Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോളാരവം മുഴങ്ങിയെങ്കിലും റചുബ്കയുടെ കൈ ചോർന്നു; മംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനിലകുരുക്കിൽ; ഹ്യൂമേട്ടനെ ബഞ്ചിലിരുത്തി സിഫ്‌നിയോസിനെ ഇറക്കിയ തന്ത്രം ഫലിച്ചെങ്കിലും വിനീതിന്റെ അനാവശ്യ ഫൗളിൽ റെഡ് കാർഡിന്റെ തിരിച്ചടി; മഞ്ഞപ്പടയുടെ ജയത്തിനായി ആർത്തിരമ്പിയ ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു

ഗോളാരവം മുഴങ്ങിയെങ്കിലും റചുബ്കയുടെ കൈ ചോർന്നു; മംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനിലകുരുക്കിൽ; ഹ്യൂമേട്ടനെ ബഞ്ചിലിരുത്തി സിഫ്‌നിയോസിനെ ഇറക്കിയ തന്ത്രം ഫലിച്ചെങ്കിലും വിനീതിന്റെ അനാവശ്യ ഫൗളിൽ റെഡ് കാർഡിന്റെ തിരിച്ചടി; മഞ്ഞപ്പടയുടെ ജയത്തിനായി ആർത്തിരമ്പിയ ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു

കൊച്ചി: ഹോം ഗ്രൗണ്ടിൽ സീസണിലെ ആദ്യ ഗോൾ നേടി കേരള ബ്ളാസ്റ്റേഴ്സ് ആരാധകരുടെ മനംനിറച്ചെങ്കിലും വീണ്ടും സമനില കുരുക്കിൽ. രണ്ടാം പകുതിയിൽ മികച്ച കളി കാഴ്ച വച്ച മുംബൈയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽ എവർട്ടൻ സാന്റോസിന്റെ കിടിലൻ ക്രോസ്. പന്ത് പിടിക്കാനുള്ള ബൽവന്ദ് സിങ്ങിന്റെ ശ്രമം തടയുന്നതിൽ സന്ദേശ് ജിങ്കാൻ പരാജയപ്പെട്ടതോടെ പോൾ റെച്ചൂബ്കയെ മറികടന്ന് ബൽവന്ദർ വലകുലുക്കി. സ്‌കോർ 1-1. അനാവശ്യ ഫൗളിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ വിനീത് ചുവപ്പുകാർഡുമായി കളത്തിനു പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. ജയപ്രതീക്ഷയും പൊലിഞ്ഞു.

മുംബൈ സിറ്റി എഫ്സിക്ക് എതിരെ ഗോളടിച്ചുകൊണ്ട് കേരള വീരന്മാർ കാണികളെ കയ്യിലെടുത്തുകൊണ്ടാണ് സീസണിലെ മൂന്നാം പോരാട്ടം തുടങ്ങിയത്. ആദ്യ മിനിറ്റു മുതൽ ഓങ്ങിയോങ്ങി വച്ച ആ ഗോൾ യാഥാർഥ്യമാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ഇയാൻ ഹ്യൂമിനു പകരം കളത്തിലിറങ്ങിയ ഹോളണ്ട് താരം മാർക്കോസ് സിഫ്നിയോസാണ് 14-ാം മിനിറ്റിൽ ഗോൾ നേടിയത്. വലതുവിങ്ങിൽനിന്നും മലയാളി താരം റിനോ ആന്റോ ഉയർത്തി നൽകിയ പന്തിനെ ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോളിലേക്ക് വഴികാട്ടി സിഫ്നിയോസ് ആദ്യ ലക്ഷ്യം കണ്ടു.

മത്സരം 10 മിനിറ്റ് പിന്നിടുന്നതിനിടെ തന്നെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മൂന്നു കോർണർ, രണ്ടു ഫ്രീകിക്ക് എന്നിവ ലഭിച്ചതോടെ കാണികളും ആവേശത്തിലാണ്. മലയാളി താരം വിനീത് എടുത്ത ആദ്യ കോർണറിൽനിന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ ഷോട്ട് മുംബൈ താരത്തിന്റെ ദേഹത്തു തട്ടി പുറത്തേക്ക്. കോർണറുകളും ഗോളിലേക്കെത്താതെ പോയതോടെ സ്‌കോർ 0-0. ഇടയ്ക്ക് ഇടതുവിങ്ങിൽ ലാൽറുവാത്താരയെ ഫൗൾ ചെയ്ത മുംബൈ താരം ദേവേന്ദ്ര സിങ്ങിന് മഞ്ഞക്കാർഡും. സ്റ്റേഡിയത്തിൽ ആവേശം അലതല്ലുകയാണ് ഇതിന് പിന്നാലെ കേരളം നേടിയ ആദ്യ ഗോളിലൂടെ.

തുടർച്ചയായ രണ്ട് ഗോൾരഹിത സമനിലകൾക്കുശേഷം മുംബൈ സിറ്റി എഫ്സിക്കെതിരായ മൂന്നാം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ആരാധകർ കാത്തിരുന്ന ഗോളാണ് ഇന്ന് പിറന്നത്. കഴിഞ്ഞ സീസണിലും കേരളം ഗോളടിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. അതു തങ്ങൾക്കറിയാമെന്നും ഗോളടിക്കാനാണ് ഇന്നത്തെ കളിയെന്നും ഉറപ്പു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യൂലൻസ്റ്റീൻ ഇത്തവണ ആദ്യ ഇലവനിൽ മാറ്റവും വരുത്തി. സാക്ഷാൽ ഇയാൻ ഹ്യൂമിനു പകരം ഇന്ന് ആദ്യ ഇലവനിൽ ഹോളണ്ട് താരം മാർക്കോസ് സിഫ്‌നിയോസിനെ ഇറക്കി. ഇത് ഫലംകണ്ടുവെന്ന് ആദ്യ ഗോളോടെ തന്നെ വ്യക്തമായി.

ഇത്തവണയും സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി കൊച്ചി സ്‌റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചെത്തി. അഞ്ചു മണിക്കു മുൻപുതന്നെ സ്റ്റേഡിയത്തിന്റെ പരിസരമാകെ മഞ്ഞക്കടലായി. സീസണിൽ ഇതുവരെ അത്ര ഫോമിലേക്കെത്തിയിട്ടില്ലാത്ത റിനോ ആന്റോയെന്ന മലയാളി താരത്തിന് വ്യക്തിപരമായി പിന്തുണ പ്രഖ്യാപിച്ച് സ്റ്റേഡിയത്തിൽ പ്രത്യേകം ബാനറും സ്ഥാപിച്ചാണ് ആരാധക്കൂട്ടം എത്തിയത്. 'റിനോ ആന്റോ, വി ട്രസ്റ്റ് യു'എന്നെഴുതിയാണ് റിനോയിലുള്ള വിശ്വാസം അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ഞപ്പടയുടെ ഒരേയൊരു ഏട്ടൻ സാക്ഷാൽ ഹ്യൂമേട്ടനെ പുറത്തിരുത്താൻ കോച്ച് റെനെ മ്യൂസൻസ്റ്റീൻ ധൈര്യം കാണിച്ചതിന് തന്നയാണ് കാണികളുടെ കയ്യടി. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപ്പിച്ചു തന്നെയാണെന്ന സന്ദേശം ഇതോടെ ആരാധകരും ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും അവസാന നിമിഷങ്ങളിൽ കളത്തിലിറങ്ങി ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയ സിഫ്‌നിയോസിനെ ഇത്തവണ ആദ്യം മുതലേ കളത്തിലിറക്കിയ തീരുമാനം വലിയ വിജയമായി മാറുകയായിരുന്നു. അങ്ങനെ ബ്്‌ളാസ്‌റ്റേഴ്‌സിന്റെ ആദ്യഗോൾ പിറന്നു.

സീസണിൽ തോൽവിയോടെ തുടക്കമിട്ട മുംബൈ രണ്ടാം മൽസരത്തിൽ ജയിച്ചെങ്കിലും മൂന്നാം മൽസരത്തിൽ വീണ്ടും തോൽവി വഴങ്ങേണ്ടിവന്നു. ഇതോടെ കേരളത്തെ കീഴടക്കണമെന്ന നിലയാണ് മുംബൈ എത്തിയത്. ആദ്യ മൽസരത്തിൽ ബെംഗളൂരു എഫ്സിയോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് മുംബൈ അടിയറവു പറഞ്ഞത്. രണ്ടാം മൽസരത്തിൽ ഗോവയെ 2-1നു തോൽപ്പിച്ചെങ്കിലും മൂന്നാം മൽസരത്തിൽ അതേ സ്‌കോറിന് തോൽക്കാനായിരുന്നു വിധി. ഫലത്തിൽ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റ് മാത്രമുള്ള മുംബൈയ്ക്ക് അക്കൗണ്ടിലുള്ളത് മൂന്നു പോയിന്റ് മാത്രം. ആദ്യ രണ്ടു കളികളിലും സമനില വഴങ്ങിയ കേരളത്തിന് രണ്ടു പോയിന്റും. ഈ നിലയിൽ ആയിരുന്നു ഇന്നത്തെ മത്സരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP