Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനം പൊളിച്ചെഴുതാൻ ജസ്റ്റിസുമാരുടെ തമ്മിലടി ആയുധമാക്കും; ഭരണഘടനാ ഭേദഗതിയിലൂടെ ജുഡീഷ്യൽ നിയമന കമ്മിഷന് വീണ്ടും അരങ്ങൊരുങ്ങി; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനം പൊളിച്ചെഴുതാൻ ജസ്റ്റിസുമാരുടെ തമ്മിലടി ആയുധമാക്കും; ഭരണഘടനാ ഭേദഗതിയിലൂടെ ജുഡീഷ്യൽ നിയമന കമ്മിഷന് വീണ്ടും അരങ്ങൊരുങ്ങി; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം മാറ്റണമെന്ന ആവശ്യമുയർത്തി രംഗത്തെത്തിയത് കേന്ദ്രസർക്കാറാണ്. എന്നാൽ, ഇതിനോട് ജഡ്ജീമാർ മുഖം തിരിഞ്ഞു നിന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സംവിധാനത്തിന് അത് കോട്ടം വരുത്തുമെന്നായിരുന്നു ആശങ്ക. എന്തായാലും സുപ്രീം കോടിതിയിലെ ജഡ്ജിമാരുടെ തമ്മിലടിയോടെ കൊളീജിയം സംവിധാനം പൊളിച്ചെഴുതി ദേശീയ ജുഡീഷ്യൽ മ്മീഷൻ നിയമന കമ്മീഷന് വേണ്ടിയുള്ള വാദം ശക്തമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം വരുന്നത് വരെ കാത്തിരിക്കാനാണ് കേന്ദ്രം ഈ വിഷയത്തിൽ ഭരണഘടനാ ഭേദഗതി വരുത്താൻ ആലോചിക്കുന്നത്.

നേരത്തെ ഭരണഘടനാ ഭേദഗതിയിലൂടെ നിയമന കമ്മിഷൻ നിയമം പാസാക്കുകയും പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ചെയ്‌തെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു. ഭരണഘടനാവിരുദ്ധമാണു കമ്മിഷനെന്നായിരുന്നു നിരീക്ഷണം. ഏതാനും ദിവസം മുൻപു ജഡ്ജിമാരുടെ വേതനത്തെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബില്ലിന്റെ ചർച്ചയിൽ, ഈ തിരിച്ചടിയുടെ വേദന നിയമ മന്ത്രിയും എംപിമാരും പങ്കുവച്ചിരുന്നു. പലരും ജുഡീഷ്യറിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. നിയമമന്ത്രിയും വിവിധ മേഖലകളിലെ വിദഗ്ധരും നീതിപീഠനിയമനത്തിൽ ഭാഗഭാക്കുകളായാൽ തെറ്റെന്ത് എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ വിവാദം.

സുപ്രീം കോടതി തള്ളിക്കളഞ്ഞ നിയമം വീണ്ടും കൊണ്ടുവരണമെങ്കിൽ നിയമനിർമ്മാണ പ്രക്രിയ ആദ്യം മുതൽ തുടങ്ങണം. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാഭേദഗതി പാസാക്കുകയും വേണം. അത് അംഗീകരിക്കാൻ പരമോന്നത കോടതിക്കുമേൽ സമ്മർദം ചെലുത്താനും കഴിയണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും വ്യത്യസ്ത രാഷ്ട്രീയക്കണ്ണോടെയാണ് ഇപ്പോഴത്തെ വിവാദത്തെ കാണുന്നത്. മാനസികമായി വിമത ജഡ്ജിമാർക്കൊപ്പവും. സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ബിജെപി പ്രസിഡന്റ് അമിത് ഷായെ രക്ഷിക്കാനാണു മിശ്രയുടെ ശ്രമമെന്ന് അവർ കരുതുന്നു. ജഡ്ജിമാർ ഉന്നയിച്ച പ്രശ്‌നത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുമുണ്ട്.

കോൺഗ്രസിന്റെ മുതലെടുപ്പുനീക്കം മുന്നിൽ കണ്ടാണു ബിജെപി പ്രതിരോധം തീർക്കുന്നത്. എന്നാൽ, പ്രശ്‌നപരിഹാരത്തിനു രംഗത്തിറങ്ങാൻ സർക്കാർ മടിക്കുന്നു. ഇതിനുള്ള ശ്രമം ഇരുതലമൂർച്ചയുള്ള വാളാണ്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാൻ ശ്രമിച്ചു പരാജയപ്പെട്ടതു നൽകുന്ന സൂചനയും അതു തന്നെ.

അതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സമവായശ്രമം സജീവമാണ്. മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ജഡ്ജിമാരുമായുള്ള ചർച്ചയ്ക്ക് ഏഴംഗസമിതിയെയും നിയോഗിച്ചു. പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി ബാർ അസോസിയേഷനും രംഗത്തിറങ്ങി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഫുൾ കോർട്ട് വിളിച്ച് പരിഹാരം തേടണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. മുഴുവൻ പൊതുതാത്പര്യ ഹർജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രതിഷേധസ്വരമുയർത്തിയ ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരുമായി ഞായറാഴ്ച ചീഫ് ജസ്റ്റിസ് ആശയവിനിമയം നടത്തിയേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശനിയാഴ്ചയും പരസ്യപ്രസ്താവന നടത്തിയിട്ടില്ല. സമവായശ്രമം തുടരുമ്പോഴും പ്രശ്നപരിഹാരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച വൈകീട്ടോടെ പരിഹാരമുണ്ടാകുമെന്ന് നേരത്തേ പറഞ്ഞ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, പരിഹാരം തിങ്കളാഴ്ചയുണ്ടാകുമെന്ന് നിലപാട് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാൻ രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അനുമതി ലഭിച്ചില്ല.

പത്രസമ്മേളനം നടത്തിയവരിൽ ജസ്റ്റിസ് ചെലമേശ്വർ ഒഴികെയുള്ള മൂന്നുപേരും ശനിയാഴ്ച ഡൽഹിയിലില്ലായിരുന്നു. ചെലമേശ്വറുമായി ചീഫ് ജസ്റ്റിസ് ചർച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചർച്ച നടത്തുന്നതിന് ഏഴംഗസമിതിയെ ബാർ കൗൺസിൽ നിയോഗിച്ചത്. ഇവർ ഞായറാഴ്ച ജഡ്ജിമാരെ കാണും. പകുതിയോളം ജഡ്ജിമാരുടെ സമയം ലഭിച്ചു. തുടർന്ന് മുതിർന്ന ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും കാണുമെന്നും കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര പറഞ്ഞു.

നീതിന്യായ സംവിധാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. പത്രസമ്മേളനം നടത്തിയത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. അതേസമയം, ഉന്നയിച്ച വിഷയം പ്രതിസന്ധിയൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. നീതിന്യായവ്യവസ്ഥ സംരക്ഷിക്കപ്പെടാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP