Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയതിന്റെ രസീത്, സിബിഐക്ക് അന്വേഷണം കൈ മാറാനുള്ള ഉത്തരവ് എന്നിവ ഹാജരാക്കി തങ്ങൾ എല്ലാം യഥാക്രമം ചെയ്‌തെന്ന ന്യായം; കേന്ദത്തിന്റെ കളത്തിലാണ് പന്ത് എന്നതിനാൽ സമരം കൊണ്ടൊരു കാര്യവും ഇല്ലെന്ന് മറ്റൊരു ന്യായം; ശ്രീജിത്തിന് സർക്കാർ ജോലി കിട്ടാത്തത് മാത്രമാണ് പ്രശ്‌നം എന്നു പോലും തള്ളി ചിലർ; ആ കേസിന് സത്യത്തിൽ എന്താണ് സംഭവിച്ചത്?

പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയതിന്റെ രസീത്, സിബിഐക്ക് അന്വേഷണം കൈ മാറാനുള്ള ഉത്തരവ് എന്നിവ ഹാജരാക്കി തങ്ങൾ എല്ലാം യഥാക്രമം ചെയ്‌തെന്ന ന്യായം; കേന്ദത്തിന്റെ കളത്തിലാണ് പന്ത് എന്നതിനാൽ സമരം കൊണ്ടൊരു കാര്യവും ഇല്ലെന്ന് മറ്റൊരു ന്യായം; ശ്രീജിത്തിന് സർക്കാർ ജോലി കിട്ടാത്തത് മാത്രമാണ് പ്രശ്‌നം എന്നു പോലും തള്ളി ചിലർ; ആ കേസിന് സത്യത്തിൽ എന്താണ് സംഭവിച്ചത്?

കെ പി റഷീദ്

സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ നടത്തുന്ന സമരം കേരളത്തെ ഇളക്കി മറിക്കുകയാണ്. ശ്രീജിത്തിനു ലഭിക്കുന്ന പിന്തുണ ഇപ്പോഴത്തെ ഭരണ കക്ഷി എന്ന നിലയ്ക്ക് ഇടതു സർക്കാറിനെതിരായ പ്രഹരം ആവുമെന്ന തോന്നലു കൊണ്ടാവും ന്യായീകരണ തൊഴിലാളികൾ പല വിധ ന്യായങ്ങളുമായാണ് ഇറങ്ങുന്നത്.

പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയതിന്റെ രസീത്, സിബിഐക്ക് അന്വേഷണം കൈ മാറാനുള്ള ഉത്തരവ് എന്നിവ ഹാജരാക്കി തങ്ങൾ എല്ലാം യഥാക്രമം ചെയ്‌തെന്ന ന്യായമാണ് കൂട്ടത്തിൽ മുമ്പിൽ. കേന്ദത്തിന്റെ കളത്തിലാണ് പന്ത് എന്നതിനാൽ സമരം കൊണ്ടൊരു കാര്യവും ഇല്ലെന്നായിരുന്നു മറ്റൊരു ന്യായം. പൊലീസുകാർക്ക് എതിരെ നടപടി എടുത്തു എന്നും ശ്രീജിത്തിന് സർക്കാർ ജോലി കിട്ടാത്തത് മാത്രമാണ് പ്രശ്‌നം എന്നു പോലും തള്ളി ചിലർ. ആ ചെക്കന് പ്രാന്താണെന്നായിരുന്നു തല മൂത്ത ചില പക്വമതികളുടെ വായ്ത്താരി.

എന്നാൽ അത്ര ലളിതമാണോ കാര്യങ്ങൾ? അത്ര നിഷ്‌കളങ്കമാണോ സർക്കാറിനു വേണ്ടിയുള്ള ന്യായീകരണങ്ങൾ?

ശ്രീജിത്തിന്റെ ആവശ്യം നീതി ആയിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുക. അതിനു കേരള പൊലീസ് സംവിധാനങ്ങൾക്ക് കഴിയില്ലെന്ന തോന്നലിലാണ് ആ ചെറുപ്പക്കാരൻ സി ബി ഐ അന്വേഷിക്കണം എന്ന് ആദ്യമേ ആവശ്യപ്പെട്ടത്. സിബിഐയുടെ ക്രെഡിബിലിറ്റി, അതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ, അതിനു വരുന്ന കാലതാമസം, നീതി കിട്ടുമോ എന്നുറപ്പിക്കാനാവാത്ത ട്രാക്ക് റെക്കോർഡ് എന്നിവയൊന്നും പരിഗണിക്കാതെയുള്ള നാട്ടിൻ പുറതുകാരൻ യുവാവിന്റെ വൈകാരികമായ ഒരു തോന്നൽ ആയിരുന്നു അത്. പൊലീസിൽ അയാൾക്ക് അവിശ്വാസം ഉണ്ടാവാൻ കാരണം പാറശ്ശാല പൊലീസിന്റെ ഇടപെടലുകൾ കണ്ട പരിചയം തന്നെ ആയിരുന്നു. ഏതോ പൊലീസകാരന്റെ ബന്ധുവിനെ പ്രേമിച്ചാൽ കള്ള കേസിൽ കുടുക്കി ആരെയും കൊന്നു കളയാമെന്ന വിശ്വസിക്കുന്ന ആ പൊലീസുകാരെ അറിയുന്ന ആർക്കാണ് കേരളാ പൊലീസിനെ പിന്നെയും വിശ്വസിക്കാൻ കഴിയുക. അങ്ങനെയാണ് അയാൾ മനുഷ്യാവകാശ കമീഷനെയും പൊലീസ് കം പ്ലെയിന്റ് അഥോറിറ്റിയെയും സമീപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ ശ്രീജിത്ത് തന്നെ പറയും പൊലെ, അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണ കുറുപ്പ് മാത്രമായിരുന്നു അയാൾക്ക് വിശ്വസിക്കാൻ പറ്റിയ രണ്ടു പേരിൽ ഒരാൾ. മറ്റേയാൾ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥ നളിനി നെറ്റോ ആയിരുന്നു. ജസ്റ്റിസ് കുറുപ്പ്, ആത്മഹത്യയായി മാറ്റിയ ആ മരണം പൊലീസുകാർ നടത്തിയ അരും കൊല ആണെന്ന് ഉത്തരവിൽ തുറന്നു പറഞ്ഞു. തെളിവുകൾ നിരത്തി. മൂന്ന് പ്രധാന നിർദ്ദേശങ്ങളും നൽകി. ആ നിർദ്ദേശം നടപ്പാക്കിയിരുന്നെങ്കിൽ, അതിനെതിരായ സ്റ്റേ നീക്കാൻ ഇടപെട്ടിരുന്നെങ്കിൽ കേരള സർക്കാറിന് ശ്രീജിത്തിന് നീതിനൽകുക എളുപ്പമായിരുന്നു. എന്നാൽ അതുണ്ടായില്ല.

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് കം പ്ലെയിന്റ് അഥോറിറ്റിയുടെ ഉത്തരവിൽ ഉള്ളത്. പൊലീസുകാർക്കെതിരെ ശിക്ഷാനടപടി, പത്ത് ലക്ഷം രൂപ ആരോപണ വിധേയരിൽ നിന്നും ഈടാക്കി കുടുംബത്തിനു നഷ്ടപരിഹാരം നൽകൽ. പത്ത് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് അന്വേഷണം ആരംഭിക്കുക. ആ ഉത്തരവിൽ പൊലീസുകാർ നടത്തിയ കുറ്റകൃത്യം വ്യക്തമായ തെളിവുകളോടെയാണ് വിശദീകരിക്കുന്നത്.

എന്നാൽ മുമ്പും പല വിധ ആരോപണങ്ങൾ ഉണ്ടായിരുന്ന അന്നത്തെ പാറശാല എസ് ഐ ഗോപകുമാർ ഹൈ കോടതിയെ സമീപിച്ചപ്പോൾ എളുപ്പം സ്റ്റേ ഓർഡർ കിട്ടി. ജസ്റ്റിസ് കുറുപ്പിന്റെ ഉത്തരവിനെ അതിജയിക്കാൻ എളുപ്പം ആരോപണ വിധേയർക്ക് കഴിഞ്ഞു. അതെങ്ങനെ സാധ്യമായി? അത് ദുരൂഹമാണ്. അവ്യക്തതകളുള്ള ആ സ്റ്റേ ഉത്തരവ് നീക്കാൻ അന്നേ സർക്കാറിന് കഴിയുമായിരുന്നു. എന്നാൽ അത് ചെയ്തില്ല. പകരം ആ സ്റ്റേ ഓർഡർ പൊലീസുകാർക്ക് പറ്റിയ വിധം വ്യാഖ്യാനിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ ഉത്തരവ് ഇറക്കുക ആയിരുന്നു.

പൊലീസുകാർക്ക് എതിരായ നടപടി, അവരിൽ നിന്നും നഷ്ടപരിഹാര തുക ഇടാക്കൽ, എസ് ഐ ടി അന്വേഷണം എന്നിവയ്ക്ക് സ്റ്റേ വന്നതായാണ് പൊലീസ് ഉന്നതൻ ഇറക്കിയ ഉത്തരവ് പറയുന്നത്.

അവിടെ തീർന്നു എല്ലാം.

കുറ്റക്കാരായി ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെതിയ പൊലീസുകാർക്ക് എതിരെ ഇന്നു വരെ ഒരു നടപടിയും ഉണ്ടായില്ല. നഷ്ട പരിഹാര തുക സർക്കാർ തന്നെ നൽകി. ബി സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നും നടന്നില്ല.

ഇതോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന്റെ ചുവടു പിടിച്ച് പുതിയ കളി വന്നത്. ഉടൻ കേസ് സിബിഐക്ക് കൈ മാറാൻ നീക്കം തുടങ്ങി. കേരള സർക്കാർ കേന്ദ്ര സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടു കത്ത് നൽകി. പന്ത് കേന്ദ്രത്തിന്റെ കളത്തിൽ ആയതോടെ സൗകര്യങ്ങൾ പലതായി.

ശ്രീജിത്തിന്റെ ആവശ്യം ആംഗീകരിച്ചു എന്ന പ്രതീതി വന്നു. പൊലീസ് കമ്പ്‌ലൈന്റ് അഥോറിറ്റിയുടെ ശുപാർശ നടപ്പാക്കേണ്ടതില്ല എന്നു വന്നു. ഹൈ കോടതിയുടെ സ്റ്റേ നീക്കേണ്ടതില്ല എന്നായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിർത്താമെന്നായി. പ്രതികളിൽ നിന്നും വാങ്ങേണ്ട നഷ്ട പരിഹാര തുക സർക്കാർ തന്നെ നൽകിയതോടെ എല്ലാം സേഫ് ആയി.

ഇനി ആ ചെറുക്കൻ അവിടെ കിടന്ന് സമരം ചെയ്താൽ എന്താവാൻ?

വല്ല പ്രതിഷേധവും ഉയർന്നാൽ തന്നെ സി ബി ഐ തീരുമാനിക്കട്ടെ എന്ന് പറഞ്ഞൊഴിയാമല്ലോ!

മാധ്യമങ്ങൾക്ക് എന്നും ശ്രീജിത്തിന്റെ കാര്യം നോക്കാൻ പറ്റില്ല. ആളുകൾക്ക് കുറച്ച് കഴിയുമ്പോൾ മടുക്കും. ആ ചെറുക്കൻ എത്ര നാൾ അവിടെ കിടന്നാലും ഒന്നും സംഭവിക്കില്ല.

ഇതായിരുന്നു ഏമാന്മാരുടെ മനസ്സിലിരിപ്പ്. അതാണിപ്പോൾ പൊളിഞ്ഞത്.

2017 ഡിസംബർ 12 ന് അന്വേഷണം പറ്റില്ലെന്ന് പറഞ്ഞ് സി ബി ഐ അയച്ച കത്ത് ഇപ്പോൾ മാത്രം പൊങ്ങാൻ കാരണം അതാണ്. ആ കത്തിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാമെന്നും പഴയ കോടതി സ്റ്റേ നീക്കാൻ അടിയന്തിരമായി ഇടപെടാമെന്നും സർക്കാറിന് ബോധോദയം വന്നത് വിമർശനങ്ങൾ തങ്ങൾക്ക് നേരെ വരുമെന്ന ഭയം കൊണ്ടു തന്നെയാണ്.

സത്യത്തിൽ, ഈ കേസിൽ നീതി ഉറപ്പു വരുത്തണം എന്ന ഇച്ഛാശക്തി സർക്കാർ കാണിച്ചിരുന്നെങ്കിൽ കാര്യങ്ങൾ നേരത്തെ ശരിയാക്കാമായിരുന്നു. പൊലീസ് കമ്പ്‌ലൈയിന്റ് അഥോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുക, ഹൈ കോടതിയുടെ സ്റ്റേ നീക്കുക എന്നീ കാര്യങ്ങൾ അന്ന്‌ചെ യ്തിരുന്നെങ്കിൽ ശ്രീജിത്ത് ഇത്ര നാൾ സെക്രട്ടേറിയറ്റിനു മുന്നിൽ കിടക്കേണ്ടി വരില്ലായിരുന്നു. ആ അമ്മയുടെ കണ്ണീരിന് ഉത്തരം കിട്ടുമായിരുന്നു. പാവം മനുഷ്യരെ തല്ലിക്കൊന്നാൽ പിടി വീഴുമെന്ന സന്ദേശം പൊലീസിനു അന്നേ നൽകിയിരുന്നെങ്കിൽ ഈയടുത്ത കാലത്ത് നടത്തിയ പല അതിക്രമങ്ങൾക്കും മുമ്പ് പൊലീസിന് ഇത്തിരി കൈ വിറച്ചേനെ.

എന്നിട്ടും അതൊന്നും നടക്കാത്തത് എന്തുകൊണ്ടാവും?

പൊലീസിന്റെ മനോവീര്യം കളയാതിരിക്കലാണ് ഒരു ജനകീയ സർക്കാറിന്റെ മുന്തിയ ധർമ്മം എന്നുള്ള തെറ്റായ ധാരണ തന്നെ പ്രധാന വില്ലൻ. അതിക്രമങ്ങൾ നടത്തുന്ന പൊലീസുകാർക്ക് എതിരെ കർശന നടപടി എടുത്താൽ പൊലീസ് സേനയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാനാവുമെന്ന ഭീതി, സർക്കാർ മർദ്ദനോപകരണമായി പൊലീസിനെ എന്നും കൊണ്ടുനടക്കേണ്ടതുണ്ട് എന്ന തോന്നൽ, പ്രശ്‌നങ്ങളിൽ പെട്ടാൽ പൊലീസിനെ സംരക്ഷിക്കലാണ് സർക്കാറിന്റെ പ്രധാന കടമ എന്നുള്ള വിവരം കെട്ട തോന്നൽ, ഭരണാധികൾക്ക് മേൽ ചില പൊലീസ് ഉദ്യോഗ്സ്ഥർക്കുള്ള സ്വാധീനം, പൊലീസ് ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ കേൾക്കണമെന്ന ചില ഭരണാധികാരികളുടെ അവബോധം. ഇങ്ങനെ പലതുമുണ്ട് എന്ത് തോന്ന്യാസം കാണിച്ചാലും പൊലീസിനെ സംരക്ഷിക്കണമെന്ന തീരുമാനങ്ങൾക്ക് പിറകിൽ.

ഏറ്റവും താഴെ കിടയിലുള്ള, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യരായിരിക്കും പലപ്പോഴും എല്ലാറ്റിന്റെയും ഇരകൾ. അവരെ കണ്ടില്ലെന്ന് നടിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ചൊന്നും നേരിടേണ്ടി വരില്ല. അങ്ങനെ വന്നാലും അടിച്ചമർത്താനോ പുച്ഛിച്ചു തള്ളാനോ, അവഗണിക്കാനോ എളുപ്പമാണ്. സമരങ്ങളെ സാങ്കേതിക ചൊട്ടു വിദ്യകൾ കൊണ്ടോ, നടപടികൾ ഉണ്ടാവാത്ത അന്വേഷണ പ്രഹസനങ്ങൾ കൊണ്ടോ എളുപ്പം കൈകാര്യം ചെയ്യാനുമാവും. ഇടത് വലത് മുന്നണികൾ മാറി മാറി ഭരിക്കുന്ന കലാപരിപാടി ഉള്ളതിനാൽ പ്രതിപക്ഷമെങ്ങാൻ വല്ല ഒച്ചപ്പാടും ഉണ്ടാക്കിയാൽ മുൻ ചെയ്തികൾ വെച്ച് അവരെ കൈകാര്യം ചെയ്യാൻ ഭരണ പക്ഷത്തിനുള്ള സൗകര്യവും ഇത്തരം നിലപാടുകൾക്ക് കാരണമാവുന്നു.

ശ്രീജിത്ത് പ്രശ്‌നത്തിൽ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത് പോലെ, ഇതൊക്കെ മന്ത്രി തലത്തിൽ ഉണ്ടാവുന്ന തീരുമാനങ്ങൾ കാരണം ആവണമെന്നില്ല. സ്വന്തം ചോരയോട് കൂറുള്ള പൊലീസ് ഉന്നതർ കാണിക്കുന്ന സൂത്രങ്ങളോ ചില ഉന്നതരുടെ ആസൂത്രിത പ്ലാനുകളോ മറച്ചു വെക്കലുകളോ ഇവയൊന്നും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഭരണ നേതൃത്വം പുലർത്തുന്ന അലംഭാവമോ ഒക്കെയാവാം ഇത്തരം സംഭവങ്ങൾക്ക് കാരണമാവുന്നത്. അത് അംഗീകരിച്ച് യഥാസമയം തിരുത്തൽ നടപടി കൈ കൊള്ളുന്നതിനു പകരം അക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും അർദ്ധസത്യങ്ങളും കള്ളങ്ങളും വേണ്ട വിധം വിളമ്പി പ്രശ്‌നങ്ങളിൽ നിന്നും താൽക്കാലിക രക്ഷ നേടാനും ശ്രമിക്കുന്നതാണ് ഏറ്റവും അപകടകരം.

അതിനാൽ, ശത്രുവിനെ പോലെ ഈ ചെറുപ്പക്കാരനെ കാണാതിരിക്കുക. അവന്റെ വിശ്വാസ്യത തകർക്കും വിധം ആക്രമിച്ച് ഇല്ലാതാക്കാതിരിക്കുക. അവന്റെ സമരത്തെ സാങ്കേതിക കുരുക്കുകളിൽ വീണ്ടും പെടുത്തി പരാജയപ്പെടുത്താതിരിക്കുക.

അങ്ങനെ ചെയ്താൽ അതൊരു താൽക്കാലിക വിജയം മാത്രമാവും നിങ്ങൾക്ക്. പക്ഷേ ഒരു പാട് മനുഷ്യരുടെ നീതിയെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് മേൽ വന്നു വീഴുന്ന ഒരിക്കലും പരിഹരിക്കാനാവാത്ത പരാജയം ആയിരിക്കുമത്. തോൽക്കുന്നത് ശ്രീജിത്ത് മാത്രം ആവില്ല. നെറികേടുകൾക്കെതിരെ ചൂണ്ടുവിരലായി ഭാവിയിൽ സ്വയം ഉയരാനിടയുള്ള അനേകം മനുഷ്യർ കൂടി ആയിരിക്കും.

(കെ പി റഷീദ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP