Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം;സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മൂന്ന് മാസം പ്രായമുള്ള ഗർഭം; അടി വെടി കലാപം കച്ചറ വിവാഹ മോചനഭീഷണി; ഗർഭധാരണം എങ്ങനെ സംഭവിച്ചുവെന്നറിയാത കുഴങ്ങുന്നവർക്ക് ഗുട്ടൻസ് പറഞ്ഞുതരുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം;സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മൂന്ന് മാസം പ്രായമുള്ള ഗർഭം; അടി വെടി കലാപം കച്ചറ വിവാഹ മോചനഭീഷണി; ഗർഭധാരണം എങ്ങനെ സംഭവിച്ചുവെന്നറിയാത കുഴങ്ങുന്നവർക്ക് ഗുട്ടൻസ് പറഞ്ഞുതരുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

ഡോ.ഷിംന അസീസ്

സെക്കൻഡ് ഒപീനിയൻ - 003

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗർഭിണിയാണ്, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗർഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി... ഒന്നും പറയേണ്ട. ഇത്തരത്തിൽ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെൺകുട്ടികൾ ഒന്നല്ല, പലത് കാണും. ഒന്നുകിൽ പുതുമണവാട്ടികൾ, അല്ലെങ്കിൽ പ്രവാസിപത്നിമാർ. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് അവർക്കും മനസ്സിലാവില്ല !

ഇതിന്റെ ഗുട്ടൻസ് ഇത്രയേയുള്ളൂ. ഗർഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്.ശരാശരി 28 ദിവസം വരുന്ന ഒരു ആർത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്ഡവിസർജ്ജനം നടക്കുന്നത്. ഈ അണ്ഡം ഇരുപത്തിനാല് മണിക്കൂർ ബീജത്തെയും കാത്തിരിക്കും. ഒരുദാഹരണത്തിന് നവംബർ 1ന് ആർത്തവം ഉണ്ടായ മണവാട്ടി നവംബർ 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോൾ അന്നത്തെ ആഘോഷത്തിൽ നിന്ന് അവൾ ഗർഭം ധരിക്കാൻ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുൻപ് അവൾക്ക് ആർത്തവം തുടങ്ങിയ നവംബർ 1 തൊട്ടാകും. ഫലത്തിൽ, കുട്ടിയെ 'വന്നപ്പോൾ കൊണ്ടു വന്നു' എന്ന് ആരോപിക്കപ്പെടാം.

ആർത്തവചക്രത്തിൽ എപ്പോൾ അണ്ഡവിസർജനം നടന്നു എന്ന് കണക്കാക്കുന്ന മാർഗങ്ങൾ ഉണ്ടെങ്കിലും, അവ ചെലവേറിയതായതുകൊണ്ടാണ് ഇത്തരത്തിൽ എൽഎംപി(ലാസ്റ്റ് മെൻസ്ട്രുവൽ പീരിയഡ്) വെച്ച് ലോകം മുഴുവൻ ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്. ഗർഭസ്ഥശിശുവിന്റെ യഥാർത്ഥ പ്രായം അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും സ്‌കാനിലെ ഗർഭത്തിന്റെ പ്രായത്തേക്കാൾ അൽപം കുറവായിരിക്കും.സ്‌കാനിങ്ങിനെ വില്ലനാക്കി ജീവിതം കളയും മുൻപ് ഇപ്പറഞ്ഞതൊന്ന് പരിഗണിച്ചേക്കണേ....

ആ പിന്നേ, ഇപ്പോഴത്തെ കണക്കിൽ മൂന്ന് സ്‌കാനുകളെങ്കിലും ഗർഭിണി ആയിരിക്കുമ്പോൾ ചെയ്യണമെന്നാണ്. ആദ്യത്തെ സ്‌കാൻ ഗർഭം ഗർഭപാത്രത്തിൽ തന്നെയാണോ എന്നും, കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ എന്നുമൊക്കെ അറിയാനാണ്. അണ്ഡവാഹിനിക്കുഴലിൽ ഉണ്ടാകുന്ന ട്യൂബൽ പ്രഗ്നൻസി ആണെങ്കിൽ, ട്യൂബ് പൊട്ടിയാൽ ആന്തരികരക്തസ്രാവമുണ്ടാകും, ഗർഭിണി മരണപ്പെടും. അതുകൊണ്ട് തന്നെ അവരുടെ ജീവനോളം വിലയുണ്ട് ഈ സ്‌കാനിന്. കൂടാതെ ഗർഭത്തിന്റെ പ്രായവും, പ്രസവ ഡേറ്റും അറിയാനും ഈ സ്‌കാൻ വേണം.

അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത് സ്‌കാൻ കുഞ്ഞിന് അംഗവൈകല്യങ്ങൾ ഇല്ലെന്നുറപ്പ് വരുത്താനും പ്രസവഡേറ്റിന് അടുപ്പിച്ചുള്ള മൂന്നാമത് സ്‌കാൻ കുഞ്ഞിന്റെ നില അറിയാനും, പ്രസവത്തോടനുബന്ധിച്ച് മറ്റ് സങ്കീർണതകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താനുമാണ്. ഇതൊന്നുമല്ലാതെ ഡൗൺ സിണ്ട്രോം ലക്ഷണങ്ങൾ കണ്ട് പിടിക്കാൻ പന്ത്രണ്ടാമത് ആഴ്ചയിൽ ചെയ്യാവുന്ന മറ്റൊരു സ്‌കാനും ഉണ്ട് കേട്ടോ. താൽപര്യമുണ്ടെങ്കിൽ അത് കൂടി ചെയ്യുന്നത് നല്ലതാണ്. തിരിഞ്ഞല്ലോ അല്ലേ?

അപ്പോ, കല്യാണദിനത്തിനും മുന്നേ വയറിൽ 'കുഞ്ഞ് കയറിക്കൂടിയതിന്റെ' പേരിൽ സംശയാലുക്കളായ ഭർത്താക്കന്മാർക്കും സംശയത്തിൽ പെട്ട് പോയ ഭാര്യമാർക്കും ഇനി സംശയാലുക്കളാകാൻ പോകുന്നവർക്കുമൊക്കെ ഇന്നത്തെ സെക്കൻഡ് ഒപ്പീനിയൻ വായിച്ചപ്പോൾ അൽപം റിലാക്സേഷൻ കിട്ടിയെന്ന് പ്രതീക്ഷിക്കുന്നു...

വാൽക്കഷ്ണം : 'അന്നേരത്തെ' പൊസിഷൻ മാറ്റിയാൽ ആൺകുട്ടി/പെൺകുട്ടി ആവുമെന്നൊക്കെ പറഞ്ഞോണ്ട് വരുന്നവരെ ഓടിച്ചിട്ട് തല്ലേണ്ടതാണ്. ബന്ധപ്പെടുന്ന സമയത്ത് കുഞ്ഞിന്റെ ലിംഗം തീരുമാനിക്കാൻ ഒരു കാരണവശാലും നമുക്ക് സാധിക്കില്ല. അവനോ അവളോ ആയിക്കോട്ടേ, ഇങ്ങ് വരട്ടേന്ന്. ആരോഗ്യമുള്ള കുഞ്ഞായിരിക്കാൻ വേണ്ടതെല്ലാം ഗർഭിണിയായിരിക്കുമ്പോൾ തന്നെ ചെയ്യാം. ഒരായുഷ്‌കാലത്തെക്കുള്ള നിക്ഷേപമാണവർ, ഈ ആയുസ്സിലെ സമ്പാദ്യവും. ??

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP