Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐക്ക് പണികൊടുക്കാനൊരുങ്ങി സി.പി.എം; നാദാപുരം സീറ്റ് സിപിഐയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് പ്രവർത്തകർ; സി.പി.എം കോട്ടയിൽ സിപിഐക്ക് സീറ്റ് കൊടുത്ത് ജയിപ്പിക്കുന്നത് എന്തിനെന്ന് ഫേസ്‌ബുക്കിൽ പ്രവർത്തകരുടെ വിമർശനം; രണ്ടു ടെമ്പോയിൽ കൊള്ളുന്ന ആളുകൾ മാത്രമാണ് സിപിഐക്ക് മണ്ഡലത്തിനുള്ളതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ: ഇടതു മുന്നണിയിലെ പോര് മലബാറിലേക്ക് എത്തുമ്പോൾ

സിപിഐക്ക് പണികൊടുക്കാനൊരുങ്ങി സി.പി.എം; നാദാപുരം സീറ്റ് സിപിഐയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് പ്രവർത്തകർ; സി.പി.എം കോട്ടയിൽ സിപിഐക്ക് സീറ്റ് കൊടുത്ത് ജയിപ്പിക്കുന്നത് എന്തിനെന്ന് ഫേസ്‌ബുക്കിൽ പ്രവർത്തകരുടെ വിമർശനം; രണ്ടു ടെമ്പോയിൽ കൊള്ളുന്ന ആളുകൾ മാത്രമാണ് സിപിഐക്ക് മണ്ഡലത്തിനുള്ളതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ: ഇടതു മുന്നണിയിലെ പോര് മലബാറിലേക്ക് എത്തുമ്പോൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം സിപിഎമ്മിന്റെ എക്കാലത്തെയും ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. കണ്ണൂരിന് സമാനമായി രക്തസാക്ഷികളുടെ നീണ്ടനിരയുള്ള ഈ മണ്ണിൽ മുസ്ലിം ലീഗിനോടും ആർ.എസ്.എസിനോടും ഒരുപോലെ പോരടിച്ചാണ് സി.പി.എം പിടിച്ചുനിൽക്കുന്നത്.

നാദാപുരത്തിന്റെ മുക്കിലും മൂലയിലും സിപിഎമ്മിന്റെ രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളുമാണ്. എ.കണാരനെയും സി.എച്ച് കണാരനെയും പോലുള്ള മുതിർന്ന സി.പി.എം നേതാക്കളുടെ തട്ടകമായ ഈ മണ്ണിൽ പക്ഷേ മൂന്ന് പതിറ്റാണ്ടുകാലമായി സിപിഐയാണ് മൽസരിക്കുന്നത്. മുന്നണി ധാരണ പ്രകാരം സി.പി.എം കൊടുത്ത ഈ ആനുകൂല്യം പുതിയ സി.പി.എം-സിപിഐ തർക്കത്തിന്റെ അടിസ്ഥാനത്തിൽ ഇല്ലാതാവുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നാദാപുരം സീറ്റ് സി.പി.എം തരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ നവമാധ്യമങ്ങളിൽ സി.പി.എം പ്രവർത്തകർ രോഷം കൊള്ളുകയാണ്. കഴിഞ്ഞ കുറേക്കാലമായി സിപിഎമ്മിൽ നിലനിൽക്കുന്ന ഈ ആവശ്യം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായിരക്കതാണ്.

നാദാപുരം അസംബ്ലി സീറ്റ് സിപിഐയിൽനിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റ് വൈറലായിട്ടുണ്ട്. നാദാപുരം നിയോജക മണ്ഡലത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി മത്സരിക്കണമെന്ന് സി.പി.എം പ്രവർത്തകൻ കക്കംെവള്ളിയിലെ പി.കെ. ബിജു വാട്‌സ്ആപ് വഴി പാർട്ടി ഏരിയ സെക്രട്ടറി പി.പി. ചാത്തുവിന് അയച്ച ഓഡിയോ സന്ദേശമാണ് വൈറലാവുന്നത്. ഏരിയ സെക്രട്ടറി ക്ലിപ് നാദാപുരം മീഡിയ എന്ന ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു. നാദാപുരത്ത് ഇടതുമുന്നണിയിൽ നിലനിൽക്കുന്ന കടുത്ത ഭിന്നത മറനീക്കിയതോടെ പാർട്ടി നേതൃത്വവും അസ്വസ്ഥമായിട്ടുണ്ട്. അടുത്ത തവണ നാദാപുരം സി.പി.എം പിടിച്ചുവാങ്ങുമെന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ഏരിയ സെക്രട്ടറി ബോധപൂർവമാണ് ക്ലിപ് ഗ്രൂപ്പിലിട്ടതെന്ന് പറയപ്പെടുന്നു.

മൂന്നു പതിറ്റാണ്ടായി സിപിഐ കൈയടക്കിവെച്ച മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ഏറെക്കാലമായി പ്രവർത്തകർ ആവശ്യപ്പെട്ടുവരുകയായിരുന്നു. പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സിപിഐ നേതാക്കളാണ് കാലങ്ങളായി നാദാപുരത്ത് സ്ഥാനാർത്ഥികളായി വരാറുള്ളത്. ഇതിനെതിരെ ഉയരുന്ന വികാരം പാർട്ടി നേതാവ് പരസ്യമാക്കിയത് സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങണമെന്നാണ് വോയ്‌സ് മെസേജിൽ ആവശ്യപ്പെടുന്നത്.

ഇതോടൊപ്പം പ്രതികരണവുമായി നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സി.പി.എം സൈബർ ഗ്രൂപ്പിലും ചർച്ച സജീവമാണ്. മുതിർന്ന നേതാക്കൾവരെ അംഗങ്ങളായതാണ് സി.പി.എം സൈബർ ഗ്രൂപ്പ്. ഈ മണ്ഡലത്തിൽ രണ്ടു ടെമ്പോയിൽ കൊള്ളാൻപോലും സിപിഐ പ്രവർത്തകർ ഇല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സിപിഎമ്മിന്റെ സഹായത്തിൽ ജയിച്ച് ഇവരിൽ പലരും പാർട്ടിയെ തിരിഞ്ഞുകുത്തിയെന്നും ഇത്തരം മുന്നണി മരാദ്യകൾ നമുക്ക് വേണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി സി.പി.എം പ്രവർത്തകരും പ്രാദേശിക നേതാക്കളും ഇതോടൊപ്പം രംഗത്തെത്തിയിട്ടുണ്ട്. നാദാപുരത്ത് സിപിഐയുടെ സഹായമില്ലാതെയും സിപിഎമ്മിന് ജയിക്കാൻ കഴിയുമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

1977മുതൽ നാദാപുരത്ത്‌നിന്ന് തുടർച്ചയായി വിജയിച്ചിട്ടും മണ്ഡലത്തിൽ കാര്യമായ രാഷ്ട്രീയ വേരുകൾ ഉണ്ടാക്കാൻ സിപിഐക്ക് ആയിട്ടില്ല. സിപിഐ നേതാവ് സത്യന്മൊകേരി മൂന്ന് തവണയും, മുന്മന്ത്രികൂടിയായ ബിനോയ് വിശ്വം രണ്ടുതവണയും ജയിച്ച മണ്ഡലത്തിൽ, ജനയുഗത്തിന്റെ മുൻ ജനറൽമാനേജർ കൂടിയായ ഇ.കെ വിജയാണ് സിറ്റിങ്ങ് എംഎ‍ൽഎ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP