Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരുടെ മക്കളെ സംരക്ഷിക്കാൻ നടന്ന് സ്വന്തം മക്കൾക്ക് അമ്മയില്ലാതാക്കാൻ പറ്റില്ല; ഇത്രയും അരക്ഷിതത്വത്തിൽ ജീവിക്കാൻ വയ്യ ഞങ്ങൾ മലപ്പുറത്തെ ഡോക്ടർമാർക്ക്; ആരോഗ്യപരിപാടിക്ക് തുരങ്കം വെക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച് അധികാരികളും: വാക്‌സിൻ വിരുദ്ധരുടെ തല്ലു കൊള്ളാനില്ലെന്ന് ഡോക്ടർ ഷിംന അസീസ്; മീസൽസ് -റുബെല്ല കുത്തിവെപ്പ് ക്യാമ്പുകൾ പ്രതിസന്ധിയിലേക്ക്

നാട്ടുകാരുടെ മക്കളെ സംരക്ഷിക്കാൻ നടന്ന് സ്വന്തം മക്കൾക്ക് അമ്മയില്ലാതാക്കാൻ പറ്റില്ല; ഇത്രയും അരക്ഷിതത്വത്തിൽ ജീവിക്കാൻ വയ്യ ഞങ്ങൾ മലപ്പുറത്തെ ഡോക്ടർമാർക്ക്; ആരോഗ്യപരിപാടിക്ക് തുരങ്കം വെക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച് അധികാരികളും: വാക്‌സിൻ വിരുദ്ധരുടെ തല്ലു കൊള്ളാനില്ലെന്ന് ഡോക്ടർ ഷിംന അസീസ്; മീസൽസ് -റുബെല്ല കുത്തിവെപ്പ് ക്യാമ്പുകൾ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വാക്‌സിൻ വിരുദ്ധരുടെ ആക്രമണങ്ങളിൽ ഡോക്ടർമാർക്ക് പരിക്കേൽക്കുന്നത് മലപ്പുറത്തെ നിത്യ സംഭവമാവുകയാണ്. വാക്‌സിൻ വിരുദ്ധരിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും സജീവമാണ്. വാക്‌സിനെ കുറിച്ച് ബോധവൽക്കരണത്തിന് ആഹ്വാനം ചെയ്യുന്നവരെല്ലാം വീടുകളിലാണ്. എന്നാൽ അടി കിട്ടാൻ വിധിക്കപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരും. ഡോക്ടർമാരും നേഴ്‌സുമാരും വാക്‌സിൻ ക്യാമ്പുകളിൽ അപകട ഭീതിയിലാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇനി വാക്‌സിൻ നൽകാൻ ക്യാമ്പുകളിൽ പോകേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുകയാണ് ഡോക്ടർമാർ.

ഏതാനും ആരോഗ്യ പ്രവർത്തകരുടെയും സ്‌കൂൾ വാദ്യന്മാരുടെയും തലയിൽ ഈ ഉത്തരവാദിത്വം കെട്ടി വച്ചു ഉറങ്ങുകയാണ് യഥാർത്ഥ ഉത്തരവാദിത്വം ഉള്ളവരെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പൊതു വികാരം. കഴിഞ്ഞ ദിവസത്തെ വാക്‌സിൻ ക്യാമ്പിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ അവസ്ഥ ചർച്ചയാക്കുകയാണ് ഡോ ഷിംന അസീസ്. സോഷ്യൽ മീഡിയ ഷിംനയുടെ പോസ്റ്റ് ഗൗരവത്തോടെ ചർച്ചയാക്കുകയാണ്. വാക്‌സിൻ വിരുദ്ധരുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുള്ള കരുതൽ സർക്കാരുകൾ എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ഡോക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ; വടിവാൾ കഴുത്തിന് നേരെ വരുമ്പോൾ സ്വയം കുത്തിവെപ്പ് എടുത്ത ഡോക്ടറാണോ എന്നൊന്നും നോക്കി വെട്ട് പാതി വഴിക്ക് നിൽക്കില്ല. ഇന്ന് കിട്ടിയ എനിക്കെതിരെയുള്ള വാട്ട്സ്സപ്പ് മെസേജ് പൂർണമായും അവഗണിച്ചു, അതിന് ആസ്പദമായ സംഭവം നടന്ന ദിവസം തല്ല് കൊള്ളാതിരുന്നത് പെണ്ണായതുകൊണ്ടാവണം. ഇത്രയൊക്കെയായിട്ടും അധികാരികൾ എടുത്തു പറയാവുന്ന ഒരു നടപടിയും എടുത്തിട്ടില്ല. ഞങ്ങൾ ആരോഗ്യപ്രവർത്തകർ ചോര കൊടുത്തും ജീവൻ കൊടുത്തും മീസിൽസ് റുബെല്ല കുത്തിവെപ്പിന് വേണ്ടി പ്രവർത്തിക്കില്ല.

കാരണം മറ്റൊന്നുമല്ല, നാട്ടുകാരുടെ മക്കളെ സംരക്ഷിക്കാൻ നടന്ന് സ്വന്തം മക്കൾക്ക് അമ്മയില്ലാതാക്കാൻ പറ്റില്ല. ഇത്രയും അരക്ഷിതത്വത്തിൽ ജീവിക്കാൻ വയ്യ ഞങ്ങൾ മലപ്പുറത്തെ ഡോക്ടർമാർക്ക്. ഡോക്ടർക്കെതിരെ വാള് വീശിയും നേഴ്സിന്റെ കൈപിടിച്ചു തിരിച്ചും ഒന്നും ആരും നേടേണ്ട. ഞങ്ങളുടെ ജീവന് സുരക്ഷ തരേണ്ട സർക്കാർ, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യപരിപാടിക്ക് തുരങ്കം വെക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച് സുഖമായുറങ്ങുന്ന അധികാരികൾ...അവർക്ക് ചാവേറാകാൻ മനസ്സില്ല. ഇന്ന് രാത്രി നടപടി ഉണ്ടായില്ലെങ്കിൽ, നാളെ മലപ്പുറത്തെ സകല സർക്കാർ ആശുപത്രികളിൽ നിന്നും ഞങ്ങൾ ഡോക്ടർമാർ വിട്ടു നിൽക്കും. ഇനിയിത് സഹിക്കാൻ വയ്യ...-ഇങ്ങനെയാണ് ഡോക്ടറുടെ കുറിപ്പ് അവസാനിക്കുന്നത്.

എടയൂർ അത്തിപ്പറ്റ ഗവ. എൽ.പി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് മീസൽസ് -റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ ഒരുകൂട്ടമാളുകൾ നഴ്സിനെ ആക്രമിച്ചിരുന്നു. എടയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമളാബായി (45) യെയാണ് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരിക്കേറ്റ ഇവർ കുറ്റിപ്പുറം താലൂക്ക് ആസ്?പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുതകർത്തു. സംഭവത്തിൽ ഏതാനുംപേർക്കെതിരേ പൊലീസ് കേസെടുത്തു. എന്നാൽ ആരേയും പൊലീസ് പിടികൂടിയില്ല.

വ്യാഴാഴ്ച പന്ത്രണ്ടരയോടെയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥർ സ്‌കൂളിലെത്തിയത്. മെഡിക്കൽ ഓഫീസർ ഡോ. അലി ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ വിക്രമൻ എന്നിവർക്കൊപ്പം നാല് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. പതിനഞ്ചോളം കുട്ടികൾക്ക് കുത്തിവെച്ചു കഴിഞ്ഞതോടെയാണ് മുപ്പതോളംപേരടങ്ങുന്ന സംഘം കുത്തിവെപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചത്. ആരോഗ്യമേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ വാദങ്ങൾ ചെവിക്കൊള്ളാതെ ഇവർ ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതിനിടയിലാണ് നഴ്സിനെ ആക്രമിച്ചത്.

തന്നെ ഇരുമ്പുവടിയുമായാണ് ഒരാൾ ആക്രമിക്കാൻ വന്നതെന്നും ആരോ പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും പരിക്കേറ്റ ശ്യാമളാബായി പറഞ്ഞു. അനാവശ്യമായ ആരോപണങ്ങളും അപവാദങ്ങളുംപറഞ്ഞ് കുത്തിവെപ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇക്കൂട്ടരെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു. ഇത് തടയാൻ പൊലീസുകാരൊന്നും ഇല്ലായിരുന്നു. ഇത് സർക്കാരിന്റെ വലിയ വീഴ്‌ച്ചയാണെന്നാണ് ഉയരുന്ന അഭിപ്രായം. ഇത്തരത്തിൽ ക്യാമ്പുകൾ നടത്താനാകില്ലെന്ന നിലപാടിലാണ് ഡോക്ടർമാരിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP