Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നുരഞ്ഞുപൊന്തുന്ന പതയുടെ തിരമാലകൾ തീർത്ത് ബംഗളുരുവിലെ വരത്തൂർ തടാകം; തള്ളുന്ന വിഷം താങ്ങാനാവാതെ സ്വയം നുരഞ്ഞ് ഇല്ലാതായി ഒരു ജലസ്രോതസ്സുകൂടി; ഈ തടാകത്തിന് ശവക്കല്ലറ തീർക്കുന്നത് ഭരണകൂടമോ അതോ പരിസ്ഥിതിയോടൊപ്പം ആത്മാഹൂതി ചെയ്യുന്ന തടാകക്കരയിലെ മനുഷ്യരോ?

നുരഞ്ഞുപൊന്തുന്ന പതയുടെ തിരമാലകൾ തീർത്ത് ബംഗളുരുവിലെ വരത്തൂർ തടാകം; തള്ളുന്ന വിഷം താങ്ങാനാവാതെ സ്വയം നുരഞ്ഞ് ഇല്ലാതായി ഒരു ജലസ്രോതസ്സുകൂടി; ഈ തടാകത്തിന് ശവക്കല്ലറ തീർക്കുന്നത് ഭരണകൂടമോ അതോ പരിസ്ഥിതിയോടൊപ്പം ആത്മാഹൂതി ചെയ്യുന്ന തടാകക്കരയിലെ മനുഷ്യരോ?

സി ടി വില്യം

ബംഗളുരു: ആയിരക്കണക്കിന്നു വർഷങ്ങൾക്കുമുമ്പ് ഭൂമിയുടെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയേയും സ്‌നേഹിച്ച മനുഷ്യർ നിർമ്മിച്ച ബംഗളുരുവിലെ വരത്തൂർ തടാകം മനുഷ്യർ തന്നെ കൊന്നു കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നു. ബംഗളുരു നഗരത്തിന്റെ കിഴക്ക് 446ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന വരത്തൂർ തടാകമാണ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

തടാകക്കരയിലെ വ്യവസായ ശാലകളിൽ നിന്നും തടാകത്തിന്റെ നെഞ്ചകത്തേക്ക് തള്ളിവിടുന്ന വിഷം പതഞ്ഞുപൊന്തി കത്തുന്ന തിരമാലകൾ തടാകക്കരയേയും മനുഷ്യരെയും ആപൽക്കരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ചരിത്രാതീതകാലം കാലം മുതൽ ബംഗളുരുവിന്റെ കാർഷിക-പാരിസ്ഥിതിക വ്യവസ്ഥകളെ സന്തുലിതപ്പെടുത്തിക്കൊണ്ടിരുന്ന തടാകമാണ് കർണാടക സർക്കാരും അവരുടെ കയ്യാളന്മാരുമായ ഭൂമാഫിയകളും കൂടി മറവുചെയ്തുകൊണ്ടിരിക്കുന്നത്.

ഒരുകാലത്ത് തടാകക്കരയിലെ കാൽപ്പനിക ഭംഗിയെ പരസ്യപ്പെടുത്തി പാർപ്പിട സമുച്ചയങ്ങൾ പണിതുയർത്തിയ അതെ ഭൂമാഫിയ തന്നെയാണ് ഇന്ന് ഈ കാൽപ്പനിക സ്മൃതിയുണർത്തുന്ന തടാകത്തിന്റെ ശവക്കുഴി തോണ്ടുന്നത്.

വരും കാലങ്ങളിൽ ബംഗളുരുവിന് വരത്തൂർ-ബെലന്തൂർ തടാകങ്ങളുണ്ടാവില്ല. വിപ്രോ, സിസ്‌ക്കോ തുടങ്ങിയ ആഗോള കുത്തക കമ്പനികൾ താവളമടിച്ചിട്ടുള്ള വരത്തൂർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിട്ടുള്ള വൈറ്റ് ഫീൽഡിനും സ്വന്തമാണ്. സൈബർ നഗരത്തിന്റെ ആർഭാടങ്ങളിലും വൻ വ്യാപാര കേന്ദ്രങ്ങളുടെ സാമ്പത്തിക വിനിമയങ്ങളിലും അകപ്പെട്ടുപോയ ഈ നഗരത്തിന് വരത്തൂർ തടാകത്തിന്റെ മരണം ഒരു സ്വാഭാവിക ദുരന്തം മാത്രം.

പ്രകൃതിയെയും മനുഷ്യനേയും സ്‌നേഹിക്കുന്ന ഒരു പാരിസ്ഥിതിക ന്യൂനപക്ഷം ഒഴുക്കുന്ന കണ്ണീരും മുഴക്കുന്ന ശബ്ദവും അധികൃതർ കേൾക്കുന്നില്ല. ലോകത്തിന്റെ നെറുകെയിൽ സർവ്വ ഗാംഭീര്യത്തോടെയും നിൽക്കുന്ന ഐറ്റി വിദഗ്ടന്മാരും ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രഗൽഭരായ ശാസ്ത്രജ്ഞരും ഈ തടാകത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും വരത്തൂർ തടാകത്തെ സംരക്ഷിക്കാൻ ബ്രിട്ടണിൽനിന്നും ഇസ്രയേലിൽ നിന്നും കേമന്മാരെ കൊണ്ടുവരേണ്ടിവന്നു.

എന്നിട്ടും ആ കേമന്മാർ മുന്നോട്ടുവച്ച പരിഹാരമാർഗ്ഗങ്ങൾ ആരെയും ചിരിപ്പിക്കുന്നതാണ്. തടാകത്തിൽ നിന്ന് പുറത്തേക്ക് പതഞ്ഞുപൊങ്ങുന്ന തിരമാലകളെ തടഞ്ഞുനിർത്താൻ തടാകക്കരയിൽ കമ്പിവേലി ഉയർത്തുക, വ്യവസായ ശാലകളിലെ വിഷം തടാകത്തിലേക്ക് ഒഴുക്കാതിരിക്കുക,തടാകത്തെ കുഴിച്ചുമൂടി വലിയ കുഴലുകളിലൂടെ ചുരുക്കിയൊഴുക്കുക എന്നീ പരിഹാരമാർഗ്ഗങ്ങളാണ് ബ്രിട്ടന്റേയും ഇസ്രയേലിന്റെയും സന്തത ശാസ്ത്രജ്ഞർ കോടികളുടെ വിലക്ക് കർണാടക സർക്കാരിന് കൊടുത്തത്.

മൂന്നു പരിഹാര മാർഗ്ഗങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് വരത്തൂർ തടാകം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. വരത്തൂർ തടാകത്തിൽ നിന്ന് പതഞ്ഞുയരുന്ന വിഷലിപ്തമായ തിരമാലകൾ കഴിഞ്ഞ അമ്പത് വർഷമായി ഈ ഭൂപ്രദേശത്തെയും ഇവിടുത്തെ മനുഷ്യരെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. തടാകത്തെ സംരക്ഷിക്കുന്നതിനുപകരം തടാകത്തെ ഇല്ലാതാക്കുന്ന നഗര ഭരണ സംവിധാനങ്ങളും നിയമം ലംഘിക്കുന്ന നിർമ്മാണ പ്രക്രിയകളുമാണ് വരത്തൂർ തടാകത്തിന്റെ ഭരണ പാലകരും നിയമ പാലകരും ചെയ്തുകൊണ്ടിരിക്കുന്നത്.

അവർ ചരിത്രമുറങ്ങുന്ന പാലങ്ങളും തടാകക്കരയും മണ്ണിട്ടുമൂടി വരത്തൂർ തടാകത്തിന് ശവക്കല്ലറ തീർക്കുന്നു. നഗരം വാറ്റിയെടുക്കുന്ന വീര്യമുള്ള ബിയറും വിസ്‌കിയും കഴിച്ച് ഉന്മാദത്തിൽ കഴിയുന്ന ബംഗളുരുവിലെ പച്ച പരിഷ്‌കൃത സമൂഹം ഈ തടാകത്തിന്റെ ശവക്കല്ലറക്കുച്ചുറ്റും ആനന്ദനൃത്തമാടുന്നു. ബംഗളുരുവിന്റെ വികസന അഥോറിറ്റിയും ഹരിത ട്രിബ്യൂണലും ഭരണകൂടവും ജനപ്രതിനിധികളും ഒന്നും സംഭവിക്കാത്ത മട്ടിൽ നിലയുറപ്പിക്കുമ്പോഴും ഒരു തടാകവും തടാകക്കരയിലെ മനുഷ്യരും മരിച്ചുകൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP