Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖി ഫണ്ടിന്റെ നാണക്കേട് സിപിഎം ഏറ്റെടുക്കില്ല; തൃശൂരിലെ പാർട്ടി സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്ത് ഹെലി കോപ്ടറിൽ പിണറായി പറന്നിറങ്ങിയതിന്റെ ചെലവ് ഖജനാവിൽ നിന്ന തന്നെ നൽകണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനം: പാർട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ട്: മുഖ്യമന്ത്രി മൂരി വണ്ടിയിൽ യാത്ര ചെയ്യണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും എ കെ ബാലൻ

ഓഖി ഫണ്ടിന്റെ നാണക്കേട് സിപിഎം ഏറ്റെടുക്കില്ല; തൃശൂരിലെ പാർട്ടി സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്ത് ഹെലി കോപ്ടറിൽ പിണറായി പറന്നിറങ്ങിയതിന്റെ ചെലവ് ഖജനാവിൽ നിന്ന തന്നെ നൽകണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനം: പാർട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ട്: മുഖ്യമന്ത്രി മൂരി വണ്ടിയിൽ യാത്ര ചെയ്യണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും എ കെ ബാലൻ

തിരുവനന്തപുരം: ഓഖി ഫണ്ടിൽ മുഖ്യമന്ത്രി യാത്ര ചെയ്തതിന്റെ നാണക്കേട് സിപിഎം ഏറ്റെടുക്കില്ല. പിണറായിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് ചെലവായ എട്ട് ലക്ഷം രൂപയും ഖജനാവിൽ നിന്നു തന്നെ നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യാത്രയുടെ പണം കണ്ടെത്തിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. പൊതു സമൂഹത്തിൽ തെറ്റായ ധാരണ പരന്നതു കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും എ കെ ബാലൻ പറഞ്ഞു.

മുഖ്യന്റെ ഹെലികോപ്ടർ യാത്ര വിവാദമായ സാഹചര്യത്തിൽ പണം നൽകുന്നത് പാർട്ടി ഏറ്റെടുത്താൽ അത് കുറ്റ സമ്മതം നടത്തുന്നത് പോലെയാകും. ഈ സാഹചര്യത്തിലാണ് ചെലവ് ഏറ്റെടുക്കാതെ പാർട്ടി കൈകഴുകിയത്. ഓഖി ഫണ്ടിൽ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്നും പാർട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നുമാണ് പാർട്ടിയുടെ ന്യായം.

മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ നാണക്കേടായതിനാൽ ഇതിന്റെ ചെലവ് പാർട്ടി ഏറ്റെടുക്കാനായിരുന്നു നേരത്തെ പാർട്ടിയുടെ തീരുമാനം. എന്നാൽ ഇത് ഒരു കുറ്റ സമ്മതത്തിന് തുല്യമായി പോകുമോ എന്നുള്ള തിരിച്ചറിവിൽ നിന്നാണ് ചെലവ് പാർട്ടി വഹിക്കേണ്ട എന്ന് തീരുമാനിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും നേതൃത്വം വിശദീകരിച്ചു.

ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പാർട്ടി പണം നൽകേണ്ട ഒരു കാര്യവുമില്ല. ഡിഎംഡിആർഎഫ് ഫണ്ടിലാണ് ഓഖി ഫണ്ട് ഉൾപ്പെടുന്നത്. ഹെലികോപ്റ്ററിന്റെ വാടക കൊടുക്കുന്നതിന് ഓഖി ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം എടുത്തിട്ടില്ല. അതുകൊണ്ട് സക്കാർ തന്നെ ഈ ചെലവ് വഹിക്കുമെന്നും പാർട്ടി വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി എന്താ മൂരി വണ്ടിയിൽ യാത്ര ചെയ്യണമോ എന്നും ബാലൻ ചോദിച്ചു.

മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗക യാത്രയാണ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട നിയമത്തെ അടിസ്ഥാനപ്പെടുത്തയാണ് ചെലവിനുള്ള പണം കണ്ടെത്തുക. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് ഹെലികോപ്റ്റർ യാത്രയ്ക്കുള്ള പണം എടുക്കുന്നത്. ഈ ഫണ്ടിൽ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. സാധാരണ ഈ ഫണ്ടിൽനിന്നാണ് ഇത്തരം കാര്യങ്ങൾക്ക് പണം കണ്ടെത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം എടുത്തതെന്ന് കരുതിയാണ് നേരത്തെ ഉത്തരവ് റദ്ദാക്കിയത്. ആ നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തിരിച്ചുള്ള യാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി തിരിച്ച് മൂരിവണ്ടിയിൽ പോകുമോയെന്നും മന്ത്രി ബാലൻ ചോദിച്ചു.

അതേസമയം ഓാഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിന്റെ പേരിൽ താൻ മോഷണം നടത്തിയെന്ന മട്ടിലാണു ചിലരുടെ പ്രചാരണമെന്നും ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വിശദീകരിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായ തുക നൽകാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. അക്കാര്യം പാർട്ടി നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയുടെ യാത്രാ ചെലവ് പാർ്ടടി വഹിക്കേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

ഹെലികോപ്റ്ററിൽ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറിൽ യാത്രചെയ്താലും ചെലവു വഹിക്കുന്നതു സർക്കാരാണ്-ഇതാണ് വിഷയത്തിൽ പിണറായിയുടെ വിശദീകരണം. അതിനിടെ ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി സംസ്ഥാന സർക്കാർ ആകെ ചെലവിട്ടതു പത്തര ലക്ഷം രൂപയാണെന്നും വ്യക്തമായി. എന്നാൽ, ഇതേ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കു മാത്രമായി വേണ്ടിവന്നത് എട്ടു ലക്ഷം രൂപയും. ഒരേ ഉദ്യോഗസ്ഥനാണ് ഈ രണ്ടു തുകയും ദുരന്തനിവരണ വകുപ്പിൽനിന്ന് അനുവദിച്ച് ഉത്തരവിറക്കിയതെന്നതും വിചിത്രം.

വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് ലത്തീൻ സഭ ഉയർത്തിയത്. ബോണക്കാട്ടെ കുരിശ് മല വിഷയത്തിൽ സർക്കാർ ലത്തീൻ സഭയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. അതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആയുധം സഭയ്ക്ക് കിട്ടിയത്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് സിപിഎം നീക്കം.

അതിനിടെ, ദുരന്തനിവാരണ ഫണ്ടിൽനിന്നു ഹെലികോപ്റ്റർ വാടക അനുവദിക്കാനുള്ള ഉത്തരവു വിവാദമായതിനെത്തുടർന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോടു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരണം തേടി. പിണറായിയുടെ യാത്രയ്ക്കു ഡിജിപി ലോക്നാഥ് ബെഹ്റ ഹെലികോപ്റ്റർ ഏർപ്പാടു ചെയ്തതെന്നാണു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.

കമ്പനി 13.09 ലക്ഷം രൂപ ചോദിച്ചുവെന്നും ബെഹ്റ നടത്തിയ വിലപേശലിനൊടുവിൽ എട്ടു ലക്ഷം രൂപയെന്നു നിശ്ചയിച്ചെന്നും വിശദീകരിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്താൻ ബെഹ്റ തയാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാകാര്യങ്ങളുടെ ചുമതല നിറവേറ്റിയെന്നു മാത്രമായിരുന്നു പ്രതികരണം. ശനിയാഴ്ചയാണു കോപ്റ്റർ കമ്പനിക്കു പണം നൽകാൻ കുര്യൻ ഉത്തവിട്ടത്. അതിന്റെ പകർപ്പു തിങ്കളാഴ്ച ഉച്ചയ്ക്കാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി ഡി.സാജുവിനും ലഭിച്ചത്.

ഈ വിഷയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും തീരാകളങ്കമാവുകയും ചെയ്തു. സിപിഎം സൈബർ പോരാളികൾക്ക് പോലും വിഷയത്തിൽ പ്രതിരോധം തീർക്കാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP