Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയ തോമസ് ചാണ്ടിക്കൊപ്പമിരിക്കാൻ സിപിഐയെ കിട്ടില്ല; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ചന്ദ്രശേഖരനും സുനിൽകുമാറും രാജുവും തിലോത്തമനും; തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുമെന്ന് സൂചന; സെക്രട്ടറിയേറ്റിലുള്ള നാല് മന്ത്രിമാരുടെ കാബിനെറ്റ് ബഹിഷ്‌കരണം ഇടതുപക്ഷത്തെ എത്തിക്കുന്നത് വമ്പൻ പ്രതിസന്ധിയിലേക്ക്; തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയിലേക്ക് എത്തിക്കാൻ മുന്നണിയിലെ രണ്ടാമൻ

കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയ തോമസ് ചാണ്ടിക്കൊപ്പമിരിക്കാൻ സിപിഐയെ കിട്ടില്ല; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ചന്ദ്രശേഖരനും സുനിൽകുമാറും രാജുവും തിലോത്തമനും; തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുമെന്ന് സൂചന; സെക്രട്ടറിയേറ്റിലുള്ള നാല് മന്ത്രിമാരുടെ കാബിനെറ്റ് ബഹിഷ്‌കരണം ഇടതുപക്ഷത്തെ എത്തിക്കുന്നത് വമ്പൻ പ്രതിസന്ധിയിലേക്ക്; തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയിലേക്ക് എത്തിക്കാൻ മുന്നണിയിലെ രണ്ടാമൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി പോലും വിമർശിച്ച തോമസ് ചാണ്ടിക്കൊപ്പം ഇനി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ. ഇപ്പോൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുന്നുണ്ട്. എന്നാൽ സിപിഐ മന്ത്രിമാർ ആരും യോഗത്തിന് എത്തിയില്ല. ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കെ രാജു, തിലോത്തമൻ തുടങ്ങിയ സിപിഐ മന്ത്രിമാർ ആരും യോഗത്തിന് എത്തിയില്ല. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് സൂചന. ഇതോടെ ഇടതുമുന്നണി കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയാണ്. തോമസ് ചാണ്ടിയുടെ രാജിയില്ലെതെ ഇനി സിപിഐ സർക്കാരുമായി സഹകരണത്തിനില്ലെന്ന സൂചനയാണ് ഇതോടെ സജീവമാകുന്നത്.

രാവിലെ 9 മണിക്കാണ് മന്ത്രിസഭാ യോഗം തുടങ്ങിയത്. സിപിഐ മന്ത്രിമാരെല്ലാം ഇതിനായി സെക്രട്ടറിയേറ്റിലെത്തുകയും ചെയ്തു. എട്ട് മണിയോടെ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി നടത്തിയ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചു. ഹൈക്കോടതി വിധി പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നിർദ്ദേശം സിപിഐ മന്ത്രിമാർക്ക് നൽകിയത്. ഇതോടെ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗവും ഇടതുപക്ഷത്തിന് തീരാകളങ്കമായി. തോമസ് ചാണ്ടി എത്തുന്ന മന്ത്രിസഭാ യോഗങ്ങളിൽ ഇനി സിപിഐ പങ്കെടുക്കില്ല. ഇത് മുഖ്യമന്ത്രിയേയും വെട്ടിലാക്കി.

തോമസ് ചാണ്ടി വിഷയത്തിൽ നേരത്തെ തന്നെ സിപിഐയും സിപിഎമ്മും രണ്ട് തട്ടിലായിരുന്നു. തോമസ് ചാണ്ടിയെ കൊണ്ട് രാജിവയ്‌പ്പിക്കണമെന്ന് നേരത്തെ തന്നെ സിപിഐ സെക്രട്ടറി കാനം ആവശ്യപ്പെട്ടിരുന്നു. കാനത്തിന്റെ യാത്രയിലെത്തി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയും കാനത്തെ ചൊടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തെ ജനതാദള്ളും തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാണെന്ന പക്ഷക്കാരാണ്. എന്നാൽ പാർട്ടിയുടെ പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എൻസിപിയുടെ ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജിയിൽ തീരുമാനമെടുക്കുമെന്നാണ് ആ പാർട്ടിയുടെ നിലപാട്. ഇത് ഇടതുപക്ഷത്തെ ദുർബ്ബലമാക്കുമെന്ന് സിപിഐയും ജനതാദള്ളും പറയുന്നു. സി.പി.എം നിലപാട് പരസ്യമാക്കുന്നുമില്ല. മന്ത്രിസഭയുടെ പ്രതിച്ഛായയെ ഇത് ബാധിച്ചെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇതുകൊണ്ടാണ് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം. ഇത് തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാക്കി മാറ്റുമെന്നാണ് സൂചന. തോമസ് ചാണ്ടിയുമായി യാതൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് കാനത്തിന്റെ നിലപാട്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജി പിണറായി മനപ്പൂർവ്വം നീട്ടുന്നതെന്നും വിലയിരുത്തലുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നത്. സോളാർ റിപ്പോർട്ടിൽ പ്രതിപക്ഷം ദുർബലരായി. ഈ അനുകൂല രാഷ്ട്രീയ സാഹചര്യത്തെ തോമസ് ചാണ്ടി നശിപ്പിച്ചുവെന്നാണ് സിപിഐയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ തോമസ് ചാണ്ടിയുടെ രാജിയല്ലാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കാനം ഇടത് പക്ഷത്തെ മറ്റ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇടത് യോഗത്തിലെ ചർച്ചകൾ പോലും മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതിയും കാനത്തിനുണ്ട്.

മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ തീരുമാനം. സിപിഐ നേതൃത്വം ഇക്കാര്യം പാർലമെന്ററി പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിക്കുകയാണ്. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നതും ഇടതുപക്ഷത്തെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. കായൽ കൈയേറ്റ വിഷയത്തിൽ മുന്നണിക്കുള്ളിൽ നിന്നും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും രാജി ആവശ്യം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് ആവർത്തിച്ച് മന്ത്രി തോമ്‌സ് ചാണ്ടി രംഗത്ത് വന്നിരുന്നു. വിധിപ്പകർപ്പ് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി സെക്രട്ടറിയേറ്റിൽ എത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ സെക്രട്ടറിയേറ്റിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഈ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തന്നെയാണ് സിപിഐയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP