Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു

ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഓർക്കാട്ടേരിയിലെ മൊബൈൽ ഔട്ട്‌ലെറ്റിൽ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയേയും ഏറെനാളത്തെ തിരച്ചിലിന് ഒടുവിൽ പൊലീസ് പിടികൂടി. ഓർക്കാട്ടേരിയിലെ മൊബൈൽ ഔട്ട്‌ലെറ്റ് ഉടമ അംജാദ് (23), ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ (32) എന്നിവരെയാണ് കാണാതായത്. നാട്ടിൽ വലിയ ചർച്ചയായ തിരോധാനത്തിന് അറുതിവരുത്തി ഇരുവരേയും കോഴിക്കോട് നഗരത്തിലെ ഒരു വാടക വീട്ടിൽ നിന്നാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ വടകര പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇരുവരേയും എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്.

അംജാദിനെ കാണാതായി രണ്ടുമാസത്തിനുശേഷം ആയിരുന്നു ജീവനക്കാരിയുടെ തിരോധാനം. ഭർതൃമതിയായ പ്രവീണയെ കാണാതായതോടെ വിഷയം നാട്ടിൽ വലിയ ചർച്ചയായി മാറുകയും ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. നവംബർ 17നാണ് പ്രവീണയെ കാണാതാകുന്നത്. വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാരിയേയും കാണാതായതോടെ നാട്ടുകാർ വലിയ ആശങ്കയിലായി. സംഭവത്തിന് പിന്നിലെ ദുരൂഹത എത്രയും പെട്ടന്ന് പൊലീസ് വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സംഘടിക്കുകയും ചെയ്തു.

സെപ്റ്റംബർ 11നാണ് അംജാദിനെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇതിന് പിന്നാലെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണയും കാണാതാവുന്നത്. കാണാതായ ദിവസമായ നവംബർ 17 തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറിൽ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്.

രാത്രി ഏറെ വൈകീട്ടും ഇവർ വീട്ടിൽതിരിച്ചെത്തിയില്ല. ബന്ധുക്കൾ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പ്രവീണയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഇവരുടെ സ്‌കൂട്ടർ പൊലീസ് കണ്ടെത്തുന്നത്.

അംജാദിനെ കാണാതായിട്ട് രണ്ട് മാസമായെങ്കിലും അയാളെക്കുറിച്ചുള്ള അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് സ്ഥാപനത്തിലെ യുവതിയും കാണാതായത്. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തൻപുരയിൽ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വടകരയിലെത്തി. തുടർന്ന് സാധനങ്ങൾ സ്വന്തം കാറിൽ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കൾ എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുകയായിരുന്നു.

പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാൽ അംജാദിന്റെ കാർ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.

അതിനിടയിൽ താൻ തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദിന്റെ ഫോൺ കോൾ ബന്ധുക്കൾക്ക് വന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ ഇയാൾ ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. വിവരത്തെ തുടർന്ന് പൊലീസ് നേരെ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും അംജാദിനെ കാണാൻ കഴിഞ്ഞില്ല. അംജാദ് അപ്പോഴേക്കും ഡിസ്ചാർജ്ജ് വാങ്ങി പോയിരുന്നു.

എടച്ചേരി എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് ഇവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടന്നത്. പിന്നീട് യുവതിയെയും കാണാതായതോടെ പൊലീസ് മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും തൃശൂരിൽ കണ്ടെന്നും പാലക്കാട്ട് കണ്ടെന്നുമെല്ലാം വിവരം വന്നതല്ലാതെ തുമ്പുണ്ടായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ പുരോഗമിച്ചത്. രണ്ടുപേരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതാണ് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ ഒടുവിൽ അന്വേഷണം ഫലപ്രാപ്തിയിലെത്തി.

മൊബൈൽ ഔട്ട്‌ലറ്റിലെ ജോലിയായതുക്കൊണ്ട് ഇരുവരും ഏതൊക്കെ നമ്പർ ഉപയോഗിച്ചിരുന്നുവെന്ന് ആർക്കും കൃത്യമായി അറിയില്ലെന്നും ഇതാണ് കേസ് അന്വേഷണത്തിലെ വലിയ പ്രതിസന്ധിയെന്നും എസ്‌ഐ പ്രദീപ്കുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും തിരോധാനം തമ്മിൽ വല്ല ബന്ധവുമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കാണാതായതിന് പിന്നാലെ ഇരുവരും സ്വന്തം പേരിലുള്ള സിംകാർഡോ മൊബൈൽഫോണോ പിന്നെ ഉപയോഗിച്ചിട്ടില്ല.

തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓർക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP