Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വീകരിക്കുന്ന ദൈവിക കൃപകൾ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

സ്വീകരിക്കുന്ന ദൈവിക കൃപകൾ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വചനം യോഹ 1: 17 ആണ്. ''നിയമം മോശ വഴി നൽകപ്പെട്ടു, കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴി വന്നു''

നിയമവും കൃപയും തമ്മിലുള്ള അന്തരം ശ്രദ്ധിക്കണം. എന്താണ് നിയമമെന്ന് പറഞ്ഞാൽ? അത് തോറായാണ്അ. തിന്റെ മാധ്യമം മോശയും, അതിന്റെ സാരസംഗ്രഹം പ്രമാണങ്ങളും. അപ്പോൾ നിയമം അഥവാ തോറായെന്ന് പറഞ്ഞാൽ മനുഷ്യ പരിശ്രമങ്ങളുടെ ആകെത്തുകയാണ്. കാരണം പ്രമാണങ്ങളെല്ലാം അനുസരിക്കുകയെന്നത് മനുഷ്യന്റെ കർമ്മാനുഷ്ഠാനങ്ങളുടെ കൊടുമുടിയാണ്. ഒരു കാലഘട്ടത്തിൽ പ്രമാണങ്ങൾ അനുസരിക്കുകയെന്നതായിരുന്നു രക്ഷയ്ക്കും പുണ്യ പൂർണ്ണതയ്ക്കുമുള്ള മാർഗ്ഗം.

നിയമം മോശവഴിയാണെങ്കിൽ കൃപ യേശുക്രിസ്തു വഴി വരുന്നു. എന്താണ് കൃപയെന്നു പറഞ്ഞാൽ? കൃപ ദൈവകൃപയാണ്, ദൈവത്തിന്റെ വരപ്രസാദമാണ്. അത് ദൈവം സൗജന്യമായി തരുന്ന ദാനമാണ്. ദൈവത്തിന്റെ തന്നെ ഒരു ഔദാര്യമാണത്. അപ്പോൾ, നിയമം മനുഷ്യ പരിശ്രമങ്ങളുടെ പ്രതീകമാണെങ്കിൽ, കൃപ സൗജന്യമായ ദൈവികദാനത്തിന്റെ പ്രതീകമാണ്.

ഇത് കൂടുതൽ വ്യക്തമാകുന്നത് ധനികനായ മനുഷ്യൻ ഈശോയെ സമീപിക്കുബോഴാണ്. നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണമെന്ന് ചോദിക്കുന്നവനോട് ഈശോ കൊടുക്കുന്ന മറുപടി പ്രമാണങ്ങൾ അനുസരിക്കാനാണ് (മാർക്കോ 10:1 19). തോറായുടെ ഹൃദയമായി നിന്നിരുന്ന പ്രമാണങ്ങളുടെ അനുസരണമായിരന്നു അന്ന് നിത്യജീവനുള്ള മാർഗ്ഗം.

 

എന്നാൽ മുന്നോട്ടു പോകുമ്പോൾ, എല്ലാ പ്രമാണങ്ങളും അനുസരിച്ചിട്ടും സ്വർഗ്ഗപ്രവേശനം സാധിക്കാത്തവനോട് അതിനുള്ള മാർഗ്ഗമായിട്ട് ഈശോ നിർദ്ദേശിക്കുന്നത് ശിഷ്യത്വമാണ്. ''പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിനും നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മാർക്കോ 10: 21).

അപ്പോൾ, നിയമത്തിനും പ്രമാണങ്ങൾക്കും അതീതമായി നിൽക്കുന്ന ക്രിസ്തുശിഷ്യത്വമാണ് നിത്യ ജീവനുള്ള വഴിയെന്ന് വരുന്നു. ''നിയമം മോശവഴിയാണെങ്കിൽ കൃപ വരുന്നത് യേശുക്രിസ്തു വഴിയാണ്'' (യോഹ 1:17). ക്രിസ്തുവിനെ അനുഗമിക്കലാണ് അഥവാ ക്രിസ്തുവിന്റെ ശിഷ്യത്വമാണ് ക്രിസ്തുവിലൂടെ വരുന്ന കൃപ. ക്രിസ്തു ശിഷ്യത്വം ആർക്കെങ്കിലും അദ്ധ്വാനിച്ച് നേടിയെടുക്കാവുന്നതല്ല. മറിച്ച് അത് ദൈവത്തിന്റെ സൗജന്യമായ ഒരു ദാനമാണ്.

ദൈവം നിന്റെ ജീവിതത്തിലേക്ക് തരുന്ന കൃപകളെ ശ്രദ്ധിക്കുക. അവയെ തിരിച്ചറിയുക. ദൈവം നിനക്ക് തരുന്ന ഏറ്റവും വലിയ ദാനം, നിന്റെ ജീവൻ തന്നയല്ലേ? അതാണ് നിനക്ക് ലഭിക്കുന്ന ഏറ്റും വലിയ ദൈവിക കൃപ. നിന്റെ ജീവൻ ദൈവിക ജിവന്റെ ഒരു സ്ഫുലിംഗമാണ്, ദൈവിക ജീവന്റെ ഒരംശം. ഈ അടിസ്ഥാന കൃപയെ നീ തിരിച്ചറിയണം.

അതോടൊപ്പം യോഹ 1:16 കൂടി നാം ശ്രദ്ധിക്കണം ''അവന്റെ പൂർണ്ണതയിൽ നിന്ന് നാമെല്ലാം കൃപയ്ക്ക് മേൽ കൃപ നാം സ്വീകരിച്ചിരിക്കുന്നു'' (യോഹ 1:16). അടിസ്ഥാന കൃപയായ നിന്നിലെ ജീവനു പുറമെ, ഓരോ ദിവസവും നീ കൃപയുടെ മേൽ കൃപ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.

അതിനാൽ നിന്നിലെ ജീവനെ നീ തിരിച്ചറിയുക. അതോടൊപ്പം അനുദിനം നീ സ്വീകരിക്കുന്ന ദൈവിക കൃപകളെയും നീ തിരിച്ചറിയുക.

പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനും അതിന്റെ വെളിച്ചവും ദൈവിക കൃപയല്ലേ? ഇവിടെ വീശുന്ന കാറ്റും നീ ശ്വസിക്കുന്ന പ്രാണ വായുവും കൃപയേല്ലേ. ഇവിടെ ചെയ്യുന്ന മഴയും നീ കുടിക്കുന്ന ജീവജലവും ദൈവിക കൃപയല്ലേ? അനുദിനം നീ സ്വീകരിക്കുന്ന സ്‌നേഹവും കരുതലും കൃപകളല്ലേ? അങ്ങനെയങ്ങ് നോക്കിയാൽ അനുദിനം നീ സ്വീകരിക്കുന്നത് എത്രമാത്രം കൃപകളാണ്. സ്വീകരിക്കുന്ന കൃപകളെ നീ തിരിച്ചറിയുക, തിരിച്ചറിഞ്ഞ് അനുഭവിക്കുക.

ഒരു ആശാരിയുടെ കഥ. വിരമിക്കാൻ പോയപ്പോൾ ഒരു വീടു കൂടി പണിയാൻ മുതലാളി ആവശ്യപ്പെട്ടു. (ഓഡിയോ കേൾക്കുക) അനുദിനം നീ സ്വീകരിക്കുന്ന ദൈവിക ദാനങ്ങളുണ്ട്. അവയെ തിരിച്ചറിഞ്ഞ് സ്വീകരിക്കുക. അങ്ങനെയെങ്കിൽ, നിനക്ക് ലഭിച്ച അടിസ്ഥാന കൃപയായ ജീവന്റെമേൽ അനുദിനം ഭവനം പണിയുന്നവനായി നീ മാറും. അതിനാൽ നിന്റെ ജീവിതത്തിലെ കൃപകളെ നീ തിരിച്ചറിയുക. അപ്പോഴാണ് നീ യേശു ക്രിസ്തുവിലേക്ക് വളർന്ന് കയറുന്നത്. അപ്പോഴാണ് നിയമത്തിനും, പ്രമാന്ന്ങ്ങൾക്കും, നിന്റെ അധ്വാനങ്ങൾക്കും അപ്പുറത്തുള്ള കൃപയുടെ സാധ്യതകളിലേക്ക് നീ വളർന്നു കയറുന്നത്.

''നസ്രായന്റെ കൂടെ'' എന്ന പുസ്തകത്തിൽ ഞാൻ പറയുന്ന ഒരു കഥയുണ്ട്. (പേജ് 5658, നാലാം എഡീഷനിൽ.ഓഡിയോ കേൾക്കുക). സ്വന്തം അദ്ധ്വാനത്തിന്റെ ഘട്ടമാണ് ആദ്യത്തെ ഘട്ടം. രണ്ടാമത്തേതാണ് അദ്ധ്വാനം അവസാനിക്കുന്ന ഘട്ടം ഇത് ദൈവം അദ്ധ്വാനിക്കുന്ന ഘട്ടമാണ്. നിന്നിലേക്ക് വന്നുചേരുന്ന ദൈവിക കൃപയ്ക്ക് തടസ്സമുണ്ടാക്കാതെ സ്വയം വിട്ടു കൊടുക്കുന്ന ഘട്ടമാണിത്. ഇതാണ് ദൈവകൃപയുടെ ഘട്ടം.

''നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവും യേശുക്രിസ്തു വഴി'' (1: 17). നിയമത്തിന്റെ തലത്തിൽ നിന്നും വളർന്ന് കൃപയുടെ തലത്തിൽ ജീവിക്കാനാണ് ഈശോ ഇന്ന് നിന്നോട് ആവശ്യപ്പെടുന്നത്.

നിന്നിലെ അടിസ്ഥാന കൃപയായ ജീവനെ തിരിച്ചറിയുക. അതിന്റെ സാധ്യതകളെ തിരിച്ചറിയുക. അതോടൊപ്പം, അനുദിനം നീ സ്വീകരിച്ചു കൊണ്ടിരിക്കുന്ന കൃപകളെ തിരിച്ചറിഞ്ഞ് അനുഭവിക്കുക. അതിലൂടെ നിന്നിലെ ജീവനെ നീ വളർത്തിയെടുക്കുക. അങ്ങനെ അതിനെ നിത്യതയിലേക്ക് വളർത്തിയെടുക്കുക. അതിനെ നിത്യ ജീവനാക്കി മാറ്റുക. അതിനുള്ള മാർഗ്ഗമാണ് അനുദിനം നീ സ്വീകരിക്കുന്ന കൃപകളെ തിരിച്ചറിഞ്ഞ് അനുഭവിക്കുകയെന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP