Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല തീർത്ഥാടനം തടസ്സപ്പെടാതിരിക്കാനല്ലേ ഈ മാസം സർക്കാർ 40 കോടി നൽകിയത്? അടുത്തമാസം കെഎസ്ആർടിയിലെ ജീവനക്കാർക്ക് ആര് ശമ്പളം നൽകും? ആനവണ്ടിയെ തകർക്കുന്നത് സൂപ്പർക്ലാസ് വിവാദം

ശബരിമല തീർത്ഥാടനം തടസ്സപ്പെടാതിരിക്കാനല്ലേ ഈ മാസം സർക്കാർ 40 കോടി നൽകിയത്? അടുത്തമാസം കെഎസ്ആർടിയിലെ ജീവനക്കാർക്ക് ആര് ശമ്പളം നൽകും? ആനവണ്ടിയെ തകർക്കുന്നത് സൂപ്പർക്ലാസ് വിവാദം

ജെയിംസ് വടക്കൻ

സർക്കാർ 40 കോടി നൽകിയതുകൊണ്ട് മാത്രമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഈ മാസം നൽകാനായത്. അടുത്ത മാസം എന്താകും അവസ്ഥ. ശബരിമല തീർത്ഥാടനക്കാലമായതിനാൽ പത്തനംതിട്ട കേന്ദ്രീകരിച്ച് തൊഴിലാളി സംഘടനകൾ നടത്തിയ നീക്കം ഫലിച്ചതുകൊണ്ടാണ് അടിയന്തര നടപടികളുണ്ടായത്. ശബരിമല തീർത്ഥാനത്തിന് കോട്ടമുണ്ടായാൽ അതുണ്ടാക്കാവുന്ന പ്രതിഷേധങ്ങൾ സർക്കാർ തിരിച്ചറിയുന്നു. മണ്ഡലകാലത്തും മകരവിളക്ക് ഉത്സവം വരേയും ഈ സമ്മർദ്ദം ജീവനക്കാർക്ക് ഉപയോഗിക്കാം. പക്ഷേ അതിനപ്പുറത്തും ശമ്പളം കിട്ടണമെങ്കിൽ എന്താണ് വഴി? ആരു ചന്തിക്കുന്നില്ല. കേരളത്തിലെ ഏറ്റവുവലിയ പൊതുമേഖലാ സ്ഥാപനത്തിന് ചരമഗീതം മുഴങ്ങാതിരിക്കണമെങ്കിൽ അടിയന്തര നടപടി അനിവാര്യമാണ്.

മലയാളിയുടെ യാത്രയ്ക്ക് സുഖം നൽകിയ ആനവണ്ടിയെ രക്ഷിക്കാൻ സർക്കാരും മാനേജ്‌മെന്റും തൊഴിലാളികളും ഒന്നിക്കണം. ഇവരിൽ ഒരാൾ മാറിനിന്നാൽ പോലും സുഖയാത്രയ്ക്ക് കെഎസ്ആർടിസിക്ക് പാങ്ങില്ലാതെയാകും. താത്കാലികാശ്വസത്തിനപ്പുറമുള്ള പോവഴികളിലേക്ക് കാര്യങ്ങളെത്തണം. പണ്ട് എങ്ങനെയാണ് കെഎസ്ആർടിസി ലാഭമുണ്ടാക്കിയതെനന്നതും ചിന്തിക്കണം. അങ്ങനെ ഭൂതകാല അനുഭവങ്ങളിലൂന്ന വർത്തമാന സാഹചര്യത്തിലൂടെ ഭാവിയിലേക്ക് ബസുകൾ ഓടിക്കാൻ കെഎസ്ആർടിസിക്ക് കഴിയും. അതിനുള്ള സമയമാണിത്.

2006-2010 കാലഘട്ടത്തിൽ പുതിയതായി തുടങ്ങിയ 497480 കിലോമീറ്റർ അധിക സർവ്വീസുകളാണ് കെഎസ്ആർടിസിയെ പാപ്പരാക്കിയത്. ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യബസുകളെ ഒഴിവാക്കി പുതിയ കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കുന്നതിനു പകരം സ്വകാര്യബസുകളുമായി മത്സരിച്ചോടാൻ നിർബന്ധിച്ച 2006-2010 കാലഘട്ടത്തിലെ സർക്കാരും മാനേജ്‌മെന്റും ഗതാഗതവകുപ്പുമാണ് സത്യത്തിൽ കെഎസ്ആർടിസിയുടെ അന്തകരായി മാറിയത്. സത്യത്തിൽ സ്വകാര്യബസ് ഉടമകളെ സഹായിക്കുകയാണ് ഇവർ ചെയ്തത്.

ഈ സർവ്വീസുകളാണ് കെഎസ്ആർടിസിയുടെ വരുമാനം കുറച്ചത്. 2005ലെ സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യബസുകളെ ഒഴിവാക്കി കെഎസ്ആർടിസിക്ക് ഈ 497480 കിലോമീറ്റർ സർവ്വീസ് ഓടിക്കാമായിരുന്നു. അങ്ങിനെയെങ്കിൽ കിലോമീറ്ററിന് 22 രൂപാ വരുമാനത്തിനു പകരം 36 രൂപാ വരുമാനം ലഭിച്ചേനെ.

സൂപ്പർക്ലാസ് വീണ്ടും വിവാദമാകുന്നു

31 റൂട്ടുകളിലെ സ്വകാര്യബസുകളെക്കാൾ ഗൗരവമേറിയ വിഷയമാണ് ഏറെ വിവാദമായ സ്വകാര്യ സൂപ്പർ ക്ലാസ് ഏറ്റെടുക്കൽ. കേരള മോട്ടോർ വാഹന ചട്ട ഭേഗതിക്കെതിരെ സ്വകാര്യ ബസുടമകൾ ഹൈക്കോടതിയിൽ കേസിൽ ചട്ടഭേദഗതിയിലൂടെ സൂപ്പർക്ലാസ് ബസുകൾ കെഎസ്ആർടിസി ക്കായി നീക്കിവയ്ക്കാനാവില്ല എന്നും വേണമെങ്കിൽ 99ാം വകുപ്പുപ്രകാരം സൂപ്പർ ക്ലാസ് സർവീസുകൾ സർക്കാരിന് കെഎസ്ആർടിസി ക്കായി ദേശസാൽക്കരിക്കാം എന്നും വിധിച്ചു.

2003ലെ ഈ വിധിമൂലം റദ്ദാക്കിയ സൂപ്പർ ക്ലാസ് സർവീസ് നിർവചനങ്ങൾ പത്തു വർഷങ്ങൾക്കുശേഷം 2013 ജൂലൈയിൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ നിയമഭേദഗതിയിലൂടെ കെഎസ്ആർടിസിക്കായി നീക്കിവച്ചു. കൂട്ടത്തിൽ കേരളത്തിലെ 241 സ്വകാര്യ സൂപ്പർ ക്ലാസ്
ബസുകൾ കെഎസ്ആർടിസിക്കായി ദേശസാൽക്കരിക്കുകയും ചെയ്തു. ഈ ദേശസാൽക്കരണത്തിന് 2006ലെ ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെർമിറ്റ് ഭേദഗതി നിയമവുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല 1990ൽ നടത്തിയ കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാലം-കാസർകോഡ് ദേശസാൽക്കരണത്തിനുശേഷം 23 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് 2013 ജൂലൈയിൽ 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ കെഎസ്ആർടിസി ക്കായി ദേശസാൽക്കരിച്ചത്.

ഈ ദേശസാൽക്കരണത്തെ സ്വകാര്യബസുടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും ഹൈക്കോടതി സ്വകാര്യസൂപ്പർക്ലാസ് തീരുമാനം ശരിവച്ചു. പെർമിറ്റ് കാലാവധി തീരുന്നമുറയ്ക്ക് ഈ പെർമിറ്റുകൾ കെഎസ്ആർടിസി ക്കു ഓടിക്കാമെന്നും കോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരെ സ്വകാര്യബസ് ഉടമകൾ നിരവധി അപ്പീലുകൾ ഫയൽ ചെയ്‌തെങ്കിലും ഒന്നിലും സ്റ്റേ കിട്ടിയില്ല.

ഏറ്റെടുത്ത സർവീസുകൾ എന്തിനു തിരിച്ചുനൽകി ?

17-3-2014ലാണ് കോടതിവിധി വന്നതെങ്കിലും അതിനും 2 ആഴ്ച മുൻപുതന്നെ ജഡ്ജി വിധി കോടതിയിൽ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 14-3-2014നു തന്നെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്കും മറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്കും കാലാവധി തീരുന്ന സ്വകാര്യ സൂപ്പർ ക്ലാസ് സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുക്കണമെന്നാവശ്യം ലഭിച്ചു.

ഈ നിർദ്ദേശം ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്കും എം.ഡി. അയച്ചുകൊടുക്കുത്തു. സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കാനുള്ള പദ്ധതി അടിയന്തിരമായി തയ്യാറാക്കാനും ആവശ്യപ്പെട്ടു. 5 വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ മാത്രമാണ് ആവശ്യമെന്നും 2014 ജൂണിൽ കാലാവധി തീരുന്ന 91 സർവീസുകൾ ഏറ്റെടുക്കാൻ പുതിയ ബസുകൾ വാങ്ങേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ ഏതാണ്ട് 400ൽ പരം ബസുകൾ 5 വർഷത്തിൽ താഴെ പഴക്കമുള്ളത് ഓർഡിനറിയായി ഓടുന്നുണ്ടെന്നും അത്തരം സർവീസുകൾക്ക് വരുമാനം കുറഞ്ഞ റൂട്ടുകളിലെ ഓർഡിനറി ബസുകൾ നൽകി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഓർഡിനറി ബസുപയോഗിച്ച് സ്വകാര്യ സൂപ്പർ ക്ലാസ് ഏറ്റെടുക്കാൻ സാധിക്കും. അതിന്റെ അടിസ്ഥാനത്തിൽ സർവീസുകൾ പുനക്രമീകരിച്ചായിരുന്നു സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുത്തത്. കൂടാതെ ബാംഗ്ലൂർ സർവീസുകൾക്ക് പുതിയ ബസുകളും വോൾവോയും വന്നതിനെ തുടർന്ന് മാറ്റിയിട്ടിരുന്ന സൂപ്പർ എക്സ്‌പ്രസ് ബസുകളാണ് ഏറ്റെടുക്കാൻ ഉപയോഗിച്ചത്. അല്ലാതെ നിലവിൽ ഓടിച്ചിരുന്ന ബസുകൾ റദ്ദാക്കിയല്ല സ്വകാര്യ സൂപ്പർ ക്ലാസ് ഏറ്റെടുത്തത്.

2014 ജൂൺ 30ന് 91 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളുടെ പെർമിറ്റ് കാലാവധി അവസാനിച്ചു. അതിൽ 60 സർവീസുകൾ ഏറ്റെടുത്തു നടത്തി. നിലവിൽ ആവശ്യത്തിനുമിച്ചം സൂപ്പർ ക്ലാസ് ബസുകൾ പക്കലുണ്ടായിരുന്നു. 807 ഫാസ്റ്റ് സർവീസുകൾ നടത്താൻ 1141 ഫാസ്റ്റ് ബസുകളും 231 സൂപ്പർ ഫാസ്റ്റോടിക്കാൻ 326 സൂപ്പർ ഫാസ്റ്റ് ബസുകളും പക്കലുണ്ടായിരുന്നു. ആ അധിക ബസുകളാണ് പുതിയ 60 സൂപ്പർ ക്ലാസ് ബസുകളോടിക്കാനായി ഉപയോഗിച്ചത്.

ഇതിനിടെ യുഡിഎഫ് ഉന്നതനേതാവിന്റെ ബന്ധുവായ ഒരു ബസുടമ ഇങ്ങനെ റദ്ദാക്കപ്പെടുന്ന ചില സൂപ്പർ ക്ലാസ് സ്വകാര്യ ബസുകൾ കുറഞ്ഞ വിലയ്ക്കു വാങ്ങി. കൂടെ കൊട്ടാരക്കര/കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ബസ് കമ്പനികൾ 100ൽ പരം ലിമിറ്റഡ് ഓർഡിനറി ബസുകളും സൂപ്പർ ക്ലാസ് ബസുകളാക്കി. ഈ ബസുടമകളാണ് 241 സൂപ്പർ ക്ലാസ് ദേശസാൽക്കരണം അട്ടിമറിക്കാൻ മുന്നോട്ടുവന്നത്. 241 സൂപ്പർ ക്ലാസ് ദേശസാൽക്കരണം അട്ടിമറിച്ചാൽ 6 മാസത്തിനകം കെഎസ്ആർടിസിക്ക് 2000 ബസുകൾ റൂട്ടുകളിൽ ഓടിക്കാനാവാതെവരും. നഷ്ടം 1500 കോടിയിൽനിന്നും 2500 കോടിയായി ഉയരും. 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളിൽ 2014 ജൂൺ 30നു റദ്ദായ പെർമിറ്റുകളിൽ ലാഭകരമായി ഓടിയ 60 സർവീസുകളുടെ റൂട്ടിൽ എന്തിനായിരുന്നു വീണ്ടും സ്വകാര്യബസ് പെർമിറ്റ് അനുവദിച്ചതെന്ന് ഇനിയും വിശദീകരിച്ചിട്ടില്ല. സൂപ്പർക്ലാസ് ഏറ്റെടുക്കാൻ ആവശ്യത്തിലധികം ബസുണ്ടെന്ന് കെഎസ്ആർടിസി തന്നെ കണ്ടെത്തിയിരുന്നു.

കെഎസ്ആർടിസിയിൽ ഒരു കോർപറേറ്റ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിക്കുന്നു. ജൂൺ ആദ്യവാരത്തിൽ കൂടിയ ഈ കമ്മറ്റിയിൽ ആവശ്യത്തിലേറെ ബസുകളും ജീവനക്കാരുമുണ്ടെന്നും ആയതിനാൽ സ്വകാര്യമേഖലയിൽ റദ്ദാക്കുന്ന സൂപ്പർ ക്ലാസ് സർവീസുകൾ അവരുടെ പെർമിറ്റ് കാലാവധി തീരുന്ന മുറയ്ക്ക് ഏറ്റെടുത്തു നടത്താനുള്ള സംവിധാനമുണ്ടെന്നും തീരുമാനിക്കുകയും അതിന്റെ മിനിറ്റസ് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഗതാഗതമന്ത്രി കെഎസ്ആർടിസി ആവശ്യത്തിനു ബസ്സുകളില്ലാത്തതിനാലാണ് സൂപ്പർ ക്ലാസ് ദേശസാൽക്കരണത്തിൽനിന്നും പിന്നോട്ടു പോകുന്നതെന്നു പറയുന്നത് ശരിയല്ല.

ബസുകളുടെ പഴക്കത്തിലും വ്യക്തയില്ല

ബസുകളുടെ പഴക്കത്തിന്റെ കാര്യത്തിലും കെഎസ്ആർടിസിയിക്ക് വ്യക്തതയില്ല. 15 വർഷമാണ് നിലവിൽ കേരളത്തിലുള്ള നിയമപ്രകാരം ഒരു ബസിന്റെ ആയുസ്സ്. ആകെയുള്ള 5812 ബസുകളിൽ ഒരു ബസുപോലും 15 വർഷത്തിൽ അധികം പഴക്കമുള്ളവയല്ല. 2000 ബസുകൾ പഴക്കമേറിയതാണെന്ന ഗതാഗതവകുപ്പിന്റെ നിലപാട് ശരിയല്ല എന്ന് അക്കൗണ്ടന്റ് ജനറൽ കണക്കുകൾ വ്യക്തമാക്കുന്നു.

വർഷം തിരിച്ചുള്ള ബസുകളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 1000 ബസുകളുണ്ടെന്ന ഗതാഗതവകുപ്പിന്റെ വാദം തെറ്റാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഫാസ്റ്റിന് ഒരു വർഷം 18 ലക്ഷം രൂപ അധികവരുമാനം 2011 സെപ്റ്റംബറിലെ നാറ്റ് പാക്ക് രേഖകളനുസരിച്ച് ഒരു കിലോമീറ്റർ ഓർഡിനറി ഓടിക്കാൻ അന്ന് 28.84 രൂപാ ചെലവാകുന്നിടത്ത് ഫാസ്റ്റ്പാസഞ്ചർ ബസുകൾക്ക് 23.31 രൂപാ മാത്രമാണ് ചെലവാകുന്നതെന്നു വ്യക്തമാക്കിയിരുന്നു. ഓർഡിനറി ബസുകളെക്കാൾ 5.50 രൂപ കുറവാണ് ഫാസ്റ്റിന്റെ പ്രവർത്തനചെലവ്.

എന്നാൽ വരുമാനം ഓർഡിനറിയേക്കാൾ ഇരട്ടി. വിദ്യാർത്ഥി കൺസഷൻ അടക്കം ഫാസ്റ്റിൽ സൗജന്യങ്ങളൊന്നും നൽകേണ്ട. ഒരു സ്വകാര്യ ഫാസ്റ്റിന്റെ ഒരുദിവസത്തെ പ്രവർത്തനലാഭം 5000 രൂപയാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. പ്രതിവർഷം 18 ലക്ഷം രൂപയാണ് ഒരു ഓർഡിനറിയെക്കാൾ കൂടുതലായി ഫാസ്റ്റിൽ കിട്ടുന്നത്. കോടികൾ മുടക്കി 241 സ്വകാര്യ ഫാസ്റ്റുകൾ അടക്കമുള്ള സൂപ്പർ ക്ലാസുകൾ സംരക്ഷിക്കാൻ ചിലർ രംഗത്തിറങ്ങിയിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

വർമ്മ കമ്മറ്റി റിപ്പോർട്ടും പുനരുദ്ധാരണ പാക്കേജും

1999 മുതൽ 2014 ജൂൺ വരെ കേരളം മാറിമാറി ഭരിച്ച ഇടതു വലതു സർക്കാരുകളുടെ നയം സൂപ്പർ ക്ലാസ് സർവീസുകൾ കെഎസ്ആർടിസിക്ക് മാത്രം മതിയെന്നായിരുന്നു. 1994ലെ യുഡിഎഫ് സർക്കാരിൽ ആർ ബാലകൃഷ്ണപിള്ളയും 1999ലെ ഇടതു സർക്കാരും അതിനായി കേരള മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതിയും വരുത്തിയിരുന്നു. 1999 മുതൽ 2013 വരെ നിരവധി കേസുകൾ സർക്കാരും നടത്തിയിരുന്നു. എന്നാൽ 1994ലെയും 1999ലെയും നീക്കം നിയമാനുസൃതമല്ലെന്നു പറഞ്ഞ് ഹൈക്കോടതി റദ്ദാക്കി. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയവയുടെ നിർവചനങ്ങളിൽ ഭേദഗതി വരുത്താതെ മോട്ടോർ വാഹന നിയമം 99 അനുസരിച്ച് കേരളത്തിലെ എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും ദീർഘദൂര സർവീസുകളും കെഎസ്ആർടിസിക്കായി വയ്ക്കാനായിരുന്നു പിന്നെ ലഭിച്ച നിയമോപദേശം.

കെഎസ്ആർടിസി യുടെ നഷ്ടം കുറയ്ക്കാനായി പഠനം നടത്താൻ നിയമിച്ച നിരവധി കമ്മിറ്റികളും ഏജൻസികളും ഈ നിർദ്ദേശത്തെ പിന്തുണച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2013 ജൂലൈയിൽ സംസ്ഥാന ഗതാഗതമന്ത്രി 2 ഉത്തരവുകളിറക്കി. സൂപ്പർ ക്ലാസ് ബസുകളുടെ നിർവചനത്തിൽ ഭേദഗതി വരുത്തി ഇവ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അണ്ടർ ടേക്കിങ്ങുകൾ മാത്രം ഓടിക്കുന്ന സർവീസ് എന്നാക്കി. ഇതോടൊപ്പം ഉത്തരവിൽ കേരളത്തിലെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും കെഎസ്ആർടിസിക്കായി ദേശസാൽക്കരിക്കുകയും ചെയ്തു.

സൂപ്പർക്ലാസ്സ് വിഷയത്തിൽ 2014 ജൂലൈയിൽ സർക്കാർ നയം മാറ്റിയതിന്റെ വെളിച്ചത്തിൽ 1723 സ്വകാര്യ ഓർഡിനറി ബസുകളാണ് ഫാസ്റ്റാക്കാൻ നീക്കം ആരംഭിച്ചത്. കോട്ടയം-എറണാകുളം, എറണാകുളം-ഗുരുവായൂർ, തൃശൂർ-പാലക്കാട്, പാലക്കാട്-കോഴിക്കോട്, തൊടുപുഴ-ഇടുക്കി-കട്ടപ്പന, കട്ടപ്പന-മുണ്ടക്കയം-കോട്ടയം, കോട്ടയം-കുമളി,. കഞ്ഞിരപ്പള്ളി-പുനലൂർ, പാലാ-എറണാകുളം-കോഴിക്കോട്-വയനാട്, കോഴിക്കോട്-കണ്ണൂർ തുടങ്ങി നിരവധി റൂട്ടുകളാണ് അടുത്ത മാസങ്ങളിൽ ഫാസ്റ്റാക്കുന്നത്. വിദ്യാർത്ഥികളുടെയും സാധരാണ യാത്രക്കാരുടെയും നിലവിൽ ലഭിച്ചിരുന്ന യാത്രസൗകര്യങ്ങൾ ഇതോടെ ഇല്ലാതാകും.

നിലവിൽ ഓർഡിനറിയായി ഓടുന്ന 1723 ബസുകൾ ഫാസ്റ്റാക്കാൻ തടസ്സം നിന്നിരുന്നത് 2013 ജൂലൈയിൽ ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന സൂപ്പർ ക്ലാസ് ദേശസാൽക്കരണ നിയമമായിരുന്നു. ഇതനുസരിച്ച് ഫാസ്റ്റിന്റെ നിർവചനം റദ്ദാക്കിയെങ്കിലും സൂപ്പർ ക്ലാസുകളൊക്കെ കെഎസ്ആർടിസിക്കു മാത്രമെ നടത്താൻ അനുമതിയുള്ളായിരുന്നു. എന്നാൽ 9-7-2014ലെ മന്ത്രിസഭാ നിർദ്ദേശപ്രകാരം സൂപ്പർ ക്ലാസ് ദേശസാൽക്കരണം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതോടെ നിലവിലുള്ള 241 പേർക്ക് സൂപ്പർ ക്ലാസ് ഓടിക്കാമെന്നുമാത്രമല്ല
പുതുതായി 1723 ബസുകൾക്കുകൂടി ഓർഡിനറി ഫാസ്റ്റാക്കാൻ അവസരം ലഭിക്കും.

കഴിഞ്ഞ 25 വർഷത്തിനിടെ ഈ വിഷയത്തിൽ ആദ്യമായിട്ടാണ് കെഎസ്ആർടിസിക്കും സർക്കാരിനും അനുകൂലമായി ഹൈക്കോടതി വിധിയുണ്ടാകുന്നത്. ഇതിൽ വെള്ളം ചേർക്കാൻ തീരുമാനിച്ചതോടെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളും യാത്രക്കാരും പെരുവഴിയിലാകും.

സൂപ്പർ ക്ലാസ്സുകളെ ലിമിറ്റഡ് ഓർഡിനറിയാക്കണം

നിലവിലുള്ള 241 സൂപ്പർ ക്ലാസ് ബസുടമകളുടെ റൂട്ട് നിലനിർത്താനാണെങ്കിൽ ദേശസാൽക്കരണ നിയമത്തിൽ വെള്ളം ചേർക്കുകയല്ല വേണ്ടത്. മറിച്ച് 1999 ജനുവരിയിൽ കൊണ്ടുവന്ന കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ഓർഡിനറി സർവീസിന്റെ നിർവചനത്തിലെ പരമാവധി ദൂരം 140 കി.മീ. എന്ന നിബന്ധന എടുത്തുകളയുകയാണു വേണ്ടത്. അങ്ങനെ വരുമ്പോൾ 500 മുതൽ 600 കി.മീ വരെ ദൂരത്തിൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ദീർഘദൂരയാത്രക്കാർക്കും കയറാവുന്ന പഴയ ലിമിറ്റഡ് സ്റ്റോപ് ബസുകൾ പുനഃസ്ഥാപിക്കാനാവും.

നിലവിൽ സൂപ്പർ ക്ലാസ് പെർമിറ്റുള്ള 241 പേരും ആദ്യം ലിമിറ്റഡ് ഓർഡിനറിയായി ബസ് ഓടിച്ചവരാണ്. അവർക്ക് അവരോടിയിരുന്ന റൂട്ടുകളിൽതന്നെ സൂപ്പർ ക്ലാസിനു പകരം ലിമിറ്റഡ് ഓർഡിനറി അനുവദിക്കാനും കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം ഭേദഗതി ചെയ്ത് ഓർഡിനറിക്ക് 140 എന്ന ദൂരപരിധി എടുത്തുകളയുകയും ചെയ്യണം. ഇത്തരം സർവ്വീസുകളും ദേശസാൽകൃതറൂട്ടിൽ പരമാവധി 30 കിലോമീറ്റർ കയറി ഓടാം എന്ന നിബന്ധനയ്ക്കു വിധേയമായിട്ടായിരിക്കണം പെർമിറ്റുകൾ നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP