Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം മോഹൻലാൽ അന്തിക്കാട് ഞാൻ താമസിച്ചിരുന്ന വീട് തിരക്കി പിടിച്ച് എത്തി; ആവശ്യം കൊലക്കേസിൽപ്പെട്ട ഒരു പ്രതിയെ കുറച്ച് ദിവസം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കണം: മനോരമ ന്യൂസ്‌മേക്കർ പുരസ്‌കാര ചടങ്ങിനിടെ സത്യൻ അന്തിക്കാടിന്റെ തുറന്ന് പറച്ചിൽ കേട്ട കാണികളും ഞെട്ടി

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം മോഹൻലാൽ അന്തിക്കാട് ഞാൻ താമസിച്ചിരുന്ന വീട് തിരക്കി പിടിച്ച് എത്തി; ആവശ്യം കൊലക്കേസിൽപ്പെട്ട ഒരു പ്രതിയെ കുറച്ച് ദിവസം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കണം: മനോരമ ന്യൂസ്‌മേക്കർ പുരസ്‌കാര ചടങ്ങിനിടെ സത്യൻ അന്തിക്കാടിന്റെ തുറന്ന് പറച്ചിൽ കേട്ട കാണികളും ഞെട്ടി

മറുനാടൻ മലയാളി ബ്യൂറോ

ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സിനിമകളിൽ മോഹൻലാൻ നായകനായി അഭിനയിച്ചിട്ടുണ്ട്. ആ ബന്ധം വളർന്ന് നല്ല സൗഹൃദത്തിൽ എത്തുകയും ചെയ്തു. സിനിമയിൽ കാണുന്ന ആ കുസൃതിക്കുടുക്ക തന്നെയാണ് ജീവിതത്തിലും മോഹൻലാൽ എന്നാണ സത്യൻ അന്തിക്കാട് പറയുന്നത്. പലപ്പോഴും മോഹൻലാൽ ഫോണിലൂടെയും അല്ലാതെയും സത്യൻ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. ആ സംഭവത്തെപ്പറ്റി സത്യൻ അന്തിക്കാട് പറയുന്നു. 2016 മനോരമ ന്യൂസ്‌മേക്കർ പുരസ്‌കാരചടങ്ങിനിടെയാണ് സത്യൻ അന്തിക്കാട് മനസ്സുതുറന്നത്.

'ഭയങ്കര കുറുമ്പനാണ് മോഹൻലാൽ. ഒരു കഥാപാത്രമോ സന്ദർഭമോ മനസ്സിൽവച്ചുകൊണ്ടുപോകുന്ന വ്യക്തിയല്ല മോഹൻലാൽ. എന്നാൽ ജീവിതത്തിൽ മോഹൻലാൽ തിരിച്ചാണ്. എന്നെ ഏറ്റവും കൂടുതൽ പറ്റിച്ചിട്ടുള്ളതും മോഹൻലാൽ തന്നെ.

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം. അന്തിക്കാട് ഞാൻ അന്ന് താമസിച്ചിരുന്ന വീട്, റോഡിൽ നിന്നും ഒരു ഇടവഴി കയറി വേണം എത്താൻ. വൈകിട്ട് വരാന്തയിൽ ഇരിക്കുമ്പോൾ ദൂരെ നിന്നും മോഹൻലാലിനെപ്പോലൊരാൾ ആ ഇടവഴിയിലൂടെ വരുന്നു. അടുത്തുവന്നപ്പോൾ മനസ്സിലായി അത് മോഹൻലാലും കൂടെയുള്ളത് സെഞ്ചുറി ഫിലിംസിലെ കൊച്ചുമോനും ആണെന്ന്.

ഞാൻ ആദ്യം ആലോചിച്ചത് ആരും കണ്ടില്ലെ എന്നാണ്, ഇത്രയും പ്രശസ്തനായൊരു താരം അന്തിക്കാട് പോലൊരു ഗ്രാമത്തിലേക്ക് കൂസലില്ലാതെ കയറിവരുകയാണ്. വീട് എങ്ങനെ കണ്ടുപിടിച്ചെന്ന് ചോദിച്ചപ്പോൾ ലാൽ പറഞ്ഞു, കൈ വച്ച് മുഖം മറച്ചൊക്കെയാണ് ചോദിച്ച് വന്നതെന്ന്. എനിക്ക് വലിയ സന്തോഷമായി.

ഞാൻ വെറുതെ ഒരുകാര്യത്തിനല്ല വന്നതെന്നും കാറിൽ ഒരു വ്യക്തി ഇരിപ്പുണ്ടെന്നും അദ്ദേഹം കൊലക്കേസിൽ പ്രതിയാണെന്നും മോഹൻലാൽ എന്നോട് പറഞ്ഞു. തനിക്ക് നേരിട്ട് പരിചയമില്ലെന്നും സിനിമയിലെ ഏതോ നിർമ്മാതാവാണെന്നും കുറച്ചുദിവസത്തേക്ക് ഇദ്ദേഹത്തെ ഒളിപ്പിക്കണമെന്നും ലാൽ പറയുകയാണ്. ഒളിപ്പിക്കില്ലെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. എന്നാൽ ലാലിനോട് ഇതെങ്ങനെ പറയുമെന്നായിരുന്നു എന്റെ ആകുലത. അങ്ങനെ ഒരരമണിക്കൂർ നേരം എന്നെ മുൾമുനയിൽ നിർത്തി.

ഈ വീട്ടിൽ പറ്റില്ലെങ്കിൽ ചേട്ടന്റെ വീട്ടിൽ താമസിപ്പിക്കൂ, അല്ലെങ്കിൽ വീട്ടിലെ പണിക്കാരനാക്കൂ എന്നൊക്കെയാണ് ലാൽ പറയുന്നത്. അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. അവസാനം കൊച്ചുമോന്റെ മുഖത്തെ ചിരികണ്ടിട്ടാണ് പറ്റിച്ചതാണെന്ന് എനിക്ക് മനസ്സിലായത്. ഇത് ഒന്നല്ല ഓരോ തവണയും. ചിലപ്പോൾ ഫോൺ വിളിച്ചാകും ലാൽ പറ്റിക്കുക.

ഈ അടുത്ത് വലിയൊരു അപകടത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ ഏറുന്നതിന് തൊട്ട്മുൻപുള്ള സമയം. ഒരു പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞ്  ഞാൻ കാറിൽ വീട്ടിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് ഒരുഫോൺകോൾ. മറുതലയ്ക്കൽ കേട്ടുപരിചയുമുള്ള ശബ്ദമാണ്.

'ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിേലക്ക് ക്ഷണിക്കാൻ വിളിച്ചതാണ്.' എനിക്ക് മനസ്സിലായി ഇത് മോഹൻലാൽ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ?

ആദ്യം ഞാൻ ഞെട്ടി. ഇത് സത്യമാണോ എന്ന് സംശയിച്ചു. മോഹൻലാൽ ഇത്തരത്തിൽ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ഇത് ലാലിന്റെ പണിയാണെന്ന് ഉറപ്പിച്ചു. 'ഒന്നു വച്ചിട്ട് പോ മോനേ, നിന്റെ വേല ഇനി നടക്കില്ല'. എന്നുപറയാനാണ് തോന്നിയത്. എന്നാലും എവിടംവരെ പോകുമെന്ന് നോക്കാെമന്നായി. ഒടുവിൽ 'തീർച്ചയായും എത്താം സഖാവേ എന്നുപറഞ്ഞ് ഞാൻ ഫോൺവച്ചു.

സാധാരണ ഇങ്ങനെ പറ്റിച്ചതിന് ശേഷം ഉടൻ ലാൽ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോൾ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലായി പിന്നീട് ഞാൻ. മണിക്കൂറുകൾ കഴിഞ്ഞിട്ടും മോഹൻലാലിന്റെ കോൾ വരുന്നില്ല. എന്നാൽ അങ്ങോട്ട് വിളിച്ച് രണ്ടുപറയാെമന്ന്  കരുതി ലാലിനെ വിളിച്ചു.  ഭാവഭേദങ്ങളില്ലാതെ ലാൽ ഫോണെടുത്തു. എന്താ സത്യേട്ടാ എന്നൊരു ചോദ്യം. 

'ഇനിയും പറ്റിക്കാൻ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുൻപ് എന്നെ വിളിച്ചത്. നീ ആണെന്ന് അറിഞ്ഞോണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.' ലാലിന്റെ മറുപടിയിലാണ് പിന്നെ ചിത്രം മാറിമറിയുന്നത്. 'പിണറായി സഖാവ് എന്നെയും വിളിച്ചിരുന്നു.'

ചടങ്ങിൽ ക്ഷണിക്കപ്പെടേണ്ട സംസ്‌കാരികപ്രവർത്തകരെ അദ്ദേഹം നേരിട്ട് ക്ഷണിച്ചതാണ്. എന്നെ  വിളിച്ചത് സാക്ഷാൽ പിണറായി വിജയനാണെന്ന കാര്യം അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. എന്റെ മഹാഭാഗ്യത്തിനാണ് ഒന്നും പറയാതിരുന്നത്. 'പോടാ പോയി പണിനോക്കടാ' എന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഇരിക്കാൻ കഴിയില്ലായിരുന്നു.സത്യൻ അന്തിക്കാട് പറഞ്ഞു.

ലാലാണെന്ന് കരുതി അപ്പോൾ വല്ലതും വിളിച്ചു പറഞ്ഞിരുന്നാലുള്ള അവസ്ഥയോർത്ത് സത്യൻ അന്തിക്കാട് ഇപ്പോഴും ഇടയ്ക്ക് ഞെട്ടാറുണ്ടത്രേ. പണ്ട് ദാസൻ വിജയനോട് പറഞ്ഞത് ഒന്നുതിരിച്ചാലോചിച്ചാൽ മതിയാകും. 'അപ്പോൾ നീ അങ്ങനെ ചെയ്യാഞ്ഞത് നന്നായി. ഇല്ലെങ്കിൽ ഈ കേസിൽ നീ ഒറ്റപ്പെട്ടുപോയേനെ...'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP