Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ മോണ്ടിസിറ്റോയിൽ വൻ മണ്ണിടിച്ചിൽ; 16 പേർ കൊല്ലപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തു; 300 പേർ കുടുങ്ങിക്കിടക്കുന്നു; ഓപ്ര വിൻഫ്രെയുടെ കോടികൾ വിലമതിക്കുന്ന വീടും ഒലിച്ചുപോയി

അമേരിക്കയിലെ മോണ്ടിസിറ്റോയിൽ വൻ മണ്ണിടിച്ചിൽ; 16 പേർ കൊല്ലപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തു; 300 പേർ കുടുങ്ങിക്കിടക്കുന്നു; ഓപ്ര വിൻഫ്രെയുടെ കോടികൾ വിലമതിക്കുന്ന വീടും ഒലിച്ചുപോയി

ന്യൂയോർക്ക്: കുത്തിയൊലിച്ചുവന്ന ചെളിയിൽ ഒരു ഭൂപ്രദേശമൊന്നാകെ മുങ്ങിയപ്പോൾ ജീവൻ നഷ്ടപ്പെട്ടത് 16 പേർക്ക്. 24 പേരെ കാണാനുമില്ല. അമേരിക്കയിലെ വൻകിടക്കാർ താമസിക്കുന്ന തെക്കൻ കാലിഫോർണിയയിലെ മോണ്ടിസിറ്റോയിലാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. ഇവിടെ 300 പേരെങ്കിലും പുറംലോകവുമായി ബന്ധമില്ലാതെ കുടുങ്ങിക്കിടക്കുന്നുമുണ്ട്.

ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്‌ക്കൊടുവിലാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. ഒരു മലഞ്ചരുവിലെ മണ്ണും ചെളിയും അപ്പാടെ ഇടിഞ്ഞ് പോരുകയായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ആളുകൾ ഒഴിഞ്ഞുപോകണമെന്നും ഒട്ടേറെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അത് പലരും അവഗണിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

കഴിഞ്ഞമാസമുണ്ടായ കാട്ടുതീയിൽ ഇതേ പ്രദേശത്തുനിന്ന് നൂറുകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇക്കുറി ഒഴിഞ്ഞുപോകാൻ അധികൃതരാവശ്യപ്പെട്ടെങ്കിലും, കഴിഞ്ഞമാസത്തേതുപോലെ മുന്നറിയിപ്പ് മാത്രമാകാമെന്ന് കരുതിയാണ് പലരും പോകാതിരുന്നത്. അതാണ് ഇത്രയധികം പേർ ഈ പ്രദേശത്ത് തുടരാനിടയാക്കിയതും.

ഏറെ പ്രശസ്തരായ ആളുകൾ താമസിക്കുന്ന മേഖല കൂടിയാണിത്. ഇക്കഴിഞ്ഞദിവസം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവേദിയിലൂടെ ലോകപ്രശസ്തയായി മാറിയ അമേരിക്കൻ ടി.വി.അവതാരക ഓപ്ര വിൻഫ്രെയുടെ 50 ദശലക്ഷം ഡോളർ വിലമതിക്കുന്ന വീടും വസ്തുക്കളും മണ്ണൊലിച്ചിലിൽ തകർന്ന കൂട്ടത്തിലുണ്ട്. മുൻ ടെന്നീസ് താരം ജിമ്മി കോണേഴ്‌സ് വീട്ടിൽ കുടുങ്ങിപ്പോയി. ഇദ്ദേഹത്തെ വിമാനമാർഗമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

റൊമേറെ കാന്യോൺ മേഖലയിൽ താമസിച്ചിരുന്ന 300-ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇവിടുന്ന് വിമാനമാർഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്രപേർ മേഖലയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നതിന്റെ വ്യക്തമായ സൂചന ഇനിയും ലഭ്യമായിട്ടില്ലെന്ന് സാന്റ ബാർബറ കൗണ്ടി ഷെരീഫ് ബിൽ ബ്രൗൺ പറഞ്ഞു.

സാന്റ ബാർബറ മേഖലയിലുള്ള ഏഴായിരത്തോളം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 23,000 പേരോട് കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.. എന്നാൽ, പലരും വീട്ടിൽത്തന്നെ തുടരുകയായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ പലരും കാര്യമായെടുത്തിരുന്നില്ലെന്നും അതാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP