Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്‌പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?

ബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്‌പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?

രഞ്ജിത് ബാബു

എം വി രാഘവൻ പ്രതിസ്ഥാനത്തില്ലാത്ത രണ്ടാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയിൽ എംവിആറിനെ പാർട്ടിയുടെ എതിർപക്ഷത്തേക്ക് നയിച്ചതാരാണ്? രണ്ട് വർഷം മുമ്പ് വരെ മുഖ്യശത്രുവും വർഗ്ഗ ശത്രുവുമൊക്കെയായിരുന്നു എം വിആർ. കാൽനൂറ്റാണ്ടു മുമ്പ് പാർട്ടി വിട്ട് ഇറങ്ങിയ എം വിരാഘവൻ രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ടപ്പോൾ സി.പി.എം ഒപ്പം കൂട്ടുകയായിരുന്നു. എം വി ആർ പോലുമറിയാതെ. ഈ സാഹചര്യത്തിൽ മറുനാടൻ തയ്യാറാക്കിയ പരമ്പരയുടെ രണ്ടാംഭാഗം:

പാർട്ടിയിൽ ബദൽ രേഖ പാസാക്കിയെടുക്കുകയാണെങ്കിൽ എം വി ആറിന്റെ നേതൃത്വത്തിലുള്ള ടിം, സംസ്ഥാന സമിതിയും പിടിച്ചടക്കുമായിരുന്നു. എന്നാൽ ഇ.കെ. നായനാർ ഉൾപ്പെടെയുള്ളവർ വഞ്ചിച്ചെന്ന് പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ എം വിആർ. പൊതു യോഗങ്ങളിൽ പരസ്യമായി പ്രസംഗിച്ചിരുന്നു.

അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും ഇ.എം. എസും തമ്മിലുണ്ടായിരുന്ന ഭിന്നത മുതലെടുത്ത് രാഘവൻ ബംഗാൾ ഘടകത്തിന്റെ പിൻതുണ ഉറപ്പ് വരുത്തി. എതിൽ ആദ്യഘട്ടം രാഘവൻ വിജയിക്കുകയും ചെയ്തു. അതിന്റെ ചരിത്രം ഇങ്ങിനെ. 1954 ൽ കോഴിക്കോട് വച്ചായിരുന്നു ഡി.വൈ. എഫ്.ഐ.യുടെ ദേശീയ സമ്മേളനം. ഈ സമ്മേളനത്തിൽ എം വി ആർ തന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഡി.വൈ. എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ച് ദേശീയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം. അതിൽ രാഘവൻ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി. താൻ നിശ്ചയിക്കുന്ന സ്ഥാനാർത്ഥി വിജയിക്കണം. ഔദ്യോഗിക സ്ഥാനാർത്ഥിയായി കേരള ഘടകം നിയോഗിച്ചത് എം. എ ബേബിയെയായിരുന്നു. രാഘവൻ എം. വിജയകുമാറിനെ രംഗത്തിറക്കി അങ്കം കുറിച്ചു. അതോടെ കേരളാ- ബംഗാൾ ധാരണ പരസ്യമാവുകയും വിജയകുമാർ ജയിച്ച് പ്രസിഡണ്ടാവുകയും ചെയ്തു.

-------------------------------------------

പരമ്പരയുടെ ഒന്നാം ഭാഗം:
ഇംഗ്ളീഷ് അറിയാത്തതു കൊണ്ടാണ് എംവി രാഘവനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് ഇഎംഎസ്; പ്രവർത്തന ശൈലിയിലെ ജനകീയത കൊണ്ട് താത്വികാചാര്യനെ കടത്തിവെട്ടി മുന്നേറിയതോടെ തഴയാൻ അണിയറയിൽ ഒരുങ്ങിയത് തന്ത്രങ്ങൾ; ഇഷ്ടനേതാവ് ബദൽരേഖയുടെ പേരിൽ പാർട്ടിയുടെ പുറത്തായതോടെ ആരാധിച്ച സഖാക്കൾക്ക് ബദ്ധ ശത്രുവായി: കൂത്തുപറമ്പ് വെടിവയ്പിന്റെ വാർഷികത്തിൽ സി.പി.എം-എംവിആർ ഇഷ്ടക്കേടിന്റെ പിന്നാമ്പുറങ്ങൾ വിലയിരുത്തുമ്പോൾ
-------------------------------------------

ഈ സംഭവം ഇ.എം. എസ്. ഉൾപ്പെടെയുള്ള നേതാക്കൾക്ക് രാഘവനോടുള്ള നീരസം ഇരട്ടിപ്പിച്ചു. രാഘവൻ മലബാർ ലോബി കളിക്കുകയാണെന്ന് ആരോപിച്ച് തെക്കൻ കേരളത്തിലെ നേതാക്കളെ മുഴുവൻ മറുപക്ഷത്ത് അണിനിരത്തി. ബദൽ രേഖയിൽ ഒപ്പിട്ടവരെ മുഴുവൻ ഒറ്റപ്പെടുത്തുകയും ചെയ്തു. അന്നത്തെ സംസ്ഥാന സെക്രട്ടറി റിബലുകൾക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി. അതിനിടെയാണ് 1985 ലെ പാർട്ടി കൊച്ചി സമ്മേളനം എത്തിയത്. ഈ സമ്മേളനത്തിൽ രാഘവൻ അവതരിപ്പിച്ച ബദൽ രേഖ തിരസ്‌ക്കരിക്കപ്പെട്ടു.

കരുത്തനായ രാഘവനെ പാർട്ടി സസ്പെന്റ് ചെയ്തു. എന്നിട്ടും ഇ.എം. എസ്. ഉൾപ്പെടെയുള്ള നേതാക്കളുടെ മുന്നിൽ രാഘവൻ തല കുനിച്ചില്ല. എം വിആർ കൂടുതൽ നിഷേധിയായവുകയായിരുന്നു. അനുരഞ്ജന ചർച്ചക്ക് പാർട്ടി ഓഫീസിൽ രാഘവനെ വിളിച്ചു വരുത്തി. ചർച്ചക്കിടെ നൽകിയ ചായ നിരസിച്ചു കൊണ്ട് രാഘവൻ ഇങ്ങിനെ പറഞ്ഞു. 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും.'?

1986 ൽ എം വി ആറിനെ നെഞ്ചേറ്റിയവരും വിശ്വസ്തരും ഇ.എം. എസിനെ കാണാൻ നിർദേശിച്ചു. അവരുടെ നിർബന്ധത്തിന് വഴങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിൽ പോയി ഇ.എം. എസിനെ കണ്ട രാഘവന് നിരാശയായിരുന്നു അനുഭവം. എനിക്കൊന്നും പറയാനില്ല എന്ന് പരിഹാസത്തോടെ രാഘവനെ നോക്കി ഇ.എം. എസ് പറയുകയും എം വിആർ പടിയിറങ്ങുകയുമായിരുന്നു. അതോടെ രാഘവൻ ഉറഞ്ഞു തുള്ളി. കണ്ണൂരിലെ പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തകർ കൂട്ടിനുണ്ടായിരുന്നു.

സി.എം. പി. എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടു. ചെറിയ പാർട്ടിയെങ്കിലും സംസ്ഥാനത്തെ 14 ജില്ലകളിലും കമ്മിറ്റികളും ഓഫീസുകളും ഉണ്ടായി. ചെങ്കൊടിയേന്തി തന്നെ രാഘവൻ ജനങ്ങളിലേക്ക് ഇറങ്ങി. അവഗണിക്കപ്പെടാത്ത ഒരു പാർട്ടിയായി തന്നെ സി.എം. പി നിലകൊണ്ടു. അതോടെ രാഘവൻ വർഗ്ഗ വഞ്ചകനായി. വി എസ്. അച്യുതാനന്ദൻ ഉൾപ്പെടെ രാഘവനെ നേരിടാൻ സി.പി.എം നേതാക്കൾ കൂട്ടത്തോടെ കണ്ണൂരിലെത്തി. എല്ലായിടത്തും എം വിആറിന്റെ മറുപടി പ്രസംഗം കേൾക്കാൻ ജനങ്ങൾ കൂട്ടമായെത്തി. സ്വതസിദ്ധമായ കണ്ണൂർ ഭാഷയിൽ എതിരാളികളെ തൊലിയുരിച്ചുള്ള രാഘവന്റെ പ്രസംഗം ഹിറ്റായി.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിൻതുണയോടെ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ രാഘവൻ മത്സരിക്കാനെത്തി. സിപിഎമ്മിന്റെ ചെങ്കോട്ടയിൽ രാഘവൻ അടിതെറ്റി വീഴുമെന്നായിരുന്നു പാർട്ടിയുടെ കണക്കു കൂട്ടൽ. രാഘവൻ നനഞ്ഞ പടക്കമാവുമെന്ന് ഇ.എം.എസ് പോലും പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് വിധി സിപിഎമ്മിനെ ഞെട്ടിച്ചു. 1389 വോട്ടിന് തന്റെ ശിഷ്യൻ കൂടിയായിരുന്ന ഇ.പി. ജയരാജനെ അട്ടിമറിച്ച് രാഘവൻ വിജയം കൊയ്തെടുത്തു. പരിഹസിച്ചവർക്ക് ഏറ്റവും വലിയ മറുപടിയുമായി.

അഴീക്കോട് വിജയത്തോടെ സി.പി.എം അണികളും നേതാക്കളും രാഘവനെ മുഖ്യ ശത്രുവായി മാറ്റി. 1991 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ രാഘവൻ സഹകരണ വകുപ്പ് മന്ത്രിയായി. കരുണാകരനോട് ചോദിച്ചു വാങ്ങിയതായിരുന്നു ഈ വകുപ്പ്. അതോടെ എംവിആറിനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചു. 1993 ജനുവരിയിൽ രാഘവന് നേരെ ബോംബേറുണ്ടായി. അതേ തുടർന്ന് രാഘവനും പ്രതിരോധത്തിനിറങ്ങി. താൻ സ്ഥാപിച്ച കണ്ണൂരിലെ പ്രശസ്തമായ എ.കെ. ജി. സഹകരണ ആശുപത്രി ഭരണം തിരിച്ചു പിടിച്ചു. ഇതേ തുടർന്ന് കണ്ണൂർ യുദ്ധസമാനമായി.

എം വി ആർ. പ്രസിഡണ്ടായി പ്രവർത്തിച്ചു വന്ന പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്കിന് സിപിഐ.(എം) കാർ തീയിട്ടു. പാമ്പുകളും ചീങ്കണ്ണികളും അഗ്‌നിക്കിരയായി. ദേശീയ മാധ്യമങ്ങൾ ഈ സംഭവത്തെ അപലപിക്കുകയും ചെയ്തു. എന്നാൽ ഒരു കാലത്ത് അക്രമി സംഘത്തെ നയിച്ച രാഘവന് ഇതൊന്നും പുത്തരിയല്ല. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചും രാഘവൻ കണ്ണൂരിൽ വരികയും പോവുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉത്ഘാടനത്തിന് രാഘവൻ ക്ഷണിക്കപ്പെടുന്നത്. കണ്ണൂരിലെ ഡി.വൈ. എഫ്.ഐ. ക്കാരിൽ രാഘവനോടുള്ള പക കത്തി നിൽക്കുന്ന സമയത്ത്. (തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP