Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസുമായി നീക്കുപോക്ക് വേണമെന്ന യെച്ചൂരിയുടെ കരട് രേഖ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളി; കാരാട്ടിന്റെ രേഖയെ അംഗീകരിച്ച് 55 പേർ വോട്ടു ചെയ്തപ്പോൾ യെച്ചൂരിയെ പിന്തുണച്ചത് 31 പേർ; പാർട്ടി കോൺഗ്രസിലേക്ക് പോകുക കാരാട്ടിന്റെ രേഖ മാത്രം; വിജയിച്ചത് പിണറായി വിജയന്റെ തന്ത്രങ്ങൾ തന്നെ! ഭൂരിപക്ഷവും അംഗീകരിക്കാത്ത സിപിഎം ജനറൽ സെക്രട്ടറി ഇനി തൽസ്ഥാനത്ത് തുടരുമോ?

കോൺഗ്രസുമായി നീക്കുപോക്ക് വേണമെന്ന യെച്ചൂരിയുടെ കരട് രേഖ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളി; കാരാട്ടിന്റെ രേഖയെ അംഗീകരിച്ച് 55 പേർ വോട്ടു ചെയ്തപ്പോൾ യെച്ചൂരിയെ പിന്തുണച്ചത് 31 പേർ; പാർട്ടി കോൺഗ്രസിലേക്ക് പോകുക കാരാട്ടിന്റെ രേഖ മാത്രം; വിജയിച്ചത് പിണറായി വിജയന്റെ തന്ത്രങ്ങൾ തന്നെ! ഭൂരിപക്ഷവും അംഗീകരിക്കാത്ത സിപിഎം ജനറൽ സെക്രട്ടറി ഇനി തൽസ്ഥാനത്ത് തുടരുമോ?

ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസുമായി നീക്കുപോക്ക് വേണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളി. പോളിറ്റ് ബ്യൂറോയിൽ നിന്നും എത്തിയ രണ്ട് രേഖകളിൽ കാരാട്ടിന്റെ രേഖയാണ് കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ അംഗീകാരം ലഭിച്ചത്. കാരാട്ടിന്റെ രേഖയെ അംഗീകരിച്ച് 55 പേർ വോട്ടു ചെയ്തപ്പോൾ യെച്ചൂരിയെ പിന്തുണച്ചത് 31 പേരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിലേക്ക് പോകുക കാരാട്ടിന്റെ രേഖ മാത്രമാണ്.

കേരളത്തിലെ സിപിഎമ്മിന്റെ താൽപ്പര്യം മുൻനിർത്തിയാണ് കാരാട്ട് പക്ഷം കരുക്കൾ നീക്കിയത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ വിജയിച്ചത് പിണറായി വിജയനും കോടിയേരിയും അടങ്ങുന്നവരുടെ തന്ത്രങ്ങൾ തന്നെയാണ്. അതേസമയം ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും അംഗീകരിക്കാത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി തൽസ്ഥാനത്ത് തുടരുമോ എന്നാണ് അറിയേണ്ടത്. വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനറൽ സെക്രട്ടറിസ്ഥാനത്തു തുടരുന്നതു ബുദ്ധിമുട്ടാകുമെന്നാണ് സീതാറാം യച്ചൂരിയുടെ നിലപാട്.

വർഗീയതയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ മതേതര പാർട്ടികളുമായി ധാരണ വേണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖയിൽ അഭിപ്രായപ്പെട്ടത്. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അവസാന രൂപംനൽകാനാണ് കൊൽക്കത്തയിൽ സിപിഎം കേന്ദ്രകമ്മിറ്റി ചേർന്നത്. രണ്ട് കരട് രേഖകളാണ് കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വന്നത്. വിശദമായ ചർച്ചക്ക് ശേഷമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം സമവായ ചർച്ച നടന്നെങ്കിലും കാരാട്ട് വിഭാഗം നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

ഫലത്തിൽ ജനറൽ സെക്രട്ടറി തന്നെ അവതരിപ്പിച്ച ഒരു രേഖ പാർട്ടി തന്നെ തള്ളിക്കളഞ്ഞ അസാധാരണ പ്രതിസന്ധിയിലാണ് സിപിഎം എത്തിയിരിക്കുന്നത്. നയരേഖയുടെ ചർച്ചാവേളയിൽ ഒരു ഘട്ടത്തിൽ തന്റെ രേഖ അംഗീകരിക്കുന്നില്ലെങ്കിൽ സ്ഥാനം രാജിവെക്കുമെന്ന് യെച്ചൂരി പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്രകമ്മിറ്റി തള്ളിയാലും അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ആ ഘട്ടത്തിൽ ബംഗാൾ ഘടകത്തിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടത്.

കോൺഗ്രസുമായി ധാരണ എന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈനിനെ അനുകൂലിച്ചത് ബംഗാളിൽനിന്നുള്ള പ്രതിനിധികളെക്കൂടാതെ ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും ഓരോ പ്രതിനിധികൾ മാത്രമാണ്. എട്ട് സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സമവായമുണ്ടാക്കാനായി ശനിയാഴ്ച രാത്രി എട്ടുമുതൽ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. വോട്ടെടുപ്പിൽ തീരുമാനിക്കാം എന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടും അവരുടെ ഭൂരിപക്ഷവുമാണ് ഒടുവിൽ യെച്ചൂരിയുടെ രേഖ തള്ളുന്നതിലേക്ക് എത്തിച്ചത്.

കേരള ഘടകത്തിന്റെ പിന്തുണയാണ് കാരാട്ടിന് കരുത്തായി മാറിയത്. ഇന്നലെ ചർച്ചയിൽ കേരളത്തിൽ നിന്നും സംസാരിച്ചതിൽ തോമസ് ഐസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെ പിന്താങ്ങി. ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന പ്രതീതി സൃഷ്ടിക്കാനെന്നോണം തീരുമാനം പിന്നത്തേക്കു മാറ്റുന്നതാവും ഉചിതമെന്നാണ് ഐസക് വാദിച്ചത്. സിസിയുടെ ഇന്നലത്തെ ചർച്ചകൾക്കുശേഷം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ യച്ചൂരി ഈ നിലപാടു വ്യക്തമാക്കി. എന്നാൽ, യച്ചൂരി അത്തരമൊരു സമീപനം സ്വീകരിക്കുന്നതു പാർട്ടിയുടെ നേതൃനിരയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കുമെന്നും അതിനു വഴിവയ്ക്കരുതെന്നും മറ്റുള്ളവർ വ്യക്തമാക്കി.

വോട്ടെടുപ്പ് ഒഴിവാക്കുന്നതാവും ഉചിതമെന്നു പിബിയിൽ യച്ചൂരി ശക്തമായി വാദിച്ചെന്നാണു സൂചന. എന്നാൽ, തർക്കം ഏറെനാളായി തുടരുന്ന സ്ഥിതിക്ക് വോട്ടെടുപ്പുതന്നെയാവും ഉചിതമെന്നു കാരാട്ട് പക്ഷം വാദിച്ചു. പിബിയിൽ കാരാട്ട് പക്ഷത്തിനാണു ഭൂരിപക്ഷമെന്നതിനാൽ, സിസിയിൽ വോട്ടെടുപ്പാകാമെന്നു തീരുമാനമായി. തുടർന്നാണ് ഇന്ന് വോട്ടിംഗിലേക്ക് പോയതും കാര്യങ്ങൾ മാറിമറിഞ്ഞതും. ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടോടെ ഏറ്റവും തിരിച്ചടിയേറ്റത് ബംഗാൾ ഘടകത്തിനാണ്. സിപിഎമ്മിന് തിരിച്ചു വരാനുള്ള സാധ്യത കോൺ്ഗ്രസിനൊപ്പം ചേർന്നാൽ മാത്രമാണെന്നാണ് അവിടത്തെ സിപിഎം നേതാക്കൾ വാദിക്കുന്നത്. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാൾ നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ മണിക് സർക്കാർ സമവായ നീക്കങ്ങൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP