Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാൽ തിരിച്ചടി ഉറപ്പാണ്; ഇതു മാറിയേ പറ്റൂ; അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല; ഈ ഘട്ടത്തിൽ ഒരു സാഹസത്തിന് ആരാണു മുതിരുക? ബോളിവുഡിലെ പീഡകരുടെ പേരു പറഞ്ഞാൽ പണി കിട്ടുമെന്ന് നടി റിച്ച

എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാൽ തിരിച്ചടി ഉറപ്പാണ്; ഇതു മാറിയേ പറ്റൂ; അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല; ഈ ഘട്ടത്തിൽ ഒരു സാഹസത്തിന് ആരാണു മുതിരുക? ബോളിവുഡിലെ പീഡകരുടെ പേരു പറഞ്ഞാൽ പണി കിട്ടുമെന്ന് നടി റിച്ച

മുംബൈ: 'ഫുക് റേ' കൂടാതെ ഗാങ്സ് ഓഫ് വസേപുരിലൂടെയും രാംലീലയിലൂടെയുമെല്ലാം പ്രേക്ഷകനു പരിചിതയാണ് റിച്ച. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലൂടെ പലരും പലതും തുറന്നു പറഞ്ഞു. ബോളിവുഡിലെ പീഡനങ്ങളെക്കുറിച്ച് റിച്ചയും പറഞ്ഞു പലതും. എന്നാൽ ആരുടേയും പേരു പറഞ്ഞില്ല. റിച്ചയ്ക്ക് തന്നെ പീഡിപ്പിച്ചവരുടെ പേരു പറയാതിരിക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്. പേരു പറഞ്ഞാൽ അതോടെ ബോളിവുഡ് ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്ന് നടി സമ്മതിക്കുന്നു. പീഡനങ്ങൾക്കിരകളാകുന്നവർക്ക് സംരക്ഷിതവലയം ഉറപ്പാക്കുന്ന ഒരു സംവിധാനം നിലവിൽ ചലച്ചിത്രലോകത്തില്ലെന്നും റിച്ച പറയുന്നു.

തനിക്കിഷ്ടമുള്ളിടത്തോളം കാലം ബോളിവുഡിൽ തുടരാനാകുമെന്ന് ആരെങ്കിലും ഉറപ്പു തന്നാൽ പീഡിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തു പറയാമെന്നാണ് റിച്ച പറയുന്നത്. ബോളിവുഡിലെ ലൈംഗിക പീഡനത്തെപ്പറ്റി നേരത്തേ ഒരു ബ്ലോഗ്പോസ്റ്റ് എഴുതിയിരുന്നു റിച്ച. എന്നാൽ അതിൽ ആരുടെയും പേരു പരാമർശിക്കാത്തതിന്റെ പേരിൽ സ്ത്രീപക്ഷവാദികളെന്നു താൻ വിശ്വസിച്ചിരുന്നവർ ഉൾപ്പെടെ വിമർശിച്ചതായും റിച്ച പറയുന്നു.

''ജോലി പോയാലും ജീവിക്കാനുള്ള പെൻഷൻ ജീവിതകാലം മുഴുവൻ നിങ്ങൾ തന്നാൽ, എനിക്കും എന്റെ വീട്ടുകാർക്കും എന്നും സുരക്ഷ ഉറപ്പാക്കിയാൽ, സിനിമയിലോ ടിവിയിലോ എനിക്കിഷ്ടമുള്ളയിടത്ത് അഭിനയം തുടരാൻ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയാൽ, ഇപ്പോഴുള്ളതു പോലെത്തന്നെ അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു ഉറപ്പു നൽകിയാൽ തീർച്ചയായും ആ പേരുകൾ ഞാൻ പറയാം...ഞാൻ മാത്രമല്ല ലക്ഷക്കണക്കിനു പേർ മുന്നോട്ടു വരും. പക്ഷേ ആരാണ് ഞങ്ങൾക്കീ ഉറപ്പു നൽകുക?'' ഇതാണ് റിച്ച ഉയർത്തുന്ന ചോദ്യം.

''എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാൽ തിരിച്ചടി ഉറപ്പാണ്. ഇതു മാറിയേ പറ്റൂ. അതിനുള്ള സംരക്ഷണം സിനിമാലോകം നൽകണം. അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല. ഈ ഘട്ടത്തിൽ ഒരു സാഹസത്തിന് ആരാണു മുതിരുക? നീതിബോധമുള്ള വ്യക്തിയാണു ഞാൻ. ഹൃദയത്തോടു ചേർന്നു നിൽക്കുന്ന കാര്യങ്ങളെപ്പറ്റിയാണു ഞാനെപ്പോഴും സംസാരിക്കുക.-നടി പറയുന്നു.

എന്നാൽ ചില നേരങ്ങളിൽ ഞാൻ കാര്യങ്ങളെ വൈകാരികമായി നേരിടും. ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും എന്നെയും ബാധിക്കാറുണ്ട്. നിരാശ തോന്നുന്ന നിമിഷങ്ങളിൽ വാർത്തകളിൽ നിന്നു പോലും ഒഴിഞ്ഞു നിൽക്കാനാണ് ഞാനാഗ്രഹിക്കുക. അത്തരം ഘട്ടങ്ങളിൽ സിനിമയാണ് ആശ്വാസം. 'ഫുക്റേ'യിലെ എന്റെ കഥാപാത്രവും അത്തരത്തിലൊന്നാണ്. ആ കഥാപാത്രം ആരുടെയും വരുതിയിൽ നിൽക്കുന്ന ആളല്ല, തോന്നുന്നതെന്തും ചെയ്യും. സ്ത്രീയാണെന്നു പറഞ്ഞ് അവരെ വിലക്കാൻ ആരുമില്ല. എന്തും പറയാം, പ്രവർത്തിക്കാം''- അത്തരം കഥാപാത്രങ്ങൾ തനിക്കേറെ പ്രിയപ്പെട്ടതാണെന്നും റിച്ച വിശദീകരിക്കുന്നു.

തന്റെ പുതിയ ചിത്രമായ ജിയാ ഔർ ജിയയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് റിച്ച ചില തുറന്നു പറച്ചിൽ നടത്തിയത്. ഒരു പുതുമുഖ നടി ഇൻഡസ്ട്രിയിൽ കാലുകുത്തിയാൽ അവരോട് ആദ്യം പറയുന്നത് ഏതെങ്കിലും പ്രമുഖ നടനുമായോ ക്രിക്കറ്റ് താരവുമായോ ഡേറ്റിങ് നടത്തണമെന്നാണ്. താരങ്ങളുടെ പി.ആർ പണി ചെയ്യുന്നവരാണ് ഇത്തരം ആശയങ്ങളുമായി എത്തുക. പ്രശസ്തയാകാൻ എളുപ്പ വഴിയാണിത്, ആളുകൾ ശ്രദ്ധിക്കും എന്നൊക്കെ പറയും. ഇവർ തന്നെ താരങ്ങളുടെയും ക്രിക്കറ്റ് കളിക്കാരുടെയും നമ്ബരുകളും തരും. താൻ സിനിമാ ലോകത്തേക്ക് കടന്നുവന്നപ്പോഴും പബ്ലിക് റിലേഷൻ ചെയ്യുന്ന ഒരാൾ ഒരു നടന്റെ നമ്ബർ തന്നിട്ട് മെസേജ് അയക്കാനും ഡേറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. അയാൾ പറഞ്ഞ നടൻ വിവാഹിതനാണെന്ന് പറഞ്ഞപ്പോൾ ക്രിക്കറ്റ് താരത്തിന് മെസേജയയ്ക്കാൻ പറഞ്ഞു. അതൊക്കെ കരിയറിന് ഗുണം ചെയ്യുമെന്നും പി.ആർ പറഞ്ഞു.

ഇത്തരത്തിലുള്ള ഉപദേശങ്ങളാണ് പുതുമുഖ താരങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമയിൽ അധികം സൗഹൃദം വയ്ക്കാനും ഭയമാണ്. ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് പി.ആർ, മാനേജർ, സ്‌റ്റൈലിസ്റ്റ് അങ്ങനെ ഒരാളെയും വച്ചില്ല. എല്ലാക്കാര്യങ്ങളും സ്വയം മാനേജ് ചെയ്തു. അന്നൊരു പ്രശ്‌നവും ഉണ്ടായില്ല. മികച്ച കഥാപാത്രങ്ങൾ ചെയ്തവരെ അഭിനന്ദിക്കാൻ നടിമാർ മടിക്കുന്നിടത്തോളം കാലം ഇത്തരം പി.ആറുകൾ സിനിമ ഭരിക്കും. നടിമാർ പരസ്പര ബഹുമാനം വച്ചു പുലർത്തിയാൽ ഇത്തരത്തിലുള്ള ചൂഷണം ചെയ്യുന്ന നടപടി തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും റിച്ച പറഞ്ഞിരുന്നു.

അല്ലെങ്കിൽ ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ച് പുതമുഖങ്ങൾക്കായി വഴിമാറി കൊടുക്കേണ്ട അവസ്ഥയുണ്ടാകുമെന്നും റിച്ച ഓർമിപ്പിക്കുന്നു. 2008ൽ ഓയേ ലക്കി ലക്കി ഓയേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ റിച്ചയുടേതായി ഔർ ദേവ്ദാസ്, കാബറേറ്റ്, ഫക്രി റിട്ടേൺസ് തുടങ്ങി ആറു സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP