Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനത്തിനെതിരെ പാളയത്തിൽ പടയുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ; തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന സംസ്ഥാന സെക്രട്ടറിയുടെ വാദം തെറ്റെന്ന് മുൻ അസി. സെക്രട്ടറി; പിണറായി രാജിക്കാര്യം വൈകിച്ചിട്ടില്ലെന്നും ഇസ്മായിൽ

കാനത്തിനെതിരെ പാളയത്തിൽ പടയുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ; തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന സംസ്ഥാന സെക്രട്ടറിയുടെ വാദം തെറ്റെന്ന് മുൻ അസി. സെക്രട്ടറി; പിണറായി രാജിക്കാര്യം വൈകിച്ചിട്ടില്ലെന്നും ഇസ്മായിൽ

ആലപ്പുഴ: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സിപിഐ സ്വീകരിച്ച സമീപനം മുന്നണിയിൽ വലിയ പ്രശ്‌നമാകുകയും സി.പി.എം ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെ പാർട്ടിയിൽ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന് എതിരെ വിമർശനം ഉയരുന്നു.

മുതിർന്ന നേതാവും സിപിഐ മുൻ അസി. സെക്രട്ടറിയുമായ കെ ഇ ഇസ്മായിൽ ആണ് കാനത്തിന് എതിരെ കടുത്ത വിമർശനവുമായി എത്തുന്നത്. ഇതോടെ തോമസ് ചാണ്ടിയുടെ രാജിക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സിപിഐയുടെ നടപടി തെറ്റായെന്ന വാദവും ശക്തമാകുന്നു.

മുഖ്യമന്ത്രി രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനിരിക്കെ അതിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചുകൊണ്ട് സിപിഐ നിലപാടെടുക്കുകയായിരുന്നു. നാലുമന്ത്രിമാരും ക്യാബിനറ്റ് ബഹിഷ്‌കരിച്ചതോടെ ഇതാണ് രാജിക്ക് കാരണമായത് എന്ന മട്ടിൽ പ്രചരണവും സജീവമായി.

ഇതോടെ സിപിഐ ശക്തമായി നിലപാട് എടുത്തതുകൊണ്ടു മാത്രമാണ് രാജിയുണ്ടായതെന്ന മട്ടിൽ അവർ അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ നോക്കിയെന്ന ആക്ഷേപം സിപിഎമ്മും പരസ്യമായി തന്നെ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് സമാന നിലപാടുമായി മുതിർന്ന സിപിഐ നേതാവും എത്തുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവരുടെ വാദങ്ങൾക്ക് മറുപടിയുമായി സിപിഐയുടെ മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി വൈകിച്ചിട്ടില്ലായിരുന്നു എന്ന് വ്യക്തമാക്കിയാണ് ഇസ്മയിൽ കാനത്തിനെ വിമർശിക്കുന്നത്. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി മണിക്കൂറുകൾക്കകം തന്നെ രാജിയുണ്ടായിയെന്ന് ഇസ്മായിൽ പറയുന്നു. മിനിമം സാവകാശം മാത്രമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുത്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമർശം വന്നതിന്റെ പിറ്റേന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ശരിയായില്ല. ഇക്കാര്യം സിപിഐയ്ക്കുള്ളിൽ ചർച്ച ചെയ്യുമെന്നും ഇസ്മായിൽ വ്യക്തമാക്കി. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തിൽ എല്ലാവരും അറിഞ്ഞിരിക്കാനിടയില്ലെന്നാണ് ഇസ്മായിൽ പറയുന്നത്. ഇതോടെ കാനം ഏകപക്ഷീയമായി ഇത്തരത്തിൽ തീരുമാനം എടുക്കുകയായിരുന്നു എന്ന വാദവും ഉയരുന്നു.

ഇതോടെ വിഷയം സിപിഐയിലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. മുന്നണിബന്ധം തകർക്കുന്ന വിധത്തിൽ അസാധാരണമായ തീരുമാനമാണ് സിപിഐ കൈക്കൊണ്ടതെന്ന വിമർശനമാണ് സി.പി.എം ഉന്നയിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടുമായി ഇപ്പോൾ മുതിർന്ന സിപിഐ നേതാവ് ഇസ്മായിൽ എത്തിയതോടെ ഇക്കാര്യം പാർട്ടിയിലെ ഭിന്നതയും വ്യക്തമാക്കുന്നു. തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സിറോ ജെട്ടി റോഡ് നിർമ്മാണത്തിലെ പങ്കാളിത്തത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു ഇസ്മായിലിന്റെ പ്രതികരണം. റോഡ് നിർമ്മാണത്തിന് എം പി ഫണ്ട് അനുവദിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP