Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രണബ് മുഖർജിയെയും മന്മോഹൻ സിംഗിനെയും കണ്ട് അനുഗ്രഹം വാങ്ങിയിറങ്ങി; മകനുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ച് അമ്മ സോണിയാ ഗാന്ധിയും; തലമുതിർന്ന നേതാക്കളെ സാക്ഷി നിർത്തി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിലെത്തി പത്രിക സമർപ്പിച്ചു; നേതാക്കളുടെ ആവേശത്തള്ളിച്ചയിൽ അടിപതറി എസ്‌പിജിയും; രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിന് സമർപ്പിക്കപ്പെട്ടത് 89 പത്രികകളും: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ

പ്രണബ് മുഖർജിയെയും മന്മോഹൻ സിംഗിനെയും കണ്ട് അനുഗ്രഹം വാങ്ങിയിറങ്ങി; മകനുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ച് അമ്മ സോണിയാ ഗാന്ധിയും; തലമുതിർന്ന നേതാക്കളെ സാക്ഷി നിർത്തി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിലെത്തി പത്രിക സമർപ്പിച്ചു; നേതാക്കളുടെ ആവേശത്തള്ളിച്ചയിൽ അടിപതറി എസ്‌പിജിയും; രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിന് സമർപ്പിക്കപ്പെട്ടത് 89 പത്രികകളും: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള തകർച്ചയാണ് കോൺഗ്രസ് ദേശീയ തലത്തിൽ അടുത്തിടെ നേരിടുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിന് വേണ്ടി സകല അടവുകളുമായി അവർ നിറഞ്ഞു നിൽക്കുന്ന വേളയിലാണ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി അവരോധിതനാകുന്നത്. 19 വർഷം പാർട്ടിയെ നയിച്ച ശേഷം സോണിയ ഗാന്ധി പദവി ഒഴിയുമ്പോൾ പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാരോഹണം. നിരവധി വെല്ലവിളികൾക്ക് നടുവിൽ രാഹുൽ ഈ സ്ഥാനം ഏറ്റെടുക്കുമ്പോൾ രാജ്യം മാറ്റം ആഗ്രഹിച്ചു തുടങ്ങിയെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അടക്കം ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധിയിലൂടെ കോൺഗ്രസിന് സാധിച്ചു.

എന്താായും എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണ് രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക നൽകാനുള്ള സമയമവസാനിച്ചപ്പോൾ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മാത്രമാണുള്ളത്. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഔപചാരികത മാത്രമാണ് ഇനി അവശേഷിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 11ന് ഔദ്യോഗിക പ്രഖ്യാപനം. മൊത്തം 90 നാമനിർദ്ദേശപത്രികകളാണു മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ കൈപ്പറ്റിയത്. എല്ലാ പത്രികയിലും സ്ഥാനാർത്ഥിയായി രാഹുൽ. ഇന്നാണു പത്രികകളുടെ സൂക്ഷ്മപരിശോധന.

ഇന്നലെ രാവിലെ പത്തരയോടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകൾ വാങ്ങിയശേഷം, രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി. രാവിലെ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെയും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെയും സന്ദർശിച്ച് രാഹുൽ അനുഗ്രഹം തേടിയിരുന്നു. എ.കെ.ആന്റണിയെ കഴിഞ്ഞ ദിവസം രാഹുൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പാർട്ടി ആസ്ഥാനത്തു രാഹുലിനെക്കാൾ മുൻപേ എത്തിയതു മന്മോഹൻ സിങ്ങാണ്. തന്റെ മുറിയിലിരുന്നു രാഹുൽ 89 പത്രികകളിലും ഒപ്പുവച്ചു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടേതായ നാലു പത്രികകളാണ് ആദ്യം സമർപ്പിച്ചത്. സോണിയ ഗാന്ധി ആദ്യ ഒപ്പുകാരിയായ പത്രിക കമൽനാഥിന്റെ നേതൃത്വത്തിൽ നൽകി. രണ്ടാമത്തേതിൽ ആദ്യ ഒപ്പ് മന്മോഹൻ സിങ്ങിന്റേത്. മൂന്നാമത്തേതിൽ ഗുലാം നബി ആസാദും നാലാമത്തേതിൽ എ.കെ.ആന്റണിയും ആദ്യ ഒപ്പുകാർ. രണ്ടാമത്തെ പത്രിക നൽകാൻ മന്മോഹൻ സിങ്ങും മറ്റു നേതാക്കളും എത്തുംമുൻപ് അഹമ്മദ് പട്ടേലും മറ്റു ചിലരുമായി അൽപനേരം കൂടിയാലോചന. പത്രിക നൽകുമ്പോൾ രാഹുലും ഒപ്പമുണ്ടെങ്കിൽ നല്ലതെന്ന മുല്ലപ്പള്ളിയുടെ ഉപദേശമായിരുന്നു വിഷയം.

മന്മോഹൻ സിങ്, രാഹുൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ 11.10ന് എത്തി പത്രിക നൽകി. പിന്നാലെ ഗുലാം നബിയും അംബിക സോണിയും കെ.സി.വേണുഗോപാലും മറ്റും. പി.സി.ചാക്കോയുടെ നേതൃത്വത്തിൽ പത്രിക നൽകാനെത്തിയ സംഘത്തിൽ മോഹൻ പ്രകാശ്, ഗിരിജ വ്യാസ്, രാജീവ് ശുക്ല തുടങ്ങിയവരും. കേരള സംഘമെത്തിയത് ഒന്നോടെയാണ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ എത്തിയത്.

തലമുറ മാറ്റത്തിന്റെ ആവേശത്തിൽ നേതാക്കൾ

കോൺഗ്രസിലെ തലമുറ മാറ്റത്തിന്റെ ആവേശം മുഴുവൻ ഡൽഹിയിൽ ഇന്നലെ പ്രകടമായിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കു പേരുകേട്ട സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) അംഗങ്ങൾക്കും പുതിയ കോൺഗ്രസ് അധ്യക്ഷനെ കാണാൻ എത്തിയ നേതാക്കളുടെ തിരക്കിൽ അടിപതറി. 24 അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തു രാഹുലിനെ കാണാനുള്ള നേതാക്കളുടെ ഒഴുക്കായിരുന്നു രാവിലെ മുതൽ. ഒൻപതോടെ ഗേറ്റിനു മുന്നിൽ കനത്ത തിരക്കായി. ഒടുവിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവന്നു.

പത്രിക സമർപ്പിക്കാനെത്തിയ പല മുതിർന്ന നേതാക്കളും ഗേറ്റിലെ കടമ്പ കടക്കാനാണു പ്രയാസപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻകേന്ദ്രമന്ത്രി മണിശങ്കർ അയ്യർ തുടങ്ങി പലരും എസ്‌പിജി ഉദ്യോഗസ്ഥരുടെ മുന്നിൽ വഴിമുട്ടി. പല പ്രമുഖ നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥർക്കു തിരിച്ചറിയാനാകാത്തതു തലവേദനയായി. തലമുതിർന്നവർ ഒരുവിധം രക്ഷപ്പെട്ടപ്പോൾ കയ്യിലുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കാട്ടി ഉള്ളിൽ കടക്കാനുള്ള ശ്രമത്തിലായിരുന്നു മറ്റു ചിലർ. ക്ഷണിക്കപ്പെട്ടവർക്കൊപ്പം പലവിധത്തിൽ പറ്റിച്ചേർന്നു ചിലർ ഉള്ളിൽ കടന്നു. ഗേറ്റ് തുറന്നപ്പോഴൊക്കെ എസ്‌പിജിയുടെ കണ്ണുവെട്ടിച്ചു ചിലർ അകത്തെത്തി.

മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ വാഹനം കടന്നുപോകുന്നതിനിടെ ചിലരെല്ലാം വേലി കടന്നു. ഒടുവിൽ നിയന്ത്രണങ്ങൾ മാറ്റിവച്ചു ഗേറ്റ് തുറന്നിടേണ്ട സ്ഥിതിയിലെത്തി എസ്‌പിജി ഉദ്യോഗസ്ഥർ. രാഹുൽ ഗാന്ധി 10.40ന് എത്തിയപ്പോൾ വൻ ആരവമുയർന്നു. പത്രിക സമർപ്പണനടപടികൾ അകത്തു പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ യുഗപ്പിറവിയെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു നേതാക്കൾ. എൻഎസ്‌യുഐ മുൻ പ്രസിഡന്റ് അമൃത ധവാൻ പാട്ടുമായി രാഹുൽ സ്തുതി ഉയർത്തി. കോൺഗ്രസ് വക്താവ് കൂടിയായ രൺദീപ് സിങ് സുർജേവാല കവിത നിറഞ്ഞ പ്രസംഗത്തിലൂടെ കയ്യടി നേടി. ഓഫിസിനുള്ളിൽ ചിത്രങ്ങൾക്കു പോസ് ചെയ്തു മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ വലഞ്ഞു. ഉച്ചയ്ക്ക് 1.10നു പത്രിക സമർപ്പണം പൂർത്തിയാക്കി രാഹുൽ ഗാന്ധി പുറത്തെത്തിയപ്പോൾ വീണ്ടും ആരവമുയർന്നു. തൊടാനും ചിത്രമെടുക്കാനും പ്രവർത്തകർ ഓടിക്കൂടി.

രാഹുൽ കോൺഗ്രസിന് പ്രിയപ്പെട്ടവനെന്ന് മന്മോഹൻ സിങ്

രാഹുൽ ഗാന്ധി കോൺഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്. കോൺഗ്രസ് പാർട്ടിയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുൽ. പാർട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം പിന്തുണച്ച് കൊണ്ട് മന്മോഹൻസിങ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിർദ്ദേശങ്ങളിൽ രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്മോഹൻ സിങ് ആയിരുന്നു. പത്തൊമ്പത് വർഷം കോൺഗ്രസിനെ നയിച്ച വ്യക്തിയാണ് സോണിയ ഗാന്ധി എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് മന്മോഹൻസിങ്ങ് പറഞ്ഞു.

അധ്യക്ഷ പദവിയിൽ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ

കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. തകർന്നു കിടക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതു തന്നെയാണ് അതിൽ പ്രധാനം. ഗുജറാത്തിൽ വിജയം നേടാൻ സാധിച്ചാൽ ഇതിന് മികച്ച തുടക്കമാകുമെന്ന കാര്യം ഉറപ്പാണ്. 1998 ൽ സോണിയഗാന്ധി പ്രസിഡന്റാവുമ്പോൾ കോൺസ്രിന്റെ നില പരുങ്ങലിലായിരുന്നു. നെഹ്രുവിനോ ഇന്ദിരയ്ക്കോ രാജീവിനോ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. 2004 ലെ തിരഞ്ഞെടുപ്പിൽ സോണിയ നേതൃത്വം നൽകുന്ന കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അന്നത്തെ ഒട്ടു മിക്ക കോൺഗ്രസ് നേതാക്കളും വിശ്വസിച്ചിരുന്നില്ല. സഖ്യകക്ഷി നേതാക്കളായിരുന്ന ലാലുപ്രസാദ് യാദവും കരുണാനിധിയുമാണ് അന്ന് സോണിയയുടെ നേതൃത്വത്തിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം അവകാശപ്പെടാൻ പോലുമാവാതെ 44 എന്ന ദുർബ്ബല അംഗസംഖ്യയിലേക്ക് ഒതുക്കപ്പെട്ട കോൺഗ്രസിന്റെ തലപ്പത്തേക്കാണ് ഇപ്പോൾ രാഹുൽ കടന്നുവരുന്നത്. പരാജയങ്ങളുടെ മുനമ്പിൽ അദ്ധ്യക്ഷ സ്ഥാനത്തെത്തുമ്പോൾ രാഹുലിന് പക്ഷേ, കോൺഗ്രസ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുണ്ട്. സോണിയ ശരദ്പവാറിലും കൂട്ടരിൽ നിന്നും നേരിട്ടതുപോലൊരു വെല്ലുവിളി രാഹുലിന് മുന്നിലില്ല.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുൽ അവസാന പിടിവള്ളിയാണ്. സോണിയയുടെ അനാരോഗ്യാവസ്ഥയിൽ ഇന്നിപ്പോൾ കോൺഗ്രസിനെ ഒന്നിച്ചുനിർത്താൻ രാഹുലല്ലാതെ മറ്റൊരാളില്ല. ഇനിയങ്ങോട്ട് കോൺഗ്രസിനെ രാഹുൽ എങ്ങിനെ നയിക്കും എന്നിടത്താണ് കോൺഗ്രസിന്റെ ഭാവി. പ്രാദേശികതലത്തിൽ ശക്തമായ കോൺഗ്രസ് നേതൃത്വമുടലെടുത്താൽ മാത്രമേ മോദിയേയും ബിജെപിയേയും പിടിച്ചുകെട്ടാനാവുകയുള്ളുവെന്ന യാഥാർത്ഥ്യം രാഹുൽ ഉൾക്കൊള്ളുമെന്നതിന്റെ സൂചനയാണ് ഗുജറാത്തിൽ അൽപേഷ് താക്കൂറിനെപോലുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിനു പിന്നിലെന്നു വേണം കരുതാൻ. പാർട്ടി പ്രസിഡന്റെന്ന നിലയിൽ ഗുജറാത്തിലായിരിക്കും ആദ്യം രാഹുൽ പരീക്ഷിക്കപ്പെടുക. അവിടെ ബിജെപിക്ക് കാലിടറിയാൽ ഇനിയങ്ങോട്ട് കോൺഗ്രസിൽ എല്ലാ അർത്ഥത്തിലും രാഹുൽ യുഗമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP