Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒർജിനലിനെ വെല്ലുന്ന വ്യാജ ലോട്ടറി ടിക്കറ്റ് അച്ചടിച്ചു പണം തട്ടുന്നത് സ്ഥിരം പരിപാടി; കൂട്ടിന് ജ്യോത്സ്യവും റെയ്ക്കി ചികിത്സയും; സംശയം തോന്നിയത് സംസ്ഥാന നിർമൽ ലോട്ടറിയുടെ സമ്മാനം വാങ്ങാൻ എത്തിയപ്പോൾ; ഒറ്റപ്പാലം സ്വദേശി ഗിരീശൻ പൊലീസ് പിടിയിൽ

ഒർജിനലിനെ വെല്ലുന്ന വ്യാജ ലോട്ടറി ടിക്കറ്റ് അച്ചടിച്ചു പണം തട്ടുന്നത് സ്ഥിരം പരിപാടി; കൂട്ടിന് ജ്യോത്സ്യവും റെയ്ക്കി ചികിത്സയും; സംശയം തോന്നിയത് സംസ്ഥാന നിർമൽ ലോട്ടറിയുടെ സമ്മാനം വാങ്ങാൻ എത്തിയപ്പോൾ; ഒറ്റപ്പാലം സ്വദേശി ഗിരീശൻ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ സമ്മാനം നേടുന്ന ടിക്കറ്റുകൾ വ്യാജമായി അച്ചടിച്ചു പണം തട്ടുന്ന പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ കല്ലുവഴി കല്ലേപ്പറമ്പിൽ ഗിരീശനെ (43) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ തിരുവില്വാമല ധനലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിർമൽ ലോട്ടറിയുടെ 1000 രൂപ വീതം സമ്മാനം ലഭിച്ച 10 ടിക്കറ്റുകളുമായെത്തിയപ്പോഴാണു പിടിയിലായത്. കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നു പൊലീസിൽ ഏൽപിക്കുകയായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ അമ്പലപ്പാറയിലെ വീട്ടിൽനിന്ന് വ്യാജ ലോട്ടറിയുടെ അച്ചടിക്ക് ഉപയോഗിച്ച കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും 53,500 രൂപയും കണ്ടെത്തി. തൃശൂർ കയ്പമംഗലം സ്വദേശിയായ ഗിരീശൻ മൂന്നു വർഷമായി ഇവിടെ വാടക വീട്ടിൽ ജ്യോത്സ്യവും റെയ്ക്കി ചികിത്സയും നടത്തുന്നുണ്ടെന്ന് എസ്‌ഐ എ.എ.തങ്കച്ചൻ പറഞ്ഞു.

കളറിലും വലുപ്പത്തിലും പകിട്ടിലുമൊന്നും മാറ്റമില്ലാത്തതിനാൽ ബാർ കോഡ് പരിശോധനയിലല്ലാതെ വ്യാജനെ തിരിച്ചറിയാനാവില്ല.  ഫോട്ടോസ്റ്റാറ്റ് പ്രിന്റ് എടുക്കുന്ന പേപ്പറിൽ കംപ്യൂട്ടറിന്റെ സഹായത്താലാണു വ്യാജ ലോട്ടറി അച്ചടിച്ചത്. യഥാർഥ ലോട്ടറി സ്‌കാൻ ചെയ്ത് 1000, 2000 രൂപ സമ്മാനങ്ങൾ നേടിയ ടിക്കറ്റുകളുടെ ശ്രേണിയും നമ്പറും കംപ്യൂട്ടറിൽ തിരുത്തിയ ശേഷം നൂറുകണക്കിന് എണ്ണം അച്ചടിക്കുകയായിരുന്നു പതിവ്.

തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ചില്ലറ കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ബാർ കോഡ് പരിശോധനയ്ക്കു സൗകര്യമില്ലാത്ത കേന്ദ്രങ്ങളും ചില്ലറ കച്ചവടക്കാരുമായിരുന്നു ഇരകൾ. മിക്കയിടത്തും 10 വീതം ടിക്കറ്റുകളാണു മാറ്റിയെടുത്തത്. ടിക്കറ്റ് മാറ്റിയെടുക്കാൻ മറ്റു പലരെയും നിയോഗിച്ചിരുന്നതായും സംശയമുണ്ട്.

പഴയന്നൂർ ധനലക്ഷ്മി ലോട്ടറി ഏജൻസിയിൽ ചൊവ്വാഴ്ച 1000 രൂപ വീതമുള്ള 10 ടിക്കറ്റുകൾ ഗിരീശൻ മാറ്റിയെടുത്തിരുന്നു. പിന്നീട് ബാർ കോഡ് പരിശോധനയിൽ തട്ടിപ്പു മനസിലായതോടെ ഏജന്റ് തന്റെ മറ്റു കടകളിലെ ജീവനക്കാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. ഇന്നലെ തിരുവില്വാമലയിലെ ലോട്ടറി കടയിൽ എത്തിയപ്പോഴാണു തട്ടിപ്പു പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP