Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഡൺ വാട്‌മോർ! ഹരിയാനയെ ഇന്നിങ്‌സിന് തകർത്ത് സൗരാഷ്ട്രാ മോഹങ്ങളെ തവിട് പൊടിയാക്കി സച്ചിൻ ബേബിയുടെ ടീം കേരള; ലാഹിലിലെ ചരിത്ര ജയം ടീമിനെ എത്തിക്കുന്നത് മരണ ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിൽ; നിർണ്ണായകമായത് സഞ്ജുവിന്റേയും റോഹന്റേയും ബാറ്റിങ് ഫോമും ജലജ് സക്‌സേനയുടെ ഓൾ റൗണ്ട് മികവും; ഇനി വമ്പന്മാരുമായി കൊമ്പു കോർക്കാം; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം

വെൽഡൺ വാട്‌മോർ! ഹരിയാനയെ ഇന്നിങ്‌സിന് തകർത്ത് സൗരാഷ്ട്രാ മോഹങ്ങളെ തവിട് പൊടിയാക്കി സച്ചിൻ ബേബിയുടെ ടീം കേരള; ലാഹിലിലെ ചരിത്ര ജയം ടീമിനെ എത്തിക്കുന്നത് മരണ ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിൽ; നിർണ്ണായകമായത് സഞ്ജുവിന്റേയും റോഹന്റേയും ബാറ്റിങ് ഫോമും ജലജ് സക്‌സേനയുടെ ഓൾ റൗണ്ട് മികവും;  ഇനി വമ്പന്മാരുമായി കൊമ്പു കോർക്കാം; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം

മറുനാടൻ മലയാളി ബ്യൂറോ

ലാഹിൽ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്രം നേട്ടം. മുൻ ശ്രീലങ്കൻ പരിശീലകനെ ഇറക്കി ടീമിനെ ഉടച്ചു വാർത്ത കേരളത്തിന്റെ പരീക്ഷണം ഫലം കണ്ടു. അവസാന ലീഗ് മത്സരത്തിൽ ഹരിയാനെയെ ഇന്നിംങ്സിന് തോൽപ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാട്ടർ ലീഗിലെത്തി. ഇത് ആദ്യമായാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. 1994-95ലും 1996-97ലും കേരളം ക്വാർട്ടർ ലീഗിലെത്തിയിരുന്നു. എന്നാൽ അന്ന് സൗത്ത് സോൺ തലത്തിലായിരുന്നു കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. അത് മാറി ലീഗ് രീതിയെത്തിയതിന് ശേഷം കേരളത്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനായിരുന്നില്ല. ഈ നേട്ടമാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിലെ കേരളം നേരിടുന്നത്. നിർണ്ണായക മത്സരത്തിൽ ഹരിയാനയെ ഇന്നിങ്‌സിനും എട്ട് റൺസിനും കേരളം തോൽപ്പിച്ചത്.

സ്‌കോർ: ഹരിയാണ ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 173. കേരള ഒന്നാം ഇന്നിങ്സ് 389

ഈ സീസണ് മുന്നോടിയായാണ് ഡേവ് വാട്മോറിനെ കേരളം പരിശീലകനാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികച്ച കളിയാണ് ടീം ഇത്തവണ പുറത്തെടുത്തത്. ഗ്രൂപ്പ് ബിയിൽ കരുത്തരായ സൗരാഷ്ട്രയും ഗുജറാത്തും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളം ആദ്യ റൗണ്ട് കടക്കുമെന്ന് ആരും കരുതിയില്ല. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ വമ്പന്മാരും ഇതേ ഗ്രൂപ്പിലായിരുന്നു. എന്നാൽ വാട്മോറിന്റെ ശിക്ഷണത്തിൽ അത്യപൂർവ്വ കുതിപ്പാണ് കേരളം നടത്തിയത്. ഗുജറാത്തിനോട് മാത്രം തോറ്റു. ബാക്കി അഞ്ച് കളികളിലും ജയിച്ചു. ഇതിൽ നാലും തിരുവനന്തപുരത്തായിരുന്നു. എന്നാൽ പോയിന്റ് നിലയിൽ സൗരാഷ്ട്രയെ മറികടക്കാൻ ഹരിയാനയ്ക്കെതിരെ ജയം അനിവാര്യമായിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിർണ്ണായക മത്സരത്തിൽ ജയിച്ച് കേരളം അടുത്ത റൗണ്ടിലെത്തുകയാണ്.

ഡേവ് വാട്മോറിന്റെ പരിശീലനത്തിനൊപ്പം സഞ്ജു വി സാംസൺ, ജലജ് സക്സേന, റോഹൻ പ്രേം എന്നിവരുടെ ഫോമാണ് ഈ സീസണിൽ നിർണ്ണായകമായത്. ആറു കളിയിൽ നിന്ന് സഞ്ജു 577ഉം ജലജ് സക്സേന 480ഉം റോഹൻ 383 ഉം റൺസെടുത്തു. ബൗളിങ്ങിലും സക്സേന താരമായി 38 വിക്കറ്റുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയതും കേരളത്തിന്റെ മറുനാടൻ താരമാണ്. ഗസ്റ്റ് പ്ലയറായെത്തിയ തമിഴ്‌നാടിന്റെ അരുൺ കാർത്തിക്കും കേരള വിജയത്തിൽ നിർണ്ണായകമായി. ബൗളിങ്ങിലും ഫീൽഡിങ്ങിലും കാഴ്ച വച്ച സ്ഥിരതയാണ് വാട്മോറിന്റെ ടീമിനെ മുന്നോട്ട് കൊണ്ടു പോകുന്നത്. സമ്മർദ്ദ ഘട്ടത്തിൽ സൗരാഷ്ട്രയെ തകർത്തയാണ് കേരളത്തിന് തുണയായത്. റോബിൻ ഉത്തപ്പയടക്കം കളിച്ച ടീമിനെയാണ് കേരളം തകർത്തത്. ഇതിന് ശേഷം ഹരിയാനയേയും തോൽപ്പിച്ചു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ഹരിയാണ. കേരളത്തിന്റെ ലീഡ് മറികടക്കാൻ ഹരിയാണക്ക് അവസാന ദിവസം 98 റൺസ് കൂടി വേണമായിരുന്നു. എന്നാൽ ബൗളർമാർ ഇതിന് മുമ്പേ ആതിഥേയരെ ഒതുക്കി. കേരളം ജയിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ കേരളം 389 റൺസ് അടിച്ചെടുത്തു. ഇതോടെ 181 റൺസിന്റെ ലീഡും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 91 റൺസടിച്ച ജലജ് സക്‌സനേയ്ക്ക് പുറമെ 93 റൺസ് നേടിയ രോഹൻ പ്രേമും 60 റൺസടിച്ച ബേസിൽ തമ്പിയുമാണ് കേരളത്തിന് ലീഡ് നൽകുന്ന ഇന്നിങ്‌സ് പുറത്തെടുത്തത്. 75 പന്തിൽ 60 റൺസടിച്ച് ഏകദിന ശൈലിയിലായിരുന്നു ബേസിൽ തമ്പിയുടെ ബാറ്റിങ്.

ഹരിയാണയെ 208 റൺസിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ മൂന്നു റൺസെടുത്ത അരുൺ കാർത്തിക് പുറത്തായി. എന്നാൽ പിന്നീട് ജലജ് സക്സേനയും രോഹൻ പ്രേമും രണ്ടാം വിക്കറ്റിൽ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും ചേർന്ന് 172 റൺസാണ് സ്‌കോറിനൊപ്പം ചേർത്തത്. 205 പന്ത് നേരിട്ട ജലജ് 91 റൺസടിച്ച് പുറത്തായി. ഈ കൂട്ടുകെട്ടാണ് നിർണ്ണായകമായത് പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ 16 റൺസെടുത്തും പുറത്തായി. അപ്പോഴും ബേസിൽ തമ്പിയുടെ ബാറ്റിങ് കേരളത്തിന് തുണയായി.

നേരത്തെ നാല് വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് വാര്യരുടെ മികവിൽ കേരളം ഹരിയാണയെ 208 റൺസിന് പുറത്താക്കുകയായിരുന്നു. നാല് റൺസെടുക്കുന്നതിനിടയിലാണ് ഹരിയാണക്ക് അവസാന നാല് വിക്കറ്റും നഷ്ടമായത്. 40 റൺസെടുത്ത ജി.എ സിങ്ങും 46 റൺസടിച്ച രജത് പലിവാലും ഹരിയാണയുടെ ഇന്നിങ്സിൽ ചെറുത്ത്നിൽപ്പ് നടത്തി. ആറ് മത്സരങ്ങളിൽ അഞ്ചു ജയവും ഒരു തോൽവിയുമായി കേരളം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി. അഞ്ച് വിജയം നേടി ഗുജറാത്ത് ഒന്നാമതും. കരുത്തരായ സൗരാഷ്ട്ര പുറത്താവുകയും ചെയ്തു.

അനന്തപത്മനാഭനും, ശ്രീകുമാരൻ നായരും, സുനിൽ ഒയാസിസും, ടിനു യോഹന്നാനും ശ്രീശാന്തും ഒക്കെ തെളിച്ച വഴിയിലൂടെയാണ് സച്ചിൻ ബേബിയുടെ ടീമിന്റെ നേട്ടം. സഞ്ജുവും റോഹനും സക്‌സേനയും തന്നെയായിരുന്നു ബാറ്റിങ് കരുത്ത്. ബൗളിങ്ങിൽ സക്‌സേനയ്‌ക്കൊപ്പം സിജോ മോൻ ജോസഫ്, അക്ഷയ് എന്നിവരും മികവ് കാട്ടി. ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്ത് നിന്ന് ഒരു ടീമായി ഓരോ കളിക്കാരനും തങ്ങളുടെ സംഭാവനകൾ നൽകിയാണ് കേരളത്തെ ക്വാർട്ടറിലെത്തിച്ചത്. വാട്‌മോറിനൊപ്പം ബൗളിങ് പരിശീലകനായി ടിനു യോഹന്നാനും ടീമിനൊപ്പം ഉണ്ടായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്ത്യൻ താരത്തിന്റെ തന്ത്രങ്ങളും അങ്ങനെ കേരള വിജയത്തിൽ മുതൽക്കൂട്ടായി. നിർണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസൺ ഫോം വീണ്ടെടുത്ത് കേരളത്തിന് ഒരു കളി അനുകൂലമാക്കി. കഴിഞ്ഞ സീസണിലെ ഫോം നിലനിർത്താനാകാതെ പോയ രോഹൻ പ്രേമും കൃത്യസമയത്ത് മികവിലേക്ക് മടങ്ങിയത്തി. മികച്ച ഇന്നിങ്‌സുകളുമായി റോഹനും കേരളത്തെ രക്ഷിച്ചു.

ഹരിയാണയ്ക്കെതിരായ നിർണായക മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 181 റൺസ് ലീഡുപിടിക്കാനായതാണ് കേരളത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്. അതിൽ തന്നെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളർ ബേസിൽ തമ്പിയുടെ മിന്നൽ വേഗത്തിലുള്ള 60 റൺസും നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 56 റൺസ് എടുക്കുന്നതിനിടയിൽ തന്നെ അഞ്ച് മുൻനിര വിക്കറ്റുകൾ പിഴുത് മൂന്നാം ദിനം തന്നെ വിജയതീരത്ത് കേരളം എത്തിയിരുന്നു. അവസാന ദിനവും ഈ ഫോം തുടർന്നു.

പ്ലേറ്റ്-എലൈറ്റ് അടിസ്ഥാനത്തിൽ മത്സരം നടന്ന 2007-08 സീസണിൽ എലൈറ്റിലേക്ക് കടന്നതാണ് സമീപകാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായുണ്ടായിരുന്നത്. ഇക്കുറി നാലു ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം. ഏഴ് ടീമുകളടങ്ങിയ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് ക്വാർട്ടറിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP