Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുപ്രീംകോടതിയിലെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല; ഇടഞ്ഞു നിൽക്കുന്ന ജസ്റ്റിസുമാരെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി ചീഫ് ജസ്റ്റിസ്; നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ; രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോൺഗ്രസ്; സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്നും ആവശ്യം

സുപ്രീംകോടതിയിലെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല; ഇടഞ്ഞു നിൽക്കുന്ന ജസ്റ്റിസുമാരെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി ചീഫ് ജസ്റ്റിസ്; നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ; രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോൺഗ്രസ്; സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ കൊളിജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയതോടെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല. കോടതിയുടെ പ്രതിസന്ധി കോടതി തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണെന്നും അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിക്കുമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടില്ലെന്നും നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു.

അതേസമയം പ്രശ്‌ന പരിഹാരം നാളെ ഉണ്ടാകുമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് തന്നെ പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. ദീപക് മിശ്ര അറ്റോണി ജനറലുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ജസ്റ്റിസിന്റെ പ്രതിനിധികൾ നാല് ജസ്റ്റിസുമാരുമായി ദൂതന്മാർ മുഖേന ചർച്ച നടത്തുന്നുണ്ട്.

കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാലു മുതിർന്ന ജസ്റ്റിസുമാരാണ് ഇന്ന് വാർത്താസമ്മേളനം നടത്തിയത്. ചെലമേശ്വറിനൊപ്പം, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

'സുപ്രീം കോടതിയുടെ പ്രവർത്തനം ക്രമരഹിതാണ്. സുപ്രീം കോടതി ശരിയായ രീതിയില് പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും'. മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നത്. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുൻപ് ചീഫ് ജസ്റ്റിസ് കത്ത് നൽകിയിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനകൂല നടപടിയുണ്ടായില്ല. ഈ കത്ത് മാധ്യമങ്ങൾക്ക് പുറത്തുവിടാം. ഇത്തരമൊരു സംഭവം അസാധാരണമാണെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്ക് മുൻപിൽ എത്തുന്നതെന്നും ചെലമേശ്വർ പറഞ്ഞു.

നാളെ ഈ ജോലിയിൽ നിന്നും പിരിഞ്ഞുപോവുമ്പോൾ തങ്ങൾ സ്വന്തം ആത്മാഭിമാനം പണയം വച്ചാണ് ജോലി ചെയ്തതെന്ന് ആളുകൾ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാൻ. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

രണ്ടു മാസങ്ങൾക്കു മുൻപ് ഞങ്ങൾ ചീഫ് ജസ്റ്റിസിന് ഒരു കത്തു നൽകിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ ആ ചർച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാൽ ഹരികിഷൻ ലോയ 2014ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മരണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വർ അടക്കമുള്ള നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജസ്റ്റിസുമാർ സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു.

കേസുകൾ നൽകുന്നതിൽ ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക താൽപര്യങ്ങൾ മുൻനിർത്തി കേസുകൾ പ്രത്യേക ബഞ്ചുകൾക്ക് വിടുന്നു. കൊളീജയത്തിന്റെ മെമോറാൻഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹർജി തികച്ചും അപ്രധാനമായ ബെഞ്ചിനു നൽകിയതിനെതിരെയും കത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാൽ ക്രമരഹിതമായ പ്രവർത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവർ പറഞ്ഞു.

അതിനിടെ സുപ്രീം കോടതിയിൽ ജസ്റ്റിസുമാർ തമ്മിലുള്ള പോരിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ് എന്നതിന്റെ സൂചനയാണ് ഇതെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോടതിയിലെ പ്രവർത്തനക്രമം ശരിയായ നിലയിലല്ലെന്ന ജഡ്ജിമാരുടെ വിമർശനം ഇതാണ് തെളിയിക്കുന്നതെന്നും കോൺഗ്രസ് വിമർശിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കണെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ ഉന്നയിച്ച ആരോപണം ഏറ്റവും ഉയർന്ന തലത്തിൽ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞു. ജഡ്ജിമാർ ഉയർത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാർ ഉയർത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം- രാഹുൽ ആവശ്യപ്പെട്ടു.

ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ കബിൽ സിബലും പി.ചിദംബരവും ഇന്ന് രാഹുലിനെ സന്ദർശിച്ചിരുന്നു. മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരും രാഹുലുമായി വിഷയം ചർച്ച ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.

സുതാര്യമല്ലാത്ത പ്രവർത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വർ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടർന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടു പേരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജസ്റ്റിസുമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങൾ ഉടലെടുക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

നേരത്തെ തന്നെ സുപ്രീം കോടതിയിൽ ജസ്റ്റിസുമാർ തമ്മിലുള്ള ശീതസമരം വാർത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകർതന്നെ വലിയ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജിയും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഈ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ദീപക് മിശ്രയ്ക്കെതിരായ ഹർജി മറ്റൊരു ബഞ്ചിനു വിടുകയും ഹർജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേയ്ക്കെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP