Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബ് രാജ്യങ്ങൾക്കിടെ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ വിമാനത്തെ തടഞ്ഞ് ഖത്തർ ഫൈറ്റർ ജെറ്റുകൾ; നടപടിയുണ്ടായത് ഖത്തർ രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിലാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ; മുന്നറിയിപ്പില്ലാതെ യുഎഇ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഖത്തറും; കടുത്ത ആശങ്കയിൽ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം

അറബ് രാജ്യങ്ങൾക്കിടെ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ വിമാനത്തെ തടഞ്ഞ് ഖത്തർ ഫൈറ്റർ ജെറ്റുകൾ;  നടപടിയുണ്ടായത് ഖത്തർ രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിലാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ;  മുന്നറിയിപ്പില്ലാതെ യുഎഇ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഖത്തറും; കടുത്ത ആശങ്കയിൽ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: അറബ് രാജ്യങ്ങൾക്കിടെ വീണ്ടും സംഘർഷം ശക്തമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് യുഎഇയുടെ വിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞു. ഇതോടെ കഴിഞ്ഞദിവസങ്ങളിൽ ഖത്തറും യുഎഇയും തമ്മിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമാകുകയാണ്. പ്രശ്‌നത്തെ വലിയ ഭീതിയോടെയാണ് മലയാളികൾ അടക്കമുള്ള ഇരു രാജ്യങ്ങളിലേയും പ്രവാസികളും കാണുന്നത്. യുദ്ധസമാന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്കയാണ് എല്ലാവർക്കും.

ബഹ്‌റിനിലേക്ക് പോയ എമിറേറ്റസ് വിമാനത്തെ ആണ് ബഹ്‌റൻ യുദ്ധ വിമാനങ്ങൾ പിൻതുടർന്നതെന്ന് യുഎഇ അധികൃതർ പിന്നീട് വെളിപ്പെടുത്തി. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായില്ലെന്നാണ് ഖത്തർ അധികൃതർ പ്രതികരിച്ചത്. യുഎഇ സിവിൽ എയർക്രാഫ്റ്റിനെ ഖത്തർ യുദ്ധ വിമാനങ്ങൾ തടഞ്ഞുവെന്ന പ്രചരണം തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം യുഎഇയുടെ ന്യൂസ് ഏജൻസിയായ വാം ആണ് രാജ്യത്തെ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയെ ഉദ്ധരിച്ച് എമിറേറ്റ്‌സ് വിമാനത്തെ തടഞ്ഞതായ വിവരം പുറത്തുവിട്ടത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തർ നടത്തിയതെന്ന് ആരോപിച്ചിട്ടുമുണ്ട് യുഎഇ. ഇതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. യുഎഇ ജനറൽ അഥോറിറ്റി ഓഫ് ഏവിയേഷൻ സംഭവത്തിൽ പ്രതിഷേധിച്ചു. മനാമയിലേക്ക് സാധാരണായി പോകുന്ന റൂട്ടിലാണ് യുഎഇ സിവിൽ വിമാനം പോയതെന്നും അതിനെയാണ് തടഞ്ഞതെന്നുമാണ് യുഎഇയുടെ വാദം. സിവിൽ ഏവിയേഷൻ മേഖലയ്ക്ക് വലിയ ഭീഷണിയാകുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും യുഎഇ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിഷയം കൂടുതൽ സങ്കീർണമായ തലത്തിലേക്ക് നീങ്ങുകയാണ്.

മുന്നറിയിപ്പില്ലാതെ യു.എ.ഇ യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെതിരേ ഖത്തർ യു.എന്നിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു. യുഎഇയിൽ നിന്ന് ബഹ്‌റൈനിലേക്ക് സൈനികരെയും വഹിച്ച് പോവുകയായിരുന്ന യുദ്ധവിമാനമാണ് മുൻകൂട്ടിയുള്ള അനുവാദം വാങ്ങാതെ തങ്ങളുടെ വ്യോമാതിർത്തിക്കകത്തു കൂടി കടന്നുപോയതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് ഖത്തർ വ്യോമസേന യുഎഇയുടെ സിവിലിയൻ വിമാനത്തെ തടഞ്ഞതായ ആക്ഷേപം ഉയർന്നിട്ടുള്ളത്. ഖത്തറിന്റെ മേൽ അറബ് രാജ്യങ്ങൾ നടത്തുന്ന ഉപരോധം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഇതോടെ അറബ് രാജ്യങ്ങളിലെമ്പാടും ആശങ്കയാണ്. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളും ഇതിനെ വളരെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

യു.എ.ഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അതിഥിയായി അബുദാബിയിലെത്തിയ ഖത്തർ രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിൽ വച്ചെന്ന ആരോപണം ഉയർന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. അൽതാനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്നെ തടഞ്ഞ് വെച്ചെന്ന് ആരോപിച്ചത്. ഷെയ്ക്ക് മുഹമ്മദിന്റെ അതിഥിയായെത്തിയെ ഞാൻ ഇപ്പോൾ അബുദാബിയിലാണ്.

 

എന്നാൽ എന്നെ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണ്. എന്നെ അപായപ്പെടുത്തി അത് ഖത്തറിന് മേൽ വച്ച് കെട്ടാനാണ് ഇവർ ശ്രമിക്കുന്നത്. ഖത്തറിലെ ജനങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഷെയ്ക്ക് മുഹമ്മദിനായിരിക്കുമെന്നും ഖത്തർ രാജകുടുംബാംഗം വീഡിയോയിൽ പറയുകയാണ്. ഓൺലൈനിൽ വൈറലായ വീഡിയോ ഖത്തറിലെ അൽ ജസീറ ചാനൽ പ്രക്ഷേപണം ചെയ്തിട്ടുണ്ടെങ്കിലും ഈ വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന് പുറമെ വ്യോമാതിർത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം മറ്റ് പ്രശ്‌നങ്ങൾക്കും കാരണമായിരുന്നു. പ്രശ്‌നത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്നും വ്യക്തമാക്കിയ ഖത്തർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബർ 21നും യു.എ.ഇ വിമാനം ഖത്തർ വ്യോമാതിർത്തി ലംഘിച്ചിരുന്നു. ഖത്തർ ആകാശത്ത് 33,000 അടി ഉയരത്തിൽ ഒരു മിനുട്ട് നേരം അതിർത്തി ലംഘനം തുടർന്നു. യു.എ.ഇയുടെ ഈ നിലപാട് നിരുത്തരവാദപരവും പ്രകോപനപരവുമാണെന്നും ഖത്തർ കുറ്റപ്പെടുത്തി. അതേസമയം, ഖത്തറിന്റെ വ്യോമാതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാനടപടിയും രാജ്യം സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കി.

ഖത്തറിനെതിരേ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രധാന്യമാണ് അതിർത്തി ലംഘനത്തിന് കൽപ്പിക്കപ്പെടുന്നത്. സൗദിയും യു.എ.ഇയും ചേർന്ന് ഖത്തറിനെ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധം ഭരണകൂടത്തിന് മാത്രമല്ല, ജനങ്ങളെയും ദുരിതത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് യു.എൻ ഹൈക്കമ്മീഷൻ ഫോർ ഹ്യൂമൺ റൈറ്റ്‌സിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ യുഎഇ വിമാനത്തെ ഖത്തർ യുദ്ധ വിമാനങ്ങൾ തടഞ്ഞുവെന്ന ആക്ഷേപവും ഉയർന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP