Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാര്യങ്ങൾ കൃത്യമായി അഭിനയിച്ചു കാണിക്കും; സിറ്റുവേഷനുകൾ അപാരമായി മനസ്സിലാക്കും; ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി കാര്യങ്ങൾ പങ്കുവയ്ക്കാം; രാമലീലയുടെ സംവിധായകനിൽ ഒരു നടനുണ്ട്; അതിമാനുഷികനാകില്ല ഈ കഥാപാത്രം; പരിചയക്കാരന്റെ ജീവിത്തിൽ സംഭവിച്ചതാകും സിനിമ; അരുൺ ഗോപിയെ നായകനാക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടനോട് പങ്കുവച്ച് സംവിധായകൻ രതീഷ് രഘുനന്ദനൻ

കാര്യങ്ങൾ കൃത്യമായി അഭിനയിച്ചു കാണിക്കും; സിറ്റുവേഷനുകൾ അപാരമായി മനസ്സിലാക്കും; ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി കാര്യങ്ങൾ പങ്കുവയ്ക്കാം; രാമലീലയുടെ സംവിധായകനിൽ ഒരു നടനുണ്ട്; അതിമാനുഷികനാകില്ല ഈ കഥാപാത്രം; പരിചയക്കാരന്റെ ജീവിത്തിൽ സംഭവിച്ചതാകും സിനിമ; അരുൺ ഗോപിയെ നായകനാക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടനോട് പങ്കുവച്ച് സംവിധായകൻ രതീഷ് രഘുനന്ദനൻ

ആവണി ഗോപാൽ

കൊച്ചി: രാമലീലയെന്ന ദിലീപ് സിനിമ എല്ലാ അർത്ഥത്തിലും ഒരു വമ്പൻ ഹിറ്റ് തന്നെയായിരുന്നു. പ്രേക്ഷകരുടെ സിനിമക്ക് പുറത്തുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരിക എന്ന ഒരു വല്ലാത്ത വിധി പേറേണ്ടി വന്ന സിനിമ. പക്ഷെ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഏക ലക്ഷ്യത്തിൽ നിന്നും ഒരുപാട് സാഹചര്യങ്ങളെ മാറ്റിമറിക്കുക എന്ന ഹിമാലയൻ ദൗത്യം രാമലീല എന്ന ചിത്രം പൂർത്തിയാക്കിയത് അരുൺ ഗോപിയെന്ന സംവിധായകന്റെ മിടുക്ക് കൊണ്ടാണ്.

അരുൺഗോപിയുടെ അഞ്ചുവർഷത്തെ പരിശ്രമഫലമായിരുന്നു രാമലീല. അതും പ്രതിസന്ധികളുടെയും ഭീഷണികളുടെയും നടുവിലാണ് സിനിമറിലീസ് ചെയ്തത്. നായകൻ ദിലീപ് ആകട്ടെ ജയിലിലും. സിനിമ. അനിശ്ചിതത്വങ്ങൾക്ക് നടുവിലും സിനിമ പ്രേക്ഷകർ സ്വീകരിച്ചു. മലയാളത്തിൽ ഇതുവരെ ഒരു സംവിധായകനും കടന്നുപോകാത്ത അത്ര കലുഷിതമായ അന്തരീക്ഷത്തിലാണ് അരുൺഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല ഇറങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായയും അറസ്റ്റിലായതുമായിരുന്നു ഇതിന് കാരണം.

രാമലീലയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി വീണ്ടുമെത്തുന്നുവെന്ന വാർത്തയുമെത്തി. അതിനിടെയാണ് അരുൺ ഗോപി നായകനാകുന്ന സിനിമ ഒരുങ്ങുന്നത്. മോഹൻലാൽ സിനിമയുടെ കാര്യത്തിൽ അന്തിമ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. അതിനിടെയാണ് രാമലീല സംവിധായകൻ നായകനാകാൻ സമ്മതം മൂളുന്നത്. അടുത്ത സിനിമയുടെ സംവിധാനത്തിന് ശേഷമായിരിക്കും അഭിനയമെന്നാണ് ലഭിക്കുന്ന സൂചന. ജെയിംസ് ആൻഡ് ആലീസ്, പോക്കീരി സൈമൺ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് കൃഷ്ണൻ സേതുകുമാർ.

ദിലീപ് എന്ന താരത്തിന്റെ അതിജീവനം സാധ്യമാക്കിയ ചിത്രം എന്ന നിലയിൽ തന്നെയാണ് രാമലീല ഓർത്തിരിക്കുന്നത്. ചിത്രം കണ്ട ആമീർ ഖാൻ പറഞ്ഞതും അത് തന്നെ - ദിലീപ് ഈസ് ദ അൾട്ടിമേറ്റ് സ്റ്റാർ. അതുൽ കുൽക്കർണി അത് അരുൺ ഗോപിയെ വിളിച്ചറിയിക്കുകയും ചെയ്തു. അങ്ങിനെ ഏതൊരു വമ്പൻ താരവും പ്രാപ്യമാണെന്നിരിക്കെ, രണ്ടാമത്തെ ചിത്രം മോഹൻലാലിനൊപ്പമെന്ന് അനൗൺസ് ചെയ്ത അരുൺ ഗോപി വീണ്ടും ഞെട്ടിച്ചത് നായകനാകാനുള്ള തീരുമാനത്തിലൂടെയായിരുന്നു.

2017 ൽ മലയാള സിനിമാ ലോകം ഏറ്റവും ചർച്ച ചെയ്ത വിഷയമായിക്കഴിഞ്ഞു അരുൺ ഗോപിയുടെ നടനായുള്ള അരങ്ങേറ്റം. മാത്രമല്ല, 2018ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുന്നു ഈ ചിത്രം. ഈ പശ്ചാത്തലത്തിൽ അരുൺ ഗോപിയെ നായകനാക്കി ചിത്രമൊരുക്കുന്ന സംവിധായകൻ രതീഷ് രഘുനന്ദൻ സംസാരിക്കുന്നു.

അരുൺ ഗോപി നായകനാകുന്നു എന്നത് ഒരു വാർത്തയാണ് എന്നതു കൊണ്ടായിരുന്നോ മാധ്യമ പ്രവർത്തകൻ കൂടിയായ താങ്കളുടെ ഈ തീരുമാനം ?

ഒരിക്കലുമല്ല, ഇത് എന്റെ മാത്രം തീരുമാനവുമല്ല. നായകന്റെ പേരിൽ പ്രോജക്ടുകൾക്ക് ഹൈപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ അതുമാത്രം പോരല്ലോ സിനിമക്ക്. തീയറ്ററിലെത്തുന്നവരെ തൃപ്തിപ്പെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യം. അതിന് എല്ലാം കൃത്യമായി സിനിമയിലേക്ക് ചേരണം. വാർത്തകൾ കൊണ്ടോ സോഷ്യൽ മീഡിയ പ്രചാരണം കൊണ്ടോ മാത്രം രക്ഷപ്പെട്ട സിനിമകളുമില്ല. അരുൺ ഗോപി മോഹൻലാൽ ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഞാനാണ്. അത് ഒരു വലിയ പ്രോജക്ടുമാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ഞങ്ങൾ. അപ്പോൾ മനസിലായതാണ് അരുൺ ഗോപിയിലൊരു നടനുണ്ട് എന്നത്.

കാര്യങ്ങൾ കൃത്യമായി അഭിനയിച്ചു കാണിക്കുന്ന, ചില സിറ്റുവേഷനുകൾ അപാരമായി മനസിലാകുന്ന ചുരുങ്ങിയ വാക്കുകൾ കൊണ്ട് കൃത്യമായി നമുക്ക് കാര്യങ്ങൾ പങ്കുവയ്ക്കാനാകുന്ന നടനുണ്ട് അരുണിൽ. ആ ചർച്ചകൾക്കിടയിലാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമയുടെ കഥ ഞാൻ പറയുന്നത്. കഥ വളരെ ഇഷ്ടപ്പെട്ട അരുൺ ഗോപി അടുത്ത ദിവസമാണ് തനിക്ക് എങ്ങിനെ ഈ ചിത്രത്തിന്റെ ഭാഗമാകാനാകുമെന്ന് ചോദിക്കുന്നത്. എങ്കിൽ നായകനായിക്കൂടെയെന്ന് ഞാൻ ചോദിച്ചു. സമ്മർദ്ദമുണ്ടാക്കുന്നതാണെങ്കിലും സമ്മതമെന്നായിരുന്നു അരുണിന്റെ മറുപടി.

രാമലീല പോലെയൊരു വമ്പൻ വിജയം. മോഹൻലാലുമൊത്ത് രണ്ടാമത്തെ ചിത്രം, താങ്കൾ തന്നെ തിരക്കഥയെഴുതുന്ന വമ്പൻ പ്രോജക്ട്. ഇങ്ങനെ സിനിമയിലെ സുരക്ഷിതമായ അവസ്ഥയിൽ നിന്നും പെട്ടന്ന് നായകനാകാൻ അരുൺ ഗോപി തീരുമാനിച്ചതിന് പിന്നിൽ ?

അത് അരുണിനോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാൻ മനസിലാക്കുന്നത് അരുണിന് വളരെ കൺവീൻസിങ് ആകുന്ന രീതിയിൽ മികച്ച ഒരു കഥ എനിക്ക് പറയാനായി. സംവിധായകൻ കൂടിയായ അരുൺ ഗോപി അതിലെ സാധ്യതകളെ മനസിലാക്കി. അതാണ് കാര്യം. പിന്നെ ഒരു പുതുമുഖ നായകന്റെ റിസ്‌ക് അരുൺ ഗോപിയുടെ കാര്യത്തിൽ ഇല്ല.

കാരണം അരുണിപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനാണ്. നായകനായാലും അരുൺ ഗോപിയിലെ സംവിധായകൻ അങ്ങിനെ തന്നെ തുടരും. അതുകൊണ്ട് അരുണിന്റെ മലയാള സിനിമയിലെ സ്പേസിന് കോട്ടം വരികയൊന്നുമില്ല.

പരിചയക്കാരന്റെ ജീവിതാനുഭവം സിനിമയാക്കുന്നു എന്ന് പറഞ്ഞു, അപ്പോൾ ബയോപിക് സ്വഭാവത്തിലുള്ളതാണോ ചിത്രം ?

ഒരിക്കലുമല്ല. ഒരു യാത്രയിൽ പരിചയപ്പെട്ട് സുഹൃത്തായി മാറിയ ഒരു ചെറുപ്പക്കാരൻ അയാളുടെ ജീവിതത്തിലുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞു. അവിശ്വസനീയമെന്ന് ഒറ്റവാക്കിൽ പറയാവുന്ന സംഭവപരമ്പരയായിരുന്നു അത്. അത് അതേപടി പകർത്തുകയല്ല, മറിച്ച് അതിൽ നിന്നും ഒരു സിനിമയുണ്ടാകുകയാണ് ചെയ്തത്. സിനിമക്കാവശ്യമായ എല്ലാം ഉൾക്കൊള്ളുന്ന വിധത്തിലാണ് നമ്മൾ അത് പറയുന്നത് എന്നു മാത്രം. ബയോപിക് അല്ല.

ഇന്റലിജന്റ് ത്രില്ലർ എന്നു പറഞ്ഞു കേട്ടു, എന്താണ് സിനിമയുടെ വിഷയം. കഥയല്ലേ പറയാൻ പറ്റാത്തത്. വിഷയം പറയാമല്ലോ?

ഇല്ല. ഈ സിനിമയുടെ വിഷയവും പറയാനാകില്ല. പ്രേക്ഷകർ തീയറ്ററിലെത്തി മനസിലാക്കുന്നത് ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സഹായിക്കുമല്ലോ.

സിനിമയുടെ പേര് നിശ്ചയിച്ചോ ?

രണ്ട് ടൈറ്റിലുകളാണ് ഞങ്ങളുടെ പരിഗണനയിലുള്ളത്. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ഒന്ന്. അതല്ല, അക്കാര്യത്തിലും സസ്പെൻസ് നിലനിർത്താനാണ് തീരുമാനം എങ്കിൽ രണ്ടാമത്തെ പേരിലേക്ക് പോകും. എല്ലാം കൂട്ടായ ചർച്ചകളിലൂടെ തീരുമാനിക്കും.

മറ്റു താരങ്ങളും സാങ്കേതിക പ്രവർത്തകരും ?

എല്ലാവരുടെയും കാര്യത്തിൽ തീരുമാനമായിക്കഴിഞ്ഞു. മോഷൻ പോസ്റ്ററോട് കൂടി അക്കാര്യങ്ങൾ പങ്കുവയ്ക്കാനാണ് ഉദ്ദേശ്യം

മാധ്യമ പ്രവർത്തനം പാടെ ഉപേക്ഷിച്ചോ ?

സിനിമയും മാധ്യമ പ്രവർത്തനം തന്നെയല്ലേ. ഒരുപാട് കാലമായി വാർത്തകളുടെ ലോകത്ത് ഉണ്ട്. ഏറെ ആഗ്രഹിച്ച് എത്തിയതാണ് ആ മേഖലയിൽ. അത്രവേഗം അവസാനിപ്പിക്കാവുന്നതല്ല അത്.

അമൃതാ ടിവി, മീഡിയാ വൺ, റിപ്പോർട്ടർ, ദുബായ് റേഡിയോ ഏഷ്യാ എന്നീ സ്ഥാപനങ്ങളിൽ ജോലി നോക്കിയിട്ടുണ്ട് രതീഷ് രഘുനന്ദൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP