Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളൊന്നും കണ്ടില്ല ഞങ്ങളൊന്നും കേട്ടില്ല ഞങ്ങളീ നാട്ടുകാരേയല്ല എന്ന മട്ടിൽ ഇങ്ങനെ മറവി ആഘോഷിക്കാമോ? മരിക്കാത്ത ആ ഓർമകൾ ഉറ്റവരെ വേട്ടയാടുമ്പോൾ ഇങ്ങനെ തിരിമറി കാട്ടാമോ? അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ സനിൽ ഫിലിപ്പിന്റെ കുടുംബസഹായനിധിയിൽ നിന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻ ഭരണസമിതി കൈയിട്ടുവാരിയെന്ന് വെളിപ്പെടുത്തൽ

ഞങ്ങളൊന്നും കണ്ടില്ല ഞങ്ങളൊന്നും കേട്ടില്ല ഞങ്ങളീ നാട്ടുകാരേയല്ല എന്ന മട്ടിൽ ഇങ്ങനെ മറവി ആഘോഷിക്കാമോ? മരിക്കാത്ത ആ ഓർമകൾ ഉറ്റവരെ വേട്ടയാടുമ്പോൾ ഇങ്ങനെ തിരിമറി കാട്ടാമോ? അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ സനിൽ ഫിലിപ്പിന്റെ കുടുംബസഹായനിധിയിൽ നിന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻ ഭരണസമിതി കൈയിട്ടുവാരിയെന്ന് വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സനിൽ ഫിലിപ്പ് ഓർമയായിട്ട് ഒന്നവർഷത്തിലേറെയായെങ്കിലും ആ നല്ല സുഹൃത്തിന്റെ മരിക്കാത്ത ഓർമകൾ ചങ്ങാതിമാരെ ഇപ്പോഴും ഉലയ്ക്കുന്നു. അവിചാരിതമായുണ്ടായ ഓട്ടോറിക്ഷാ അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ കഴിയുമ്പോഴും സനിൽ ജീവിതത്തെ വളരെ പോസിറ്റീവായാണ് കണ്ടത്.

തന്റെ വീട്ടിലെ ഇല്ലായ്മകളൊക്കെ പറഞ്ഞ് ആരെയും മുഷിപ്പിക്കാതെ ജോലിയിൽ മുഴുകുക, വാർത്തയുടെ ഏതറ്റം വരെയും പോവുക, അതായിരുന്നു സനിൽ ഫിലിപ്പ്. ചാനലിൽ പട്ടിണിയാണെങ്കിലും ശമ്പളം മുടങ്ങി എന്ന പറഞ്ഞ് ഒരു വാർത്ത പോലും മുടക്കിയിരുന്നുമില്ല. ആ ഓർമകൾ ഇപ്പോഴും താലോലിക്കുന്ന ഉറ്റസുഹൃത്തുക്കളെ കടുത്ത വേദനയിലാഴ്‌ത്തുന്നതാണ് ഡൽഹിയിൽ നിന്ന് കേൾക്കുന്ന വാർത്ത.

സനിൽ ഫിലിപ്പിന്റെ കുടുംബത്തിനായി സമാഹരിച്ച തുകയിൽ നിന്നും കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകം ഭാരവാഹികൾ കയ്യിട്ടു വാരിയെന്നാണ് പുറത്ത് വരുന്ന വാർത്ത. കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിലെ സർക്കാർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടു സംസ്ഥാന സമിതി നിയോഗിച്ച മൂന്നംഗ സമിതി ഡൽഹിയിൽ നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഡൽഹി ഘടകം ഭാരവാഹികൾ അംഗങ്ങളിൽ നിന്നു മറച്ചു വച്ചിരുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് അന്വേഷണ സമിതി മുഖേന അംഗങ്ങൾക്കു പരിശോധിക്കാൻ ലഭിച്ചപ്പോഴാണ് ലജ്ജാകരമായ തിരിമറി വെളിപ്പെട്ടത്. മുൻ ഭരണസമിതിയുടെ കാലത്തെ അഴിമതിയാണു വെളിപ്പെട്ടത്. കെയുഡബ്ല്യൂജെ മുൻ സംസ്ഥാന അധ്യക്ഷരായ ബോബി ഏബ്രഹാം, പ്രേംനാഥ്, അബ്ദുൽ ഗഫൂർ എന്നിവരാണു ഡൽഹിയിലെത്തി തെളിവെടുപ്പു നടത്തിയത്.

സനൽ ഫിലിപ്പിന്റെ കുടുംബ സഹായ നിധിയിലേക്ക് ഡൽഹി ഘടകത്തിലെ അംഗങ്ങളിൽ നിന്നു ഒന്നേ കാൽ ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. യൂണിയനു സർക്കാർ അനുവദിച്ച വിവാദമായ 25 ലക്ഷം രൂപയുടെ ഫണ്ടിൽ നിന്നു കുടുംബ സഹായ നിധിയിലേക്ക് 25,000 രൂപയും ചേർത്തു ഒന്നര ലക്ഷം രൂപ കുടുംബത്തിനു കൈമാറിയിരുന്നുവെന്നാണ് അംഗങ്ങളെ ഭാരവാഹികൾ ധരിപ്പിച്ചത്. മൂന്നു ദിവസത്തെ തെളിവെടുപ്പിന്റെ മൂന്നാം ദിവസം ബാങ്ക് സ്റ്റേറ്റ്‌മെന്റ് അംഗങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിമറി കണ്ടു പിടിച്ചത്.

കുടുംബത്തിനു നൽകിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് സർക്കാർ ഫണ്ടിൽ നിന്നാണു നൽകിയിട്ടുള്ളത്. പിരിച്ചെടുത്ത ഒന്നേ കാൽ ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുമില്ല. ഫലത്തിൽ പിരിച്ചെടുത്ത തുക ഭാരവാഹികൾ പോക്കറ്റിലാക്കിയ ശേഷം സർക്കാർ ഫണ്ടിൽ നിന്നു തുക കുടുംബത്തിനു കൈമാറി. കുടുംബ നിധിയിലേക്ക് മലയാളി അഭിഭാഷകൻ 50,000 രൂപ നൽകിയതിന്റെ കണക്കുകളും യൂണിയൻ കണക്കുപുസ്തകത്തിലില്ല.

ന്യൂസ് 18 കേരള ചാനലിൽ കൊച്ചി സീനിയർ റിപ്പോർട്ടറായി ജോലി നോക്കവേ, 2016 ജൂണിൽ കോരുത്തോടിന് സമീപം പത്തുസെന്റിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സനിൽഫിലിപ്പിന് ഗുരുതരമായി പരുക്കേറ്റത്.അപകടത്തിൽ സുഷുമ്നാ നാഡിക്കും കഴുത്തിനും ഗുരുതര പരുക്കേറ്റ സനിൽ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

ഡൽഹിയിൽ കുടുംബ മേള നടത്തിയതിന്റെ പേരിലും കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ അഴിമതി നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിൽ ഒരു തവണ മൂന്നു ലക്ഷം രൂപ പിൻവലിച്ചതിനു രണ്ടു വർഷമായി നടത്തിയ കുടുംബ മേളകളും പെൻഷൻ ഫണ്ട് അടയ്ക്കലുമാണു വിനിയോഗമായി കാണിച്ചിട്ടുള്ളത്. അടുത്ത വർഷം നടത്തേണ്ട കുടുംബ മേളയ്ക്കു വേണ്ടി പോലും മുൻകൂറായി തുക പിൻവലിക്കുകയെന്ന പരിഹാസ്യമായ കണക്കാണു ഭാരവാഹികളുടേത്. കുടുംബ മേളയുടെ മുഴുവൻ ചെലവുകളും സ്‌പോൺസർ വഹിച്ചിട്ടും അതിന്റെ പേരിൽ സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്നു ഭാരവാഹികൾ തുകയെഴുതിയെടുത്തു.

അഴിമതിക്കാര്യം ബോധ്യമായിട്ടും പുറത്തുവിടരുതെന്ന ലജ്ജാകരമായ അഭ്യർത്ഥന മൂന്നംഗ സമിതിയുടെ ഭാഗത്തു നിന്നുണ്ടായത് ഡൽഹിയിലെ അംഗങ്ങളെ ഞെട്ടിച്ചു. ഡൽഹിയിൽ യൂണിയന് അനുവദിച്ച ഫണ്ടിലെ തിരിമറി പുറത്തുവിട്ടാൽ കേരളത്തിലെ പ്രസ് ക്ലബുകളെയെല്ലാം ദോഷകരമായി ബാധിക്കുമെന്ന മുടന്തൻ ന്യായം സമിതി ഉന്നയിച്ചത് അംഗങ്ങൾ നിരാകരിച്ചു. കേരളത്തിലെ പ്രസ് ക്ലബുകൾക്കു സർക്കാർ അനുവദിച്ചിട്ടുള്ള തുകകളെ കുറിച്ച് അന്വേഷണമുണ്ടായാൽ ക്ലബ് നിയന്ത്രിക്കുന്ന യൂണിയനെ തകർക്കുമെന്നാണ് സമിതിയുടെ വാദം. ഭാവിയിൽ കേരളത്തിലെ പ്രസ് ക്ലബുകൾക്കു സർക്കാർ ഫണ്ടു ലഭിക്കുന്നതിനു തടസമുണ്ടാകുമെന്നും സമിതി അംഗങ്ങൾ വാദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP