Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം

ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സ്വരാജ് ഇന്ത്യ നേതാവുമായ യോഗേന്ദ്ര യാദവിന്റെ പ്രവചനം.രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായാണ് യാദവിന്റെ പ്രവചനം.മൂന്ന് സാധ്യതകളാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ വിശദീകരിച്ചത്.

മൂന്നിലും കോൺഗ്രസ് ഗുജറാത്തിൽ ജയിച്ചുകയറും.ആദ്യ സാധ്യത പ്രകാരം കോൺഗ്രസിന് 96 സീറ്റുകളും, ബിജെപിക്ക് 86 സീറ്റുകളും ലഭിക്കും. ഇരുപാർട്ടികളുടെയും വോട്ട് വിഹിതം 43 ശതമാനമായിരിക്കും.

ഗ്രാമീണ മേഖലകളിൽ കോൺഗ്രസും നഗരമേഖലകളിൽ ബിജെപിയും മുന്നിലെത്തും.2012 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഗരമേഖലകളിലെ ബിജെപിയുടെ വിജയ മാർജിൻ കുറയുകയും ചെയ്യും.അർദ്ധനഗരമേഖലകളിൽ, കോൺഗസിന് കുതിച്ചുചാട്ടമുണ്ടാകുകയും ചെയ്യും.

രണ്ടാമത്തെ സാധ്യത ഇങ്ങനെയാണ്: 45 ശതമാനം വോട്ട് വിഹിതത്തോടെ, കോൺഗസിന് 113 സീറ്റുകൾ.ബിജെപിക്ക് 65 സീറ്റുകളിൽ ജയം.അതും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും. ബിജെപി കനത്ത തോൽവിയാണ് ഏറ്റുവാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.ജനവികാരം ബിജെപിക്ക് അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഓഗസ്റ്റിൽ നടത്തിയ സർവ്വെ പ്രകാരം ബിജെപി 30 ശതമാനം ലീഡ് നേടേണ്ടതാണ്. എന്നാൽ ഒക്ടോബറിൽ ലീഡ് ആറ് ശതമാനമായി കുറഞ്ഞു. നവംബറിൽ പൂജ്യം ശതമാനമായെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് എതിരായാണ് കാറ്റ് വീശുന്നത്. ബിജെപി ഗുജറാത്തിൽ നിലം തൊടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഇതുവരെയുള്ള അഭിപ്രായ സർവേകളിൽ നിന്നും കടകവിരുദ്ധമാണ് യാദവിന്റെ പ്രവചനം.

സെപ്റ്റംബർ 15 നും ഒക്ടോബർ 15 നും ഇടയിൽ ആക്‌സിസ് നടത്തിയ സർവേപ്രകാരം, ബിജെപി 115 മുതൽ 125 സീറ്റുവരെ നേടും.48 ശതമാനം പേർ ബിജെപിക്ക് വോട്ടുചെയ്യുമെന്ന പറഞ്ഞപ്പോൾ, 38 ശതമാനം പേർ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന പറഞ്ഞു.ന്യൂസ് നേഷന്റെ അഭിപ്രായ സർവേ പ്രകാരം 145 സീറ്റോടെ ബിജെപി ഭൂരിപക്ഷം നേടുമ്പോൾ, കോൺഗ്രസിന് 47 സീറ്റുകൾ മാത്രമാണ് കിട്ടുക.ഇന്ത്യ ടിവി-വി എംആർ സർവേ അനുസരിച്ച് ബിജെപിക്ക് 106 മുതൽ 116 സീറ്റ് വരെയും, കോൺഗ്രസിന് 63 മുതൽ 73 വരെയും സീറ്റുകൾ കിട്ടുമെന്നാണ് പ്രവചനം.

അതേസമയം ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാരാൺപുരയിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. വോട്ട് ചെയ്തതിനുശേഷം അമിത് ഷാ കാമേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി.വോട്ട് രേഖപ്പെടുത്താനായി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിലെ പോളിങ് ബൂത്തിലെത്തി. പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേൽ, ഉഷാ പട്ടേൽ തുടങ്ങിയവരും രാവിലെതന്നെ എത്തി വോട്ട് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിഅഹമ്മദാബാദിലെ നിശാൻ വിദ്യാലയത്തിലും മുതിർന്ന നേതാവ് എൽ.കെ. അദ്വാനി ഖാൻപുരിലും കേന്ദ്ര ധനമന്തി അരുൺ ജയ്റ്റ്ലി വെജൽപുരിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭരത് സിങ് സോളങ്കി ഖേഡ ജില്ലയിലെ ബൊർസാദിലും വോട്ടു രേഖപ്പെടുത്തി. വടക്കൻ മധ്യ ഗുജറാത്തിൽ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

അതേസമയം വഡോദര നഗരത്തിലെ മൂന്നു പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചു. ഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിങ് യന്ത്രങ്ങൾ മാറി നൽകി.അതിനിടെ, നിശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാൾ രാഹുൽ ഗാന്ധി ഗുജറാത്ത് സമാചാർ ടിവിക്ക് നൽകിയ അഭിമുഖം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP