Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടി നോട്ടയ്ക്കും പിന്നിൽ; ആർകെ നഗറിൽ തോറ്റ് തുന്നംപാടി നാണം കെട്ട് മോദിയുടെ സ്വന്തം ബിജെപി; കരു നാഗരാജന് കെട്ടിവച്ച കാശും മാനവും പോയി; പാർട്ടിക്കുള്ളിൽ കലാപത്തിനൊരുങ്ങി സുബ്രഹ്മണ്യം സ്വാമി; തമിഴകത്ത് ബിജെപി പ്രതീക്ഷകൾക്ക് ഇനി അസ്തമയ കാലം; ഡിഎംകെയേയും ഫലം തളർത്തും; സ്റ്റൈൽമന്നന്റെ അവതാരപ്പിറവിക്കായി കാതോർത്ത് ദ്രാവിഡ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടി നോട്ടയ്ക്കും പിന്നിൽ; ആർകെ നഗറിൽ തോറ്റ് തുന്നംപാടി നാണം കെട്ട് മോദിയുടെ സ്വന്തം ബിജെപി; കരു നാഗരാജന് കെട്ടിവച്ച കാശും മാനവും പോയി; പാർട്ടിക്കുള്ളിൽ കലാപത്തിനൊരുങ്ങി സുബ്രഹ്മണ്യം സ്വാമി; തമിഴകത്ത് ബിജെപി പ്രതീക്ഷകൾക്ക് ഇനി അസ്തമയ കാലം; ഡിഎംകെയേയും ഫലം തളർത്തും; സ്റ്റൈൽമന്നന്റെ അവതാരപ്പിറവിക്കായി കാതോർത്ത് ദ്രാവിഡ രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം പൊളിച്ചെഴുതാനാണ് ബിജെപി ശ്രമിച്ചത്. ഇതിന് പല തന്ത്രങ്ങൾ മുന്നിൽ കണ്ടു. രജനികാന്തിനെ രംഗത്തിറക്കുകയായിരുന്നു അതിലൊന്ന്. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും രജനി തങ്ങൾക്കൊപ്പം വരുമോ എന്ന സംശയം ബിജെപിക്കുണ്ട്. ഈ ആശങ്ക അതിശക്തമാക്കുന്നതാണ് ആർ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഇവിടെ ടിടിവി ദിനകരൻ ജയിക്കുന്നു. ബിജെപിക്ക് നോട്ടയ്ക്കും പ്രാദേശിക കക്ഷികൾക്കും പിന്നിലാണ് സ്ഥാനം. ഇതോടെ തമിഴകത്ത് ബിജെപിയുടെ പ്രതീക്ഷകൾ തെറ്റുകയാണ്.

കരു നാഗരാജനെ പോലെ അറിയപ്പെടുന്ന വ്യക്തിയെ സ്ഥാനാർത്ഥിയായി കിട്ടിയിട്ടും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെ ഇറക്കിയിട്ടും ബിജെപി നോട്ടക്കും പിന്നിലായി. 1417 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നോട്ടക്കാകട്ടെ 2373 വോട്ടുകൾ ലഭിക്കുകയും ചെയതു.

ജയലളിതയുടെ മരണത്തിന് ശേഷം ശശികലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ കരു നാഗരാജൻ ഉന്നയിച്ചിരുന്നു. രജനികാന്തിന്റെ പിന്തുണ തനിക്കാണെന്ന് പോലും പ്രചരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് രജനി തന്നെ ഇത് തിരുത്തി. അത്തരത്തിലെ തന്ത്രങ്ങൾ പോലും വോട്ട് കൂട്ടാൻ ബിജെപി മുന്നോട്ട് വച്ചു. എങ്ങനേയും തമിഴ്‌നാട്ടിലെ മൂന്നാം ബദലാവുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ ഡിഎംകെയേയോ എഐഡിഎംകെയേയോ ദേശീയ തലത്തിൽ സഖ്യക്ഷിയാക്കുക. അല്ലാത്ത പക്ഷം രജനിയുടെ പാർട്ടി. അങ്ങനെ തമിഴ്‌നാട്ടിലും എൻഡിഎ ഭരണമെത്തിക്കുക. ഇതായിരുന്നു മോദിയുടെ ലക്ഷ്യം.

തമിഴ്‌നാട്ടിൽ എംജിആർ യുഗം തുടങ്ങിയ ശേഷം ദ്രാവിഡ രാഷ്ട്രീയത്തിനാണ് മേൽകോയ്്മ. കോൺഗ്രസിന് പോലും കാര്യമായൊന്നും ചെയ്യാനായില്ല. മൂപ്പനാർ ഉയർത്തിയ ദേശീയ രാഷ്ട്രീയം മാത്രമാണ് അൽപ്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ജയലളിത മരിച്ചതോടെ ദ്രാവിഡ മുന്നേറ്റത്തിന് കരുത്തനായ നേതാവില്ലാത്ത അവസ്ഥയായി. കരുണാനിധി രോഗക്കിടക്കിയിലായതും ഡിഎംകെയിലെ മക്കൾ പോരും എല്ലാം മുതലാക്കാമെന്ന് മോദിയും അമിത് ഷായും കരുതി. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് തന്ത്രങ്ങൾ മെനയാനായിരുന്നു അമിത് ഷായുടെ തീരുമാനം. ആർകെ നഗറിലെ തോൽവി ഈ നീക്കമെല്ലാം പൊളിക്കും. ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടിക്ക് നോട്ടയ്ക്ക് പിന്നിലാണ് സ്ഥാനം-സുബ്രഹ്മണ്യം സ്വാമിയുടെ കളിയാക്കൽ എത്തിക്കഴിഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ ജയിച്ചിരുന്നു. രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയാവുകയും ചെയ്തു. മോദിയുമായി അടുക്കാൻ അഗ്രഹിച്ച സുബ്രഹ്മണ്യം സ്വാമിക്ക് ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. രാജ്യസഭാ എംപിയായുള്ള നോമിനേഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. തമിഴ്‌നാട്ടിലെ ബിജെപിയിൽ പോലും സ്വാമിയെ ആരും അടുപ്പിച്ചില്ല. ശശികലയോടും ദിനകരനോടും അടുപ്പം കാട്ടി സ്വാമി പ്രസ്താവനകളും ഇറക്കി. എന്നാൽ ഇതൊന്നും ആരും കാര്യമായെടുത്തില്ല. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യം സ്വാമി എതിർ ശബ്ദം കൂടുതൽ ശക്തമാക്കുന്നത്. ഈ മുതിർന്ന നേതാവ് ബിജെപി വിടാനും സാധ്യത ഏറെയാണ്.

ഈ മാസം അവസാനം രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിക്കും. ഈ പാർട്ടിയും ബിജെപിയുമായി അകലം പാലിക്കാനാണ് സാധ്യത. സ്വന്തമായി തമിഴകത്ത് കാലുറപ്പിക്കാൻ രജനിക്ക് കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ് ആർകെ നഗറിലെ ഫലം. ഡിഎംകെ തകർന്നത് ഇതിന് കരുത്ത് കൂട്ടുന്നു. മികച്ച പ്രതിപക്ഷമായി മാറാൻ ഡിഎംകെയ്ക്ക് ആയില്ലെന്നതിന്റെ തെളിവായി ഈ പരാജയത്തെ കരുണാനിധിയുടെ മകൾ കൂടിയായ കനിമൊഴി വിലയിരുത്തും. 2ജിയിൽ കുറ്റവിമുക്തയായ കനിമൊഴി സഹോദരൻ കൂടിയായ സ്റ്റാലിനെതിരെ രംഗത്ത് വരാനും സാധ്യതയുണ്ട്. ഇത് ഡിഎംകെയെ കൂടുതൽ ദുർബലനാക്കും. ഇവിടെയാണ് രജനിക്ക് തമിഴക രാഷ്ട്രീയത്തിൽ സാധ്യതകൾ തുറന്നിടുന്നത്. 

ദിനകരൻ ആർകെ നഗറിൽ ജയിച്ചു. പക്ഷേ തമിഴ്‌നാട്ടിൽ ഉടനീളം ദിനകരന് സ്വാധീനമില്ല. ആർ കെ നഗറിലേത് പണ സ്വാധീനത്തിന്റേയും വിജയമാണ്. ഇവിടെയാണ് രജനിയുടെ സാധ്യതകൾ. ആരാധക പിന്തുണയിൽ ഒന്നാമതുള്ള സൂപ്പർതാരം അവതാരപ്പിറവിയെടുത്താൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയം രജനിയുടെ വഴിക്ക് വരുമെന്നാണ് വിലയിരുത്തൽ. ആർകെ നഗറിൽ എന്തു സംഭവിക്കുമെന്ന് രജനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കരു നാഗരാജന്റെ ചതിയിൽ വീഴാതിരിക്കാൻ പരസ്യമായി രജനി പ്രതികരിച്ചത്. തന്റെ പിന്തുണ ആർകെ നഗറിൽ ആർക്കുമില്ലെന്ന് തന്നെ രജനി തുറന്നു പറഞ്ഞിരുന്നു. ബിജെപി നോട്ടയ്ക്ക് പിന്നിൽ പോകുമ്പോൾ ഈ പരസ്യ നിലപാട് പ്രഖ്യാപനം രജനിക്ക് തുണയാകും.

യുദ്ധം വരുമ്പോൾ നമ്മുക്ക് ഒരുമ്മിക്കാം.. എന്നു പറഞ്ഞായിരുന്നു രജനീകാന്ത് തന്റെ ആരാധകരുമായുള്ള അവസാന സംഗമം പിരിഞ്ഞത്. ഇതിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്ക് ചുവടുകൾ വെയ്ക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമായത്. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. ഡിസംബർ 26 മുതൽ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നുവരെയാണ് താര-ആരാധക കൂടിക്കാഴ്ച നടക്കുന്നത്.

കഴിഞ്ഞ മേയിൽ നടന്ന ആരാധക സംഗമത്തിൽ ദൈവഹിതമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലെത്തുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നമാണ് രജനികാന്ത് വ്യക്തമാക്കിയത്. എന്നാൽ അതിനു പിന്നാലെ ഡിസംബർ 12 ന് തന്റെ പിറന്നാൾ ദിനത്തിൽ താരം ആരാധകരെ കാണാൻ തയാറായിരുന്നില്ല. ഇനി വരുന്ന കൂടിക്കാഴ്ചയിൽ രജനിയുടെ രാഷ്ട്രീയപ്രവേശന നിലപാട് വ്യക്തമാക്കുമോ എന്നാണ് സിനിമാ-രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് രജനിയുടെ മനസ്സിനെ സ്വാധീനിക്കാൻ ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലമെത്തുന്നത്. ശശികലയാണ് ഇവിടെ വിജയെങ്കിലും തമിഴകത്താകെ അവർക്കെതിരായ വികാരം സജീവമാണ്. ഇത്് രജനിക്ക് തുണയാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP