Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

വാരപ്പെട്ടി ഇഞ്ചൂരിൽ കൈവശക്കാരെ ഒഴിപ്പിച്ച് ഏറ്റെടുത്തത് അഞ്ച് കോടി വിലമതിക്കുന്ന ഭൂമി; പിടിച്ചെടുത്തത് പാട്ടത്തിനെടുത്ത ശേഷം വിറ്റ് കാശാക്കിയ വസ്തു; രണ്ട് ദശാബ്ദത്തിന് ശേഷമുള്ള റവന്യൂ വകുപ്പ് ഇടപെടൽ ഇങ്ങനെ

വാരപ്പെട്ടി ഇഞ്ചൂരിൽ കൈവശക്കാരെ ഒഴിപ്പിച്ച് ഏറ്റെടുത്തത് അഞ്ച് കോടി വിലമതിക്കുന്ന ഭൂമി; പിടിച്ചെടുത്തത് പാട്ടത്തിനെടുത്ത ശേഷം വിറ്റ് കാശാക്കിയ വസ്തു; രണ്ട് ദശാബ്ദത്തിന് ശേഷമുള്ള റവന്യൂ വകുപ്പ് ഇടപെടൽ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വാരപ്പെട്ടി ഇഞ്ചൂരിൽ കൈവശക്കാരെ ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്തത് വിപണിയിൽ അഞ്ച് കോടിയോളം വിലമതിക്കുന്ന ഭൂമി. പാട്ടക്കാരാർ നിലനിൽക്കെയാണ് ഭൂമി കൈമാറ്റം ചെയ്തതെന്നും സൂചന. 92-ൽ കൈമാറ്റം ചെയ്ത ഭുമി തിരിച്ചുപിടിക്കാൻ സർക്കാർ സ്വീകരിച്ച നടപടി പൂർത്തിയായത് രണ്ട് ദശാബ്ദത്തിന് ശേഷം. ആറ് ഏക്കറിൽപരം വിസ്തൃതിയുള്ള കൊട്ടളത്ത് മല ഭൂരഹിതർക്കായി സർക്കാർ ആവിഷ്‌കരിച്ച ഭവന നിർമ്മാണ പദ്ധിക്കായി വിനയോഗിക്കുമെന്നും സൂചന.

ടാർ റോഡിൽ സർക്കാർ ഭൂമിയിലേക്ക് നാലടി മൺപാതയാണ് പ്രധാന യാത്രമാർഗ്ഗം. ഈ പാത അവസാനിക്കുന്നിടത്തുനിന്നും ഈ ഭുമിയിലേക്ക് എത്തുന്നതിന് നിലവിലുള്ളത് രണ്ടടി വീതിയുള്ള ഇടുങ്ങിയ വഴിയാണ്. റോഡ് വികസിപ്പിച്ചാൽ മാത്രമേ ഇവിടേക്ക് വാഹനഗതാഗതം സാദ്ധ്യമാവു എന്ന തിരിച്ചറിവിൽ ഇക്കാര്യത്തിൽ സമീപവാസികളുമായി അനുനയമുണ്ടാക്കാൻ മൂവാറ്റുപുഴ ആർ ഡി ഒ എസ് ഷാജഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ നീക്കം വിജയമായി.

രണ്ട് സമീപവാസികൾ തങ്ങളുടെ അധീനതയിലുള്ള സ്ഥലം റോഡിനായി വിട്ടുനൽകുന്നതിന് അപ്പോൾ തന്നെ അനുമതി പത്രം ഒപ്പിട്ടുനൽകി. ഇനി സർക്കാർ തീരുമാനം വന്നാൽ താമസിയാതെ ഭുരഹിതരായ നിരവധിവധിപേർക്ക് ഇവിടെ താമസൗകര്യം സാദ്ധ്യമാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഏറെ നാളത്തെ നിയമനടപടികൾക്കൊടുവിലാണ് സർക്കാർ കോടികൾ വിലമതിക്കുന്ന വന്യൂ വകുപ്പിന്റെ രേഖകൾ പ്രകാരം വാരപ്പെട്ടി വില്ലേജ് സർവ്വേ 125/1എ/36/5,125/1എ/37/6,125/1എ/8/28 എന്നി നമ്പറുകളിൽ ഉൾപെട്ട സർക്കാർ തരിശായിരുന്ന 7 ഏക്കർ 35 സെന്റ് സ്ഥലം കെ പി 79 - 82/1120 നമ്പറായി കോതമംഗലം എടയ്ക്കാട്ടുകുടി മത്തായി ജോണാണ് പാട്ടത്തിനെടുത്തിരുന്നത്.

ഈ സാഹചര്യത്തിൽ തന്നെ ഈ ഭൂമിയിൽ ഒരേക്കറിൽപ്പരം ഭൂമി പ്രദേശവാസിക്ക് സർക്കാർ പതിച്ച് നൽകിയിരുന്നു. അവശേഷിച്ച 6 ഏക്കർ 33 സെന്റ് സ്ഥലം പാട്ടക്കാരാർ പുതുക്കാതെ മത്തായിയുടെ പിന്മുറക്കാർ മൂവാറ്റുപുഴ കാവുങ്കര ചക്കുങ്കൽ സെയ്ദ് മക്കാറിനും മക്കൾക്കുമായി വിൽപ്പന നടത്തുകയായിരുന്നെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. വാരപ്പെട്ടി ഇഞ്ചൂർ കൊട്ടളത്ത്മലയെന്നറിയിപ്പെടുന്ന ഈ ഭൂപ്രദേശം നിലവിൽ റബ്ബർ തോട്ടമാണ് .

1992 - മുതൽ മൂവാറ്റുപുഴ കാവുങ്കര ചക്കുങ്കൽ സെയ്ദ് മക്കാർ ,അമീർ മക്കാർ ,അബ്ദുൾ മജീദ് ,ബഷീർ ,സുബൈർ എന്നിവരാണ് ഭൂമി കൈവശം വച്ച് അനുഭവിച്ച് വന്നതെന്നും റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പാട്ടം പുതുക്കാതെ മത്തായി ജോണിന്റെ അനന്തരാവകാശികൾ അനധികൃതമായി സ്ഥലം കൈമാറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ 1996 മുതൽ റവന്യൂ വകുപ്പ് കേരള ഭൂ സംരക്ഷണ നിയമപ്രകാരം ഭുമി പിടിച്ചെടുക്കാൻ നടപടികൾ ആരംഭിച്ചിരുന്നു.

മൂവാറ്റുപുഴിലും മറ്റുമുണ്ടായിരുന്ന വ്യാപാരവും മറ്റും നഷ്ടത്തിലായതിനെത്തുടർന്ന് വസ്തുവകകളും മറ്റും വിറ്റുപെറുക്കി കൈയിലുണ്ടായിരുന്ന ആകെ സമ്പാദ്യം മുഴുവനായും വിനയോഗിച്ചാണ് ചക്കുങ്കൽ കുടുംബം കൂരിക്കാട്ടുമലയിലെ റബ്ബർ തോട്ടം വാങ്ങിയതെന്നാണ് പരക്കെയുള്ള പ്രചാരണം. പാട്ടകാലവധി കഴിഞ്ഞ് വർഷങ്ങളായെന്നും സർക്കാർ ഏറ്റെടുക്കൽ നടപടി ഉണ്ടാവില്ലന്നും നിലവിലെ കൈവശക്കാർ ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ,സ്ഥലം കൈവിട്ട പോകില്ലന്ന വിശ്വാസമാണ് ഇക്കൂട്ടർ പണംമുടക്കാൻ തയ്യാറായതെന്നാണ് സൂചന.

എത്ര രൂപയ്ക്കാണ് സ്ഥലം കൈമാറ്റം നടന്നതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായിത്തുടരുകയാണ്. നിയമ നടപടികൾ തുടരുന്നതിനാൽ ഇത് സംബന്ധിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാവില്ലന്ന് ചക്കുങ്കൽ സുബൈർ മറുനാടനോട് വ്യക്തമാക്കി. റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചതോടെ ഭൂമിയിലെ ആദായങ്ങൾ എടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ കൈവശക്കാർ കോടതിയെ സമീപിച്ചെങ്കിലും വിധി റവന്യു വകുപ്പിന് അനുകൂലമാവുകയായിരുന്നു.

തുടർന്ന് അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ തഹസീൽദാർ ഇവർക്കെതിരെ കേസെടുത്തു.തുടർന്ന് ഇവർ ഇക്കാര്യത്തിൽ തഹസീർദാർക്ക് നൽകിയ പരാതി തെളിവെടുപ്പും വിചാരണയ്ക്കും ശേഷം മൂവാറ്റുപുഴ ആർ ഡി ഒ തള്ളി.തുടർന്നാണ് ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്. മൂവാറ്റുപുഴ ആർ ഡി ഒ ,എസ് ഷാജഹാൻ , തഹസിൽദാർമാരായ ,ആർ രേണു ,കെ വി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തിലേറെ വരുന്ന ഉദ്യേഗസ്ഥ സംഘമെത്തിയാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ കയ്യേറ്റ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP