Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഷാൻ തരൂരിനും ഗുജറാത്തി പെൺകൊടിയായ പത്‌നി ഭൂമികയ്ക്കും അനന്തപുരിയിൽ വിവാഹസത്കാരം; കേരളീയ വസ്ത്രമണിഞ്ഞ് വധു; സ്വീകരണ ചടങ്ങിൽ ആശീർവദിക്കാൻ ശശി തരൂരിന്റെ മിത്രങ്ങളും ബന്ധുക്കളും രാഷ്ട്രീയ വൃന്ദവും; മറുനാടനിൽ തൽസമയം

ഇഷാൻ തരൂരിനും ഗുജറാത്തി പെൺകൊടിയായ പത്‌നി ഭൂമികയ്ക്കും അനന്തപുരിയിൽ വിവാഹസത്കാരം; കേരളീയ വസ്ത്രമണിഞ്ഞ് വധു; സ്വീകരണ ചടങ്ങിൽ ആശീർവദിക്കാൻ ശശി തരൂരിന്റെ മിത്രങ്ങളും ബന്ധുക്കളും രാഷ്ട്രീയ വൃന്ദവും; മറുനാടനിൽ തൽസമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരിന്റേയും വധു ഭൂമികയുടെയും വിവാഹം ഒക്ടോബർ 14ന് അമേരിക്കയിൽ വച്ചാണ് നടന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവാഹ സൽക്കാരം ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ന് തലസ്ഥാനത്തും വിവാഹ സൽക്കാരം. ഇവിടെയുള്ള പരിചയക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി തരൂർ കുടുംബം നടത്തുന്ന സൽക്കാരത്തിന് തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നു. ട്രിവാൻഡ്രം ക്‌ളബ്ബിലെ സുബ്രഹ്മണ്യം ഹാളിലാണ് സൽക്കാരം. മറുനാടൻ ലൈവ് വീഡിയോ കാണാം..

കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലെ ഒത്തു ചേരൽ. ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ സംഗമ വേദിയായി സൽക്കാരം മാറി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയും വിവാഹ ആശംസകളുമായിത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെ കേന്ദ്ര ക്യാബിനെറ്റിലെ മിക്കവാറും പേരും തരൂരിന്റെ ക്ഷണം സ്വീകരിച്ചെത്തി. അങ്ങനെ തീർത്തും വിവിഐപി സംഗമ വേദിയായി ചടങ്ങ് മാറി.

ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താത്ത സോണിയ വ്യക്തിപരമായി വധൂവരന്മാർക്ക് ആശംസ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വന്നില്ല. ഇവരൊഴികെ കോൺഗ്രസിലെ കേന്ദ്ര നേതാക്കളെല്ലാം ചടങ്ങിനെത്തി. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, നിതിൻ ഗഡ്ഗരി തുടങ്ങിയവരും എത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കുടുംബ സമേതം ചടങ്ങിനെത്തി. അങ്ങനെ വിവിഐപികളെ കൊണ്ട് നറഞ്ഞ സൽക്കാരത്തിനാണ് ഡൽഹി വേദിയായത്.

അമേരിക്കയിലെ റിച്ചമണ്ടിൽവച്ചായിരുന്നു ഗുജറാത്തിലെ ന്യൂറോ സർജനായ ഡോ. ദവെയുടെ മകൾ ഭൂമികയുമായുള്ള ഇഷാന്റെ വിവാഹം നടന്നത്. വാഷിങ്ടൺ പോസ്റ്റിൽ വിദേശകാര്യ ലേഖകകനാണ് തരൂരിന്റെയും ആദ്യപത്‌നി തിലോത്തമ മുഖർജിയുടേയും സീമന്ത പുത്രനായ ഇഷാൻ. നേരത്തെ വാഷിങ്ടൺ പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഭൂമിക ഇപ്പോൾ സിഎൻഎന്നിൽ പത്രപ്രവർത്തകയാണ്. വാഷിങ്ടൺ പോസ്റ്റിൽ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ പ്രണയം ഇപ്പോൾ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടേയും വിവാഹം അമേരിക്കയിൽ നടന്നവിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂലെ ശശി തരൂരാണ് അറിയിച്ചത്.

തരൂരിന്റെയും തിലോത്തമയുടെയും ഇളയമകൻ കനിഷ്‌കിന്റെ വിവാഹവും അമേരിക്കയിൽ വച്ചായിരുന്നു. മാധ്യമപ്രവർത്തകനായ കനിഷ്‌ക് ന്യൂയോർക്കിലെ ഗ്രേസ് ചർച്ചിൽവച്ചാണ് അമാൻഡയെ ജീവിത പങ്കാളിയാക്കിയത്. 2015 ഓഗസ്റ്റ് 15നായിരുന്നു വിവാഹം. പിന്നീട് ഹിന്ദു ആചാര പ്രകാരവും ഇന്ത്യയിൽ വച്ച് ചടങ്ങുകൾ നടത്തിയിരുന്നു.

മകൻ കനിഷ്‌കിന് സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്യം നഷ്ടമായെന്ന് അന്ന് തമാശ രൂപത്തിൽ തരൂർ ട്വീറ്റ് ചെയ്തിരുന്നത് വലിയ ചർച്ചയായിരുന്നു. ഇക്കുറി ഇഷാന്റെ വിവാഹശേഷമുള്ള തരൂരിന്റെ ട്വീറ്റും തരംഗമായി. വർഷങ്ങളായി കോൺഗ്രസ് ഗുജറാത്തിനോട് വിദ്വേഷം പുലർത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തരൂർ എത്തിയത് ഇങ്ങനെയാണ്.

കോൺഗ്രസിന് ഗുജറാത്തിനോട് സ്നേഹം മാത്രമാണുള്ളതെന്ന് ട്വിറ്ററിൽ കുറിച്ച തരൂർ തന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തിൽനിന്നുള്ള പെൺകുട്ടിയെയാണെന്നും ഞങ്ങൾക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്നേഹം മാത്രമാണുള്ളതെന്നും പറഞ്ഞുകൊണ്ട് മോദിക്ക് മറുപടിയുമായി എത്തിയതോടെ സംഭവം ചർച്ചയായി. ഗുജറാത്തിനോടും ഗുജറാത്തികളോടും കോൺഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന് മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള റീ ട്വീറ്റിലായിരുന്നു തരൂരിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP