Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്നേഹം നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായി ജീവിച്ച കുറ്റിക്കലച്ചൻ മരണം കൈവരിച്ചത് ഗോവിന്ദച്ചാമിയുടെ പേരിൽ അപമാനിക്കപ്പെട്ട്

ഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്നേഹം നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായി ജീവിച്ച കുറ്റിക്കലച്ചൻ മരണം കൈവരിച്ചത് ഗോവിന്ദച്ചാമിയുടെ പേരിൽ അപമാനിക്കപ്പെട്ട്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: തെരുവോരക്കൂട്ടം ദൈവതുല്യമാണ് കാണുന്നൊരു വ്യക്തിയുണ്ടായിരുന്നു. അതായിരുന്നു ആകാശപ്പറവകൾ എന്ന സംഘടനയുടെ അമരക്കാരനായ ഫാ. ജോർജ്ജ് കുറ്റിക്കൽ. ആഡംബര കാറുകളിലും സ്വർണ്ണക്കിലുക്കമുള്ള പള്ളിമേടകളിലും ജീവിക്കുന്ന പുരോഹിതന്മാരിൽ നിന്നും വ്യത്യസ്തനായി ജീവിതത്തിൽ ആരാലും ആശ്രയമില്ലാത്തവർക്കൊപ്പം കഴിഞ്ഞ് അവരുടെ ഉന്നമനത്തിനായി ജീവിച്ച മഹത് വ്യക്തിത്വണാണ് ഇന്ന് പുലർച്ചെ കൊച്ചിയിലെ ആശ്രമത്തിൽ വെച്ച് അന്തരിച്ചത്. മദർ തെരേസയെ പോലെ വിശുദ്ധനായി ജീവിച്ച കുറ്റിക്കലച്ചൻ മരണം അഗതികൾക്കേറ്റ കനത്ത തിരിച്ചടിയാണ്. ജീവിതത്തിൽ നല്ലതു മാത്രം ചെയ്തിട്ടുള്ള ഇദ്ദേഹം സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമിയുടെ പേരിൽ ജീവിതാവസാന കാലത്ത് അപമാനിക്കപ്പെടുകയായിരുന്നു.

ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ ഇറങ്ങിയ ആകാശപ്പറവകൾ എന്ന പ്രസ്ഥാനം ഫാ. ജോർജ്ജ് കുറ്റിക്കലിന്റേതാണെന്ന് പറഞ്ഞ് ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായപ്പോൾ അതിൽ ഏറെ ഹൃദയവേദനയോടെയൈാണ് അദ്ദേഹം മറുനാടനോട് പ്രതികരിച്ചത്. ഗോവിന്ദച്ചാമിയെ ക്രിസ്ത്യാനിയാക്കി മതം മാറ്റിയെന്നും തുടർന്നുള്ള നിയമസഹായം ചെയ്തു കൊടുത്തുവെന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ. ആ സമയത്താണ് മറുനാടൻ സത്യം അന്വേഷിച്ചിറങ്ങിയതും കുറ്റിക്കലച്ചനെതിരായ ആരോപണങ്ങൾ എല്ലാം കളവാണെന്ന് ബോധ്യമായതും. തേജസ് ദിനപത്രമായിരുന്നു ഇത്തരമൊരു വാർത്ത ചമച്ചുവിട്ടത്. പിന്നാലെ മറ്റു മാധ്യമങ്ങളും ആരോപണങ്ങളുമായി എത്തിയപ്പോൾ ആ പാവം വൈദികന്റെ ഹൃദയം തകർന്നു.

അവര് പറയട്ടെ മോനേ നമുക്ക് ക്ഷമിക്കംമെന്ന് പറഞ്ഞ സാത്വികൻ

അവര് പറയട്ടെ മോനേ നമുക്ക് ക്ഷമിക്കാമെന്നായിരുന്നു വാർത്തകൾ വന്നപ്പോൾ അദ്ദേഹം മറുനാടനോട് പ്രതികരിച്ചത്. ''അവരെന്തെങ്കിലും ഒക്കെ പറയട്ടെ മോനേ, എനിക്കാരോടും പിണക്കമില്ല. എല്ലാവരും അവരവരുടെ ബോധ്യത്തിൽ നിന്നല്ലേ സംസാരിക്കുന്നത്. അതു മാറുമ്പോൾ അവർ നിലപാട് മാറ്റും. ആർക്കെങ്കിലും എന്നെങ്കിലും ആകാശപ്പറവ കേന്ദ്രത്തിൽ വരണമെന്നോ താമസിക്കണമെന്നോ ശുശ്രൂഷിക്കണമെന്നോ ഉണ്ടെങ്കിൽ അവർ വരട്ടെ, വന്നു മനസ്സിലാക്കട്ടെ. എന്റെ കർമ്മം പൂർത്തിയാകുന്നത് ഇത്തരം വിമർശനങ്ങൾ കൂടി ഉണ്ടാകുമ്പോൾ ആണ്. മുള്ളുകളിലൂടെയല്ലേ ഒരു വൈദികൻ ജീവിക്കേണ്ടത്...'' ഇത്രയായിരുന്നു അച്ചന്റെ പ്രതികരണം.

കോയമ്പത്തൂരിൽ വച്ച് ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷിണറി സംഘടനയിലൂടെ ഗോവിന്ദച്ചാമി മതം മാറിയിരുന്നുവെന്നും ഈ പേര് മറച്ചുവച്ചാണ് ചാമിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടാക്കിയതെല്ലാം ഫാ. ജോർജ് കുറ്റിക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള സംഘടനയാണെന്നാണ് സംഘപരിവാറുകാരും തീവ്രഇസ്ലാമികവാദികളുടെ തേജസ് പത്രവും ഒരേ സ്വരത്തിൽ ആരോപിച്ചത്. തേജസ് ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പിന്നീട് തെളിയുകയുമുണ്ടായി.

സൗമ്യ വധിക്കപ്പെട്ട വേളയിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ മറ്റെല്ലാവരെയും പോലെ സന്നദ്ധ പ്രവർത്തനവുമായി ഞങ്ങളുടെ സഭയിലെ വൈദികരും അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു. അന്ന് ഷൊർണ്ണൂരിൽ ആകാശപ്പറവകളുടെ നേതൃത്വത്തിൽ ഒരു ശാന്തിയാത്ര നടത്തുകയുമുണ്ടായി. സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആ വീട്ടിലും പോയിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമിക്ക് വേണ്ടിയാണ് രംഗത്തെത്തിയതെന്ന വിധത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉണ്ടായത്. ഇങ്ങനെയൊരു ആരോപണം ഉണ്ടായ ശേഷം വിവാദങ്ങൾ ഒഴിവാക്കാൻ പിന്നീട് അവിടേക്ക് പോയിട്ടില്ലെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കിയിരുന്നു.

എന്താണീ ആകാശപ്പറവകൾ?

ആകാശപ്പറവകളുടെ കൂട്ടുകാർ എന്നാണ് സംഘടനയുടെ പേര്. പലരും കരുതുന്നത് പോലെ ഇതൊരു നിയത രൂപമുള്ള സംഘടനയല്ല. രാജ്യത്തിന് അകത്തും പുറത്തുമായി നൂറിൽ അധികം ശാഖകൾ ഉണ്ട് എന്നു പറയുമ്പോഴും ഒരു കേന്ദ്രീകൃത ഭരണത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. കുറ്റിക്കൽ അച്ചന്റെ സഭയായ എംസിബിഎസിന്റെ നിയന്ത്രണത്തിൽ വെറും മൂന്നു ശാഖകൾ മാത്രമാണുള്ളത്. വ്യത്യസ്ത ക്രൈസ്തവ സഭകളും സന്ന്യാസി സമൂഹങ്ങളും വ്യക്തികളും വരെ നേരിട്ടു ആകാശപ്പറവകൾ നടത്തുന്നു. സ്വന്തം വീടു നിരാലംബരുടെ കേന്ദ്രമാക്കി മാറ്റി പ്രവർത്തിക്കുന്ന നിരവധിപേർ കേരളത്തിലുണ്ട്. സ്വത്തുക്കൾ മുഴുവൻ എഴുതി നൽകി ഈ ആശയത്തോടൊപ്പം ഇറങ്ങി നടക്കുന്ന നിരവധി പേരുണ്ട്.

കുറ്റിക്കൽ അച്ചൻ പ്രചരിപ്പിക്കുന്നത് ആകാശപ്പറവകൾ എന്ന സങ്കൽപ്പവും ചില വ്യത്യസ്തമായ രീതികളുമാണ്. ഈ ആശയം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് അച്ചന്റെ ആശയങ്ങൾ തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ടവരാണ്. അവർക്കാർക്കും നിയന്ത്രണം ഏർപ്പെടുത്താനോ നിയമങ്ങൾ നടപ്പിലാക്കാനോ അച്ചൻ പോകാറില്ല. എല്ലാവരും ആരംഭിക്കുന്നത് അച്ചനെ വിളിച്ച് ഉപദേശങ്ങൾ തേടിയാണ്. ഇടക്കിടെ അച്ചൻ എല്ലായിടത്തും ചെല്ലും, എല്ലാവരുമായി സംസാരിക്കും. അവർക്കെല്ലാം വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും. അച്ചന്റെ ചില കടുത്ത വിശ്വാസങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കും. അതു മറ്റൊന്നുമല്ല, വിദേശ ഫണ്ടിനോട് ചതുർത്ഥി, പഴയ വസ്ത്രങ്ങളും മിച്ചം വരുന്ന ഭക്ഷണങ്ങളും സ്വീകരിക്കുന്ന രീതിയോടുള്ള എതിർപ്പ് എന്നിവയൊക്കെയാണ്.

സാധാരണ അനാഥാലയങ്ങളിൽ നിന്നും അഗതി മന്ദിരങ്ങളിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കണം എന്ന കുറ്റിക്കലച്ചന്റെ വാശിയാണ് ഇത്തരം ഒരു സമീപനത്തിന്റെ യഥാർത്ഥ കാരണം. ഇവിടെ ആരെയും അനാഥരായല്ല കാണുന്നത്. എല്ലാവരും മക്കളാണ്. അവരെ വിളിക്കുന്നതും അംഗീകരിക്കുന്നതും അങ്ങനെയാണ്. മക്കളുടെ ഭക്ഷണവും പഠനവും ചികിത്സയും ഒക്കെയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഭിക്ഷാടകരും കടത്തിണ്ണകളിലും തെരുവുകളിലും ഉറങ്ങിയിരുന്നവരുമാണ് കൂടുതൽ അന്തേവാസികളും. എന്നാൽ ആരുമില്ലാത്ത ആർക്കും ഇവിടെ പ്രവേശനം ഉണ്ട്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർ തെരുവിലിറങ്ങാതിരിക്കാൻ വേണ്ടിയാണ് ആകാശപ്പറവകൾ നടത്തുന്നത്. അതുകൊണ്ട് തന്നെ കല്ല്യാണപാർട്ടികളിലും വിരുന്നുകളിലും മിച്ചം വരുന്ന ഭക്ഷണം വാങ്ങി ഇവർ മക്കൾക്ക് കൊടുക്കില്ല. ആരെങ്കിലുമൊക്കെ ഉപയോഗിച്ച് കളഞ്ഞ വസ്ത്രങ്ങൾ ഇവിടെ മക്കൾക്ക് നൽകില്ല. അതേക്കുറിച്ച് ചോദിച്ചാൽ കുറ്റിയക്കലച്ചന് ഒറ്റ ചോദ്യമേയുള്ളൂ - നിങ്ങൾ നിങ്ങളുടെ മക്കൾക്ക് പഴയ വസ്ത്രങ്ങൾ നൽകുമോ എന്ന ചോദ്യം?

പച്ചക്കറി ചന്തകളിലും തുണിക്കടകളിലും സംഭവിക്കുന്നത്

വിദേശത്ത് നിന്നും ഒഴുകുന്ന പണത്തിൽ സിംഹഭാഗവും അടിച്ചു മാറ്റി കുറച്ചു പാവങ്ങൾക്ക് നൽകി കയ്യടി നേടി സാമൂഹ്യ പ്രവർത്തനം നടത്തുന്ന അനേകം പേർ ഉണ്ട് ഈ നാട്ടിൽ. എന്നാൽ ആകാശപ്പറവകളെ അക്കൂട്ടത്തിൽ പെടുത്തേണ്ട. ഒരൊറ്റ നയാപൈസ അവർ വിദേശത്ത് നിന്നും വരുത്തുന്നില്ല എന്നു പറയുമ്പോഴും അച്ചൻ ഓർത്തോർത്തു പറയും. വിദേശത്ത് ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾ അവരുടെ എൻആർഐ അക്കൗണ്ടിൽ നിന്നും പണം തരുന്നുണ്ട് എന്ന്. അത് വിദേശപ്പണം അല്ല, മലയാളികളുടെ തന്നെ പണം ആണ് എന്ന് ആരും പറയേണ്ടതില്ലല്ലോ. ഇവിടെ വിവാദമാകുന്നത് വിദേശ രാജ്യങ്ങളിൽ മിഷണറി പ്രവർത്തനം എന്ന വ്യാജേന ലഭിക്കുന്ന പണങ്ങൾ ദുരുപയോഗിക്കാറുണ്ടോ എന്നതാണ്. വിദേശത്ത് നിന്നും പണം സ്വീകരിക്കുന്നതിനുള്ള രജിസിട്രേഷൻ പോലും ആകാശപ്പറവകൾക്കില്ല എന്നതാണ് സത്യം. പിന്നെ എങ്ങനെയാണ് നിരവധി സെന്ററുകളിലെ ചെലവുകൾ നടത്തുന്നത് എന്ന ചോദ്യം ഉയരും.

ആകാശപ്പറവകളിലെ വൈദികരും വോളന്റിയേഴ്സും സ്നേഹബുദ്ധിയെ പിടിച്ചു മേടിക്കുന്നു എന്നു പറയുന്നതായിരിക്കും ഉചിതം. ആകാശപ്പറവകളിൽ പ്രവർത്തിക്കുന്ന നാടുകളിലെ നാട്ടുകാർ തന്നെയാണ് ഇവ മുൻപോട്ട് കൊണ്ടു പോകാൻ സഹായിക്കുന്നത്. പരിസരപ്രദേശങ്ങളിലെ പച്ചക്കറി മാർക്കറ്റിൽ ചെന്ന് ആവശ്യത്തിന് പച്ചക്കറിയുമായി പോന്നാൽ മതി, ആരും പണം ചോദിക്കില്ല. തുണിക്കടകളിൽ ചെന്നു മക്കൾക്ക് തുണി എടുത്താലും ആരും പണം ചോദിക്കില്ല. അത്രയ്ക്കും മനുഷ്യത്വമുള്ള അനേകം പേരാണ് ഇവരെ തീറ്റിപ്പോറ്റുന്നത്. സഹായം ചെയ്യുന്നവരുടെ ജാതിയും മതവും അച്ചനറിയില്ല. സഹായം കൈപ്പറ്റുന്ന പാവങ്ങളുടെ ജാതിയും അച്ചൻ നോക്കാറില്ല.

വിദേശത്ത് ജോലി ചെയ്യുന്നവരും വിവാഹ ജീവിതം നയിക്കുന്നവരും അനേകം

തെരുവിൽ കിടന്നു നരകിച്ച അനേകം പേർ ആകാശപ്പറവകളിലെ ശുശ്രൂഷയക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയിട്ടുണ്ട്. ആകാശപ്പറവകളിൽ ജീവിച്ചു ജോലിക്കാരായവരും ഉന്നത പഠനം നടത്തിയവരും ഏറെ. ഒട്ടേറെ പേർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. കുറ്റിക്കലച്ചനും ആകാശപ്പറവകളിൽ പ്രവർത്തിക്കുന്ന മറ്റു വൈദികരും വോളന്റിയർമാരും അവരുടെ ബന്ധങ്ങൾ പരമാവധി ഉപയോഗിച്ചാണ് ഇത്തരക്കാരെ നല്ല നിലയിൽ എത്തിക്കുന്നത്. ചെന്നായിപ്പാറയിൽ നിന്നും മാത്രം 18 പേർ വിവാഹം കഴിച്ചു കുടുംബ ജീവിതം നടത്തുന്നുണ്ട്. ഇവരൊക്കെ എന്തെങ്കിലും ഒക്കെ തരത്തിൽ ആകാശപ്പറവയുടെ പ്രചാരകരായി മാറുന്നു എന്നതാണ് സത്യം.

പൂണെയ്ക്ക് സമീപം പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ആശുപത്രിയുടെ അഡ്‌മിനിസ്ട്രേറ്ററും ലോകാരോഗ്യ സംഘടന അടക്കമുള്ള സംഘടനകളുടെ കൺസൾട്ടന്റുമായി പ്രവർത്തിക്കുന്ന മലയാളി വൈദികൻ ഫാ: ടോമി തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ''അച്ചൻ ഇടയ്ക്കിടെ വിളിച്ചു ഓരോ കുട്ടികളുടെ കാര്യം പറയും. അച്ചൻ പഠനം പൂർത്തിയാക്കിയ നിരവധി നേഴ്സുമാർക്ക് ജോലി വാങ്ങി കൊടുത്തിട്ടുണ്ട്. വളരെ നല്ലൊരു കുട്ടിയെ രണ്ട് ലക്ഷം രൂപ ഫീസ് വാങ്ങുന്ന ബോർഡിങ് സ്‌കൂളിൽ നിർത്തി സൗജന്യമായി പഠിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ കാര്യം അധികാര പൂർവ്വം അച്ചൻ ചുമതലപ്പെടുത്തി കഴിയുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല. അച്ചനെ പോലെ ആകാൻ എനിക്ക് സാധിക്കാത്തതുകൊണ്ടാണ് അച്ചന്റെ മക്കളുടെ ആവശ്യങ്ങൾ എന്നാൽ കഴിയുന്നത് ഞാൻ നടത്തി കൊടുക്കും'' ഫാ: ടോമി ഈ ലേഖകനോട് പറഞ്ഞു.

മതപരിവർത്തനം അജണ്ടയിൽ ഇല്ലെന്നും കുറ്റിക്കലച്ചനും മറ്റു വൈദികരും പറയുന്നു. ''എന്നാൽ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നവരാണ്. ക്രിസ്തീയ പ്രാർത്ഥനകളാണ് ഇവിടെ നടക്കുന്നത്. ഹിന്ദുവിനും മുസ്ലീമിനും പ്രാർത്ഥിക്കാനും ആരാധനയ്ക്കു പോകാനും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ ഒരിക്കലും ആരെയും മതം മാറ്റാറില്ല. ചിലർ ജീവിതത്തിലേക്ക് മടങ്ങിയശേഷം വീട്ടുകാരും ബന്ധുക്കളും ഒക്കെ ചേർന്ന് നിർബന്ധിച്ച് മതം മാറ്റിയിട്ടുണ്ട് എന്നു മറച്ച് വയ്ക്കുന്നില്ല. എന്നാൽ ഒരിക്കലും ആരുടെയും മതം അന്വേഷിക്കുകയോ അവരെ മാറ്റാൻ ശ്രമിക്കയോ ചെയ്തിട്ടില്ല. തെരുവിൽ നിന്നും കിട്ടുന്ന മിക്കവർക്കും അവരുടെ മതം അറിയുക പോലുമില്ല. കഴിയുന്നത്രയും ആളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു അവരുടെ കുടുംബാഗങ്ങളെ കണ്ടെത്തി തിരിച്ചയക്കാൻ ആണ് ശ്രമിക്കുന്നത്. എത്രയോ വർഷങ്ങളായി സ്വന്തം മതം ചെയ്തു ബന്ധുക്കളെ തേടുന്ന അനേകം പേർ ഞങ്ങളുടെ ആശ്രമങ്ങളിൽ ഉണ്ട്'' ചെന്നായിപ്പാറ സെന്ററിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ ഫാ: ജോർജ് പറയുന്നു.

ഭിക്ഷക്കാർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്ന വൈദികൻ

ഫാ: ജോർജ് കുറ്റിക്കൽ ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധൻ ആണ് എന്നാണ് അദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്. വൈദികൻ ആയപ്പോൾ മുതൽ സഭാ രീതികളിൽ നിന്നും മാറി നടന്നിരുന്ന ഒരു സാത്വികൻ ആയിരുന്നു അദ്ദേഹമെന്നാണ് അറിയാവുന്നവർ പറയുന്നത്. താൻ ഇപ്പോൾ ചെയ്യുന്നതെല്ലാം ഒരു തരത്തിൽ ദൈവീക ശുശ്രൂഷയായി തന്നെ അദ്ദേഹം കരുതുന്നു. സ്ഥാപനങ്ങൾ നടത്തിയും കെട്ടിടങ്ങൾ പണിതും കുർബാന ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും മാത്രം ജീവിച്ചാൽ ക്രിസ്തുവിന്റെ ശിഷ്യന്മാരാവില്ല എന്നാണ് കുറ്റിക്കലച്ചൻ പറയുന്നത്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുക. അവഗണിക്കപ്പെട്ടവരെ ആശ്വസിപ്പിക്കുക, ദരിദ്രരുടെ പട്ടിണി മാറ്റുക എന്നിവയൊക്കെയാണ് ക്രിസ്ത്യാനിയുടെ ചുമതലകൾ എന്ന് ജോർജ് അച്ചൻ വിശ്വസിക്കുന്നു. ധ്യാനഗുരുവായി നടന്ന ആദ്യ കാലങ്ങളിൽ ഈ ചിന്തയാണ് അദ്ദേഹം സഭാ വിശ്വാസികളിൽ കുത്തിവച്ചത്.

വ്യവസ്ഥാപിത സഭയുടെ ഭാഗമായി നിന്നു വൻകിട സ്ഥാപനങ്ങൾ നടത്താൻ വൈദികരും സഭാ നേതൃത്വവും മത്സരിച്ചപ്പോൾ ഒക്കെ അദ്ദേഹം പാവങ്ങൾക്കിടയിൽ ജീവിച്ചു മാതൃക കാട്ടി, യാത്ര ചെയ്തും പാവങ്ങളുടെ കണ്ണീരൊപ്പിയും നിശബ്ദനായി അദ്ദേഹം പ്രവർത്തിച്ചു. ഇന്നു ഈ വിവാദം ഉണ്ടാക്കുന്നത് വരെ ആകാശപ്പറവകളെയും ഫാ: കുറ്റിക്കലിനെയും ആരും അറിഞ്ഞിരുന്നില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ പ്രവർത്തന മികവവിന്റെ അടയാളമാണ്. ആരും അറിയാതെയാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ എല്ലാം. ഇത്രയധികം വിവാദങ്ങൾ ഉണ്ടായിട്ടു കൂടി അദ്ദേഹം അതേക്കുറിച്ചൊന്നും മനസ്സ് തുറക്കാൻ കൂട്ടാക്കിയില്ല എന്നതാണ് സത്യം. വിവരങ്ങൾ പലതും അറിയുന്നത് അന്വേഷണത്തിൽ നിന്നാണ്.

ഖത്തറിലെ പ്രമുഖ ദിനപത്രമായ ഗൾഫ് ടൈംസിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റും മുൻ ഇന്ത്യൻ എക്പ്രസ് ലേഖകനുമായ രമേഷ് മാത്യു തന്റെ അനുഭവം ഇങ്ങനെയാണ് വിവരിക്കുന്നത്: ഒരിക്കൽ ഞാൻ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കവേ കാഷായ വസ്ത്രം ധരിച്ച ഒരു വൈദികൻ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്ന ഭിക്ഷക്കാർക്കൊപ്പം ചെന്നിരിക്കുന്നത് കണ്ടു. വൈകാതെ അവരുടെ ഭക്ഷണം അവർക്കൊപ്പം ഇരുന്നു അദ്ദേഹവും കൂടി പങ്കിട്ടു അവരുടെ പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കാൻ സഹായിച്ചു. കുറേ നേരത്തിന് ശേഷം ഏതെങ്കിലും വീട്ടിൽ കിടന്നുറങ്ങാൻ താൽപ്പര്യം ഉള്ളവരാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരുന്നു. അവിടിരുന്ന ഭിക്ഷാടന സംഘം മുഴുവൻ അച്ചന്റെ കൈ പിടിച്ചു പുറത്തേക്ക് പോകുന്ന കാഴ്ചയാണ് ഞാൻ കണ്ടത്'' പിന്നീടാണ് ഇത് കുറ്റിക്കൽ അച്ചൻ ആണെന്ന് അറിഞ്ഞത്- രമേഷ് പറയുന്നു. പിന്നീട് ആകാശപ്പറവകളിലെ മഹാത്മ്യം രമേഷ് പലയിടങ്ങളിൽ നിന്നും മനസ്സിലാക്കിയിരുന്നു.

കഥ പറയുന്ന ജീവിതങ്ങൾ

മാനസികനില തെറ്റിയ 28 വയസുള്ള വികാസിനെ ആരൊക്കെയോ ചേർന്ന് മലയാറ്റൂരിന് അടുത്തുള്ള മാനസികരോഗികളെ സംരക്ഷിക്കുന്ന 'മാർ ഖലാഹ്ദയറ' എന്ന സെന്ററിൽ എത്തിച്ചു. രണ്ടു വർഷത്തെ ചികിത്സയും സ്നേഹത്തോടെയുള്ള പരിചരണവും അവന്റെ മാനസിക നിലയും ആരോഗ്യവും വീണ്ടെടുത്തു. സുബോധം തിരിച്ചു കിട്ടിയ ചെറുപ്പക്കാരൻ വീട്ടിലെ ഫോൺ നമ്പറും മേൽവിലാസവും ആശ്രമാധികൾക്ക് നൽകി. അവർ വീടുമായി ബന്ധപ്പെട്ടു. മരിച്ചു എന്ന് കരുതിയ മകൻ ജീവിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് സന്തോഷമായി. ഇവിടെ നിന്നും വോളന്റിയർ ട്രെയിൻ മാർഗ്ഗം ജന്മദേശമായ കൊൽക്കത്തയിലേക്ക് യാത്രയായി. ഗ്രാമത്തിൽ ചെന്നിറങ്ങുമ്പോൾ വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ഉത്സവം. സ്വീകരിക്കാൻ എത്തിയ ഗ്രാമവാസികളോട് യുവാവ് ആശ്രമത്തെപ്പറ്റിയും തന്നെ പരിചരിച്ചവരെപ്പറ്റിയും വാതോരാതെ പറഞ്ഞു. അപ്പോൾത്തന്നെ ആ ഉത്സവ സ്റ്റേജിൽ വികാസിനെ കയറ്റിനിർത്തി അവന്റെ അനുഭവം അവർ പങ്കു വയ്‌പ്പിച്ചു.

മറ്റൊരു സംഭവം: ജലന്തർ സ്വദേശിയായ ഗംഗാറാം മാനസികനില തെറ്റി ആശ്രമത്തിൽ എത്തിപ്പെട്ടു. അദ്ദേഹവും ചികിത്സകൾക്കുശേഷം രോഗം സുഖമായ വീട്ടിൽ വിവരം ധരിപ്പിച്ചു. ഗംഗാറാം മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകൾ പോലും വീട്ടുകാർ നടത്തിയിരുന്നു. ഇദ്ദേഹം തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കെട്ടിച്ചയച്ച പെൺമക്കളും മറ്റു ബന്ധുക്കളും വീട്ടിലെത്തി. ഇദ്ദേഹത്തെ സ്വീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഗംഗാറാമിന്റെ ജീവിത കഥ പഞ്ചാബി പത്രങ്ങളുടെ ഒന്നാം പേജിലാണ് അന്ന് അച്ചടിച്ചു വന്നത്.

ഒഡീഷയിൽ സുന്ദർഗാർ ജില്ലയിൽ ഒരു ഉയർന്ന പൊലീസ് ഓഫീസറുടെ ഭാര്യ ഭർത്താവിന്റെ മരണശേഷം മക്കൾ ഇല്ലാത്തതുകൊണ്ട് ഭർതൃവീട്ടുകാർ സ്വത്ത് തട്ടിയെടുക്കുന്നതിനുവേണ്ടി ഈ സ്ത്രീയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടവർ വീട് വിട്ടിറങ്ങി. മൂന്നുവർഷങ്ങൾക്കുശേഷം ഒരു ദിവസം കാഞ്ഞങ്ങാട് തെരുവിൽ നിന്ന് മാനസികനില തെറ്റിയ നിലയിൽ കണ്ടുകിട്ടിയപ്പോൾ കാഞ്ഞങ്ങാടുള്ള ആകാശപ്പറവകളുടെ സ്നേഹാലയത്തിൽ എത്തിച്ച് ചികിത്സ നൽകി. ആറുമാസത്തിനുശേഷം സൗഖ്യം കിട്ടി, മേൽവിലാസം വാങ്ങി ഭർത്താവിന്റെ വീട്ടിൽ എത്തിക്കാതെ അതേ ജില്ലയിൽ തന്നെയുള്ള ഇവരുടെ ഭവനത്തിൽ എത്തിച്ചു. ഇവരും മരിച്ചുപോയതായി കരുതിയ വീട്ടുകാർ പറഞ്ഞു: ''നിങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവം.''

ബോംബെയിൽ ട്രെയിനിൽ ഭിക്ഷാടനം നടത്തിയ നാലു വയസ്സുകാരിയെ ആകാശപ്പറവയിലെ ഒരു പ്രേഷിത ജമ്മുവിലെ ഒരു ആശ്രമത്തിൽ എത്തിച്ചു. മരിയ എന്ന് പേര് നൽകി. ജമ്മുവിലും മറ്റ് വിവിധ ആശ്രമങ്ങളിലും സേവനം ചെയ്തതിന് ശേഷം കഴിഞ്ഞ വർഷം ജമ്മു ഇടവകയിലെ വികാരിയച്ചനും ഇടവകാംഗങ്ങളും മുൻകൈയെടുത്ത് അവളുടെ വിവാഹം നടത്തി (22 വയസ്). ഇന്നവൾ നല്ലൊരു കുടുംബിനിയാണ്.

ഇത്തരത്തിലുള്ള അനേകം അനുഭവങ്ങൾ ഫാ: ജോർജ് കുറ്റിക്കൽ എംസിബിഎസ് എന്ന കുറ്റിക്കലച്ചന് പങ്കുവയ്ക്കാനുണ്ട്. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 23 വർഷം കഴിയുന്നു. ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിൽ മദർ തെരേസയാണ് ഉദ്ഘാടനം ചെയ്തത്. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ച് കഴിഞ്ഞ അനേകർക്ക് ജീവിതാവസാനം സമാധാനമായി ചെലവഴിക്കാൻ ഈ സ്ഥാപനങ്ങൾ കാരണമായി. പ്രിയപ്പെട്ടവർ മരിച്ചെന്ന് കരുതിയ പലർക്കും അവരെ തിരികെ ലഭിച്ചു. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120 ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ.

സഭയ്ക്കുള്ളിലും എതിർപ്പുകൾ ശക്തം

മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി കുറ്റക്കലച്ചനെതിരെയും ആകാശപ്പറവയ്ക്കെതിരെയും ശബ്ദങ്ങൾ ഉയർത്തുന്ന പലരും അറിയാതെ പോകുന്നത് അദ്ദേഹം സഭയ്ക്ക് അത്ര പ്രിയപ്പെട്ടവൻ അല്ല എന്ന വസ്തുതയാണ്. ഇത്രയും വലിയൊരു പ്രസ്ഥാനം വ്യവസ്ഥാപിത രീതിയിൽ നടത്തുകയാണെങ്കിൽ കോടികൾ വിദേശത്ത് നിന്നും സഹായമായി വാങ്ങാമെന്നിരിക്കെ അതിന് സമ്മതിക്കാത്ത മനോഭാവം തന്നെയാണ് പ്രധാന പ്രശ്നം. ഒരു വരുമാനവും ഇല്ലാതിരിക്കുകയും സഭയുടെ പണം ഇടയ്ക്കിടെ നൽകേണ്ടി വരുകയും ചെയ്യുന്ന നഷ്ടക്കച്ചവടത്തോട് വലിയ താൽപ്പര്യം കുറ്റിക്കലച്ചന്റെ സഭയായ എംസിബിഎസിനില്ല. പലപ്പോഴും അച്ചന്റെ ശുശ്രൂഷകൾക്ക് ആവശ്യത്തിന് വൈദികരെ നൽകാൻ പോലും സഭ മടി കാണിക്കാറുണ്ട്. ആകാശപ്പറവകൾ എന്ന സങ്കൽപ്പം ഇഷ്ടപ്പെട്ട് മാത്രം വൈദികനായ ഒരു വൈദികനെ കുറ്റിക്കലച്ചനോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതിന്റെ പേരിൽ സഭയിൽ മുൻപ് ഒരു വിവാദം വരെ ഉണ്ടായിട്ടുണ്ട്.

അച്ചൻ ആരംഭിച്ച ഒരു സന്ന്യാനി സമൂഹവും സഭാ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഈ സമൂഹത്തിന് സഭാ നേതൃത്വം ഇനിയും അനുമതി നൽകിട്ടില്ല. ഉടമ്പടിയുടെ സഹോദരങ്ങൾ എന്ന് പേര് നൽകി അച്ചൻ മലയാറ്റൂരിന് സമീപം ഒരു ആശ്രമം നടത്തുന്നുണ്ട്. ഭൗതിക ജീവിതത്തോടു മടുപ്പ് തോന്നി അനേകം ചെറുപ്പക്കാർ അച്ചനൊപ്പം പ്രവർത്തിക്കുന്നു. തെരുവിൽ കഴിയുന്നവരെ കണ്ടെത്തി ശുശ്രൂഷിക്കുക മാത്രമാണ് ഇവരുടെ ധർമ്മം. ചാക്കുടുത്തായിരുന്നു ആദ്യം ഇവർ നടന്നിരുന്നത്. സഭയിലെ കടുത്ത എതിർപ്പിനെ തുടർന്ന് കഠിനമേറിയ പരുത്തി വസ്ത്രമാണ് ഇപ്പോൾ ധരിക്കുന്നത്. വ്യവസ്ഥാപിത രീതികളോട് പുറന്തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഈ സമൂഹത്തിന് സഭാ നേതൃത്വം ഇനിയും അംഗീകാരം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരൊക്കെ വോളന്റീയർമാരായി മാത്രം പ്രവർത്തിക്കുന്നു.

വൻതോതിൽ വിദേശഫണ്ട് പറ്റുന്ന ആഗോള സംഘടനയൊന്നുമായിരുന്ന ആകാശപ്പറവകൾ. വിദേശ ക്രിസ്ത്യൻ മിഷിണറി സംഘടനകൾ ഞങ്ങൾക്ക് ഫണ്ട് നല്കാറില്ലായിരുന്നു. സഹായം നൽകുന്നത് വിദേശത്തെ പ്രവാസികൾ അടക്കമുള്ളവരാണ്. കല്യാണ വീടുകളിൽ നിന്നും മറ്റുമാണ് പലപ്പോഴും ആകാശപ്പറവകളിലെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്നത്. യാചകർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ വലിയൊരു ദൗത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

വീടുകളില്ലാത്തവർ.. ബനധുക്കളില്ലാത്തവർ..സുഹൃത്തുക്കളില്ലാത്തവർ.. റേഷൻകാർഡുകളോ തിരഞ്ഞെടുപ്പുകാർഡുകളോ ഇല്ലാത്തവര്..വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർ..ഇങ്ങനെ ആർക്കു വേണ്ടാത്തവർക്ക് വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള വരാണ് ആകാശപ്പറവകളിലെ അന്തേവാസികൾ. യാചകരെ പുനരധിവസിപ്പിക്കുന്നതിൽ ഏറെ സ്തുത്യർഹമായ സേവനമാണ് ഈ സംഘടന പലപ്പോഴും കാഴ്‌ച്ചവെക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് കീഴിലാണ് ആകാശപ്പറവകളുടെ പ്രവർത്തിത്ത്.

1994 ൽ മദർ തെരേസ തൃശൂരിനടുത്തുള്ള ചെന്നായ്‌പ്പാറയിൽ ആകാശപ്പറവകളുടെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ഭാരത്പ്പൂർ പക്ഷി സങ്കേതം സന്ദർശിച്ചതാണ് തന്റെ ശുശ്രൂഷയ്ക്ക് ആകാശപ്പറവകൾ എന്ന് പേരിടാൻ കാരണമായത്. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രമായി 26 സ്ഥാപനങ്ങളുണ്ട്. ഡൽഹി, ജമ്മുകാശ്മീർ,പഞ്ചാബ് എന്നിവിടങ്ങളിലായി വേറെയും. 25 വർഷം പിന്നിട്ട സ്ഥാപനത്തിന് കീഴിൽ അഗതികളായി ആയിരങ്ങൾ കഴിയുന്നുണ്ട്.

ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിലാമ് തുടങ്ങിയത്. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ. ജോർജ് കുറ്റിക്കലച്ചൻ എം.സി.ബി.എസ് സഭാംഗമായിട്ട് 38 വർഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് അദ്ദേഹം. താൻ തുടങ്ങിയ പ്രസ്ഥാനം നല്ല രീതിയിൽ മുന്നേറുന്നു എന്ന ആശ്വാത്തോടെയാണ് കുറ്റിക്കലച്ചൻ ഈ ലോകത്തു നിന്നും വിടപറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP