾക്ക് സി.പി.എം വഴങ്ങിയെന്ന ദുഷ്‌പേരും സ്വന്തമാക്കി.

മുന്നണി മര്യാദയെന്ന പേരിൽ തീരുമാനം നീട്ടിക്കൊണ്ടുപോയതോടെ, പൊതുജനത്തിന് മുന്നിൽ വിശ്വാസ്യത നഷ്ടമാകുന്ന നില വരികയും ചെയ്തു.കടുത്ത തീരുമാനങ്ങൾ എടുക്കാൻ വിമുഖത കാട്ടാറില്ലെന്ന ഖ്യാതിയുള്ള പിണറായി വിജയന് കോടതി വിധി വലിയ തിരിച്ചടിയായി. തോമസ് ചാണ്ടിയുടെ പണക്കൊഴുപ്പിന് മുന്നിൽ മുഖ്യന്റെ കണ്ണ് മഞ്ഞളിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങളും ഒളിഞ്ഞും തെളിഞ്ഞും ചാനൽ ചർച്ചകളിലും, സോഷ്യൽ മീഡിയയിലും വന്നു.

കുട്ടനാട്ടിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് കമ്പനി കായൽ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് വന്നപ്പോഴും ാേതമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജനജാഗ്രതായാത്ര കഴിയും വരെ മന്ത്രിയുടെ രാജി നീട്ടാൻ എജിയുടെ നിയമോപദേശത്തിന് വിട്ടു. സമയം നീട്ടിയെടുക്കാൻ മാത്രമാണ് ആ നടപടിയെന്ന് അന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർനടപടിയാകാമെന്ന എജിയുടെ നിയമോപദേശം വന്നപ്പോഴും തോമസ് ചാണ്ടി കുലുങ്ങിയില്ല.

കളക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ ഹർജിയും അത് വാദിക്കാൻ വൻതുക മുടക്കി വിവേക് തൻഖയെ കൊണ്ടുവരാനുമായിരുന്നു ചാണ്ടിയുടെ നീക്കം. ഇതിനിടെ കുട്ടനാട്ടിൽ നടന്ന ജനജാഗ്രത യാത്രയ്ക്കിടെ അന്വേഷണ സംഘം തനിക്കെതിരെ ഒരുചെറുവിരൽ പോലും അനക്കില്ലെന്ന് കാനത്തിന്റെ സാന്നിധ്യത്തിൽ വീമ്പിളക്കാനും ചാണ്ടി മുതിർന്നു.ഈ പാരമർശത്തിൽ നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കുഴികളിലേക്ക് ചാടുകയാണോ എന്ന് ചാണ്ടിയോട് ചോദിച്ചതായി വാർത്തകൾ വന്നിരുന്നു. യഥാർഥത്തിൽ രാജി തീരുമാനം നീട്ടിയതോടെ വലിയ കുഴിയിലേക്ക് ചാടിയത് മുന്നണിയും സിപിഎമ്മും സർ്ക്കാരുമാണ്.

രാജി എന്നുണ്ടാകും എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് രണ്ടുവർഷം കഴിഞ്ഞുണ്ടാകും എന്ന മറുപടി ഭരണസ്വാധീനത്തിന്റെയും, പണക്കൊഴുപ്പിന്റെയും അഹന്തയായി വ്യാഖ്യാനിക്കപ്പെട്ടു. ഈ അഹന്തയ്ക്കാണ് ചൊവ്വാഴ്ച കോടതി വൻതിരിച്ചടി നൽകിയത്. ഭരണത്തിലിരിക്കുമ്പോൾ ഒരു ന്യായവും, പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു ന്യായവും എന്ന ഇടതുപക്ഷ ഇരട്ടത്താപ്പായി ചാണ്ടി വിവാദം എണ്ണപ്പെടും. കോടതി പരാമർശത്തിന്റെ പേരിൽ കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട കോടിയേരിക്ക് ചാണ്ടിയുടെ കാര്യത്തിൽ അത്തരം നാണക്കേട് ഒഴിവാക്കാനായില്ല.

എന്തായാലും വിവാദത്തിൽ ക്ഷീണം സംഭവിച്ചത് മുഖ്യമന്ത്രിക്ക് തന്നെയാണ്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടെങ്കി്‌ലും അതുചെയ്യാൻ കൂട്ടാക്കാതെ എൻസിപിയുടെ യോഗങ്ങൾക്ക് കാത്തിരുന്നതോടെ ഒലിച്ചുപോയത് പിണറായിയുടെ കാൽക്കീഴിലെ മണ്ണ് തന്നെയാണ്. സർ്ക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകാൻ ചാണ്ടി തുനിഞ്ഞപ്പോൾ, അത് എന്തുകൊണ്ട് മുഖ്യമന്ത്രിയോ, മുന്നണി നേതൃത്വമോ വിലക്കിയില്ല എന്ന ചോദ്യവും ഉയരുന്നു. സർക്കാർ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്ന കോടതി പരാമർശം വിധിയിൽ കൂടി ഉൾപ്പെടുത്തിയതോടെ അതിഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് അഭിമുഖീകരിക്കുന്നത്. ഒരുസോളാർ കമ്മീഷൻ റിപ്പോർട്ടൊന്നും മതിയാവില്ല ഈ നാണക്കേട് മറയ്ക്കാൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP