Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തെയും കേന്ദ്രമന്ത്രിമാരെയും തള്ളി പിണറായി സർക്കാറിന്റെ രക്ഷകനായി അൽഫോൻസ് കണ്ണന്താനം! ചുഴലിക്കാറ്റുണ്ടാകുമെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പു കിട്ടിയത് 30 ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കെന്ന് ബിജെപി മന്ത്രി; സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമായത് ചെയ്തു; കൃത്യമായ മുന്നറിയിപ്പു കൊടുക്കാൻ സാധിക്കാഞ്ഞത് കേന്ദ്ര ഏജൻസികളുടെ കഴിവുകേടെന്നും വിമർശനം; കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ പ്രതികരണം വിവാദത്തിന് വഴിവെച്ചേക്കും

കുമ്മനത്തെയും കേന്ദ്രമന്ത്രിമാരെയും തള്ളി പിണറായി സർക്കാറിന്റെ രക്ഷകനായി അൽഫോൻസ് കണ്ണന്താനം! ചുഴലിക്കാറ്റുണ്ടാകുമെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പു കിട്ടിയത് 30 ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കെന്ന് ബിജെപി മന്ത്രി; സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമായത് ചെയ്തു; കൃത്യമായ മുന്നറിയിപ്പു കൊടുക്കാൻ സാധിക്കാഞ്ഞത് കേന്ദ്ര ഏജൻസികളുടെ കഴിവുകേടെന്നും വിമർശനം; കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ പ്രതികരണം വിവാദത്തിന് വഴിവെച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന വിമർശനം കടുക്കുന്നതിനിടെ സംസ്ഥാന സർക്കാറിന്റെ രക്ഷകനായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തി. ഇക്കാര്യത്തിൽ വീഴ്‌ച്ച സംഭവിച്ചത് കേന്ദ്രത്തിന്റെ ഭാഗത്താണെന്ന് സമ്മതിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച ചാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുന്നറിയിപ്പു നൽകുന്നതിൽ വീഴ്‌ച്ച സംഭവിച്ചത് കേന്ദ്ര സർക്കാറിനാണെന്ന് കണ്ണന്താനം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാദം വിവാദങ്ങൾക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്.

നവംബർ 30ന് ഉച്ചക്ക് സർക്കാറിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു. കൃത്യമായ മുന്നറിയിപ്പു കൊടുക്കാൻ സാധിക്കാഞ്ഞത് കേന്ദ്ര ഏജൻസികളുടെ കഴിവുകേടെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാറിന് ലഭിച്ച മുന്നറിയിപ്പുകളെല്ലാം താൻ വായിച്ചെന്നു പറഞ്ഞ ശേഷമാണ് കണ്ണന്താനം ഈ പ്രതികരണം നടത്തിയത്.

മുന്നറിയിപ്പ് നർകുന്നതിന് മുൻപുള്ള ദിവസങ്ങളിൽതന്നെ നിരവധി കപ്പലുകൾ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവർക്ക് കൃത്യമായൊരു മുനറിയിപ്പ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നൽകിയ മുന്നറിയിപ്പുകളുടെ വിവരങ്ങൾ ഞാൻ പരിശോധിച്ചു. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു മുന്നറിയിപ്പുകൾ. എന്നാൽ ചുഴലിക്കാറ്റിന്റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചശേഷം എല്ലാവരുടെയും സഹകരത്തോടെ ഊർജിതമായ രക്ഷാപ്രവർത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ തെരച്ചിൽ ഊർജ്ജിതമായി തുടരുമെന്നും കണ്ണന്താനം പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. കടലിൽ കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം വടക്കൻ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു. ഇനിയും കണ്ടെത്താനുള്ളവർക്കായി രക്ഷാപ്രവർത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും പ്രവർത്തനം കൊണ്ട് 395 പേരെ രക്ഷിക്കാൻ സാധിച്ചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നേവിയും തീരദേശ സേനയും വ്യോമസേനയും തങ്ങളുടെ ദൗത്യത്തിൽ പങ്കാളികളായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സംസ്ഥാനം അത് അവഗണിക്കുകയായിരുന്നുമെന്നുമുള്ള കേന്ദ്രമന്ത്രി ഹർഷവർധൻ ഉൾപ്പടെയുള്ളവരുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പിക്കുകയാണ് കണ്ണന്താനത്തിന്റെ വാക്കുകൾ.
ഇതേസമയം ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അത്തരമൊരു പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനത്തിന് ആവശ്യമായ പണം കേന്ദ്രം നൽകുമെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം ഓഖി മുന്നറിയിപ്പു നൽകുന്നതിൽ കേന്ദ്രസർക്കാറിന് യാതൊരു വീഴ്‌ച്ചയും സംഭവിച്ചിട്ടില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി ഹർഷവദ്ധനും പറഞ്ഞിരുന്നു. ഇവരെ കൂടി തള്ളിപ്പറയുന്ന നിലപാടാണ് അൽഫോൻസ് കണ്ണന്്താനം സ്വീകരിച്ചത് എന്നതു കൊണ്ട് ബിജെപിക്കാർക്ക് എതിർപ്പുണ്ടാകുനും സാധ്യതയുണ്ട്.

ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവൻ. എല്ലാ ചുഴലിക്കാറ്റുകളും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് വീഴ്‌ച്ചയില്ലെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിരുന്നതായി വാർത്തകൾ വന്നിരുനന്നു. ലഭ്യമായ സൂചനകൾ വിശകലനം ചെയ്ത് വ്യാഴാഴ്്ച പകൽ 11.45നാണ് ആദ്യ ജാഗ്രതാനിർദ്ദേശം നൽകാനായത്. ഇതിനുമുമ്പ് മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽവരെ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിൻ ചുഴലിക്കാറ്റുകളിൽനിന്ന് വ്യത്യസ്തമായിരുന്നു ഓഖി. ഈ മൂന്നു ചുഴലിക്കാറ്റും നാലഞ്ചു ദിവസങ്ങൾക്കുമുമ്പ് പ്രവചിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിർവചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും മോഹപത്ര ചൂണ്ടിക്കാട്ടി.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറൻ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നരദിവസംകൊണ്ടാണ് കേരള- തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്ന് മോഹപത്ര വ്യക്തമാക്കി. ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കി. കിഴക്കന്മേഖലയിൽ ന്യൂനമർദം രൂപംകൊള്ളുന്നത് തീരത്തുനിന്ന് വളരെ അകലെ ആൻഡമാൻ നിക്കോബാർ ദ്വീപുമേഖലയിലാണ്. ഇവ ചുഴലിയായി കരയിലെത്താൻ ഒന്നിലേറെ ദിവസമെടുക്കുമെന്നും മോഹപത്ര പറഞ്ഞു.

ലഭ്യമായ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ നടത്തിയ കൃത്യമായ നീക്കങ്ങളും മുന്നൊരുക്കവുമാണ് അപകടതീവ്രത കുറച്ചതെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് തലവന്റെ വാക്കുകളെന്നും സൂചനയുണ്ട്. ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് ലഭിച്ച ഉടനെ തന്നെ നാവികസേന, വ്യോമസേന, തീരസംരക്ഷണസേന എന്നിവയുടെ സേവനം സംസ്ഥാന സർക്കാർ തേടുകയായിരുന്നു.

എന്നാൽ, ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് നാലാം ദിവസത്തിലേക്ക് കടക്കുമ്പോളും കൃത്യമായ കണക്കും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടന്ന ആരോപണം ശക്തമാവുന്നുണ്ട്. സർക്കാർ മുന്നോട്ട് വയ്ക്കുന്നതിനേക്കാൾ കൂടുതൽ പേർ ഇപ്പോളും തിരികെയെത്താനുണ്ടെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. രക്ഷാപ്രവർത്തനം വൈകുന്നതിൽ തീരപ്രദേശങ്ങളിൽ പ്രതിഷേധവും ശക്തമാവുകയാണ്.

ചുഴലിക്കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിച്ച ഗൗരവമായ വീഴ്ച രക്ഷാപ്രവർത്തനത്തിലും തുടരുന്നൂവെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആക്ഷേപം. എത്ര പേർ തിരികെയെത്താനുണ്ടെന്ന കൃത്യമായ കണക്കെടുക്കാൻ നാല് ദിവസമായിട്ടും റവന്യൂവകുപ്പിനോ ജില്ലാ ഭരണകൂടങ്ങൾക്കോ സാധിച്ചിട്ടില്ല. എന്നാൽ പൂന്തുറയിലും വിഴിഞ്ഞത്തും മാത്രമായി എഴുപതിലേറെപ്പെരേ കാണാനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനതല മോനിട്ടറിങ് സെൽ സജീവമല്ലാത്തതിനാൽ ഇത്തരം കണക്കുകൾ മാത്രം വിശ്വസിച്ച് പ്രവർത്തിക്കേണ്ട അവസ്ഥയാണ്.

ഏകോപനമില്ലായ്മ മൂലം രക്ഷാപ്രവർത്തനം ഫലപ്രദമല്ലെന്നാണ് ആക്ഷേപം. ഓരോ നിമിഷത്തിനും ജീവന്റെ വിലയുള്ളതിനാൽ രക്ഷാപ്രവർത്തനം വൈകുന്നതിൽ തീരദേശത്ത് പ്രതിഷേധവും ശക്തമാണ്. വിഴിഞ്ഞത്ത് നൂറുകണക്കിന് പേർ രാത്രി വൈകിപ്പോലും തീരത്ത് കൂടിനിൽക്കുകയായിരുന്നു. സർക്കാർ പ്രധാനമായും ആശ്രയിക്കുന്ന കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും തിരച്ചിൽ ലക്ഷ്യസ്ഥാനത്തെത്തുന്നില്ലെന്നും മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു. അതിനാൽ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തണമെന്ന ആവശ്യവും ശക്തമായി തുടുരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP