Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുന്നു; ബോർഡ് യോഗത്തിൽ പങ്കെടുത്തു, അന്നു തന്നെ ശബരിമലയിലും പോയി; ബോർഡ് അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ നിൽക്കണമെന്നില്ല; ഞാൻ പണം കട്ടിട്ടുണ്ടെങ്കിൽ അത് വ്യക്തമായി പറയണം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വ്യാജരേഖാ ആരോപണത്തിൽ ക്ഷുഭിതനായി അജയ് തറയിൽ; ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

എന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുന്നു; ബോർഡ് യോഗത്തിൽ പങ്കെടുത്തു, അന്നു തന്നെ ശബരിമലയിലും പോയി; ബോർഡ് അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ നിൽക്കണമെന്നില്ല; ഞാൻ പണം കട്ടിട്ടുണ്ടെങ്കിൽ അത് വ്യക്തമായി പറയണം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വ്യാജരേഖാ ആരോപണത്തിൽ ക്ഷുഭിതനായി അജയ് തറയിൽ; ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് ദേവസ്വം അംഗം അജയ് തറയിൽ. തന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുകയാണെന്ന് അദ്ദേഹം പരിഭവിച്ചു. ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ താനും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുത്ത ശേഷം അതേ ദിവസം തന്നെ ശബരിമലയിലും പോയി. ബോർഡിലെ അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ നിൽക്കണമെന്നില്ല. യോഗത്തിൽ പങ്കെടുത്തതിന്റെ മിനുറ്റ്‌സിൽ ഒപ്പിട്ടത് ആറ് മാസം കഴിഞ്ഞാണെന്നും അതിൽ എന്താണിത്ര തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.

ദേവസ്വം ബോർഡ് യോഗങ്ങളുടെ പേരിൽ പോലും വലിയ ക്രമക്കേടുകളാണ് അജയ് തറയിലും പ്രയോർ ഗോപാലകൃഷ്ണനും നടത്തിയതെന്ന ആരോപണം ഉയർന്നതിനോട് പ്രതികരിക്കവേയാണ് അജയ് തറയിൽ ക്ഷുഭിതനായി പ്രതികരിച്ചത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ആരോപണം ദേവസ്വം വിജിലൻസ് അന്വേഷിക്കും, ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിക്കും. ഇരുവരുടേയും ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. 2016 ഓഗസ്ത് 16ന് തിരുവനന്തപുരത്ത് നടന്ന ബോർഡ് യോഗത്തിന്റെ മിനുട്ട്സ് പ്രകാരം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ബോർഡ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. 1,15,കോടി രൂപയുടെ മരാമത്ത് പണിക്ക് അനുമതി നൽകിയടക്കം 26 സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്.

പക്ഷെ ഈ യോഗത്തിൽ ഇരുവരും പങ്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഇവർ സമർപ്പിച്ചിട്ടുള്ള യാത്രാപ്പടി കണക്കുകൾ. അന്നേ ദിവസം ഇരുവരും ശബരിമലയിലേക്ക് യാത്ര ചെയ്തതായാണ് രേഖകൾ. ഇതിന് യാത്രാബത്ത വാങ്ങിയിട്ടുണ്ടെന്നും വ്യക്തം. യാത്ര ചെയ്തിട്ടാണ് ബത്ത വാങ്ങിയതെങ്കിൽ തിരുവനന്തപുരത്ത് ബോർഡ് യോഗത്തിൽ പങ്കെടുത്തതായുള്ള മിനുട്ട്സ് രേഖകൾ വ്യാജമാണ്. അതിനാൽ ദേവസ്വം വകുപ്പ് സംശയകരമായ ഈ രേഖകൾ പരിശോധിക്കുകയാണ്.

കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന സെക്രട്ടറി വി എസ് ജയകുമാർ മിനുട്ട്സ് എഴുതി തയ്യാറാക്കിയെന്നാണ് സർക്കാർ സംശയിക്കുന്നത്. മരാമത്ത് പണി, കോടികളുടെ നിക്ഷേപം, താൽക്കാലിക നിയമനം എന്നിവയടക്കം നയപരമായ പല തീരുമാനങ്ങളും യോഗത്തിൽ എടുത്തിട്ടുണ്ട്. തീരുമാനങ്ങളിൽ പിന്നീട് ഇരുവരും ഒപ്പുവെച്ചതാവാമെന്നാണ് സംശയം. അഥവാ ഇനി ബോർഡ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ വ്യാജരേഖ ചമച്ച് യാത്രാബത്ത പറ്റിയതാണെന്നും സംശയിക്കാം. ഓഗസ്ത് സെപ്റ്റംബർ മാസങ്ങളിലെ പല യോഗങ്ങളിലേയും മിനുട്‌സുകളിൽ ഒപ്പുവെച്ചതായും അതേദിവസം യാത്രാബത്ത വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകൾ സർക്കാർ ശേഖരിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കേ ഏറ്റവും കൂടുതൽ അഴിമതി നടന്നതു മരാമത്തുപണികളുടെ പേരിണെന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. രാമായണമേളയിൽ സമ്മാനദാനം നിർവഹിക്കാൻ ക്ഷണിച്ചതിനു പ്രത്യുപകാരമായി അജയ് തറയിൽ ക്ഷേത്രസമിതിക്ക് അനുവദിച്ചതു കാൽലക്ഷം രൂപയാണന്നു വാർത്തകൾ പുറത്തുവന്നിരുന്നു.

2015-ൽ കാലാവധി കഴിഞ്ഞ ബോർഡ് പ്രസിഡന്റിന്റെ ലെറ്റർ പാഡ് ഉപയോഗിച്ചുപോലും ഈവർഷം മരാമത്തുപണികൾ നടത്തി. എംപി. ഗോവിന്ദൻ നായർ 2015 നവംബറിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് കോട്ടയത്തെ ഒരു എൻജിനീയർ ഈവർഷവും മരാമത്തുജോലി നടത്തുകയായിരുന്നു. പ്രസിഡന്റിന്റെ ''പ്രത്യേക താൽപര്യപ്രകാരം'' മരാമത്തുപണിക്കുള്ള അപേക്ഷ നൽകുന്നുവെന്നാണു കത്തിൽ പറയുന്നത്. മരാമത്തുപണികൾക്കു ദേവസ്വം കമ്മിഷണർ മുഖേനയാകണം അനുമതി നൽകേണ്ടതെന്നു ദേവസ്വം മാന്വൽ ഒന്നാംവാല്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽനിന്നു ലഭിക്കുന്ന അപേക്ഷ കമ്മിഷണർ പരിശോധിക്കുകയും യോഗ്യമായവ ബോർഡിന്റെ അനുമതിക്കായി നൽകുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇതെല്ലാം അട്ടിമറിച്ചാണു കഴിഞ്ഞ ഭരണസമിതി 59 കോടി രൂപ അധികമായി ചെലവഴിച്ചത്.

ക്ഷേത്രങ്ങളിൽനിന്നുള്ള അപേക്ഷ പോലുമില്ലാതെയാണു 90% ജോലികളും നടത്തിയിട്ടുള്ളത്. പ്രസിഡന്റിന്റെയും അംഗത്തിന്റെയും വാക്കാലുള്ള നിർദ്ദേശപ്രകാരം മരാമത്തുജോലികൾക്കുള്ള അപേക്ഷ അസിസ്റ്റന്റ് എൻജിനീയർ ബോർഡിനു നൽകുകയായിരുന്നു. തുടർന്ന് ഭരണസമിതി നേരിട്ടു തുക അനുവദിച്ചു. 2016-17 സാമ്പത്തികവർഷം 28.20 കോടി രൂപയാണ് മരാമത്ത് ഇനത്തിൽ നീക്കിവച്ചത്. എന്നാൽ തിരുവനന്തപുരം, മാവേലിക്കര, കോട്ടയം മരാമത്ത് ഡിവിഷനുകൾ, എസ്റ്റേറ്റ് ഡിവിഷൻ എന്നിവ മുഖേന മാത്രം ചെലവഴിച്ചത് 49.20 കോടി രൂപ! 21 കോടി രൂപയുടെ അധികത്തുക ബജറ്റിൽപോലും ഉൾപ്പെടുത്താതെ നിയമവിരുദ്ധമായി ചെലവഴിക്കുകയായിരുന്നു.

ശബരിമല പദ്ധതി ജോലികൾ എന്ന പേരിൽ 23 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 27.13 കോടിയുടെ ജോലികൾ നടത്തിയെന്നാണു രേഖകൾ- ബജറ്റിലുള്ളതിനെക്കാൾ 4.13 കോടി അധികം. 2016-17 സാമ്പത്തികവർഷം 25.13 കോടി രൂപ ബജറ്റിനു പുറത്ത് ചെലവഴിച്ചു. 2017-18 വർഷത്തേക്ക് 34.40 കോടി രൂപയാണു മരാമത്തുജോലികൾക്കായി ബജറ്റിൽ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ വരെ, ഏഴുമാസത്തിനുള്ളിൽ ശബരിമല ജോലികൾക്ക് ഉൾപ്പെടെ 34.36 കോടി രൂപ അധികച്ചെലവു വന്നതായി രേഖകൾ വ്യക്തമാക്കുന്നു.

ചീഫ് എൻജിനീയർമാർക്ക് അഞ്ചുലക്ഷത്തിന്റെയും എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്കു രണ്ടുലക്ഷത്തിന്റെയും ജോലികൾ സ്വയം തീരുമാനിച്ചു നടത്താൻ എംപി. ഗോവിന്ദൻനായർ അധ്യക്ഷനായ ബോർഡ് അനുവാദം നൽകിയിരുന്നു. ചീഫ് എൻജിനീയർക്കുള്ള അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികാധികാരം ഉപയോഗിച്ച് ഒരേ ക്ഷേത്രത്തിൽതന്നെ 25 ലക്ഷം രൂപവരെയുള്ള ജോലികൾ നടത്തി. 10 ലക്ഷത്തിനു മുകളിലാണു ചെലവെങ്കിൽ ഇ-ടെൻഡർ വിളിക്കണം. അതു മറികടക്കാൻ ജോലികൾ പല വിഭാഗങ്ങളായി തിരിച്ചു. കോട്ടയം തിരുനക്കര ക്ഷേത്രഗോപുരം, നെട്ടൂർക്കോട്ട്കാവ് സദ്യാലയം, നേര്യമംഗലം കോളജ്, കുളത്തൂർമൂഴി കോളജ് എന്നിവിടങ്ങളിൽ മരാമത്തുപണികൾ നടത്തിയത് ഈ രീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP