Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭചിദ്രം ഒഴിവാക്കാൻ കാൻസർ ചികിത്സ നീട്ടിവെച്ചു; കുഞ്ഞിന് ജന്മം നൽകിയ ശേഷം സപ്‌ന മരണത്തിന് കീഴടങ്ങി; മാതൃത്വത്തിന്റെ ഉദാത്ത മാത്യയാക്കി മാധ്യമങ്ങൾ വാർത്തയെഴുതിപ്പോൾ എതിർപ്പുമായി ഡോക്ടർമാർ രംഗത്ത്

ഗർഭചിദ്രം ഒഴിവാക്കാൻ കാൻസർ ചികിത്സ നീട്ടിവെച്ചു; കുഞ്ഞിന് ജന്മം നൽകിയ ശേഷം സപ്‌ന മരണത്തിന് കീഴടങ്ങി; മാതൃത്വത്തിന്റെ ഉദാത്ത മാത്യയാക്കി മാധ്യമങ്ങൾ വാർത്തയെഴുതിപ്പോൾ എതിർപ്പുമായി ഡോക്ടർമാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസർ ആണെന്ന് അറിഞ്ഞിട്ടും കുഞ്ഞിനും ജന്മം നൽകിയ ശേഷം മരിച്ച സപ്‌നയുടെ വാർത്ത മനോരമ നൽകിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിലെ പ്രമുഖ ഡോക്ടർമാർ രംഗത്ത് വന്നിരിക്കുന്നത്. മാധ്യമപ്രവർത്തകർ റേറ്റിങ് കൂട്ടാൻ വേണ്ടിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അതുവഴി ഇത്തരം പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിക്കുന്നു. മനോരമയുടെ വാർത്ത ഖേദകരമാണെന്ന് ഡോ ഷിനു ശ്യാമളൻ പറയുന്നു.

ഏഴ് കുട്ടികൾ ഉണ്ടായിരുന്ന സപ്‌ന തനിക്ക് കാൻസർ ആണെന്ന് അറിഞ്ഞിട്ടും തന്റെ എട്ടാമത്തെ കുട്ടിയെ കളയാൻ തയ്യാറായിരുന്നില്ല. ഇതാണ് സപ്‌നയുടെ മരണത്തിന് കാരണമായത്. ജോലിത്തിരക്കിനിടയിലും എട്ടു മക്കളെ പ്രസവിച്ച് ഒരു കുറവും വരുത്താതെ വളർത്തിയ കോട്ടയം തലയോലപ്പറമ്പ് പുന്നോത്ത് കുടുംബാംഗമായ സപ്ന എല്ലാവർക്കും അദ്ഭുതമായിരുന്നു. ഫരീദാബാദ് രൂപതയുടെ ഭ്രൂണഹത്യക്കെതിരെയുള്ള പ്രോലൈഫ് അവാർഡ് സപ്നയ്ക്ക് നൽകിയിരുന്നു.

ഉന്മേഷത്തോടെ മക്കളെ പരിപാലിക്കുന്നതിൽ മിടുക്ക് കാട്ടിയ സപ്ന ഒരു മാസം മുൻപാണ് തീർത്തും കിടപ്പിലായത്. സപ്നയുടെ ജീവിതം പെട്ടെന്ന് നിലച്ചത് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മക്കളെ മാറോട് ചേർത്ത് ദുഃഖം ഉള്ളിലൊതുക്കുകയാണു ഭർത്താവ് ജോജു. ഹയർ സെക്കൻഡറി വിദ്യാർത്ഥി ജെയിസ് (15), ട്രീസ (14), ജോസ് (11), സെബാസ്റ്റ്യൻ (ഒൻപത്), ഫ്രാൻസിസ് (എട്ട്), മരിയ (ആറ്), ആന്റണി (നാല്), ഫിലോമിന (ഒന്നര) എന്നിവരാണ് മക്കൾ.

എട്ട് കുഞ്ഞുങ്ങളുള്ള സപ്‌ന കാൻസർ ആണെന്ന് അറിഞ്ഞിട്ടും പ്രസവത്തിന് തയ്യാറെടുക്കുകയും അതിന് ശേഷം മരണപ്പെടുകയും ചെയ്തത് പ്രമുഖ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സപ്‌നയുടെ മാതൃത്വത്തെ പുകഴ്‌ത്തി കൊണ്ടുള്ള മനോരമയുടെ വാർത്തക്കെതിരെയാണ് കേരളത്തിലെ പ്രമുഖ ഡോക്ടർമാർ രംഗത്ത് വന്നിരിക്കുന്നത്.

ഡോ.ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം

അനേകം പ്രസവങ്ങൾ ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും തളർത്തും.അതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

സ്ത്രീയുടെ പ്രായം കൂടും തോറും ഉണ്ടാകുന്ന കുട്ടിക്കു ജനിതക വൈകല്യങ്ങലും ചില രോഗങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയേറുന്നു. 30 വയസ്സിനു ശേഷം പ്രസവിക്കുന്നവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെക്കാൾ പതിന്മടങ്ങു ജനിതക വൈകല്യങ്ങൾ ഉണ്ടാകുവാൻ 35 വയസുള്ള അമ്മയുടെ കുട്ടിക്കാണ് സാധ്യത കൂടുതൽ. അതുപോലെ 40 വയസ്സു കഴിയുന്ന അമ്മമാർക്കുണ്ടാകുന്ന കുട്ടിക്കു ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയേറുന്നു. അതോടൊപ്പം അമ്മയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

ഇപ്പോഴും രണ്ടിൽ കൂടുതൽ പ്രസവിക്കുന്ന സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ചില മതങ്ങളും ,മത നേതാക്കളും, മത പുരോഹിതരും അത്തരം പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കാരണം എന്തുമാകട്ടെ ആ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ക്ഷയിക്കുകയാണ്.
അബോർഷൻ എന്നത് ചില സാഹചര്യങ്ങളിൽ കുറ്റകരം അല്ല.

ചില ഉദാഹരണങ്ങൾ:

1.പീഡിപ്പിക്കപ്പെട്ട പെണ്കുട്ടി ഗർഭം ധരിച്ചാൽ
2.അമ്മയുടെ ആരോഗ്യത്തെ ശാരീരികമോ മാനസികമായോ ബാധിക്കുമെങ്കിൽ
3.ഉദരത്തിലുള്ള കുട്ടിയുടെ ശാരീരികമോ ബൗദ്ധികമോ ആയ വൈകല്യങ്ങൾ മൂലം
4.വിവാഹം കഴിഞ്ഞ ഒരു സ്ത്രീയും പുരുഷന്റെയും ഗർഭനിരോധന മാർഗം ഫലം ആകാതെ പോയാൽ

ഈ അവസ്ഥകളിൽ ഗർഭനിരോധനം ചെയ്യാൻ നിയമം അനുവദിക്കുന്നു (medical termination of pregnancy act, 1971).

അതുകൊണ്ടു ക്യാൻസർ പോലെയുള്ള രോഗങ്ങൾ വന്നാൽ അമ്മയുടെ ആരോഗ്യത്തെ അതു ബാധിക്കുമെങ്കിൽ അബോർഷൻ ചെയ്യാം. അതിൽ ഒരു തെറ്റും ഇല്ല. ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ സാധിക്കു. കുട്ടിയെ രക്ഷിക്കാൻ വേണ്ടി 'അമ്മ ചികിൽസ വേണ്ട മരണം മതി എന്നു തീരുമാനിച്ചാൽ അതു തെറ്റാണ്.അതും 8 മത്തെ പ്രസവം.

മാധ്യമപ്രവർത്തകരും റേറ്റിങ് കൂട്ടാൻ വേണ്ടി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നു. അതുവഴി ഇത്തരം പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. മനോരമയുടെ വാർത്ത ഖേദകരം.

അതുകൊണ്ടു മറക്കണ്ട ചുവരുണ്ടെങ്കിലെ വീണ്ടും ചിത്രം വരയ്ക്കാൻ സാധിക്കു. ആദ്യം അമ്മയുടെ ആരോഗ്യം ആണ് പ്രധാനം. അല്ലാതെ പ്രസവിച്ചു കൂട്ടുകയല്ല വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP