Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയോധിക സ്ത്രീകൾ വീട്ടിൽ കൊല്ലപ്പെടുന്ന കേസുകളിൽ പ്രതികൾ പിടിക്കപ്പെടുന്നില്ല; ജാനകി - ദേവകി കൊലക്കേസുകളിൽ പൊലീസ് അന്വേഷണം വഴിമുട്ടി; പ്രതികൾ ആരെന്നു പോലും അറിയാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോൾ തനിച്ചു കഴിയുന്ന വയോധിക ദമ്പതികൾക്കിടയിൽ ആശങ്ക വർദ്ധിക്കുന്നു

വയോധിക സ്ത്രീകൾ വീട്ടിൽ കൊല്ലപ്പെടുന്ന കേസുകളിൽ പ്രതികൾ പിടിക്കപ്പെടുന്നില്ല; ജാനകി - ദേവകി കൊലക്കേസുകളിൽ പൊലീസ് അന്വേഷണം വഴിമുട്ടി; പ്രതികൾ ആരെന്നു പോലും അറിയാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോൾ  തനിച്ചു കഴിയുന്ന വയോധിക ദമ്പതികൾക്കിടയിൽ ആശങ്ക വർദ്ധിക്കുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: വയോധികരായ സ്ത്രീകൾ വീടിനകത്തുകൊലചെയ്യപ്പെട്ട സംഭവങ്ങളിൽ പ്രതികൾ പിടിയിലാവുന്നില്ല. കാസർഗോഡ് ജില്ലയിലാണ് പൊലീസ് കണ്ടെത്തുന്ന നിഗമനങ്ങളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്താതെ പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥ വരുന്നത്. ജില്ലയിൽ അടുത്ത ദിവസങ്ങളിലായി വീടുകളിൽ നടക്കുന്ന കവർച്ച തനിച്ച് കഴിയുന്നവർക്കും വയോധിക ദമ്പതികൾക്കും ആശങ്ക വളർത്തുകയാണ്. കഴിഞ്ഞ ഡിസംബർ 13 ന് കൊല ചെയ്യപ്പെട്ട ചീമേനി പുലിയന്നൂരിലെ റിട്ട.പ്രധാന അദ്ധ്യാപികയായിരുന്ന ജാനകി കൊലക്കേസിലും 2017 ജനുവരി 13 ന് കൊല ചെയ്യപ്പെട്ട കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിലും പ്രതികളെ കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്.

ജാനകി ടീച്ചറെ കൊലപ്പെടുത്തിയത് ബംഗാൾ ക്വട്ടേഷൻ സംഘമെന്നാണ് പൊലീസ് കണ്ടെത്തിയ നിഗമനം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തെ കടയിൽ നിന്നും മുഖം മൂടി വാങ്ങിയവരാണ് സംഭവത്തിലെ പ്രതികളെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഈ മുഖം മൂടി സംഘം ജാനകി ടീച്ചറെ കെട്ടിയിട്ട് കവർച്ച നടത്തുകയും ശേഷം കത്തി കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. ഭർത്താവ് കൃഷ്ണൻ മാസ്റ്ററേയും സമാന രീതിയിൽ അക്രമിച്ചു. എന്നാൽ കൃഷ്ണൻ മാസ്റ്റർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഈ സംഘത്തിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്ന കൃഷ്ണൻ മാസ്റ്ററുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളും പരിശോധന നടത്തിയെങ്കിലും കുറ്റവാളികളെ വലയിലാക്കാനുള്ള തെളിവിലേക്ക് പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ജാനകി കൊലക്കേസിൽ ഒരു ബന്ധുവിന് പങ്കുണ്ടെന്ന കാര്യത്തിലും ശക്തമായ സൂചന പൊലീസിന് നൽകാനാവുന്നില്ല. കൊല കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ പൊലീസ് സ്ഥലത്തെത്തിയിട്ടും പ്രതികളിലേക്കുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

തനിച്ച് താമസിച്ചു വരികയായിരുന്ന കാട്ടിയടുക്കത്തെ വയോധികയായ ദേവകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ വർഷം ജനുവരി 13 നാണ്. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഈ കൊലപാതകത്തിലെ പ്രതിയെ കണ്ടെത്താൻ പൊലീസിന് ആയില്ല. ദേവകിയുടെ മൂത്ത മകനും ചെങ്കൽ തൊഴിലാളിയുമായ ശ്രീധരനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. ദേവകിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച മുടി ശ്രീധരന്റേതല്ലെന്ന് തെളിഞ്ഞതോടെ അയാൾക്ക് ഇതിൽ പങ്കില്ലെന്നായിരുന്നു സൂചന. ഹിപ്നോട്ടൈസിന് പോലും ശ്രീധരനെ വിധേയനാക്കിയിരുന്നു. ദേവകി സംഭവ ദിവസം ധരിച്ച പാവാട കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്.

ഒരു കാർ ഷോറൂമിലെ ജീനക്കാരന് നേരെയായിരുന്നു പിന്നീടുള്ള അന്വേഷണം നീങ്ങിയത്. അയാളും മറ്റൊരു യുവതിയും തമ്മിലുള്ള അവിഹിത ബന്ധം ദേവകി കണ്ടെന്നും അത് അവർ പുറത്ത് പറയുമെന്ന് വെളിപ്പെടുത്തിയതാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ദിശയിലേക്ക് ്അന്വേഷണം എത്തിയിട്ടില്ല. ദേവകിയുടെ വീടിനു സമീപം തന്നെ ക്യാമ്പ് ഓഫീസ് തുറന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എന്നെത്തുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. ഈ രണ്ട് കൊലപാതകങ്ങൾക്കു പുറമേ അടുത്ത ദിവസങ്ങളിലായി വയോധികർ താമസിക്കുന്ന വീടുകളിൽ കവർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ഏഴര പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു. മൂന്ന് സംഭവങ്ങളാണ് ഇക്കഴിഞ്ഞ ഒരാഴ്ചയായി നടന്നത്. അതോടെ തനിച്ച് കഴിയുന്ന വയോധികർ അരക്ഷിതാവസ്ഥയിലായിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP