Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിക്കസേര കണ്ട് തോമസ് ചാണ്ടി ഇനി അധികം പനിക്കേണ്ടി വരില്ല! ചാണ്ടിക്ക് ഊരാക്കുടുക്കായി ലേക് പാലസ് റിസോർട്ടിലെ നിയമലംഘനങ്ങൾ; നിലം നികത്തി റോഡു നിർമ്മിച്ചെന്ന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവ്; ഹൈക്കോടതിയിലെ കേസിൽ നിന്നും വിടുതൽ ലഭിച്ചാൽ ശശീന്ദ്രന് തന്നെ നറുക്കു വീഴും

മന്ത്രിക്കസേര കണ്ട് തോമസ് ചാണ്ടി ഇനി അധികം പനിക്കേണ്ടി വരില്ല! ചാണ്ടിക്ക് ഊരാക്കുടുക്കായി ലേക് പാലസ് റിസോർട്ടിലെ നിയമലംഘനങ്ങൾ; നിലം നികത്തി റോഡു നിർമ്മിച്ചെന്ന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവ്; ഹൈക്കോടതിയിലെ കേസിൽ നിന്നും വിടുതൽ ലഭിച്ചാൽ ശശീന്ദ്രന് തന്നെ നറുക്കു വീഴും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലെ നിയമലംഘനങ്ങളുടെ പേരിൽ മന്ത്രിക്കസേര തെറിച്ച തോമസ് ചാണ്ടിക്ക് അടുത്തെങ്ങും ഇനി ആ കസേരയിൽ മടങ്ങിയെത്താം എന്ന പ്രതീക്ഷ വേണ്ട. വിവാദ റിസോർട്ടിന് മേലുള്ള നിയമലംഘനങ്ങൾ ചാണ്ടിയെ വീണ്ടും കുരുക്കിലാക്കുകയാണ്. ലേക്പാലസ് റിസോർട്ടിലേക്ക്, തോമസ് ചാണ്ടി നിലം നികത്തി റോഡു നിർമ്മിച്ചെന്ന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടതോടെ മന്ത്രിക്കസേരയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്.

ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് നിലംനികത്തി റോഡ് നിർമ്മിച്ചതെന്ന് പരാതിയുള്ളത്. ഇതേ തുടർന്ന് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ പാലസ് റോഡ് തീക്കാട് വീട്ടിൽ സുഭാഷ് എം.തീക്കാടനാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് പ്രാഥമികാന്വേഷണം നടത്താൻ നവംബർ നാലിന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി വിജിലൻസിന് ഒരു മാസത്തെ സമയവും അനുവദിച്ചു.

തുടർന്ന് രണ്ടുതവണ വിജിലൻസ് സമയം നീട്ടിചോദിച്ചു. അത് അനുവദിച്ച കോടതി, ജനുവരി നാലിന് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. സംഭവങ്ങളെത്തുടർന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. മുന്മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഇന്നലെ ശുപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണത്തിനുശേഷം കോട്ടയം വിജിലൻസ് എസ്‌പി.ജോൺസൺ ജോസഫ് നൽകിയ റിപ്പോർട്ടിലാണ് ഡയറക്ടറുടെ നടപടി.

അതിനിടെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഫോൺ കെണി കേസിൽ വിടുതൽ ലഭിച്ചാൽ എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എൻസിപിയുമായി ലയിച്ച് ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പത്തിൽ തീർപ്പാകില്ലെന്നത്് ഉറപ്പാണ്. ഇതിനിടെ പാർട്ടിയിൽ ലയിക്കാൻ കേരള കോൺഗ്രസ് (ബി) ഉൾപ്പെടെയുള്ളവർ താത്പര്യം അറിയിച്ചിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ അറിയിച്ചിരുന്നു. പക്ഷേ ലയനം ഇപ്പോൾ അജണ്ടയിലില്ലെന്നും സംഘടനാ തിരഞ്ഞെടുപ്പിനു ശേഷമെ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകൂവെന്നും പീതാംബരൻ വ്യക്തമാക്കുകയുണ്ടായി.

എന്നാൽ പാർട്ടിയോട് ആലോചിക്കാതെ പീതാംബരൻ ചർച്ച നടത്തിയത് ശരിയായില്ലെന്ന് നേതൃയോഗത്തിൽ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് (ബി)യുമായി യാതൊരു സഹകരണവും വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അതിനിടെ എൻസിപിയുമായുള്ള ലയന സാധ്യത തള്ളാതെ കോവൂർ കുഞ്ഞുമോൻ എംഎൽഎ രംഗത്തെത്തി. ലയനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ലയിക്കുമ്പോൾ പരസ്പര വിശ്വാസമുണ്ടാകണം. കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ഒരു പാർട്ടിയോടും എതിർപ്പില്ലെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കിയിരുന്നു.

എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമാക്കി മൂന്ന് എൽഎൽഎമാർ പിൻവാതിൽ ചർച്ചകൾ നടത്തിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. എ.കെ.ശശീന്ദ്രനോ തോമസ് ചാണ്ടിക്കോ മന്ത്രായാകാൻ കഴിയാത്ത സാഹചര്യം വന്നാൽ എൻസിപിയിൽ എത്തി മന്ത്രിയാകാനായിരുന്നു മൂന്നു പേരുടെയും നീക്കം. ദൂതന്മാർ മുഖേനയാണ് മൂന്ന് ഇടതുസാമാജികരും എൻസിപിയെ സമീപിച്ചത്. ഇതൊക്കെയാണെങ്കിലും കേസുകളിൽനിന്ന് മുക്തരായി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് എ.കെ.ശശീന്ദ്രനും തോമസ്ചാണ്ടിയും. വിജിലൻസ് അന്വേഷണം നടക്കുന്നതോടെ തോമസ് ചാണ്ടിയേക്കാൾ സാധ്യത ശശീന്ദ്രനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP