Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരുന്നു ഷാമിലിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി മണിമൂളി ഗ്രാമവാസികൾ; മകൻപോയതറിയാതെ പിതാവ് ഫൈസൽ അബോധാവസ്ഥയിൽ ചികിത്സയിൽ; അപകടത്തിന് ഇടയാക്കിയത് വാർധക്യത്തിലും ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ മുസ്തഫക്കുണ്ടായ മസ്തിഷ്‌ക പക്ഷാഘാതം; രണ്ട് കുരുന്നുകളുടെ ജീവനെടുത്ത വഴിക്കടവ് അപകടം ബാക്കിയാക്കിയത്

കുരുന്നു ഷാമിലിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി മണിമൂളി ഗ്രാമവാസികൾ; മകൻപോയതറിയാതെ പിതാവ് ഫൈസൽ അബോധാവസ്ഥയിൽ ചികിത്സയിൽ; അപകടത്തിന് ഇടയാക്കിയത് വാർധക്യത്തിലും ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ മുസ്തഫക്കുണ്ടായ മസ്തിഷ്‌ക പക്ഷാഘാതം; രണ്ട് കുരുന്നുകളുടെ ജീവനെടുത്ത വഴിക്കടവ് അപകടം ബാക്കിയാക്കിയത്

എം പി റാഫി

നിലമ്പൂർ: വഴിക്കടവ് മണിമൂളി നെല്ലിക്കുത്തിലുണ്ടായ ലോറിയപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല ഗ്രാമവാസികൾക്ക്. കഷ്ടതകൾക്കു മേൽ ദൈവത്തിന്റെ കണ്ണീരുകൊണ്ടുള്ള പരീക്ഷണമായിരുന്നു ഇന്നലെ മണിമൂളിയിലുണ്ടായ അപകടം. അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രണ്ടാംപാടം മുണ്ടമ്പ്ര സ്വദേശി ഫൈസൽബാബു, തന്റെ മകൻ എട്ടുവയസുകാരൻ മുഹമ്മദ് ഷാമിലിന്റെ മരണ വിവരമറിയാതെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കഴിയുകയാണ്. ഷാമിലിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മൃതദേഹം ഖബറടക്കി.

മകനെ ഒരു നോക്കു കാണാൻ കഴിഞ്ഞില്ല ഈ പിതാവിന്. വഴിക്കടവ് പൂവത്തിപ്പൊയിൽ ആര്യൻതൊടിക അബ്ബാസിന്റെ മകൾ എ.ടി ഫിദമോൾ(14) ആണ് അപകടത്തിൽ മരിച്ച മറ്റൊരി വിദ്യാർത്ഥി. ഫിദ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ഷാമിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. അഞ്ചു കുട്ടികൾ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

ഫിദ സ്‌കൂളിലേക്ക് നടന്നു പോകുകയും ഷാമിൽ പിതാവിനൊപ്പം ഓട്ടോറിക്ഷയിലുമായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയാണ് ഷാമിലിന്റെ പിതാവ് ഫൈസൽ ബാബു. ഫൈസലിന് ആപത്തൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും. നട്ടെല്ലിനെ ബാധിച്ച അപൂർവ രോഗത്തെ തുടർന്ന് കഴിഞ്ഞ ആറ് വർഷത്തോളമായി ഫൈസൽ ദുരിതത്തിൽ കഴിയുകയാണ്. മണിമൂളി രണ്ടാം പാടത്ത് ആകെയുള്ള അഞ്ച് സെന്റ് ഭൂമിയും അതിലൊരു കൂരയും മാത്രമാണിയാൾക്ക് സ്വന്തമായുള്ളത്.

വയോധികരായ മാതാപിതാക്കളും മൂന്നുമക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. മരണത്തിന് കീഴടങ്ങേണ്ടി വന്ന മകൻ ഷാമിൽ ഹൃദയ വാൽവ് തകരാറിനെ തുടർന്ന് ചെറുപ്പം മുതൽ ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് ഷാമിലിനെ ശസ്ത്രക്രിയയും നടത്തിയിരുന്നു. രോഗം മൂർച്ഛിച്ച് ജോലി ചെയ്യാൻ പറ്റാതായ സാഹചര്യത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഫൈസലിന് വാങ്ങി നൽകിയ ഓട്ടോറിക്ഷയാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

സ്‌കൂൾ ട്രിപ്പാണ് അധികവും എടുത്തിരുന്നത്. രാവിലെ വീടിനു സമീപത്തുള്ള കുട്ടികളെ സ്‌കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു. രോഗിയായ ഷാമിലിനെ മടിയിലിരുത്തിയാണ് ഫൈസൽ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. കുടുംബത്തിന്റെ പരാതീനതയോർത്ത് മൂത്ത കുട്ടികളെ ഫൈസൽ ഓട്ടോയിൽ സ്‌കൂളിൽ കൊണ്ടുപോകാറില്ല. പുറമെ നിന്നുള്ള കുട്ടികളാണ് ഓട്ടോയിലുണ്ടാകുക. ഇർക്കൊപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ഫൈസലിന്റെ സുഷുമ്നാനാഡിക്ക് ക്ഷതമേറ്റതായി ഡോക്ടർമാർ പറഞ്ഞു.

വെളിച്ചെണ്ണയിലും മറ്റും ചേർക്കുന്ന കൊപ്രയുടെ അവശിഷ്ടങ്ങളുമായി കർണാടകയിൽ നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പക്ഷാഘാതമുണ്ടായി ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയത്. ലോറി ഡ്രൈവർ പെരിന്തൽമണ്ണ പാതായ്ക്കര കല്ലിങ്ങൽ മുസ്തഫ (65) പക്ഷാഘാതത്തെ തുടർന്ന് ഗുരുതരവാവസ്ഥയിൽ ചികിത്സയിലാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.

വാർധക്യത്തിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ് മുസ്തഫ. എന്നാൽ 45 വർഷത്തെ ഡ്രൈവർ ജോലിയിൽ ആദ്യമായാണ് അപകടമുണ്ടാകുന്നത്. ഡ്രൈവിംങിനിടെ മസ്തിഷ്‌കാഘാതം വന്നതാണ് വലിയ അപകടമായി മാറിയത്. ബോധരഹിതനായതോടെ വേഗതയില്ലാതെ ലോറി ഇടിച്ചു നിൽക്കുകയായിരുന്നു. ഇത് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കി. അപകടത്തെ തുടർന്ന് ഇടതു വശം തളർന്ന മുസ്തഫ പിന്നീട് സംസാരിച്ചിട്ടില്ല. പെരിന്തൽമണ്ണയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ മുസ്തഫ. 45 വർഷമായി പുത്തനഴിയിലെ മില്ലിൽ ഡ്രൈവറാണ് മുസ്തഫ.

കൊപ്രയുടെ ചിപ്സ് കൊണ്ടുവരാനായി പോയാൽ മൂന്ന് ദിവസം കഴിഞ്ഞാണ് വരിക. പതിവുപോലെ രണ്ട് ദിവസം മുമ്പായിരുന്നു ഇത്തവണയും പോയത്. നാടുകാണി ചുരമിറങ്ങി വഴിക്കടവിലെത്തി ചായ കഴിച്ചശേഷമാണ് മേലാറ്റൂരിലെ മില്ലിലേക്ക് യാത്ര തുടർന്ന്ത്. ഒന്നര കിലോമീറ്ററോലം പോയപ്പോഴേക്കും മുസ്തഫയ്ക്ക് ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതായി വാഹനത്തിൽ കൂടെയുണ്ടായിരുന്ന ഡ്രൈവർമാർ പറഞ്ഞു.

മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഗുഡ്സ് വാനിലുമാണ് ലോറി ഇടിച്ചത്. ഇതിനിടെ അപകടത്തിന് തൊട്ടുമുമ്പ് നിർത്തിയിട്ട ഗുഡ്സ് വാനിലുണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു. മൂന്ന് തൊഴിലാളികളുമായി എടവണ്ണയിലെ ജോലി സ്ഥലത്തേക്കു പോകുകയായിരുന്നു ഗൂഡ്സ് വാൻ. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ചരക്കുലോറിയിടിച്ചു തകർന്ന ഗൂഡ്സ് വാൻ ഡ്രൈവർ സൈനുൽ ആബിദ് പറയുന്നു.

അമ്പരപ്പും കണ്ണീരും തോരാതെ ചികിത്സയിൽ കഴിയുന്നവർക്കായി പ്രാർത്ഥനയിലാണ് ഒരുഗ്രാമം ഒന്നടങ്കം. അതേസമയം, സ്‌കൂൾ സമയങ്ങളിൽ വഴിക്കടവ് ചെക്പോസ്റ്റ് വഴി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. യാത്രാ വാഹനങ്ങളല്ലാത്ത എല്ലാ വലിയ വാഹനങ്ങളും രാവിലെ എട്ടു മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ 5.30 വരെയുമാണ് വഴിക്കടവ് ചെക്പോസ്റ്റ് വഴി പ്രവേശിക്കുന്നത് നിരോധിച്ചത്. ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP