Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മാർട്ടാവാൻ കൊതിക്കുന്ന തലസ്ഥാനത്തെ പൊറുതിമുട്ടിക്കാൻ വീണ്ടും അക്രമപരമ്പര; നഗരപിതാവിനെ കാലിൽ വലിച്ചിട്ടതോടെ പോരിന് മൂർച്ച കൂട്ടി സിപിഎമ്മും ബിജെപിയും; ചവറയുടെ ചുവട് പിടിച്ച് കാട്ടാക്കടയിൽ ആയുധമെടുത്ത് എസ്ഡിപിഐയും സിപിഎമ്മും; ത്രികോണപോരാട്ടം മൂർച്ഛിച്ചതോടെ തലസ്ഥാനം ഭീതിയിൽ

സ്മാർട്ടാവാൻ കൊതിക്കുന്ന തലസ്ഥാനത്തെ പൊറുതിമുട്ടിക്കാൻ വീണ്ടും അക്രമപരമ്പര; നഗരപിതാവിനെ കാലിൽ വലിച്ചിട്ടതോടെ പോരിന് മൂർച്ച കൂട്ടി സിപിഎമ്മും ബിജെപിയും; ചവറയുടെ ചുവട് പിടിച്ച് കാട്ടാക്കടയിൽ ആയുധമെടുത്ത് എസ്ഡിപിഐയും സിപിഎമ്മും; ത്രികോണപോരാട്ടം മൂർച്ഛിച്ചതോടെ തലസ്ഥാനം ഭീതിയിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തിരുവനന്തപുരം നഗരസഭയിൽ മേയർ വി.കെ പ്രശാന്തിനെ ബിജെപി അംഗങ്ങൾ ആക്രമിച്ചത് മുതൽ പ്രശ്നങ്ങൾക്ക് തുടക്കമായി. ഇരുവിഭാഗവും അക്രമവുമായി തെരുവിലിറങ്ങിയതോടെ ജനത്തിന് സ്വൈര്യ ജീവിതം നഷ്ടമാകുമെന്ന ആശങ്കയും പടർന്നിരിക്കുന്നു.

ഇത്തവണ സി.പി.എം പ്രവർത്തകർക്കെതിരെ അക്രമവുമായി എസ്ഡിപിഐ കൂടി രംഗത്തെത്തിയതോടെ അക്രമം ത്രികോണ പോരാട്ടമായ അവസ്ഥയിലാണ്. ശനിയാഴ്ച വൈകുന്നേരം എസ്ഡിപിഐ കാട്ടാക്കട ജംങ്ങ്ഷനിൽ നടത്തിയ പ്രകടനത്തിന് പിന്നാലെ സി.പി.എം എസ്ഡിപിഐ സംഘർഷം ഇന്നലെ രാവിലെ സി.പി.എം പ്രവർത്തകനെ വധിക്കാനുള്ള ശ്രമം വരെ എത്തി.

കൊല്ലം ചവറയിലെ സി.പി.എം എസ്ഡിപിഐ സംഘർഷത്തിന്റെ ബാക്കിയാണ് തലസ്ഥാനത്ത് കാട്ടാക്കടയിൽ അരങ്ങേറിയത്. സിപിഎമ്മിനും ബിജെപിക്കും പുറമെ എസ്ഡിപിഐക്കും സ്വാധീനമുള്ള സ്ഥലമാണ് കാട്ടാക്കട.

കൊല്ലത്തെ അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകുന്നേരം മുപ്പതോളം എസ്ഡിപിഐ പ്രവർത്തകർ മുഖം മൂടികെട്ടി കാട്ടാക്കട ജംങ്ങ്ഷനിൽ സിപിഎമ്മിനെതിരെ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധമെന്നപേരിൽ വ്യാപകമായി സിപിഎമ്മിനെ തെറിയഭിഷേകം നടത്തുകയായിരുന്നു എസ്ഡിപിഐ പ്രകടനത്തിലുടനീളമെന്നാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്. അന്ന് രാത്രി തന്നെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മീഷൻ അംഗവുമായ ഐ. സാജുവിന്റെ വീടിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയവർ അക്രമം നടത്തിയിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാളും മുഖം മൂടിയ ഒരാളുമാണ് അക്രമം നടത്തിയത്.

ഇതിന് പിന്നാലെ ഇവർക്കായി ഡിവൈഎഫ്ഐ പ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം പരസ്പരം വാക്കേറ്റമുണ്ടായ ശേഷം കാട്ടാക്കട കോട്ടപ്പുറത്ത് താമസിക്കുന്ന സി.പി.എം പ്രവർത്തകരായ മനോജ്, ഹരി എന്നിവരെ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. മനോജ് മൂന്ന് വർഷം മുൻപ് പൂന്തുറയിലെ ഒരു മുസ്ലിം യുവതിയെ വിവാഹം ചെയ്തിരുന്നു.

എന്നാൽ വിവാഹത്തിന് ശേഷവും മനോജ് മതം മാറാൻ തയ്യാറാകാതിരുന്നത് എസ്ഡിപിഐയെ പ്രകോപിപ്പിച്ചിരുന്നു.ഒരു അന്യ ജാതിക്കാരന് മകളെ വിവാഹം ചെയ്തുകൊടുത്തതിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രദേശത്ത് ഊര് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലെ വൈരാഗ്യമാണ് മനോജിനെ ഇപ്പോൾ അക്രമിക്കുന്നതിലേക്ക് നയിച്ചത്.

കോട്ടപ്പുറം കിള്ളി എന്നീ പ്രദേശങ്ങൾ എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളാണ് ഇവിടെ സംഘർഷം നടന്നതിനെ തുടർന്ന് കിള്ളിയിൽ നിന്ന് കോട്ടപ്പുറത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തിരുന്നു. സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായുള്ള കാട്ടാക്കട ഏര്യാ സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ട് തന്നെ സംയമനം പാലിക്കണമെന്ന് പ്രവർത്തകർക്ക് സി.പി.എം നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ രാത്രി വൈകി ഏര്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസും പ്രചരണാർഥം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും സി.പി.എം കൊടിമരങ്ങളും നശിച്ചിച്ചതിനെതുടർന്ന് എസ്ഡിപിഐ ഓഫീസും തിരിച്ച് അടിച്ച് തകർത്തിരുന്നു.

ഇന്നലെ രാവിലെ ഇതിന് പകരം വീട്ടാനെന്നോണം കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.കാട്ടാക്കട സ്വദേശി കുമാറിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദേശാഭിമാനി പത്ര ഏജന്റ് കൂടിയായ കുമാർ രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം കുമാറിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.തുടർന്ന് കുമാറിനെ ഓടിച്ചിട്ട് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.സി.പി.എം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായ കുമാറിന് നേരേ പത്രവിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ കുമാറിനെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ കുമാറിനെ പിന്തുടർന്നു അടിച്ചു. തുടർന്ന് സമീപത്തെ വീട്ടിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്. ഫുട്ബോൾ താരമായിരുന്നതിനാലുള്ള മെയ്വഴക്കം ഒന്ന് കൊണ്ട് മാത്രമാണ് കുമാർ വെട്ടിൽ നി്നനും ഒഴിഞ്ഞ് മാറിയതും ഓടി രക്ഷപ്പെട്ടതും

കുമാർ രക്ഷപ്പെട്ടതിൽ അരിശം പൂണ്ട സംഘം പിന്നീട് കുമാറിന്റെ ബൈക്കും അക്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുമാർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞദിവസവും എസ്ഡിപിഐ പ്രവർത്തകർ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയിരുന്നു. പിന്നീട് ഇതിൽ വിളപ്പിൽശാല സ്വദേശിയായ അർഷാദ് എന്നയാളെ സി.പി.എം പ്രവർത്തകർ തിരിച്ചറിയുകയും ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

ഇന്നലെ റൂറൽ എസ്‌പി, നെടുമങ്ങാട് ഡിവൈഎസ്‌പി എന്നിവരുടെ മധ്യസ്ഥതിയിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് കാട്ടാക്കട ഏര്യാ സമ്മേളനത്തിന്റെ പൊതുസമ്മേളനവും ബഹുജന മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലിലാണ് പൊലീസ്. എന്തായാലും തങ്ങളുടെ പ്രവർത്തകരെ അക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെയാണ് ലക്ഷ്യമെന്ന് സി.പി.എം ജില്ലാ നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP