Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ് വാദം കേട്ട ജഡ്ജിയുടെ മരണം ദുരൂഹമെന്ന റിപ്പോർട്ടുകൾ തള്ളി ദൃക്‌സാക്ഷിയായ ഹൈക്കോടതി ജഡ്ജിമാർ; പ്രചരിക്കുന്നവയൊക്കെ വെറും കഥകളെന്ന് തെളിയിച്ച് ഇന്ത്യൻ എക്സ്‌പ്രസ് ന്യൂസ് ടീം

അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ് വാദം കേട്ട ജഡ്ജിയുടെ മരണം ദുരൂഹമെന്ന റിപ്പോർട്ടുകൾ തള്ളി ദൃക്‌സാക്ഷിയായ ഹൈക്കോടതി ജഡ്ജിമാർ; പ്രചരിക്കുന്നവയൊക്കെ വെറും കഥകളെന്ന് തെളിയിച്ച് ഇന്ത്യൻ എക്സ്‌പ്രസ് ന്യൂസ് ടീം

മറുനാടൻ മലയാളി ബ്യൂറോ

ബി.ജെ.പി.ദേശീയാധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ് വാദം കേട്ട സിബിഐ. പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌മോഹൻ ഹരികൃഷ്ണൻ ലോയയുടെ മരണം അസ്വാഭാവികമാണെന്ന വാദം പൊള്ളയോ? ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ്സും സിപിഎമ്മും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷായും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോയയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ച് കഴിഞ്ഞയാഴ്ച കാരവൻ മാസികയിൽ വന്ന റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ എക്സ്‌പ്രസ് ന്യൂസ് ടീം.

48-കാരനായ ലോയ 2014 ഡിസംബർ ഒന്നിനാണ് നാഗ്പുരിലെ ആശുപത്രിയിൽ് ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നത്. തന്റെ സഹപ്രവർത്തകയായ ജഡ്ജി സപ്ന ജോഷിയുടെ മകളുടെ വിവാഹവിരുന്നിൽ പങ്കെടുത്ത് പിറ്റേന്നായിരുന്നു ഇത്. ഈ മരണം അസ്വാഭാവികമാണെന്നും പല സത്യങ്ങളും മൂടിവെക്കാൻ ശ്രമം നടന്നതായുമാണ് സഹോദരിയെ ഉദ്ധരിച്ച് കാരവൻ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്നാണ് അന്ന് ലോയയെ പരിചരിച്ച ഡോക്ടർമാരെയും സംഭവത്തിന് ദൃക്‌സാക്ഷികളായവരെയും ബന്ധുക്കളെയും നേരിൽക്കണ്ട് ഇന്ത്യൻ എക്സ്‌പ്രസ് അന്വേഷണം നടത്തിയത്.

ആശുപത്രിയിലെ ഇസിജി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും മരണശേഷം ജഡ്ജിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് അയച്ചപ്പോൾ ആരും അനുഗമിച്ചിരുന്നില്ലെന്നുമൊക്കെയാണ് കാരവൻ മാസിക റിപ്പോർട്ട് ചെയ്തത്. എന്നാൽ, മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന അന്നത്തെ രണ്ട് ഹൈക്കോടതി സിറ്റിങ് ജഡ്ജിമാരുൾപ്പെടെ ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു.

ബോംബ് ഹൈക്കോടതിയിലെ ജഡ്ജിമാരായ ഭൂഷൺ ഗവായിയും സുനിൽ ഷുക്രെയുമാണ് ആശുപത്രിയിൽ അപ്പോഴുണ്ടായിരുന്നത്. ഇരുവരും ചേർന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ട സജ്ജീകരണങ്ങളൊരുക്കിയത്. മരണത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഇരുവരും പറയുന്നു. ലോയ അക്കാലത്ത് കേട്ടിരുന്നത് അമിത് ഷാ പ്രതിയായ ഷൊഹ്‌റാബുദീൻ ഷെയ്ഖ് വധക്കേസ്സാണെന്നതും മരണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും നിലപാട്.

വിവാഹവിരുന്നിൽ പങ്കെടുത്ത് നവംബർ 30-ന് രാത്രി രവിഭവൻ ഗസ്റ്റ് ഹൗസിലേക്ക് പോയ ലോയ, പുലർച്ചെ നാലുമണിയോടെയാണ് നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറയുന്നത്. ജഡ്ജിമാരായ ശ്രീധർ കുൽക്കർണിയും ശ്രീരാം മധുസൂദൻ മോഡക്കും ഒപ്പമുണ്ടായിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് പ്രാദേശിക കോടതിയിലെ ജഡ്ജി വിജയകുമാർ ബദ്രെയും ഹൈക്കോടതിയിലെ നാഗ്പുർ ബെഞ്ച് ഡപ്യൂട്ടി രജിസ്ട്രാർ രൂപേഷ് രതിയും ചേർന്നാണ് ഡാൻഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഓട്ടോറിക്ഷയിലാണ് ലോയയെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് ഗവായി പറഞ്ഞു. ബദ്രെ തന്റെ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ ഇസിജി എടുത്തിരുന്നില്ലെന്ന ലോയയുടെ സഹാദരിയുടെ വാദവും ആശുപത്രി രേഖകൾ തെറ്റാണെന്ന് തെളയിക്കുന്നു. ഇസിജി എടുത്തിരുന്നതായി രേഖകളിലുണ്ട്. ഇസിജി റിസൽട്ടും ആശുപത്രി രേഖകളിലുണ്ട്.

24 മണിക്കൂറും ട്രോമകെയർ വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രിയാണിതെന്ന് ഡാൻഡെ ആശുപത്രി ഡയറക്ടർ പിനാക് ഡാൻഡെ പറഞ്ഞു. അഞ്ചുമണിയോടെയാണ് ലോയയെ ആശുപത്രിയിൽ കൊണ്ടുവരുന്നത്. റെഡിസന്റ് മെഡിക്കൽ ഓഫീസറാണ് അദ്ദേഹത്തെ പരിശോധിച്ചത്. ഇസിജി എടുത്തതോടെ, ഹൃദ്രോഗമാണെന്ന് സ്ഥിരീകരിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ കുറച്ചുകൂടി വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് മെഡിട്രിന ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലേക്ക കൊണ്ടുവരുമ്പോൾ ലോയ ഏറെക്കുറെ മരണത്തോട് അടുത്തിരുന്നുവെന്ന് മെഡിട്രിന എംഡി സമീർ പൽതേവാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചയുടൻ ചികിത്സ നൽകിത്തുടങ്ങി. സിപിആറും ഡയറക്ട് കറണ്ട് ഷോക്കുമുൾപ്പെടെ നൽകിയെങ്കിലും രോഗിയെ തിരിച്ചുകൊണ്ടുവരാനായില്ലെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. മെഡിട്രിന ആശുപത്രിിലേക്കാണ് ജസ്റ്റിസ് ഗവായിയും ഷുക്രെയുമെത്തുന്നത്. ഹൈക്കോടതി രജിസ്ട്രാർ വിളിച്ചറിയിച്ചതനുസരിച്ചാണ് താനെത്തിയതെന്ന് ഗവായ് പറഞ്ഞു.

രാവിലെ ആറുമണിയോടെയാണ് ലോയയുടെ മരണം സ്ഥിരീകരിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ജഡ്ജിമാർ പറയുന്നു. ലോയയുടെ അച്ഛന്റെ ബന്ധത്തിലുള്ളയാൾ മൃതദേഹം ഏറ്റുവാങ്ങിയെന്നാണ് കാരവൻ റിപ്പോർട്ടിലുള്ളത്. തനിക്ക് അങ്ങനെയൊരു ബന്ധുവില്ലെന്ന് ലോയയുടെ അച്ഛൻ പറയുന്നതായി കാരവൻ റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ, മൃതദേഹം ഏറ്റുവാങ്ങിയത് ആശുപത്രിയിലെ ഡോക്ടർകൂടിയായ പ്രശാന്ത് രതിയാണെന്ന് ഇന്ത്യൻ എക്സ്‌പ്രസ് ന്യൂസ് ടീം കണ്ടെത്തി. തന്റെ അമ്മാവനായ രുക്‌മേഷ് പന്നലാൽ ജക്കോട്ടിയ വിളിച്ചറിയിച്ചതനുസസരിച്ചാണ് താൻ ആശുപത്രിയിലെത്തിയതെന്ന് ഡോ. രതി പറയുന്നു. തന്റെ കസിൻ ലോയ ആശുപത്രിയിലുണ്ടെന്നും സഹായിക്കണമെന്നുമാണ് അമ്മാവൻ ആവശ്യപ്പെട്ടത്. അതനുസകിച്ചാണ് താനെത്തിയതെന്നും അദ്ദേഹം പറയുന്നു.

കടപ്പാട് : ഇന്ത്യൻ എക്സ്‌പ്രസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP