Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി അഖിലേഷ് യാദവ്; കോൺഗ്രസ്സുമായി ഇനി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി നേതാവ്; യുപിയിൽ പ്രതിപക്ഷ സഖ്യം പൊളിഞ്ഞതിന്റെ ആഹ്ലാദം മറച്ചുവെക്കാനാകാതെ ബിജെപി ക്യാമ്പ്

രാഹുൽ ഗാന്ധിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി അഖിലേഷ് യാദവ്; കോൺഗ്രസ്സുമായി ഇനി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി നേതാവ്; യുപിയിൽ പ്രതിപക്ഷ സഖ്യം പൊളിഞ്ഞതിന്റെ ആഹ്ലാദം മറച്ചുവെക്കാനാകാതെ ബിജെപി ക്യാമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിയുടെ വലിയ പ്രതീക്ഷയായിരുന്നു ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം. മുലായം സിങ് യാദവിന് പകരം പാർ്ട്ടി നേതൃത്വമേറ്റെടുത്ത അഖിലേഷ് യാദവിൽ രാഹുൽ വലിയ പ്രതീക്ഷയർപ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുകയും ചെയ്തതോടെ, അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ്സിനൊരു തിരിച്ചുവരവ് സ്വപ്‌നം കണ്ടിരിക്കുയായിരുന്നു രാഹുൽ.

എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷനെ നിരാശപ്പെടുത്തി, ഇനി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഖിലേഷ് യാദവ്. സഖ്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചർച്ചകൾക്കായി സമയം പാഴാക്കേണ്ടതില്ലെന്നാണ് അഖിലേഷിന്റെ നയം. ഒരു സൈക്കിളിന്റെ രണ്ട് വീലുകളെന്നും ഗംഗ-യമുന സംഗമമെന്നുമൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വാഴ്‌ത്തപ്പെട്ട രാഹുൽ-അഖിലേഷ് സഖ്യം ഇതോടെ ഇല്ലാതാവുകയും ചെയ്തു.

തന്റെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും സഖ്യചർച്ചകൾക്കായി സമയം കളയാനില്ലെന്നും അഖിലേഷ് പറഞ്ഞു. കോൺഗ്രസ്സുമായുള്ള കൂട്ടുചേരൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് യാതൊരു ഗുണവും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 403 അംഗ നിയമസഭയിലേക്ക് കോൺഗ്രസ്സും എസ്‌പിയും ഒരുമിച്ച് മത്സരിച്ചെങ്കിലും ബിജെപിക്ക് അതൊരു വെല്ലുവിളി പോലുമായില്ല. ബിജെപി 325 സീറ്റുകൾ നേടിയപ്പോൾ എസ്‌പിക്ക് 47-ഉം കോൺഗ്രസ്സിന് ഏഴും സീറ്റാണ് കിട്ടിയത്.

രാഹുൽ ഗാന്ധിയുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ, പാർട്ടികൾ തമ്മിൽ സഖ്യത്തിനില്ല. കോൺഗ്രസ്സുമായെന്നല്ല, ഒരു പാർട്ടിയുമായും സഖ്യത്തിന് പോകേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും മുന്മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിയുടെ ജില്ലാ നേതാക്കളുമായും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ പ്രഖ്യാപനം. കോൺഗ്രസ്സുമായുള്ള സഖ്യത്തിൽനിന്ന് പാർട്ടിക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്ന മുലായത്തിന്റെ വിലയിരുത്തലിനോട് കൂടുതൽ പേരും യോജിക്കുകയായിരുന്നു.

സഖ്യത്തിന്റെ പേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താതിരുന്ന സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും യോഗം ആവശ്യപ്പെട്ടു. മറ്റ് കക്ഷികളുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും, ഏതെങ്കിലും തരത്തിലുള്ള ധാരണകൾ ഉരിത്തിരിഞ്ഞുവരികയാണെങ്കിൽ അതു തള്ളേണ്ടെന്ന അഭിപ്രായവും നേതാക്കൾ്കകുണ്ട്. തുറന്ന സമീപനമുള്ള കക്ഷികളുമായി ഒത്തുചേർന്ന് പോകാവുന്നതാണെന്ന സൂചനയും ഇതുനൽകുന്നു.

കോൺഗ്രസ്സുമായുള്ള സഖ്യമില്ലെന്ന അഖിലേഷിന്റെ പ്രസ്താവനയെ ബിജെപി ആഹ്ലാദത്തോടെയാണ് കാണുന്നത്. നിലവിൽ മറ്റു കക്ഷികളൊന്നും യുപിയിൽ ബിജെപിക്ക് വെല്ലുവിളിയല്ലെങ്കിലും, അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP