Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 15ൽ പത്തിലും എൽഡിഎഫ് വിജയിച്ചു. അഞ്ചിടത്തേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. ബിജെപി സഖ്യത്തിന് കയ്യിലുണ്ടായിരുന്ന ഒരു വാർഡ് നഷ്ടമായി. ആ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

മലപ്പുറം ജില്ലയിൽ പോത്തുകല്ല് പഞ്ചായത്തിലെ ഭരണവും ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടമായി. ഇവിടെ ഞെട്ടിക്കുളം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അനു സ്മിതയെ 88 വോട്ടിനാണ് തോൽപ്പിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഈ വാർഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിനായി.

റണാകുളം ജില്ലയിൽ ഏലൂർ നഗരസഭയിലെ പാറയ്ക്കൽ വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബേബി ജോണാണ് വിജയിച്ചത് . യുഡിഎഫിലെ മിനി മിൽട്ടണെ 207 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് റിബലാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. എൽഡിഎഫ് :461, യുഡിഎഫ് :254, ബിജെപി:133.

കാറഡുക്ക ബ്‌ളോക്ക് പഞ്ചായത്ത് ബേഡകം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ എച്ച് ശങ്കരൻ 1626 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ 1350 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. എൽഡിഎഫിലെ സി കണ്ണൻ ചികിത്സയിലായതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ കെ മധു, ബിജെപിയിലെ കെ കൃഷ്ണൻകുട്ടി എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ബിജെപിക്ക് ആകെ 303 വോട്ടേ കിട്ടിയുള്ളൂ.

ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ സൗത്ത് വാർഡ് ബിജെപി സഖ്യത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. രമ്യ റെനീഷ് (സിപിഐ എം) ആണ് വിജയി. കോൺഗ്രസിലെ ബാബു കളപ്പുര രണ്ടാമതെത്തി. എൻഡിഎ സ്ഥാനാർത്ഥി ജസ്സി മുന്നാമതായി. ബിജെപി സഖ്യത്തിന് വോട്ട് പകുതിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിഡിജെഎസ് സ്ഥാനാർത്ഥി ജോലി കിട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.

പാലക്കാട് ജില്ലയിൽ വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാർഡിൽ സിപിഐ എമ്മിലെ രുഗ്മിണി ഗോപി കോൺഗ്രസിലെ നിഷാ രവീന്ദ്രനെ 210 വോട്ടിന് തോൽപ്പിച്ചു. ബിജെപിയിലെ എം കോമളന് ആകെ 117 വോട്ടെയുള്ളൂ. ആകെ വോട്ട്: 957.എൽഡിഎഫ്: 525, യുഡിഎഫ്:315,ബിജെപി: 117. കഴിഞ്ഞതവണ 13 വോട്ടിന് എൽഡിഎഫ് ജയിച്ച വാർഡാണ്. ജില്ലയിൽ കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി മുഹമ്മദ് വിജയിച്ചു. സിപിഐ എമ്മിലെ എൻ അലിക്കുട്ടിയാണ് പരാജയപ്പെട്ടത്. യുഡിഎഫിന് 616 വോട്ടും എൽഡിഎഫിന് 467 വോട്ടും ലഭിച്ചു. ബിജെപിയിലെ നിഷാദിന് 169 വോട്ട് കിട്ടി. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡാണ്.

തിരുവനന്തപുരം ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ എ ഷിബാന (സിപിഐ എം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്) യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം. എൽഡിഎഫ് വാർഡ് നിലനിർത്തി. ആര്യങ്കോട് പഞ്ചായത്തിലെ മൈലച്ചൽ വാർഡിൽ യുഡിഎഫിലെ വീരേന്ദ്രകുമാർ വിജയിച്ചു. യുഡിഎഫ് വിജയി മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിയിലെ രാജേഷ് രണ്ടാമതെത്തി. സിപിഐ എം സ്ഥാനാർത്ഥി കെ ശിവൻകുട്ടി മുന്നാമതാണ്.

കൊല്ലം ജില്ലയിൽ പടിഞ്ഞാറെ കല്ലട വിളന്തറ വാർഡിൽ പി ജയശ്രീ (സിപിഐ എം) വിജയിച്ചു. യുഡിഎഫ് രജിന (കോൺഗ്രസ്) എൽഡിഎഫ് വിജയിച്ച വാർഡാണ്. വോട്ടു നില: പി ജയശ്രീ (സിപിഐ എം): 400,രജിന (കോൺ):329, വി പ്രമീള കുമാരി (ബിജെപി):198,

കൊല്ലം ജില്ലയിൽ കൊറ്റങ്കര പഞ്ചായത്തിലെ മാമ്പുഴ വാർഡിൽ സിപിഐ എമ്മിലെ പി കെ വിജയൻ പിള്ള വിജയിച്ചു.179 വോട്ടിനാണ് യുഡിഎഫിലെ വി ശാലിനിയെ തോൽപ്പിച്ചത്. എൽഡിഎഫ് സിറ്റിങ് വാർഡാണ്.

നെടുവത്തൂർ തെക്കുംപുറം വാർഡിൽ യുഡിഎഫിലെ ഓമന സുധാകരൻ (കോൺ.) വിജയിച്ചു. എൽഡിഎഫിലെ ബി ബേബി (കേരള കോൺഗ്രസ് ബി)യാണ് പരാജയപ്പെട്ടത്. യുഡിഎഫ് അംഗം തൂങ്ങിമരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയം ജില്ലയിൽ വാകത്താനം ഗ്രാമപഞ്ചായത്തിലെ മരങ്ങാട് വാർഡിൽ അരുണിമ പ്രദീപ് (സിപിഐ എം) 273 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ ചെല്ലനെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എം അംഗം പി ടി ഗോപിനാഥ് കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയിലെ അഴീക്കൽ ഒന്നാംവാർഡിൽ യുഡിഎഫിലെ പി അത്തീഖ് വിജയിച്ചു. എട്ട് വോട്ടിനാണ് വിജയം. എൽഡിഎഫിലെ കെ ഹസൈനാണ് പരാജയപ്പെട്ടത്. എൽഡിഎഫ് കൗൺസിലറായിരുന്ന അബ്ദുൽ ഖാദറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. തിരുവാലി എ കെ ജി നഗർ വാർഡിൽ എൽഡിഎഫ് വിജയിച്ചു. വി കെ ബേബിയാണ് വിജയി. പി ഷമീന യുഡിഎഫ് സ്ഥാനാർത്ഥിയായും മിനി പാലക്കപ്പറമ്പിൽ ബിജെപി സ്ഥാനാർത്ഥിയായും രംഗത്തുണ്ടായിരുന്നു. ജോലി ലഭിച്ചതിനെ തുടർന്ന് എൽഡിഎഫിലെ വി ബീന രാജിവച്ചതോടെയാണ് ഒഴിവുവന്നത്.

എടയൂർ പഞ്ചായത്തിലെ തിണ്ടിലത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ കെ മോഹനകൃഷ്ണൻ വിജയിച്ചു. യുഡിഎഫ് അംഗം കെ കമലാസനന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി അനിൽകുമാർ പാറമ്മൽതൊടിയും ബിജെപി സ്ഥാനാർത്ഥിയായി കെ ടി അനിൽകുമാറും മത്സരിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP