Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് ജസ്റ്റിസിന് പ്രത്യേക പദവിയോ അധികാരങ്ങളോ ഇല്ല, തുല്യാധികാരമുള്ളവരിൽ ഒരാളാണ്; ഏത് കേസ് ഏത് ബെഞ്ചിൽ കേൾക്കണം എന്നതിന് നീതിന്യായ സംവിധാനം രാജ്യത്ത് ഉണ്ടായ കാലം മുതൽ നടന്നുവരുന്ന കീഴ്‌വഴക്കങ്ങൾ ഉണ്ട്; അത് ലംഘിച്ച് ഈയിടെ ചില കേസുകൾ കൈകാര്യം ചെയ്തുവരുന്നു: ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെ

ചീഫ് ജസ്റ്റിസിന് പ്രത്യേക പദവിയോ അധികാരങ്ങളോ ഇല്ല, തുല്യാധികാരമുള്ളവരിൽ ഒരാളാണ്; ഏത് കേസ് ഏത് ബെഞ്ചിൽ കേൾക്കണം എന്നതിന് നീതിന്യായ സംവിധാനം രാജ്യത്ത് ഉണ്ടായ കാലം മുതൽ നടന്നുവരുന്ന കീഴ്‌വഴക്കങ്ങൾ ഉണ്ട്; അത് ലംഘിച്ച് ഈയിടെ ചില കേസുകൾ കൈകാര്യം ചെയ്തുവരുന്നു: ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതിയെ ചീഫ് ജസ്റ്റിസിനും കോടതിയുടെ നടപടിക്രമങ്ങൾക്കുമെതിരെ മുതിർന്ന നാല് ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതോടെ രാജ്യം പൊടുന്നനേ ജുഡീഷ്യൽ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയ പ്രതീതിയാണുള്ളത്. ചീഫ് ജസ്റ്റിസിന് അവർ നേരത്തെ എഴുതിയ കത്തും പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ജസ്റ്റിസ് ചെലമേശ്വറും കൂട്ടരും നൽകുകയുണ്ടായി.

ചീഫ് ജസ്റ്റിസിന് പ്രത്യേക പദവിയോ അധികാരങ്ങളോ ഇല്ലെന്നും ജഡ്ജിമാരിൽ തുല്യതയാണ് ഇവർക്കുള്ളതെന്നുമാണ് അവർ കത്തിൽ പറഞ്ഞത്. തുല്യരിൽ ഒരാൾ. ഏത് കേസ് ഏത് ബെഞ്ചിൽ കേൾക്കണം എന്നതിന് നീതിന്യായ സംവിധാനം രാജ്യത്ത് ഉണ്ടായ കാലം മുതൽ നടന്നുവരുന്ന കീഴ്‌വഴക്കങ്ങൾ ഉണ്ട്. അത് ലംഘിച്ച് ഈയിടെ ചില കേസുകൾ കൈകാര്യം ചെയ്തുവരുന്നുവെന്നും കത്തിൽ ജഡ്ജിമാർ ആരോപിക്കുന്നു.

നാല് ജഡ്ജിമാരും ചീഫും അടങ്ങിയ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചു അനുമതിക്കായി കേന്ദ്രസർക്കാരിന് അയച്ച, മൊമ്മാറാൻഡം ഓഫ് പ്രൊസീജ്യറിനോട് നാളിതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. അവർക്ക് എതിർപ്പില്ല എന്നുവേണം കരുതാൻ. അതിന്മേലുള്ള തീരുമാനം അനന്തകാലത്തേയ്ക്ക് നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. അതിന്മേലുള്ള ഏത് തീരുമാനവും കൊളീജിയമോ, വേണ്ടിവന്നാൽ ഫുൾകോർട്ടോ കൂടി തീരുമാനിക്കേണ്ടതാണ്.

ലുത്രയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലെ 2017 ഒക്ടോബർ 27 നുള്ള ഈ കോടതിയുടെ വിധി ശരിയല്ല. അതിന്മേലുള്ള ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം വന്നശേഷം ഈ കോടതി നടത്തിയ മറ്റു കേസുകളിലെ നിയമവിരുദ്ധ ഇടപെടലുകളെ സംബന്ധിച്ച 4 ജഡ്ജിമാരുടെ അഭിപ്രായം അറിയിക്കാം.'- കത്തിൽ ജഡ്ജിമാർ പറയുന്നു. ഏഴ് പേജുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാർ നൽകിയത്. കേസിലെ ബെഞ്ചുകൾ തീരുമാനിക്കുമ്പോൾ പാലിക്കേണ്ട സുഷ്മതയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാർ നൽകിയത്. കത്തിൽ പ്രത്യേകമായ ഒരു കേസിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും കേസുകൾ ലിസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട സുതാര്യതയെകുറിച്ച് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റീസ് ബ്രിജ്ഗോപാൽ ലോയയുടെ മരണം സംബന്ധിച്ച കേസ് ഇന്നാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇത് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇതിലുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് നാല് ജഡ്ജിമാരും രാവിലെ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്നത് പ്രത്യേക കോടതി ജസ്റ്റിസായിരുന്ന ബ്രിജ്ഗോപാൽ ലോയ ആയിരുന്നു. ഈ കേസിൽ ബിജെപിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷനും മുൻ ഗുജറാത്ത് മന്ത്രിയുമായ അമിത് ഷാ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ ജസ്റ്റിസ് ലോയയെനാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2014 ഡിസംബർ 1നായിരുന്നു ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടത്.

ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എപി ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ കേസാണ് ഇന്ന് സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബഞ്ചിന്റെ പരിഗണനയിൽ വന്നത്. ഇതേതുടർന്നാണ് ജഡ്ജിമാർ കോടതി ബഹിഷ്‌കരിച്ചതും പിന്നീട് വാർത്താസമ്മേളനം നടത്തിയതും.

സുപ്രിം കോടതിയുടെ പ്രവർത്തനം കുത്തഴിഞ്ഞുവെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ജഡ്ജിമാർ പറഞ്ഞു. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നീതിയുക്തമായ ജുഡീഷ്യറി അനിവാര്യമാണെന്നും ജഡ്ജിമാർ വ്യക്തമാക്കി. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രിം കോടതിയിൽ നടക്കുന്നത്. ജസ്റ്റിസ് ചെലമേശ്വറാണ് മറ്റ് മൂന്നു ജഡ്ജിമാരുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളോട് ഏറെയും സംസാരിച്ചത്. ചീഫ് ജസ്റ്റിസിനെ ചില കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാര്യങ്ങൾ വിശദീകരിച്ച് ചീഫ് ജസ്റ്റിസിന് ഏഴ് പേജുള്ള കത്ത് നൽകിയതായും ജഡ്ജിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താസമ്മളനത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP