Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

50,000 രൂപ സംഭാവന നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പബ്ലിസിറ്റി നൽകുന്നവർ അറിയുക; യുകെയിലെ മലയാളി സമൂഹം പാവപ്പെട്ട 100 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആളും ആരവവും ഇല്ലാതെ നൽകിയത് 30 ലക്ഷത്തിൽ അധികം രൂപ; മറുനാടന് അഭിമാന നിമിഷം

50,000 രൂപ സംഭാവന നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പബ്ലിസിറ്റി നൽകുന്നവർ അറിയുക; യുകെയിലെ മലയാളി സമൂഹം പാവപ്പെട്ട 100 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആളും ആരവവും ഇല്ലാതെ നൽകിയത് 30 ലക്ഷത്തിൽ അധികം രൂപ; മറുനാടന് അഭിമാന നിമിഷം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒരു ലക്ഷം രൂപ ഓഖി ദുരിതാശ്വാസത്തിലേയ്ക്ക് നൽകിയതിന് പ്രശസ്തനായ ഒരു ബിൽഡറുടെ പടം സഹിതം ഇന്നത്തെ പല പത്രങ്ങളിലും മൂന്ന് കോളം വാർത്തയുണ്ട്. 50,000 രൂപ പാവങ്ങൾക്ക് നൽകിയാൽ അഞ്ച് ലക്ഷം രൂപ എങ്കിലും പബ്ലിസിറ്റിക്ക് വേണ്ടി മുടക്കുന്നവരും ഇല്ലാതില്ല. എന്നാൽ ഇന്നലെ കൊല്ലം ജില്ലയിലെ പുത്തൂർ എന്ന ചെറിയ ടൗണിൽ 102 പേരാണ് 30,000 രൂപ വീതം സഹായധനം കൈപ്പറ്റി ആളും ആരവവും ഇല്ലാതെ മടങ്ങിയത്. യുകെയിലെ മലയാളി സമൂഹം ശേഖരിച്ച് നൽകിയതായിരുന്നു ഈ തുക.

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിലെ ഓൺലൈൻ പത്രം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആയിരുന്നു നൂതനമായ ഈ സ്‌കോളർഷിപ് ഒരുക്കിയത്. ബ്രിട്ടീഷ് മലയാളി വായനക്കാരായ 30 പേർ ആകാശച്ചാട്ടം നടത്തി ശേഖരിച്ച തുകയിൽ നിന്നും യുകെയിലെ കാൻസർ റിസേർച്ച് സെന്ററിന് നൽകിയ തുകയുടെ ബാക്കിയായ 30 ലക്ഷം രൂപയാണ് ഇന്നലെ 102 പേർക്കായി വിതരണം ചെയ്തത്.

പഠനത്തിൽ ഉന്നത നിലവാരം പുലർത്തുകയും എന്നാൽ സ്ാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്കാണ് ബ്രിട്ടീഷ് മലയാളി സ്‌കോളർഷിപ് ഏർപ്പെടുത്തിയത്. പുത്തൂരിലെ വസുധ ഓഡിറ്റോറിയത്തിൽ നിറമിഴികളോടെയാണ് പലരും ചെക്ക് കൈപ്പറ്റി മടങ്ങിയത്. അവർക്ക് പരിചയം പോലും ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്ത വ്യക്തികളിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഫണ്ട് കൈപ്പറ്റിയ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. സ്‌കോളർഷിപ്പിന് അർഹരായ 90 പേരെങ്കിലും തീരെ സാമ്പത്തിക സൗകര്യം ഇല്ലാത്തവരായിരുന്നു. ബസ് കയറിയും കഷ്ടപ്പെട്ടും എത്തിയ അവരിൽ പലരും നിറമിഴികളോടെ യുകെ മലയാളികൾക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്.

വായനക്കാർ നൽകുന്ന തുകയുടെ 25 ശതമാനം കൂടി ബ്രിട്ടീഷ് ചാരിറ്റി കമ്മിഷൻ ഗിഫ്റ്റ് എയ്ഡ് നൽകും. ചാരിറ്റിയുടെ പ്രവർത്തനത്തിന് ഒരു പണം പോലും ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നും എടുക്കാത്തതുകൊണ്ട് ആ തുക കൂടി ചേർത്താണ് അപേക്ഷകർക്ക് നൽകിയത്. ട്രസ്റ്റ് നടത്തിപ്പിന്റെ ചെലവുകൾ എല്ലാം ട്രസ്റ്റ് അംഗങ്ങളായ 13 യുകെ മലയാളികൾ സ്വന്തം കൈയിൽ നിന്നും എടുക്കുകയാണ്. ചെലവ് ലാഭിക്കാനായി പത്തനാപുരം ഗാന്ധിഭവനുമായി ചേർന്നാണ് ഫണ്ട് വിതരണം ഇന്നലെ നടത്തിയത്.

പത്തനാപുരം ഗാന്ധി ഭവന്റെ പുത്തൂരിൽ തുടങ്ങുന്ന ട്രെയിനിങ് വിഭാഗത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫണ്ട് വിതരണം നടത്തിയാണ് ചെലവ് ചുരുക്കിയത്. എപിജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ അതിഥികൾ തന്നെയാണ് ഫണ്ട് വിതരണവും നടത്തിയത്. വനം വകുപ്പ് മന്ത്രി രാജു ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. കോവൂർ കുഞ്ഞുമോൻ എംഎൽഎ, വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ, ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളും അദ്ധ്യക്ഷന്മാരും അടക്കം അനേകം പ്രമുഖ സാമൂഹിക പ്രവർത്തകർ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജൻ ആയിരുന്നു പരിപാടിക്ക് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി കെഡി ഷാജിമോൻ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ എന്നിവരും ചടങ്ങിൽ പങ്കാളികളായി.

30,000 രൂപ മാത്രമാണ് നൽകിയതെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസായിരുന്നു അത്. പഠനം മുറിയുമെന്നു കരുതി ഇരുന്നിടത്താണ് പലരും ഇതിന് അർഹത നേടിയത്. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത നൽകിയ ശേഷം ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് അർഹതയെ തെരഞ്ഞെടുത്തത്. ആയിരത്തോളം അപേക്ഷകളിൽ നിന്നാണ് 100 പേരെ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റികൾ തെരഞ്ഞെടുത്തത്. പഠന മികവും സാമ്പത്തിക നിലയും മാത്രമായിരുന്നു മാനദണ്ഡം. ശുപാർശകൾ പരിഗണണിച്ചതേയില്ല. തെരഞ്ഞെടുക്കപ്പെട്ടവരിൽ 95 ശതമാനം പേരും തീരെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്.

101 പേർക്ക് 350 പൗണ്ട് ( 30,000 രൂപ) വീതവും എംബിബിഎസ് പഠിക്കുന്ന ഒരു കുട്ടിക്ക് പഠനം തുടരാൻ 500 പൗണ്ടും (42,000 രൂപ) നൽകിയിട്ടും പത്രസമ്മേളനം നടത്തിയും, പരസ്യം ചെയ്തും ബഹളം വയ്ക്കാതെ ആയിരുന്നു ഫണ്ട് വിതരണം. വായനക്കാരോടുള്ള പ്രതിബന്ധതയുടെ ഭാഗമായി ബ്രിട്ടീഷ് മലയാളിയിലും മറുനാടൻ മലയാളിയിലും വാർത്ത നൽകുന്നതല്ലാതെ ഒരു പത്ര ഓഫീസിലും കയറി പ്രസ് റിലീസ് കൊടുക്കാതെയായിരുന്നു പരിപാടി നടത്തിയത്. 30 ലക്ഷകത്തിൽ അധികം രൂപ നൽകിയിട്ടും ഒരു പത്രത്തിലും വാർത്ത വന്നുമില്ല.

മാധ്യമങ്ങൾ സാമൂഹ്യ ബോധം പുലർത്തേണ്ടത് എങ്ങനെ എന്നു ബ്രിട്ടീഷ് മലയാളിയെ കണ്ടു പഠിക്കണമെന്നു മന്ത്രി പി രാജുവും കോവൂർ കുഞ്ഞുമോൻ എംഎൽഎയും പറഞ്ഞു. വനിതാ കമ്മിഷൻ അംഗമായ ഷാഹിദ കമാൽ ബ്രിട്ടീഷ് മലയാളിയുമായുള്ള ദീർഘകാലത്തെ ബന്ധം എണ്ണിയെണ്ണി പറഞ്ഞു. ഇതിന് മുമ്പ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നൽകിയ പല സാമ്പത്തിക സാഹയങ്ങൾക്കും ഷാഹിദ സാക്ഷിയായിട്ടുണ്ട്.

വസുധ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു നിരവധി ആളുകൾ എത്തിയിരുന്നു. സ്‌കോളർഷിപ് സ്വീകരിക്കാൻ എത്തിയ 102 പേരെ കൂടാതെ അവരുടെ ബന്ധുക്കളും കൂടി ആയപ്പോൾ തന്നെ 250ൽ അധികം പേർ എത്തിയിരുന്നു. കൂടാതെയാണ് പൂത്തൂരിലെ നാട്ടുകാരും ഗാന്ധിഭവനിലെ അന്തേവാസികളും എത്തി ചേർന്നത്.

ബോൾട്ടണിലെ ഷൈനു ക്ലെയർ മാത്യൂസ്, മാഞ്ചസ്റ്ററിലെ സാബു ചുണ്ടക്കാട്ടിൽ, ക്രോയിഡോണിലെ മിനി സൈമി, ബേസിങ്ങ്‌സ്റ്റോക്കിലെ സോൺസി സാംതിരുവാതിലിൽ, ബെൻ വിൻസെന്റ്, നോട്ടിങ്ഹാമിലെ എബി സ്‌കറിയ, ഈസ്റ്റ്‌ബോണിലെ മനോജ് ജോസഫ്, നോർത്ത് ലണ്ടനിലെ ബിനു ജോൺ, സൗത്താംപ്ടണിലെ ഫെമി മാത്യു, മാഞ്ചസ്റ്ററിലെ നേഹാ ബൈബൻ, റോസ്ബിൻ, ഫാ റോയ്, ഫാദർ ജോർജ് എ പുത്തൂർ, മാഞ്ചസ്റ്ററിലെ ട്രീസ, ജിജു സൈമൺ, വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ ആഗ്നസ്, ബ്ലാക്ക്പൂളിലെ അർപ്പിത പുത്തൻപുരയിൽ, അലൻ സജി, ലണ്ടനിലെ അഫ്‌സൽ അലി, സോനാ ഷിബു, ജെനീഷ് കുരുവിള, മാഞ്ചസ്റ്ററിലെ ഫെമിൽ, ഫെബിൻ, സിന്റോ ആന്റണി, ഹണ്ടിങ്ടണിലെ ലോയ്ഡ് ജോർജ്ജ്, ഗ്ലാസ്‌ഗോയിലെ ജോൺ കുര്യാക്കോസ്, ഗ്രേറ്റ് യാർമൗത്തിലെ ജിജി ജോർജ്ജ്, ഗായത്രി, സന്ദർലാന്റിലെ അഖിൽ നായർ, ന്യൂകാസിലിലെ ജേക്കബ്ബ് തോമസ്, സണ്ണി ലൂക്കോസ്, ലണ്ടനിലെ എബിൽ, പ്രിയാ തോമസ് എന്നിവരാണ് ആകാശച്ചാട്ടത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP