Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിനൊപ്പം യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ കൂടി മുഖം തിരിച്ചതോടെ കേരളത്തെ കാത്തു കറുത്ത നാളുകൾ; പ്രവാസിപ്പണത്തിൽ തുടർച്ചയായ നാലാം വർഷവും ഇടിവ്; കേരള സർക്കാരിന് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും പ്രവാസി ലോകം മലയാളിക്ക് അന്യമായി തുടങ്ങി

ഗൾഫിനൊപ്പം യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ കൂടി മുഖം തിരിച്ചതോടെ കേരളത്തെ കാത്തു കറുത്ത നാളുകൾ; പ്രവാസിപ്പണത്തിൽ തുടർച്ചയായ നാലാം വർഷവും ഇടിവ്; കേരള സർക്കാരിന് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും പ്രവാസി ലോകം മലയാളിക്ക് അന്യമായി തുടങ്ങി

കെ ആർ ഷൈജുമോൻ

ലണ്ടൻ: അരനൂറ്റാണ്ടായി മലയാളിയുടെ പശിയടക്കിയ പ്രവാസിപ്പണം പതിയെ നിലയ്ക്കുന്നു. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായ ഇടിവിനെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, സംസ്ഥാന തല ബാങ്കിങ് അവലോകന സമിതി, എന്നിവ പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വിവരങ്ങൾ സംസഥാനത്തെ സംബന്ധിച്ച് ഒട്ടും ആശാവഹം അല്ലെന്നു മാത്രമല്ല, ഏറെ ആശങ്ക ഉയർത്തുന്നതുമാണ്. ഈ നില തുടർന്നാൽ ഏതാനും വർഷത്തിനകം തന്നെ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗമായ ''പ്രവാസി കറവപ്പശുവിന്റെ'' പാൽ ചുരത്തൽ നിലയ്ക്കുമെന്നു വ്യക്തം. എന്നാൽ, അര നൂറ്റാണ്ടായി പ്രവാസി മലയാളികൾ നടത്തുന്ന പ്രവാസ ലോകത്തെ വേദനകൾക്കും പരിദേവനങ്ങൾക്കും മുന്നിൽ കണ്ണടച്ച കേരള സർക്കാർ ഒടുവിൽ കണ്ണ് തുറക്കാൻ തയ്യാറായപ്പോഴേക്കും വിധി പ്രവാസി മലയാളികൾക്ക് എതിരാകുന്നു എന്ന വസ്തുതയയും സർക്കാരിന് മുന്നിൽ വേണ്ട ഗൗരവത്തിൽ എത്തുന്നില്ല.

പ്രവാസ ലോകത്തെ പ്രശ്ങ്ങൾക്ക് ശ്വാശ്വത പരിഹാരം എന്ന നിലയിൽ ലോക കേരള സഭയ്ക്ക് അടുത്ത ആഴ്ച കേരളം തയ്യാറാകുമ്പോൾ അത്ര ശുഭകരമായ വർത്തകളല്ല പ്രവാസ ലോകത്തു നിന്നും കേരളത്തെ തേടി എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ് ഒന്നര ലക്ഷത്തിനും മുകളിലാണ്. ഇത് പ്രവാസികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ് വരുത്താൻ നിർണ്ണായകം ആകും എന്നിരിക്കെ അടിസ്ഥാന പ്രശ്ങ്ങൾ മറന്നു ലോക കേരള സഭയെന്ന പേരിൽ സർക്കാർ അധര വ്യായാമത്തിനു ഒരുങ്ങുകയാണെന്ന ആശങ്കയാണ് പ്രവാസികൾക്കിടയിൽ ശക്തമാകുന്നത്. മുൻപേ പോലെ പ്രവാസ ലോകം ഇനിയൊരിക്കലും മലയാളിക്ക് ആശയും ആവേശവും ആയി മാറില്ലെന്ന ചിന്തയും ശക്തമാകുകയാണ്. വെറും ചണ്ടിയായി തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ ക്രിയാത്മകമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാനം ദയനീയമായി പരാജയപ്പെടുന്നു എന്ന ആക്ഷേപം ആകും ലോക കേരള സഭക്ക് ആദ്യമേ കേൾക്കേണ്ടി വരിക.

നൂറുകണക്കിന് പ്രവാസി മലയാളി സംഘടനകൾ ഇക്കാര്യങ്ങൾ വർഷങ്ങളായി വായിട്ടലയ്ക്കുക ആണെങ്കിലും കേരളം വേണ്ട രീതിയിൽ അത്തരം പരാതികൾ കൈകാര്യം ചെയ്യാതെ പോയതിന്റെ കുഴപ്പം കൂടി കേരള സഭയുടെ തലയിലെത്തും എന്നതും നിസ്തർക്കമാണ്. അതിനാൽ തന്നെ പ്രവാസി സംഘടനകൾ ഏറെ സംശയത്തോടെയാണ് കേരള സർക്കാരിന്റെ നീക്കങ്ങളെ വീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും രാഷ്ട്രീയ കുഴപ്പങ്ങളും ചേർന്ന് പ്രവാസ മലയാളിയുടെ ജീവിതത്തിനു നേരെ കൊഞ്ഞനം കുത്തിത്തുടങ്ങിയപ്പോൾ അങ്ങോട്ടുള്ള ഒഴുക്കിനെക്കാൾ ഇങ്ങോട്ടുള്ള ഒഴുക്ക് ശക്തമായപ്പോൾ തിരിച്ചടി ആകുന്നത് കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കു കൂടിയാണ്.

ഇക്കാര്യം ഇനിയും സംസ്ഥാനം സജീവ ചർച്ച പോലും ആക്കിയിട്ടില്ല എന്ന വസ്തുതയാണ് ലോക കേരള സഭയെ കുറിച്ച് സർക്കാർ വാചാലമാകുമ്പോഴും സൗകര്യപൂർവം മറക്കുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന് താങ്ങായി നിന്നിരുന്ന പ്രവാസി മലയാളിയുടെ പണവരവിനു ആദ്യമായി കനത്ത ഇടിവ് സംഭവിച്ച സാമ്പത്തിക വർഷമാണ് ഇപ്പോൾ കടന്നു പോകുന്നത്. സർക്കാരിന് എന്നത് പോലെ പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുടെയും ചങ്കിൽ തട്ടുന്ന വാർത്ത എത്തുമ്പോഴും കേരള സഭയുടെ ഗ്ലാമറിൽ പ്രവാസിയുടെ കണ്ണിൽ വീണ്ടും മണ്ണിടാൻ ഉള്ള ഒരുക്കങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത് എന്നതും ശ്രദ്ധ നേടുന്നു.

സംസ്ഥാനത്തിന്റെ നടുവൊടിക്കാൻ കാരണമായ പ്രവാസി ലോകത്തെ കാരണങ്ങൾ ഒന്നിച്ചു എത്തിയതാണ് പ്രശനം കൂടുതൽ വഷളാക്കുന്നത്. എട്ടു വർഷം മുൻപ് ലോകത്തു ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യം ഗൾഫ് മേഖലയെ ഒന്നാകെ പിടിച്ചുലച്ചപ്പോൾ കൂടെയെത്തിയ എണ്ണ വിലയിടിവ്, രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ ഇപ്പോഴും പല രാജ്യങ്ങളെയും വേട്ടയാടുകയാണ്. കൂടെ യൂറോപ്പിൽ ബ്രെക്സിറ്റ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ച യൂറോപ്യൻ മലയാളികളെ കേരളത്തിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. ജോലികൾ പലതും ത്രിശങ്കുവിൽ ആകുന്നതു ഭാവിയെ പറ്റിയുള്ള ആശങ്ക കടുത്തതു ആകുന്നതോടെ നിക്ഷേപം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നിന്ന് പ്രവാസി മലയാളികൾ ഉൾവലിയുകയാണ്. അമേരിക്കൻ മലയാളികൾ പങ്കിടുന്ന ചിന്തകളും വ്യത്യസ്തമല്ല.

സംസ്ഥാനത്തു 14 ജില്ലകളിലായി 25000 കുടുംബങ്ങളെ കണ്ടെത്തി പ്രവാസി പ്രശ്ങ്ങളിൽ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിച്ച സിഡിഎസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കിടുന്നത്. മടങ്ങി എത്തുന്ന പല പ്രവാസി കുടുംബത്തിനും തുടർ ജീവിതം ഇരുളടഞ്ഞതു ആയി മാറുകയാണ്. പഠനം സംബന്ധിച്ച ആദ്യ വിശദ റിപ്പോർട്ട് ഏപ്രിലിൽ പുറത്തു വരും. ഇത്തരത്തിൽ സിഡിഎസ് മുൻപ് ഏഴു പഠനങ്ങൾ കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ നടത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും കാര്യമായ ഇടപെടൽ നടത്താൻ കേരള സർക്കാരുകൾ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ മാതൃക പിന്തുടർന്നു പ്രധാന പ്രവാസി ആശ്രിത സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലും ഇത്തരം പഠനങ്ങൾ നടക്കുകയാണ്.

സർക്കാർ കണക്കിൽ 1998 ൽ ഉണ്ടായിരുന്ന 13 ലക്ഷം പ്രവാസികളിൽ നിന്നും 2016 ളിൽ എണ്ണം 24 ലക്ഷം ആയി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ താഴോട്ടിറക്കം നേരിടുന്നത്. പ്രവാസികളുടെ എണ്ണക്കണക്കിൽ ഇപ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കണക്കാണ് സംസ്ഥാനം പറയുന്നതെന്നും എന്നാൽ ഈ കണക്ക് അടിസ്ഥാന ഏകകമായി കരുതാൻ കഴിയില്ലെന്നും സിഡിഎസ് പഠനത്തിന് നേതൃത്വം നൽകുന്ന ഇരുദയരാജൻ പറയുന്നു. വിമാനത്താവളം വഴി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരുടെ കണക്കിൽ സന്ദർശന വിസക്കാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതിനാൽ യഥാർത്ഥ കണക്കിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പ്രവാസിപ്പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ മൂന്നിൽ ഒന്ന് ജനങ്ങളുടെയും ജീവനോപാധി നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് പഠനത്തിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന ഘടകം.

അതേ സമയം സംസ്ഥാന ബാങ്കിങ് അവലോകന സമിതി നൽകുന്ന നിക്ഷേപ കണക്കുകളും ആശങ്ക ഉയർത്തുന്നത് തന്നെയാണ്. കേരളത്തിലെ 6339 ബാങ്ക് ബ്രാഞ്ചുകളിൽ ആയി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പ്രവാസി പണം 2015 ൽ നിന്നും 2016 ലെത്തിയപ്പോൾ വൻവർധന ഉണ്ടായെങ്കിലും ആ ആനുപാതികം കാക്കാൻ കഴിഞ്ഞ വർഷം കഴിഞ്ഞിട്ടില്ല. മൂന്നു വർഷം മുൻപ് 1. 17 ലക്ഷം കോടിയിൽ നിന്നും രണ്ടു വർഷം മുൻപ് 1.42 ലക്ഷം കൂടിയായി ഉയർന്ന പ്രവാസിപ്പണം കഴിഞ്ഞ വർഷമായപ്പോൾ 1. 54 ലക്ഷം കോടിയിൽ കിതയ്ക്കുകയാണ്. കൂടുതൽ പ്രൊഫഷണൽ ജോലിക്കാരും മറ്റും ഇക്കാലത്തു പ്രവാസിയായി അന്യനാടുകളിൽ എത്തിയ സാഹചര്യത്തിൽ നിക്ഷേപ വർധനയിൽ കുതിപ്പുണ്ടാകാത്തതു വരും കാലത്തേക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP