Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരത്തിന് ഇല്ലെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്ത് കുമ്മനം മതിയെന്ന് പരിവാറുകാർ; കരുക്കൾ നീക്കി മുരളീധരൻ; ഗ്ലാമർ പോരിന് തയ്യാറായി സുരേഷ് ഗോപിയും; ആറ്റിങ്ങലിൽ സെൻകുമാർ തന്നെ മത്സരിക്കണമെന്ന് ബിഡിജെഎസിനോട് ആവശ്യപ്പെട്ട് അമിത് ഷാ; ലോക്‌സഭയിൽ അക്കൗണ്ട് തുറന്നേ മതിയാകൂവെന്ന് നിലപാടിൽ ദേശീയ നേതൃത്വം; ബിജെപിയുടെ ആക്ഷൻ പ്ലാൻ ഗുജറാത്ത് പോരിന് ശേഷം

മത്സരത്തിന് ഇല്ലെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്ത് കുമ്മനം മതിയെന്ന് പരിവാറുകാർ; കരുക്കൾ നീക്കി മുരളീധരൻ; ഗ്ലാമർ പോരിന് തയ്യാറായി സുരേഷ് ഗോപിയും; ആറ്റിങ്ങലിൽ സെൻകുമാർ തന്നെ മത്സരിക്കണമെന്ന് ബിഡിജെഎസിനോട് ആവശ്യപ്പെട്ട് അമിത് ഷാ; ലോക്‌സഭയിൽ അക്കൗണ്ട് തുറന്നേ മതിയാകൂവെന്ന് നിലപാടിൽ ദേശീയ നേതൃത്വം;  ബിജെപിയുടെ ആക്ഷൻ പ്ലാൻ ഗുജറാത്ത് പോരിന് ശേഷം

ബി രഘുരാജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ഏഷ്യാനെറ്റ് ചെയർമാനും കർണ്ണാടകത്തിൽ നിന്നുള്ള രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചതായി സൂചന. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് ആർഎസ്എസ് നിലപാട്. ഇത് മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പിന്മാറ്റം. കേരളത്തിൽ സംഘടനാ പ്രവർത്തനത്തിന് താനുണ്ടാകും. എന്നാൽ മത്സരത്തിന് നിർബന്ധിക്കരുതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. ഇത് ബിജെപി കേന്ദ്ര നേതൃത്വും അംഗീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കുമ്മനവും വി മുരളീധരനും സുരേഷ് ഗോപിയും സ്ഥാനാർത്ഥിത്വം നേടാനുള്ള പട്ടികയിൽ ഇടം പിടിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്നേ മതിയാകൂവെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂ. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. നിലവിൽ കേരള നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ ബിജെപി ദേശീയ നേതൃത്വം തൃപ്തരല്ല. ഇതുകൊണ്ട് തന്നെ ബിജെപി ദേശീയ നേതൃത്വത്തിൽ ഒരാൾക്ക് കേരളത്തിലെ സംഘടനാ ചുമതല നൽകും. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ ഇടപെടൽ കേരളത്തിലുണ്ടാകുമെന്ന് തന്നെയാണ് അമിത് ഷാ നൽകുന്ന സൂചന. അതിനിടെ തിരുവനന്തപുരത്ത് മത്സരിക്കാൻ വി മുരളീധരനും തയ്യാറാണ്. ഇക്കാര്യത്തിൽ വ്യക്തമായ സൂചന അദ്ദേഹം നൽകി കഴിഞ്ഞു. എന്നാൽ കുമ്മനം മതിയെന്നാണ് ആർഎസ്എസ് പക്ഷം. ഇതിനൊപ്പം സുരേഷ് ഗോപിക്കാണ് കൂടുതൽ ജയസാധ്യതയെന്ന് അമിത് ഷായും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ എല്ല ഘടകവും പരിശോധിച്ചാകും തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക.

ആറ്റിങ്ങളിലും അത്ഭുതാം കാട്ടാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടും വർക്കലയിലും ആറ്റിങ്ങലിലും അരുവിക്കരയും 20,000 അധികം വോട്ടുകൾ ബിജെപി നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആറ്റിങ്ങലിലും പ്രതീക്ഷ വയ്ക്കുന്നത്. ബിഡിജെഎസിന് ഈ സീറ്റ് നൽകേണ്ടി വരും. അങ്ങനെ വന്നാൽ മുൻ ഡിജിപി സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിക്ക് താൽപ്പര്യം. സെൻകുമാറിനെ എങ്ങനേയും മത്സരിപ്പിക്കാൻ ശ്രമിക്കണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബിഡിജെഎസിന് മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ലെങ്കിൽ വി മുരളീധരനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. അതിനിടെ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കളോടെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശവും അമിത് ഷാ വയ്ക്കും.

തിരുവനന്തപുരം കഴിഞ്ഞാൽ കാസർഗോഡും പാലക്കാടും തൃശൂരും പത്തനംതിട്ടയിലും ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്നു. പത്തനംതിട്ടിയിൽ അൽഫണോസ് കണ്ണന്താനം സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അൽഫോൻസിനെ കേന്ദ്രമന്ത്രിയാക്കിയതും ഈ ലക്ഷ്യത്തോടെയാണ്. അൽഫോൻസിനോട് തെരഞ്ഞെടുപ്പ് പ്രവർത്തനം അനൗദ്യോഗികമായി തുടങ്ങാനും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ എസ് ശ്രീശാന്തിനെ സ്ഥാനാർത്ഥിയാക്കുന്നതും ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്തെ നിയമസഭാ പോരാട്ടത്തിന് ശേഷം ശ്രീശാന്ത് പാർട്ടി പ്രവർത്തനത്തിൽ അത്ര സജീവമല്ല. ഇതെല്ലാം പരിഗണിച്ചാകും ശ്രീശാന്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. മലയാള സിനിമയിലെ ചില പ്രമുഖരെ സ്ഥാനാർത്ഥികളാക്കാനുള്ള സാധ്യതയും ബിജെപി കേന്ദ്ര നേതൃത്വം തേടുന്നുണ്ട്. സുരേഷ് ഗോപി വഴിയാണ് സിനിമാക്കാരെ അടുപ്പിക്കാനുള്ള നീക്കം.

എംടി രമേശിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാനിടയില്ല. മെഡിക്കൽ കോഴ വീണ്ടും ചർച്ചയാകാതിരിക്കാനാണ് ഇത്. എന്നാൽ ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖരെ മത്സരിപ്പിക്കും. സുരേന്ദ്രന് കാസർഗോഡാകും കൂടുതൽ സാധ്യത. ശോഭാ സുരേന്ദ്രനെ പാലക്ക്, തൃശൂർ എന്നിവടങ്ങളിലേക്കും പരിഗണിക്കും. ആലപ്പുഴയിൽ ബിഡിജെഎസ് സ്ഥാനർത്ഥിയാകും മത്സരിക്കുക. കൊല്ലത്തും ബിഡിജെഎസ് നിലപാട് നിർണ്ണായകമാകും. കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മിനെ അടുപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. കേരളാ കോൺഗ്രസ് നിലവിൽ ഒരു മുന്നണിയുടേയും ഭാഗമല്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ നീക്കം. ജൻജദൻ അഴിമതിയിൽ കുടുങ്ങിയ എ എൻ രാധാകൃഷ്ണനെ പോലുള്ളവർക്ക് സീറ്റ് നൽകില്ല. സികെ ജാനുവിനേയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കും.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്നത് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ഒ. രാജഗോപാൽ രണ്ടാമത് എത്തിയിരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മുൻതൂക്കമുണ്ടാക്കി. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് പ്രവർത്തകരുടെ പൊതു വികാരം. എന്നാൽ നിഷ്പക്ഷ വോട്ടുകൾ കൂടുതൽ പിടിക്കാൻ സുരേഷ് ഗോപിക്കാകുമെന്ന വിലയിരുത്തലുമുണ്ട്. ഏഷ്യാനെറ്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. അതിനിടെ കേരളത്തിലെ എൻഡിഎ സഖ്യകക്ഷികൾക്കു കേന്ദ്ര സർക്കാർ പദവികളിൽ നിയമനത്തിനും സാധ്യത തെളിയുന്നുണ്ട്. ഡിസംബറിൽ ബിഡിജെഎസിന് പദവികൾ നൽകും. ഇതോടെ എൻഡിഎ കൂടുതൽ കരുത്തരാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഇത് തെറ്റിച്ചാണ് അൽഫോൻസ് കേന്ദ്രമന്ത്രിയായത്. എന്നാൽ രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇനിയും മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കുമ്മനത്തെ മന്ത്രിയാക്കാൻ സാധ്യത ഏറെയുണ്ട്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദം. കുമ്മനം രാജശേഖരൻ മന്ത്രിയാകാമെന്ന് സ്വപ്നം കണ്ടു. ഒരു മലയാളി മന്ത്രിയാണെങ്കിൽ അത് ഞാനാകുമെന്ന് സുരേഷ് ഗോപിയും കരുതി. എന്നാൽ പ്രധാനമന്ത്രി മോദിയുടെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം വായിക്കാൻ പോലും ആർക്കും ആയില്ല. ആർഎസ്എസ് നേതൃത്വത്തിന്റെ നിർദ്ദേശം പോലും പരിഗണിക്കാതെ അൽഫോൻസിനെ മന്ത്രിയാക്കുകയായിരുന്നു് മോദി. കേരളത്തിലെ ബിജെപി നേതാക്കൾക്ക് ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് ഇത്.

അങ്ങനെ ജോർജ് കുര്യനെന്ന ന്യൂനപക്ഷ നേതാവിന് ശേഷം മറ്റൊരു ക്രൈസ്തവ മുഖത്തെ കൂടി കേരളത്തിൽ നിന്ന് അംഗീകരിക്കുകയാണ് മോദി സർക്കാർ. ജോർജ് കുര്യൻ ന്യൂനപക്ഷ കമ്മീഷൻ അംഗമാണെങ്കിൽ കണ്ണന്താനം മോദിയുടെ കാബിനെറ്റിലും. ക്രൈസ്തവരെ പാർട്ടിയോട് അടുപ്പിക്കുകയെന്ന തന്ത്രമായിരുന്നു ഇതിന് പിന്നിൽ. ഇതിനൊപ്പം ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാൻ കുമ്മനത്തേയും അവസാന നാളിൽ മന്ത്രിയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP