Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ആരേയും ഭയക്കാതെ കോടതികളിൽ സത്യം പറയാം; ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ; 'വൾനറബിൾ വിറ്റ്നസ് ഡെപ്പോസിഷൻ സെന്റർ' ഉടൻ

ഇനി ആരേയും ഭയക്കാതെ കോടതികളിൽ സത്യം പറയാം; ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ; 'വൾനറബിൾ വിറ്റ്നസ് ഡെപ്പോസിഷൻ സെന്റർ' ഉടൻ

ആലപ്പുഴ: ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. മൂന്നുമാസത്തിനകം ഇവ സ്ഥാപിക്കാൻ ഹൈക്കോടതി ജില്ലാ കോടതികൾക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് നടപടി. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങൾ ജില്ലാ ജഡ്ജിമാർ അടിയന്തരമായി അറിയിക്കണമെന്നാണ് നിർദ്ദേശം. പുതിയ കേന്ദ്രങ്ങളിൽ വിസ്തരിക്കാൻ യോഗ്യമായ 2012 മുതലുള്ള കേസുകളുടെ വിവരങ്ങളും കൈമാറണം.

തീരുമാനം ക്രിമിനൽ ജുഡീഷ്യൽ സംവിധാനത്തിന് ശക്തി പകരുമെന്നാണ് വിലിയരുത്തൽ. ക്രിമിനൽ കേസിന്റെ വിജയം ഏറിയപങ്കും സാക്ഷിമൊഴിയെ ആശ്രയിച്ചാണ്. സാക്ഷികൾക്ക് സ്വതന്ത്രമായും നിർഭയമായും മൊഴികൊടുക്കാനും യഥാർഥപ്രതികൾ ശിക്ഷിക്കപ്പെടാനും ഇത് വഴിതെളിക്കുമെന്നും നിയമവിദഗ്ദ്ധർ പറയുന്നു. നിലവിൽ മിക്ക കേസുകളിലും സാക്ഷികളെ വിസ്തരിക്കുന്നത് പ്രതികളുടെ സാന്നിധ്യത്തിലാണ്. പ്രതികളെ ഭയന്നോ അവരുടെ സ്വാധീനത്താലോ സാക്ഷി മൊഴിമാറ്റുന്ന സംഭവങ്ങൾ ഏറെയാണ്. കുട്ടികളും പ്രായമായവരും സ്ത്രീകളുമൊക്കെ ഇത്തരത്തിൽ എളുപ്പം സ്വാധീനക്കപ്പെടുന്നു. ഈ സാഹചര്യം ഇനി മാറും.

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ള കേസുകളിലാകും പുതിയ കേന്ദ്രങ്ങളിൽ സാക്ഷിവിസ്താരം നടത്തുക. 'വൾനറബിൾ വിറ്റ്നസ് ഡെപ്പോസിഷൻ സെന്റർ' എന്നാവും ഇവ അറിയപ്പെടുക. കുട്ടികൾ, ബലാത്സംഗത്തിന് ഇരയാവുന്നവർ, അതിന്റെ സാക്ഷികൾ, കൊലപാതകത്തിന് സാക്ഷിയാവുന്നർ, ഗൂഢാലോചനയ്ക്ക് സാക്ഷിയാവുന്നവർ, വധശ്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടവർ, അതിന് സാക്ഷികളായവർ തുടങ്ങിയവരുടെ വിസ്താരം ഇത്തരത്തിൽ നടത്തുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ക്രിമിനൽ കോടതിയോടുചേർന്ന് പ്രത്യേക മുറികളോ കേന്ദ്രങ്ങളോ സജ്ജമാക്കും. ഇവിടേക്ക് സാക്ഷികളെ എത്തിക്കാൻ പ്രത്യേകവഴി, പ്രത്യേക ശൗചാലയം, ഇരിക്കാനുള്ള സൗകര്യം, കാന്റീൻ സംവിധാനം എന്നിവ ഉണ്ടാവും. വാദം നടക്കുന്ന മുറിയിലേക്ക് സാക്ഷിയുടെ തത്സമയ വീഡിയോ ദൃശ്യമാണ് എത്തുക. ജഡ്ജിയോ മജിസ്ട്രേട്ടോ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാം. ജഡ്ജിയോട് സാക്ഷിക്ക് നേരിട്ട് സംസാരിക്കണമെങ്കിൽ അതാവാം. അപ്പോൾ പ്രതിചേർക്കപ്പെട്ടവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും. കോടതി നടപടികൾ വീക്ഷിക്കാൻ പ്രതിചേർക്കപ്പെടുന്നവർക്ക് സംവിധാനമുണ്ടാവും.

2017 ഒക്ടോബർ 24-ന് ഒരു ബലാത്സംഗക്കേസിലെ അപ്പീൽ ഹർജിയിൽ ഇരയ്ക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിൽ, നിർഭയമായി സാക്ഷികൾക്ക് മൊഴികൊടുക്കാൻ പാകത്തിൽ നാല് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി കോടതി ഉടൻ തീസ് ഹസാരി കോടതിയിൽ ഇത്തരമൊരു കേന്ദ്രം തുറന്നു. പിന്നീട് ഇതു മാതൃകയാക്കി രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ഇത്തരം കേന്ദ്രങ്ങൾ തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP