Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലിന്യക്കുഴിയിൽ ഇട്ട് അമ്മയുടെ മൃതദേഹം കത്തിച്ച ശേഷം കുളിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു; ഇടയ്ക്കിടെ ജനൽ തുറന്ന് തീയണഞ്ഞില്ലല്ലോയെന്ന് ശ്രദ്ധിച്ചു; ദീപ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി; മൃതദേഹം കത്തിയമർന്നെന്ന് ഉറപ്പിച്ചപ്പോൾ അമ്മ ആത്മഹത്യ ചെയ്തെന്നു പറഞ്ഞ് ബന്ധുക്കൾക്കൊപ്പം വിവരം അറിയിക്കാൻ പൊലീസ് സ്‌റ്റേഷനിലുമെത്തി; അമ്മ മരിച്ച കുട്ടിയുടെ മുഖഭാവമില്ലാതെ യാതൊരു കുലുക്കമില്ലാതെ നിന്നപ്പോൾ കൊലയാളി അക്ഷയ് തന്നെയെന്ന് ഉറപ്പിച്ചു പൊലീസും

മാലിന്യക്കുഴിയിൽ ഇട്ട് അമ്മയുടെ മൃതദേഹം കത്തിച്ച ശേഷം കുളിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു; ഇടയ്ക്കിടെ ജനൽ തുറന്ന് തീയണഞ്ഞില്ലല്ലോയെന്ന് ശ്രദ്ധിച്ചു; ദീപ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി; മൃതദേഹം കത്തിയമർന്നെന്ന് ഉറപ്പിച്ചപ്പോൾ അമ്മ ആത്മഹത്യ ചെയ്തെന്നു പറഞ്ഞ് ബന്ധുക്കൾക്കൊപ്പം വിവരം അറിയിക്കാൻ പൊലീസ് സ്‌റ്റേഷനിലുമെത്തി; അമ്മ മരിച്ച കുട്ടിയുടെ മുഖഭാവമില്ലാതെ യാതൊരു കുലുക്കമില്ലാതെ നിന്നപ്പോൾ കൊലയാളി അക്ഷയ് തന്നെയെന്ന് ഉറപ്പിച്ചു പൊലീസും

അരുൺ ജയകുമാർ

തിരുവനന്തപുരം: പേരൂർക്കട മണ്ണടി ലെയിനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ദീപയോട് മകൻ അക്ഷയ് അശോക് വെച്ച് പുലർത്തിയിരുന്നതുകൊടും പകയെന്ന് വ്യക്തമായതായി പൊലീസ്. അമ്മയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൊലപാതകം ആസൂത്രണം ചെയ്ത ഒന്നായിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണ് അക്ഷയ് കൃത്യം നിർവഹിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. അക്ഷയ് അശോകിനെ ആദ്യം കണ്ടപ്പോൾ തന്നെ കൃത്യം ചെയ്തത് ഇയാളാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. അയാളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അത് വ്യക്തമായിരുന്നുവെന്ന് പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ക്രിസ്മസ് ദിവസമാണ് കൃത്യം നടന്നത്. അമ്മയുടെ സ്വഭാവത്തിലെ സംശയങ്ങൾ കാരണം നാളുകളായി അമ്മയും മകും തമ്മിൽ നിലനിന്നിരുന്നത് നല്ല ബന്ധമായിരുന്നില്ല. സംഭവ ദിവസം ഇരുവരും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായതാണ് കൊലയിലേക്ക് നയിച്ചത്. മുറിയിൽ നിന്ന അമ്മയെ പിന്നാലെ ചെന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അക്ഷയ് കൊലപ്പെടുത്തിയത്. പിന്നീട് അടുത്ത ദിവസം സുഹൃത്തുക്കളെ വിളിച്ച് കിണറിന് സമീപം എന്തോ കിടക്കുന്നുവെന്ന് പറഞ്ഞ ശേഷം ബന്ധുക്കളെ വിളിച്ച് വരുത്തി അമ്മ ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകായിരുന്നു.

കൃത്യം ചെയ്ത ശേഷവും ഒരു ഭാവമാറ്റവും ഇല്ലാതെയാണ് അക്ഷയ് പെരുമാറിയത്. അമ്മ ആത്മഹത്യ ചെയ്തെന്ന് പൊലീസിനെ അറിയിക്കാൻ ബന്ധുക്കൾക്കൊപ്പം ഇയാളും സ്റ്റേഷനിലേക്ക് എത്തിയിരുന്നു. സാധാരണ ഒരു അമ്മ മരിച്ചാൽ കാണുന്ന ഒരു ഭാവമല്ല അക്ഷയിൽ പൊലീസ് കണ്ടത്. ഇത് തന്നെയാണ് ഇയാളെ ആദ്യം മുതൽ സംശയിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. വീട്ടിലെത്തിച്ച ശേഷം പൊലീസുകാർ അക്ഷയോട് തലേ ദിവസം നടന്ന സംഭവങ്ങൾ മാറിയും തിരിഞ്ഞും ചോദിച്ചിട്ടും തനിക്കൊന്നും അറിയില്ലെന്ന മറുപടി മാത്രമാണ് അക്ഷയ് നൽകികൊണ്ടിരുന്നത്.

പലപ്പോഴായി കാര്യങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ അക്ഷയ് ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ കൊന്ന ശേഷം പിന്നീട് വീടിന് പുറത്തുകൊണ്ടുപോയി കത്തിച്ചു. എന്നാൽ വീടുകൾ അടുത്തടുത്തായിട്ടും ഉച്ചമുതൽ അടുത്ത ദിവസം വരെ കത്തിയിട്ടും ആരും അറിഞ്ഞില്ലേ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അയൽക്കാർ ആരും തന്നെ ഒന്നും അറിഞ്ഞില്ലെന്ന് പറയുമ്പോഴും സമീപത്ത് കെട്ടിട നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ശവം കത്തിച്ചപ്പോൾ ഉണ്ടായ ദുർഗന്ധം തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.എന്നാൽ സമീപ വാസികൾക്ക് മാത്രം ഇത് അറിയാൻ കഴിഞ്ഞില്ലെന്നതും പൊലീസിനെ വലച്ചിരുന്നു.

അതിനിടെ ഇന്നലെയോടെ അക്ഷയ് അശോകിന്റെ അച്ഛനും സഹോദരിയും സംഭവം നടന്ന ഇവരുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. അക്ഷയുടെ അച്ഛൻ കാര്യങ്ങളറിഞ്ഞിട്ടും പിടിച്ച് നിൽക്കുന്നുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലുള്ള അക്ഷയ് അശോകിനെ ഇവർ ഇന്ന് പോയി കാണുമെന്നാണ് സൂചന. ഡിഎൻഎ പരിശോധനയുെട ഫലം വരാത്തതിനാൽ ദീപയുടെ മൃതദേഹം ഇനിയും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല. ജയിലിലുള്ള അക്ഷയ് ആരോടും സംസാരിക്കുന്നുമില്ല. തല താഴ്‌ത്തി വെറുതെ ഇരിപ്പാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിൽ ആദ്യം അക്ഷയ് കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് കൊല നടത്തിയ ശേഷം ചെയ്ത കാര്യങ്ങൾ ഇയാൾ പൊലീസിനോട് വിശദീകരിച്ചു. അമ്മയുടെ മൃതദേഹം കത്തിച്ച ശേഷം പുറത്ത് പോയി തിരികെ വന്നിരുന്നു. കുളിച്ച് വിളക്ക് കത്തിച്ച ശേഷം പ്രാർത്ഥനയും നടത്തി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടാണ് കിടന്നത്. പിന്നെ ടിവി കണ്ടു. അമ്മയുടെ മൃതദേഹം കത്തുന്നുണ്ടോയെന്നും ഇനിയും വിറകോ തൊണ്ട് കഷ്ണങ്ങളോ അതിലേക്ക് ഇടണോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് അടുക്കള ജനൽ തുറന്ന് പരിശോധിച്ചിരുന്നുവെന്നും അക്ഷയ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP