Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മല ചവിട്ടാൻ മിഖായേൻ റഷ്യയിൽ നിന്നെത്തി; 41 ദിവസത്തെ വ്രതത്തിനൊടുവിൽ ഈ റഷ്യക്കാരൻ അയ്യപ്പൻ ജനുവരി ഏഴിന് മല ചവിട്ടും: തന്റെ ജീവിതം മാറ്റി മറിച്ച അയ്യപ്പ സ്വാമിയെ കാണാൻ മിഖായേൻ എത്തുന്നത് ഇത് ഏഴാം തവണ

മല ചവിട്ടാൻ മിഖായേൻ റഷ്യയിൽ നിന്നെത്തി; 41 ദിവസത്തെ വ്രതത്തിനൊടുവിൽ ഈ റഷ്യക്കാരൻ അയ്യപ്പൻ ജനുവരി ഏഴിന് മല ചവിട്ടും: തന്റെ ജീവിതം മാറ്റി മറിച്ച അയ്യപ്പ സ്വാമിയെ കാണാൻ മിഖായേൻ എത്തുന്നത് ഇത് ഏഴാം തവണ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: റഷ്യക്കാരൻ മിഖായേന് ശബരിമല ദർശനം ഒരു കൗതുകമല്ല. മണ്ഡലകാലം മിഖായേന് എല്ലാ ഭക്തന്മാരെയും പോലെ പുണ്യകാലം തന്നെയാണ്. 41 ദിവസത്തെ വ്രതം നോറ്റ് അയ്യപ്പനായി മിഖായേൻ മല ചവിട്ടും. എല്ലാ വർഷവും കൃത്യമായി മണ്ഡലകാലം തുടങ്ങുമ്പോഴെ അയ്യപ്പ ദർശനത്തിനായി മിഖായേൻ റഷ്യയിൽ നിന്ന് പറന്നെത്തും. കറുത്ത വസ്ത്രവും ധരിച്ച് നഗ്ന പാദനായി മലകയറാൻ. ഇത് ഏഴാം തവണയാണ് മിഖായേൻ റഷ്യയിൽ നിന്നും മലകയറാൻ എത്തുന്നത്.

2010ൽ തുടങ്ങിയതാണ് മിഖായേൻ മല ചവിട്ടാൻ. റഷ്യൻ മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ നിന്നും കടുത്ത അസുഖ ബാധിതനായതിനെ തുടർന്നാണ് മിഖായേൻ എന്ന 43കാരൻ മാഹി അഴിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. പഞ്ചകർമ്മ ചികിത്സയ്ക്കിടെ ആദ്യമായി അഴിയൂരിലെ ശ്രി വേണുഗോപാല ക്ഷേത്രത്തിൽ ദർശനം നടത്തി. ആശുപത്രിയിലെ ചികിത്സയും ക്ഷേത്ര ദർശനവും അസുഖ ബാധിതനായ തനിക്ക് പുതു ജീവൻ നൽകിയെന്നും മിഖായേൽ പറയുന്നു.

തന്റെ ജീവിതത്തിലെ കഴിഞ്ഞ മുപ്പത്തിയാറുവർഷക്കാലം അസുഖങ്ങളാൽ ദുരിത പൂർണമായിരുന്നെന്നും ക്ഷേത്രദർശനവും ഈശ്വര പ്രാർത്ഥനയും തനിക്ക് ഒരുപാട് ഊർജ്ജം നൽകിയെന്നും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. ക്ഷേത്ര ദർശനത്തിനിടെയാണ് ഗുരു സ്വാമി രാജനെ മിഖായേൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിൽ നിന്നുമാണ് ശബരിമല ക്ഷേത്രത്തെ കുറിച്ച് അറിയുന്നത്. ഇതോടെ മലകയറി അയ്യപ്പ സ്വാമിയെ കാണആൻ മിഖായേൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി രാജനുമൊത്തിച്ച് മിഖായേൻ മല ചവിട്ടി. പതിവു പോലെ ഈ വർഷവും തെറ്റിക്കാതെ മിഖായേൻ പറന്നെത്തി. എല്ലാ വർഷവും അഴിയൂരിലെത്തുന്ന മിഖായേൻ രാജനുമൊന്നിച്ചാണ് ശബരിമല ദർശനം നടത്തി വരുന്നത്.

അഴിയൂരിൽ കഴിയുന്ന സമയത്ത് പുലർച്ചെ ഉണർന്ന് ക്ഷേത്രങ്ങളിലെ വിളക്കുകൾ തെളിച്ചും മന്ത്രങ്ങൾ ഉരുവിട്ടും കീഴ്ശാന്തി ചെയ്യേണ്ടിയിരുന്ന മുഴുവൻ ജോലിയും മിഖായേൻ സ്വയം ഏറ്റെടുക്കുമായിരുന്നു. കൂടാതെ ചെണ്ട കൊട്ടും ഭജനയും അദ്ദേഹം വശമാക്കിയിരുന്നു.

റഷ്യയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു മിഖായേൻ. ഏഴു വർഷത്തെ സന്ദർശനത്തിനിടെ മലയാളം സംസാരിക്കാനും മിഖായേൻ പഠിച്ചിരുന്നു. പഠിക്കാൻ ഏറെ പ്രയാസമുള്ള ഭാഷയാണ് മലയാളമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തെ പോലെ തന്നെ ഈ നാടിനെയും താൻ ഏറെ സ്‌നേഹിക്കുന്നു. കഴിഞ്ഞ വർഷം ഭാര്യ ജൂലിയും അമ്മ നതാലയയുമൊന്നിച്ച് അഴിയൂരിലെത്തിയ ഇദ്ദേഹം അമ്മയുമൊന്നിച്ചാണ് ശബരിമല ദർശനം നടത്തിയത്.

അഴിയൂരിലെത്തുന്ന മിഖായേൻ ചില വർഷങ്ങളിൽ വേണുഗോപാല ക്ഷേത്രത്തിലെ മഹോത്സവം കഴിഞ്ഞു മാത്രമേ നാട്ടിലേക്കു തിരിക്കാറുള്ളു. ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി അഴിയൂരിലെത്തുന്ന വിദേശികളെ ക്ഷേത്ര ദർശനത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി അവിടുത്തേയ്ക്ക് കൊണ്ട് വരാനും മിഖായേൻ മുൻകയ്യെടുത്തിരുന്നു. മണ്ഡലം നോമ്പ് നോറ്റ മിഖായേൻ ജനുവരി ഏഴിനു ശബരിമല ദർശനം നടത്താൻ ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP