Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുരുക്കുടി എസ്റ്റേറ്റിലെ മുത്തച്ഛന്റെ ലയത്തിൽ അവകാശ തർക്കം; പക്ഷം പിടിച്ചെത്തിയ പാർട്ടിക്കാർ മദ്യപിച്ചും പീഡിപ്പിച്ചും ശശികലയെ മാനസികമായി തകർത്തു; ഒടുവിൽ മാരകായുധവുമായി എത്തി ദമ്പതികളേയും പിഞ്ചു കുട്ടികളേയും തെരുവിലേക്ക് ഇറക്കിവിട്ട് കൊടികെട്ടി ഓഫീസാക്കി; കുമളിയിലെ മാരിയപ്പനും ശശികലയ്ക്കും സംഭവിച്ചത് എന്ത്? പ്രതിക്കൂട്ടിൽ സിപിഎമ്മും

മുരുക്കുടി എസ്റ്റേറ്റിലെ മുത്തച്ഛന്റെ ലയത്തിൽ അവകാശ തർക്കം; പക്ഷം പിടിച്ചെത്തിയ പാർട്ടിക്കാർ മദ്യപിച്ചും പീഡിപ്പിച്ചും ശശികലയെ മാനസികമായി തകർത്തു; ഒടുവിൽ മാരകായുധവുമായി എത്തി ദമ്പതികളേയും പിഞ്ചു കുട്ടികളേയും തെരുവിലേക്ക് ഇറക്കിവിട്ട് കൊടികെട്ടി ഓഫീസാക്കി; കുമളിയിലെ മാരിയപ്പനും ശശികലയ്ക്കും സംഭവിച്ചത് എന്ത്? പ്രതിക്കൂട്ടിൽ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

കുമളി: സ്വത്ത് തർക്കത്തിൽ പക്ഷം പിടിച്ച് ദമ്പതികളെയും പിഞ്ചുകുഞ്ഞുങ്ങളെയും തെരുവിലേക്ക് ഇറക്കി വിട്ട് സി.പി.എം. പ്രവർത്തകർ വീട് പാർട്ടി ഓഫീസാക്കി. കുടുംബാംഗങ്ങൾ തമ്മിലുള്ള വീടിനെ ചൊല്ലിയുള്ള തർക്കം മുതലെടുത്താണ് സി.പി.എം പ്രാദേശിക നേതാക്കളുടെ നടപടി. മുരുക്കടി ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ-ശശികല ദമ്പതിമാരെയും മൂന്നരയും രണ്ടും വയസുള്ള പെൺകുട്ടികളെയുമാണ് ഇറക്കിവിട്ടത്. ശശികല സമ്പാദിച്ച കോടതിയുത്തരവും ആശ്വാസമായില്ല. പാർട്ടിക്കാരെ ഭയന്ന് പൊലീസ് കോടതിവിധി നടപ്പാക്കാൻ തയാറായില്ലെന്നു മാരിയപ്പൻ ആരോപിക്കുന്നു.

കുമളിക്ക് സമീപം മുരുക്കടിയിലുള്ള സർക്കാർ സ്‌കൂളിലെ മുഹമ്മദ് സൽമാൻ എന്ന മുത്തുവും അദ്ദേഹത്തിന്റെ സഹോദരനായ മാരിയപ്പനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സി.പി.എം ഇടപെടൽ ഉണ്ടായത്. മാരിയപ്പൻ മുത്തച്ഛനൊപ്പമാണ് മുരുക്കടി എസ്റ്റേറ്റ് ലയത്തിലെ ഈ വീട്ടിൽ താമസിച്ചിരുന്നത്. മാരിയപ്പനു വിവാഹശേഷം വീട് നൽകാമെന്നു മുത്തച്ഛൻ വാക്കു നൽകിയിരുന്നു. ശശികലയുമായുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ തർക്കം തുടങ്ങി. സൽമാൻ വീട് അടക്കം ഭൂമിയാകെ കൈവശപ്പെടുത്തി. അതോടെ മാരിയപ്പൻ സിപിഐയുടെയും സൽമാൻ സിപിഎമ്മിന്റെയും സഹായം തേടി.

വീട്ടിൽനിന്ന് ഒഴിപ്പിക്കുന്നതിനെതിരേ ശശികല പീരുമേട് കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചെങ്കിലും അപ്പോഴേക്കും വീട് സിപിഎമ്മിന്റെ മുരുക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫീസായി മാറ്റിയിരുന്നു. പാർട്ടി ഓഫീസിനായി വീട് വാടകയ്ക്കെടുത്തെന്നാണു സി.പി.എം. പ്രവർത്തകരുടെ വാദം. തമിഴ്‌നാട്ടുകാരനായ അദ്ധ്യാപകന്റെ വീട്ടിൽ മാരിയപ്പൻ വാടകയ്ക്കു താമസിക്കുകയായിരുന്നു. വാടകക്കാലാവധി കഴിഞ്ഞതോടെ ഒഴിയാൻ മാരിയപ്പന് ഒരു മാസം കൂടി നൽകി. ഇതിനിടെയാണ് വീട് തങ്ങൾക്കു വാടകയ്ക്കു തന്നതെന്നും സി.പി.എം. പറയുന്നു. അദ്ധ്യാപകൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ദളിത് കുടുംബമാണ് കുടിയിറക്കപ്പെട്ടത്.

മുഹമ്മദ് സൽമാനുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട സി.പി.എം വീടിന് മുന്നിൽ പാർട്ടി ഓഫീസ് എന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകർ നിരന്തരമായി വീട്ടിലിരുന്ന് മദ്യപിക്കുകയും ശശികലയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പീരുമേട് മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ടായിരുന്നു. ശശികല ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് കുമളി എസ്ഐയ്ക്ക് മജിസ്ട്രേറ്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സി.പി.എം സമ്മർദ്ദത്തെ തുടർന്ന് നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.

ഇതിനിടെയാണ് വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയും മാരിയപ്പനെയും കുടുംബത്തെയും പുറത്താക്കിയത്. തുടർന്ന് വീട് സി.പി.എം ബ്രാഞ്ച് ഓഫീസ് ആക്കി മാറ്റുകയുമായിരുന്നു. പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കുന്നതിന് ഒത്താശ ചെയ്തുവെന്നാണ് ആരോപണം. മാരിയപ്പനും ഭാര്യ ശശികലയും തമിഴ് ദളിത് വിഭാഗത്തിൽ പെട്ടവരാണ്. ഇവരുടെ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും ഇവിടെ പിടിച്ച് വെച്ചിരിക്കുകയുമാണ്.

വീടിരിക്കുന്നത് മുഹമ്മദ് സൽമാന്റെ സഥലത്താണെന്നും വീട് ഇദ്ദേഹത്തിന്റെ പേരിൽ തീറാധാരം എഴുതിയിട്ടുള്ളതുമാണെന്നാണ് സി.പി.എം പറയുന്നത്. ഇദ്ദേഹം വാടക ചീട്ട് നൽകിയതിനെ തുടർന്നാണ് സി.പി.എം ഓഫീസ് തുറന്നതെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് നാട്ടുകാർ പറയുന്നു. 30 വർഷമായി ഈ വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീട്ടിൽ നിന്ന് പുറത്താക്കാൻ സി.പി.എം നേതാക്കൾ എത്തിയ സമയത്ത് മാരിയപ്പൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

കായികമായി കൈയേറ്റം ചെയ്താണ് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന് ശശികല പറയുന്നു. മക്കളെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്ന സംഭവം ഉണ്ടായി. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശശികല പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP